“ഗ്രഹങ്ങളെ കണ്ടിട്ടുണ്ടോ?”
“അയ്യോ, അതിനു വലിയ ടെലസ്കോപ്പൊക്കെ വേണ്ടെ?”
“വേണ്ടന്നെ, മനുഷ്യന് വെറും കണ്ണുകൊണ്ട് ആകാശത്ത് കാണാൻ കഴിയുന്നവയാണ് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ, ബുധൻ എന്നീ 5 ഗ്രഹങ്ങൾ. ഇവയിൽ പലതിനെയും നിത്യവും നാം ആകാശത്ത് കാണാറുണ്ട്. കണ്ടാൽ നക്ഷത്രങ്ങളെ പോലെ തോന്നുന്നതിനാൽ തിരിച്ചറിയാറില്ല എന്നു മാത്രം. ഇവയിൽ തന്നെ ബുധൻ ഒഴികെയുള്ള എല്ലാ ഗ്രഹങ്ങൾക്കും സാധാരണ നക്ഷത്രങ്ങളെക്കാൾ തിളക്കമുണ്ട്. അതിനാൽ തന്നെ നക്ഷത്രങ്ങള്‍ക്കിടയിൽ അവയെ തിരിച്ചറിയാനും എളുപ്പമാണ്.”
“അതൊക്കെ പോട്ടെ, ഒരു ഗ്രഹത്തെയെങ്കിലും കണ്ടെത്താനുള്ള മാർഗ്ഗം പറയാമോ?”

“ഇന്നുതന്നെ സന്ധ്യയ്ക്ക് പടിഞ്ഞാറെ ആകാശത്തേക്കു നോക്കുക. ചക്രവാളത്തോടുചേർന്ന് (ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതായി തോന്നുന്ന ഭാഗം) വലിയ തിളക്കത്തിൽ, വലിയ ഒരു ബൾബ് കത്തുന്നത്രയും തിളക്കത്തിൽ, ഒരു വസ്തുവിനെ കാണാം. അത് ശുക്രനാണ്. അതിനു മുകളിലായി തിളക്കമുള്ള മറ്റൊരു വസ്തു കാണുന്നത് ശനിയാണ്. ശനിക്കും മുകളിലായി, ശനിയേക്കാളും തിളക്കത്തിൽ കാണുന്നത് വ്യാഴവും”
നഗ്ന നേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒരേസമയം ആകാശത്ത് അപൂർവ്വമായെ കാണാൻ സാധിക്കൂ. എന്നാൽ ഇപ്പറഞ്ഞ മൂന്നു ഗ്രഹങ്ങളെയും ഒന്നിച്ചുകാണാൻ കഴിയുന്ന നല്ലൊരു അവസരമാണിപ്പോൾ.
അപ്പോൾ കാണുകയല്ലേ ..
ഒരു മറുപടി കൊടുക്കുക