വാനനിരീക്ഷണം വിജ്ഞാനപ്രദമായ ഒരു ഉല്ലാസമാണ്. ഡിസംബര്‍-ജനുവരി മാസങ്ങള്‍ വാനനിരീക്ഷണം തുടങ്ങുന്നതിനു നല്ല സമയമാണ്. നമുക്കു പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്നതും പേരുകൊണ്ട് പരിചിതവുമായ നിരവധി ആകാശവസ്തുക്കളെ ഈ സമയത്ത് സന്ധ്യാകാശത്തു കാണാൻ കഴിയും.
ഡിസംബര്‍,ജനുവരിമാസങ്ങളില് കാണാൻ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണ് വേട്ടക്കാരൻ അഥവാ ഒറിയോൺ(Orion). ഡിസംബറിൽ സന്ധ്യയ്ക്കു തന്നെ ഒറിയോണ്‍ കിഴക്കുദിക്കുമെങ്കിലും വൃക്ഷങ്ങളുടെ മറവും ചുറ്റുമുള്ളപ്രകാശവും കാരണം ആ സമയംനിരീക്ഷണം പ്രയാസമാകും. ചക്രവാളത്തില്‍നിന്നും ഏകദേശം 450 ഉരത്തിലെത്തുമ്പോൾ ഓറിയോണിനെ നിരീക്ഷിക്കുന്നതാണ് ഉചിതം. അപ്പോൾ ഒറിയോണിനെ ഉപയോഗിച്ച് സമീപത്തുള്ള മറ്റു പ്രധാന നക്ഷത്രസമൂഹങ്ങളെ തിരിച്ചറിയാനും സാധിക്കും. ഡിസംബര്‍ പകുതിയ്ക്ക് രാത്രി 9മണിയോടെ ഓറിയോണ്‍ കിഴക്കൻ ചക്രവാളത്തില്‍നിന്നും 450 ഉയരത്തിലെത്തും. തുടര്‍ന്നുള്ളദിവസങ്ങളില്‍ അതിനും മുമ്പേതന്നെ ആസ്ഥാനത്ത് എത്തും. ജനുവരി പകുതിയാകുമ്പോഴേക്കും സന്ധ്യയ്ക്ക് ഏഴരയോടെ തന്നെ ഒറിയോണിനെ കിഴക്ക് ചക്രവാളത്തിൽ 450 മുകളിലായി കാണാൻ കഴിയും.
സൂര്യനെപോലെ തന്നെ ചന്ദ്രൻ, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങിയ ആകാശ വസ്തുക്കളും ഒരു സ്ഥലത്ത് നിശ്ചലമായി കാണപ്പെടുന്നില്ല.ഭൂമിയുടെഭ്രമണത്തിനും പരിക്രമണത്തിനും അനുസരിച്ച് ആകാശത്തുള്ള അവയുടെ സ്ഥാനവും മാറിക്കൊണ്ടിരിക്കും.

ആയിരക്കണക്കിനു ക്ഷത്രങ്ങളില്‍ നിന്നുംഏതെങ്കിലും ഒരു നക്ഷത്രത്തെ തിരിച്ചറിയുന്നത് എങ്ങനെയാണ്? ഒറ്റനക്ഷത്രങ്ങളില് പ്രാകശം കൂടിയവ,വലുപ്പം കൂടിയവ,പ്രത്യേക നിറത്തിൽ കാണുന്നവ എന്നിവയൊക്കെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, അങ്ങനെയുള്ള നക്ഷത്രങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. മാത്രമല്ല,നക്ഷത്രമാണെന്ന് നാം ധരിക്കുന്ന ചില വസ്തുക്കള്‍ യഥാര്‍ത്ഥത്തിൽ ഗ്രഹങ്ങളാകാം. അതുകൊണ്ടു് നക്ഷത്രങ്ങളെ ഒറ്റയൊറ്റയായി തിരിച്ചറിയാൻ കഴിയുന്നതിലും എളുപ്പം അവയുടെ കൂട്ടങ്ങളെ തിരിച്ചറിയുകയാണ്.
ഒറിയോണിനെ അറിയാം
നമുക്ക് ഒറിയോണിനെ മൊത്തത്തിലൊന്ന് പരിചയപ്പെടാം. ഒരു ചതുര്‍ഭുജത്തിന്റെ നാല് കോണുകളിൽ സ്ഥാപിച്ചപോലെ കാണപ്പെടുന്ന നാല് നക്ഷത്രങ്ങളാണ് ഒറിയോണിൽ ഏറ്റവും തിളക്കമേറിയവ. ഇതിൽ വടക്ക് കിഴക്കായി (ഡിസംബര്‍-ജനുവരിയിൽ സന്ധ്യയ്ക്ക് നോക്കിയാൽ വടക്ക് താഴെ) കാണുന്ന നക്ഷത്രം ചുമപ്പ് നിറത്തിലല് ഉള്ളതാണ്. ഈ ചതുര്‍ഭുജത്തിന്റെ മദ്ധ്യത്തിലായി, ഒരു വരിയിൽ എന്നപോലെ, തിളക്കമുള്ളമൂന്ന് നക്ഷത്രങ്ങളുണ്ട്. വടക്കു ഭാഗത്തുള്ള വലിയ രണ്ടുനക്ഷത്രങ്ങളുടെ മദ്ധ്യത്തിൽനിന്നും അല്പം വടക്കുമാറി തിളക്കം കുറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിൽ കാണുന്നു.

പേരുവന്ന വഴി
നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ഏതെങ്കിലും രൂപം സങ്കല്പിച്ച് പേരിടുന്നരീതി പുരാതനകാലം തൊട്ടേ ഉള്ളതാണ്. മുകളിൽ പറഞ്ഞ നക്ഷത്രങ്ങളെയെല്ലാം ചേര്‍ത്ത് ഒരു രൂപം സങ്കല്പിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടാൽ മിക്കവരും ഒരു ചിത്രശലഭത്തെയാണ് സങ്കല്പിയ്ക്കുക.

എന്നാൽ മേൽ പറഞ്ഞവ കൂടാതെ മറ്റുചില പ്രധാന നക്ഷത്രങ്ങളേക്കൂടി ഈ ഭാഗത്ത് കാണാവുന്നതാണ്. ഉദാഹരണത്തിന് മദ്ധ്യത്തിലെ മൂന്നുനക്ഷത്രങ്ങളുടെ വലത് ഭാഗത്തായിഒരു കൂട്ടം ചെറിയ നക്ഷത്രങ്ങള്‍ കാണാം. ചുറ്റും പ്രഭയുള്ള കുറെ നക്ഷത്രങ്ങളുമുണ്ട്. ഇങ്ങനെ പ്രധാന നക്ഷത്രങ്ങളെയെല്ലാം ചേര്‍ത്ത് ചിത്രം 3ല്‍ കാണുന്നതുപോലെ ഒരു മാപ്പ് വരയ്ക്കാം.

മാപ്പിൽ വടക്കു ദിശ മുകളിലായാണ് വരയ്ക്കുന്നത് എന്ന് അറിയാമല്ലോ. ആകാശത്തിന്റെ മാപ്പാകുമ്പോൾ കിഴക്ക് ദിശ ഇടത്തും പടിഞ്ഞറു ദിശ വലത്തുമായി വരും.
ഇങ്ങനെയുള്ള ഈ ആകാശ ചിത്രം ഒരു വേട്ടക്കാരന്റേതാണ്എന്നാണ് പുരാതന ജ്യോതിഷികള്‍ സങ്കല്പിച്ചത്. ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഒറയണ്‍ എന്ന വേട്ടക്കാരന്റെ പേര് ഇതിന് നൽകി. ഈ വേട്ടക്കാരനോടൊപ്പം ബൃഹത്ശ്വാനൻ (CanisMajor), ലഘുശ്വാനൻ (CanisMinor) എന്നീ രണ്ടു നായ്ക്കളെയും സങ്കല്പിച്ചിട്ടുണ്ട്.

പ്രധാന നക്ഷത്രങ്ങളെ സാങ്കല്പിക രേഖകള്‍ കൊണ്ട് ബന്ധിപ്പിച്ചാൽ അവയെ തിരിച്ചറിയൽ എളുപ്പമാണ്.
ഒറിയോണിലെ നക്ഷത്രങ്ങള്‍
ഇനിനമുക്കീ നക്ഷത്രസമൂഹത്തിലെ പ്രധാന നക്ഷത്രങ്ങളെ പരിചയപ്പെടാം. വടക്കോട്ടാണല്ലോ വേട്ടക്കാരന്റെ തല. ഇതു നമ്മള് ജന്മനക്ഷത്രമായി കണക്കാക്കുന്ന മകീര്യമാണ്. കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും(Betelgeuse)പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്കുള്ള രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രവും കിഴക്ക് ഭാഗത്തുള്ളത് സെയ്ഫ് (Saiph)നക്ഷത്രവും. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ളമൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായിനിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റാണ്. ഇന്ത്യൻ സങ്കല്പമനുസരിച്ച് ഇവ ത്രിമൂര്‍ത്തികളാണ്. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ടു് മൂന്നു നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളാണ്. ഇതിൽ മധ്യഭാഗത്തുള്ളത് ഒറിയോണ്‍ നെബുലയാണ്. നക്ഷത്രങ്ങള്‍ പിറവികൊള്ളുന്ന ഭീമൻ മേഘപടലങ്ങളാണിവ.

വഴികാട്ടുന്ന വേട്ടക്കാരൻ
ഒറിയോണ്‍ നമുക്ക് ഒരു വഴികാട്ടിയാണ്. ഇതിലെ വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്തു വരച്ചാൽ ശരിയായ തെക്കുവടക്കു ദിശ കിട്ടും.
കപ്പൽസഞ്ചാരികളും മറ്റും പുരാതന കാലത്ത് രാത്രിയിൽ ദിക്ക് മനസ്സിലാക്കുന്നതിന് ഏറ്റവും അധികം ആശ്രയിച്ചിരുന്നത് വേട്ടക്കാരനെയാണ്.

ഒറിയോണ്‍ മറ്റു നക്ഷത്രസമൂഹങ്ങളെ തിരിച്ചറിയാനുള്ള ഒരു സഹായിയും കൂടിയാണ്. വേട്ടക്കാരന്റെ ബല്‍റ്റിലെ നക്ഷത്രങ്ങളിൽ കൂടി ഒരു രേഖ സങ്കല്പിച്ചു വടക്ക് പടിഞ്ഞാറേക്ക് നീട്ടിയാൽ അത് തിളക്കമുള്ള ചുമന്ന ഒരു നക്ഷത്രത്തിലെത്തും. ഈനക്ഷത്രത്തിന്റെ പേരു ബ്രഹ്മഹൃദയം (Aldebaran)എന്നാണ്. ബ്രഹ്മഹൃദയം ഉള്‍പ്പെടുന്ന, V ആകൃതിയിലുള്ള നക്ഷത്രക്കൂട്ടമാണ് രോഹിണി. രോഹിണിയും അതിനു താഴെ തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളും ചേര്‍ന്നാൽ ഇടവം (Taurus) എന്നനക്ഷത്ര സമൂഹമായി. ഇതേസങ്കല്പരേഖ വീണ്ടും വടക്കുപടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ കാണുന്ന മുന്തിരിക്കുല പോലെയുള്ള നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades). വേട്ടക്കാരന്തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് (Sirius). സൂര്യൻകഴിഞ്ഞാൽ നാം കാണുന്നന ക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരുരേഖ സങ്കല്പിച്ച് തെക്ക്കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം. മകരവിളക്കു ദിവസം സന്ധ്യയ്ക്ക് കിഴക്ക് ഉദിച്ചുയരുന്നതായി കാണുന്ന നക്ഷത്രം സിറിയസ്സാണ്. സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹത്ശ്വാനന്‍.
അപ്പോള്‍ വാനനിരീക്ഷണം തുടങ്ങുകയല്ലേ.
very Useful
LikeLike