എല്ലാവരുടെയും പുതുവർഷം പിറക്കുന്നത് ജനുവരി ഒന്നിനു തന്നെയാണോ? ചിങ്ങം ഒന്നിനും വിഷുവിനും നാം പുതുവർഷം ആഘോഷിക്കാറുണ്ടല്ലൊ. ഒരു രാജ്യത്തുതന്നെ പലതരം കലണ്ടറുകളും പലപല വർഷാരംഭങ്ങളുമുണ്ട്. അപ്പോൾ, ലോകത്തെല്ലായിടത്തുമായി എത്രതരം കലണ്ടറുകളും വർഷാരംഭങ്ങളും ഉണ്ടാകും!
കലണ്ടറും കാലവും
കാലത്തെ ദിവസം, ആഴ്ച, മാസം, വർഷം എന്നിങ്ങനെയുള്ള അളവുകളായി ക്രമീകരിച്ചിരിക്കുന്ന ഒരു സംവിധാനമാണ് കലണ്ടർ. കണക്കുകൾ ഹാജരാക്കേണ്ട ദിവസം എന്നർത്ഥം വരുന്ന കലണ്ടെ (Kalendae) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കലണ്ടർ എന്ന വാക്കുണ്ടായത്.
പ്രകൃതിയിലെ ആവർത്തനങ്ങൾ
പ്രകൃതിയിൽ കൃത്യമായി ആവർത്തിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി സമയത്തെ അളക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ ഉണ്ടായിട്ടുള്ളത്. രാത്രി, പകൽ എന്നിവ കൃത്യമായി ആവർത്തിച്ചു വരുന്ന സംഭവങ്ങളാണല്ലോ. മറ്റൊന്നാണ് ചന്ദ്രബിംബത്തിന്റെ ആകൃതിമാറ്റം. വെളുത്തവാവു ദിവസം പൂർണ്ണവൃത്താകൃതിയിൽ കാണപ്പെടുന്ന ചന്ദ്രബിംബം ക്രമേണ ക്ഷയിച്ച് ക്ഷയിച്ച് ചന്ദ്രക്കലയായും ഒടുവിൽ കറുത്തവാവു ദിവസം തീർത്തും കാണാതെയുമാകുന്നു. പിന്നീട് വീണ്ടും ചന്ദ്രക്കലയായി വളർന്നുവളർന്ന് പൂർണ്ണചന്ദ്രനാകുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്നാണു ഇതിനെ വിളിക്കുന്നത്.
പ്രകൃതിയിൽ ആവർത്തിച്ചു സംഭവിക്കുന്ന മറ്റൊരു പ്രതിഭാസമാണ് ഋതുക്കളുടെ മാറ്റം. മഞ്ഞുകാലം (ശിശിരം), പൂക്കാലം (വസന്തം), വേനൽ (ഗ്രീഷ്മം), ഇലപൊഴിയും കാലം (ശരത്) എന്നിങ്ങനെയുള്ള ഋതുക്കൾ കൃത്യമായ ഇടവേളകളിൽ ആവർത്തിക്കപ്പെടുന്നു. കൃഷി വിജയിക്കണമെങ്കിൽ ഋതുക്കളുടെ വരവും പോക്കും കൃത്യമായി അറിഞ്ഞേ പറ്റൂ. അതിനാൽ എല്ലാ പ്രാചീന സംസ്കാരങ്ങളിലും കലണ്ടർ നിർമ്മാണം ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു.
ദിവസം
പ്രകൃതിയിൽ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്ന കാലയളവുകളാണ് പകലും രാത്രിയും. ഒരു പകലും അതിനോടു ചേർന്നുവരുന്ന രാത്രിയും ചേർന്നുള്ള സമയം എല്ലായ്പ്പോഴും തുല്യമാണ്. അങ്ങനെ പകലും രാത്രിയും ചേർന്ന ദിവസം എന്ന സങ്കല്പം ഉണ്ടായി. ഇങ്ങനെയുള്ള ദിവസത്തെ 12 മണിക്കൂർ വീതമുള്ള രണ്ടു ഭാഗങ്ങളായി തിരിച്ചിരിച്ചു. 2, 3, 4, 6 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യായയതാണ് 12 ന്റെ പ്രത്യേകത. മണിക്കൂറിനെ 60 ഭാഗങ്ങളായിതിരിച്ച് മിനിറ്റുകളായും അവയെ വീണ്ടും 60 ഭാഗങ്ങളായി തിരിച്ചു സെക്കന്റുകളായും മാറ്റി. 2, 3, 4, 5, 6, 10, 12, 15, 20, 30 എന്നീ സംഖ്യകൾകൊണ്ട് വിഭജിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 60 എന്ന പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
മാസം

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് മാസം കണക്കാക്കുന്നതിന് കാരണമായത്. ഇംഗ്ലീഷിലെ Month എന്ന വാക്കുതന്നെ ചന്ദ്രനെ അടിസ്ഥാനമാക്കിയ സമയം എന്ന അർത്ഥത്തിൽ mooneth (Moon+th) എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. ഒരു പൗർണ്ണമിമുതൽ അടുത്ത പൗർണ്ണമി വരെയോ ഒരു അമാവാസി മുതൽ അടുത്ത അമാവാസിവരെയോ ഉള്ള സമയമാണ് ഒരു മാസമായി കരുതിയിരുന്നത്. ഇത് ഏകദേശം 29½ ദിവസങ്ങളാണ്. അര ദിവസം ഒഴിവാക്കാനായി ചില സമൂഹങ്ങൾ ഒന്നിടവിട്ട് 29ഉം 30ഉം ദിവസങ്ങളുള്ള മാസങ്ങൾ ഉപയോഗിച്ചു. മറ്റുചില സമൂഹങ്ങൾ 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളും ഉപയോഗിച്ചു വന്നു. ഇത്തരത്തിലുള്ള മാസങ്ങൾ ഉപയോഗിച്ചിരുന്ന കലണ്ടറുകളെ ചാന്ദ്രകലണ്ടറുകൾ എന്നു വിളിക്കുന്നു. ചാന്ദ്ര കലണ്ടറുകളിലെ മാസങ്ങളെ രണ്ടു പക്കങ്ങളായി വിഭജിച്ചിട്ടുണ്ട്. കറുത്തവാവു മുതൽ അടുത്ത വെളുത്തവാവു വരെയുള്ള കാലത്തെ വെളുത്ത പക്കം (ശുക്ലപക്ഷം) എന്നും വെളുത്തവാവു മുതൽ കറുത്തവാവു വരെയുള്ള പക്കത്തെ കറുത്ത പക്കം (കൃഷ്ണപക്ഷം) എന്നും വിളിച്ചു. രണ്ടു വാവുകൾക്കിടയിൽ ഏകദേശം 14 ദിവസങ്ങളാണുള്ളത്.
വർഷം
12 ചാന്ദ്രമാസങ്ങൾ കൂടുമ്പോഴാണ് ഋതുക്കൾ ആവർത്തിക്കപ്പെടുന്നത് എന്ന നിരീക്ഷണത്തിൽ നിന്നും 12 മാസങ്ങൾ ചേർന്ന ഒരു വർഷം എന്ന സങ്കല്പമുണ്ടായി. 29ഉം 30ഉം ദിവസങ്ങളുള്ള മാസങ്ങൾ ചേർന്ന ചാന്ദ്രകലണ്ടറിലെ വർഷത്തിന് 354 ദിവസങ്ങളേ വരൂ. 30 ദിവസങ്ങൾ വീതമുള്ള 12 മാസങ്ങൾ ചേർന്ന ചാന്ദ്രകലണ്ടറുകൾക്കാകട്ടെ 360 ദിവസങ്ങളേ ഉണ്ടാവുകയുള്ളു. ഇത് ഒരു വർഷത്തിൽ യഥാർത്ഥത്തിലുള്ള ദിവസങ്ങളേക്കാൾ കുറവായിരുന്നതിനാൽ ഓരോ വർഷം കഴിയുമ്പോഴും ഋതുക്കൾ ആവർത്തിക്കാൻ കാലതാമസം നേരിടുമായിരുന്നു. കുറച്ചുവർഷങ്ങൾ കഴിയുമ്പോൾ ഋതുക്കൾ അടുത്തമാസത്തിലേക്ക് നീങ്ങിപ്പോകും. മാസങ്ങളും ഋതുക്കളും തമ്മിൽ പൊരുത്തപ്പെടാതാകും. മുന്നുവർഷങ്ങൾ കൂടുമ്പോൾ ഒരു അധികമാസം കൂട്ടിച്ചേർത്താണ് മെസോപ്പൊട്ടേമിയക്കാരും ഇന്ത്യക്കാരുമൊക്കെ ഇതിനെ മറികടന്നത്. 360 ദിവസങ്ങൾക്കുശേഷം 5 ഒഴിവു ദിനങ്ങൾ കൂട്ടിച്ചേർത്താണ് ഈജിപ്തുകാർ ഈ പ്രശ്നം പരിഹരിച്ചത്. പിന്നീട്, ആധുനിക കലണ്ടറുകളിൽ മാസം എന്ന സങ്കല്പം തീർത്തും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആശ്രയിക്കാത്ത കാലയളവായി മാറി.

ഋതുക്കളുടെ ആവർത്തനമാണ് വർഷം എന്ന സങ്കല്പത്തിന് ആധാരമായത് എന്നു പറഞ്ഞുവല്ലോ. ഋതുക്കളാകട്ടെ സൂര്യന്റെ അയനചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും സൂര്യോദയത്തിനുണ്ടാകുന്ന ദിശാമാറ്റത്തെയാണ് അയന ചലനം എന്നു വിളിക്കുന്നത്. ലോകത്തെവിടെനിന്നു നോക്കിയാലും സൂര്യൻ നേർകിഴക്ക് ഉദിക്കുന്നതായി കാണപ്പെടുന്ന രണ്ടു ദിവസങ്ങളെ ഒരു വർഷത്തിൽ ഉണ്ടാകാറുള്ളു. ആ ദിവസങ്ങളാണ് വിഷുവങ്ങൾ. ഓരോ വിഷുവത്തിനും ശേഷം സൂര്യോദയം അല്പാല്പം വടക്കോട്ടോ തെക്കോട്ടോ നീങ്ങിപ്പോകുന്നതായി കാണാം. ഒരു പരമാവധി ദൂരം (23½° കോണീയ ദൂരം) നീങ്ങിയ ശേഷം സൂര്യോദയം എതിർ ദിശയിലേക്ക് മാറുന്നു. ഇങ്ങനെ കൃത്യമായ ഇടവേളകളിൽ സൂര്യോദയം വടക്കുനിന്നു തെക്കോട്ടും തെക്കുനിന്നു വടക്കോട്ടും മാറിക്കൊണ്ടിരിക്കുന്നു. ഭൂമിയുടെ പരിക്രമണ പഥവുമായി അതിന്റെ ഭ്രമണാക്ഷത്തിന് (അച്ചുതണ്ട്) ഉള്ള ചരിവാണ് ഈ പ്രതിഭാസത്തിനു കാരണം.
സൂര്യോദയം പരമാവധി തെക്ക് എത്തുന്നതിനെ ദക്ഷിണ അയനാന്തം എന്നു വിളിക്കുന്നു. ആദിവസം ഭൂമദ്ധ്യരേഖയ്ക്ക് തെക്കുക്കുള്ള രാജ്യങ്ങളിൽ നീളംകൂടിയ പകൽ അനുഭവപ്പെടും. അവിടെ കഠിനമായ വേനൽ അനുഭവപ്പെടുന്നതും ആ കാലത്താണ്. ഭൂമദ്ധ്യരേഖയ്ക്ക് വടക്കുള്ള രാജ്യങ്ങളിലാകട്ടെ, ആ സമയത്ത് പകലിന്റെ ദൈർഘ്യം ഏറ്റവും കുറവും ശൈത്യം അതികഠിനവുമായിരിക്കും. ഉത്തര അയനാന്തത്തിൽ ഭൂമദ്ധ്യരേഖയ്ക്ക് ഇരുപുറവും ഇതിനു വിപരീതമായ അവസ്ഥയുണ്ടാകുന്നു.
ദക്ഷിണ അയനാന്തത്തിനു ശേഷം സൂര്യോദയം തെക്കുനിന്നും വടക്കോട്ടുനീങ്ങുന്നതിനെ ഉത്തരായനം എന്നുവിളിക്കുന്നു. ഉത്തരായനകാലത്ത് സൂര്യൻ നേർകിഴക്ക് ഉദിക്കുന്ന ദിവസത്തെ മാഹാവിഷുവം എന്നു വിളിക്കുന്നു. തിരിച്ച് ദക്ഷിണായനകാലത്ത് സൂര്യൻ നേർകിഴക്കുദിക്കുന്ന ദിവസത്തെ അപരവിഷുവം എന്നും വിളിക്കുന്നു. വിഷുവദിവസം ലോകത്തെല്ലായിടത്തും പകലും രാത്രിയും തുല്യമായിരിക്കും. മഹാവിഷുവകാലത്ത് വടക്കൻ പ്രദേശങ്ങളിൽ വസന്തകാലവും തെക്കൻ പ്രദേശങ്ങളി ശരത്കാലവുമായിരിക്കും, അപരവിഷുവകാലത്ത് തിരിച്ചും. ഉത്തരായനവും ദക്ഷിണായനവും ചേരുന്നതാണ് അയനചക്രം. അയനചക്രം കൃത്യമായി ആവർത്തിക്കുന്ന ഒരു പ്രതിഭാസമാണ്.
അയനചക്രത്തെ അടിസ്ഥാനമാക്കി വർഷത്തെ കൃത്യമായി കണക്കാക്കാം. ഇതിനായി ആകാശത്തിൽ സൂര്യന്റെ സ്ഥാനം നിരീക്ഷിച്ചവർക്ക് ഒരു കാര്യം മനസ്സിലായി, സൂര്യൻ അതിനു പിന്നിലെ നക്ഷത്രങ്ങളെ അപേക്ഷിച്ച് ഓരോ ദിവസവും അല്പാല്പമായി കിഴക്കോട്ടു നീങ്ങി നീങ്ങി പോകുന്നുണ്ട്. ഒരു സ്ഥാനത്തു നിന്നും ഇപ്രകാരം നീങ്ങിപ്പോകുന്ന സൂര്യൻ ഒരു വർഷം കഴിയുമ്പോൾ, ആകാശത്തെ ഒന്നുവട്ടം ചുറ്റി വീണ്ടും അതെ സ്ഥാനത്തെത്തുന്നു. ക്ലോക്കിലെ സൂചിയുടെ കറക്കം പോലെയാണിതും. സൂചിക്കു പകരം സൂര്യനും അടയാളങ്ങള്‍ക്കു പകരം നക്ഷത്രങ്ങളും. നക്ഷത്രങ്ങൾക്കിടയിലൂടെയുള്ള സൂര്യന്റെ ഈ സഞ്ചാരപാതയെ ക്രാന്തിവൃത്തം എന്നാണു വിളിക്കുന്നത്. യഥാർത്ഥത്തിൽ ഭൂമിയാണ് സൂര്യനു ചുറ്റും സഞ്ചരിക്കുന്നത്, ഭൂമിയിൽ നിന്നും നോക്കുന്ന നമുക്ക്, സൂര്യൻ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നതാണ്.

ക്രാന്തിവൃത്തത്തിലെ സൂര്യന്റെ സ്ഥാനമാറ്റമനുസരിച്ച് ഋതുക്കളും മാറുന്നു. ഓരോ സമയത്തും സൂര്യന്റെ സ്ഥാനം മനസ്സിലാക്കി വച്ചാൽ ഋതുക്കളെയും മാസങ്ങളെയുമൊക്കെ മനസ്സിലാക്കാൻ എളുപ്പമായി. അതിനായി പ്രാചീനർ ക്രാന്തിവൃത്തത്തെ 12 തുല്യഭാഗങ്ങളായി വിഭജിച്ച്, ഓരോ ഭാഗത്തിനും അവിടെയുള്ള നക്ഷത്രക്കൂട്ടങ്ങളുടെ പേരുകൾ നൽകി. ഇങ്ങനെ, ക്രാന്തിവൃത്തത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗത്തെ ഒരു സൂര്യരാശി എന്നു വിളിക്കുന്നു. ചിങ്ങം, കന്നി, തുലാം തുടങ്ങി കർക്കിടകം വരെയുള്ള പേരുകളാണ് രാശികൾക്ക് നൽകിയത്. ഒരു രാശിയിലൂടെ സൂര്യൻ സഞ്ചരിക്കാനെടുക്കുന്ന സമയമാണ് ഒരു മാസം. ഏതു രാശിയിലൂടെയാണോ സൂര്യൻ സഞ്ചരിക്കുന്നത്, ആ രാശിയുടെ പേരായിരിക്കും ആ മാസത്തിനുള്ളത്. ഇങ്ങനെയുള്ള മാസങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച കലണ്ടറുകളാണ് സൗരകലണ്ടറുകൾ. ഇതിലെ മാസങ്ങൾക്ക് ചന്ദ്രന്റെ വൃദ്ധിക്ഷയവുമായി ബന്ധമൊന്നുമില്ല. അയനാന്തങ്ങളോ വിഷുവങ്ങളോ ആണ് സൗര കലണ്ടറുകളിൽ വർഷാരംഭമായി കണക്കാക്കിയിരുന്നത്.
ആഴ്ച
മനുഷ്യന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാസങ്ങളെക്കാൾ ചെറിയ ഒരു കാലയളവ് അത്യാവശ്യമായിരുന്നു. പ്രത്യേകിച്ചും കുറച്ചു ദിവസങ്ങളിലെ കഠിനമായ അദ്ധ്വാനത്തിനു ശേഷം വിശ്രമിക്കാനാവശ്യമായ ഒരു ദിവസം കിട്ടത്തക്കവിധത്തിലുള്ള ഒരു കാലയളവ്. രണ്ടു വാവുകൾക്കിടയിലുള്ള 14 ദിവസങ്ങളെ 7 വീതമുള്ള രണ്ട് ആഴ്ചകളായി കണക്കാക്കുന്ന രീതി പല പ്രാചീന സംസ്കാരങ്ങളിലുമുണ്ടായിരുന്നു. കൃസ്തുവിനും ഏതാണ്ട് 2100 വർഷങ്ങൾക്കു മുമ്പ് സുമേറിലെ രാജാവായിരുന്ന ഗുഡിയ 7 മുറികളുള്ള ഒരു ക്ഷേത്രം നിർമ്മിച്ച് 7 ദിവസത്തെ ആഘോഷങ്ങളോടുകൂടി നാടിനു സമർപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാചീന ബാബിലോണിയക്കാർ കറുത്തിവാവിനു ശേഷം വരുന്ന 7-ആമത്തെയും 14-ആമത്തെയും 21ആമത്തെയും 28ആമത്തെയും ദിവസങ്ങളെ നിഷിദ്ധ ദിനങ്ങളായി കണക്കാക്കിയിരുന്നു. അന്നേദിവസങ്ങളിൽ ഔദ്യാഗിക കാര്യങ്ങളോ പ്രാർത്ഥനകളോ അനുവദിച്ചിരുന്നില്ല. 7 ദിവസങ്ങളുള്ള ആഴ്ച എന്ന സങ്കപ്ലം ഇങ്ങനെയൊക്കെ വന്നതാണെന്നു കരുതുന്നു.

ഇന്നു നാം കാണുന്ന രീതിയിൽ ഞായർ മുതൽ ശനിവരെ ഏഴുദിവസങ്ങളുള്ള ആഴ്ച സമ്പ്രദായം ആരംഭിച്ചത് ബാബിലോണിയക്കാരാണ്. നക്ഷത്രങ്ങളെ അപേക്ഷിച്ച് സ്ഥാനമാറ്റം വരുന്ന ആകാശവസ്തുക്കളെയാണ് പുരാതന കാലത്ത് ഗ്രഹങ്ങൾ എന്നു വിളിച്ചിരുന്നത്. സൂര്യൻ (ഞായർ), ചന്ദ്രൻ (തിങ്കൾ), ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ (വെള്ളി), ശനി എന്നിവയായിരുന്നു പാശ്ചാത്യർക്ക് അന്നുണ്ടായിരുന്ന ഏഴു ഗ്രഹങ്ങൾ. അവർ ഓരോ ദിവസത്തിന്റെയും അധിപനായി ഒരു ഗ്രഹത്തെ കണക്കാക്കുകയും ആ ദിവസങ്ങള്‍ക്ക് ആ ഗ്രഹങ്ങളുടെ പേരു നൽകുകയും ചെയ്തു. എ.ഡി.321-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ഈ ഏഴുദിന ആഴ്ച സമ്പ്രദായത്തെ ജൂലിയൻ കലണ്ടറിന്റെ ഭാഗമാക്കി. പ്രകൃതി പ്രതിഭാസങ്ങളുമായോ ജ്യോതിശാസ്ത്രവുമായോ യാതൊരു ബന്ധവുമില്ലാത്ത ഈ ആഴ്ച സമ്പ്രദായം ഇങ്ങനെയാണ് കലണ്ടറിന്റെ ഭാഗമായത്. സൂര്യനും ചന്ദ്രനുമൊന്നും നിലവിൽ ഗ്രഹങ്ങളല്ല എന്നും അറിയാമല്ലോ.
ആധുനിക കലണ്ടറിന്റെ കഥ
പഴയ റോമൻ കലണ്ടര്‍
പഴയകാലത്ത് റോമിൽ മാര്‍ച്ചിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന പത്തു മാസങ്ങളും 304 ദിവസങ്ങളുമുള്ള കലണ്ടറാണ് ഉപയോഗിച്ചിരുന്നത്. ഡിസംബറിനു ശേഷം വരുന്ന, രണ്ടുമാസം നീണ്ടുനില്ക്കുന്ന കടുത്ത ശൈത്യകാലത്ത് ഔദ്യാഗിക പരിപാടികള്‍ ഒന്നും ഇല്ലാതിരുന്നതിനാൽ അവയെ അവധി ദിനങ്ങളായി കണക്കാക്കി കലണ്ടറിൽ നിന്നും ഒഴിവാക്കിയിരുന്നു.
പഴയ റോമൻ കലണ്ടറിലെ ആദ്യത്തെ നാലുമാസങ്ങള്‍ യഥാക്രമം മാര്‍സ് (മാര്‍ച്ച്), അഫ്രൊഡൈറ്റ് (ഏപ്രിൽ), മൈയസ് (മെയ്), ജൂനിയസ് (ജൂൺ) എന്നീ ദേവതകളുടെ പേരിൽ അറിയപ്പെട്ടു; തുടര്‍ന്നു വന്ന മാസങ്ങൾ അവയുടെ ക്രമനമ്പരിന്റെ അടിസ്ഥാനത്തിലും. ഉദാഹരണത്തിന് ജൂണിനു ശേഷം അഞ്ചാമതു വന്ന മാസത്തിന്റെ പേര് ക്വിന്റിലിസ് എന്നായിരുന്നു. അഞ്ചാമത്തേത് എന്നാണ് ഇതിന്റെ അർത്ഥം. പുരാതന റോമൻ കലണ്ടറിലെ മാസങ്ങളുടെ പേരുകളും അവയുടെ അര്‍ത്ഥവും പട്ടികയായി നൽകിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
പുരാതന റോമൻ കലണ്ടർ
ആധുനിക നാമം | പഴയ ലാറ്റിൻ നാമം | ലാറ്റിൻ നാമത്തിന്റെ അര്‍ത്ഥം | ദിവസങ്ങൾ |
മാർച്ച് | മാർട്ടിയോസ് | മാർസിന്റെ മാസം | 31 |
ഏപ്രിൽ | അപ്രിലിസ് | അഫ്രൊഡൈറ്റിന്റെ മാസം | 30 |
മെയ് | മൈയസ് | മൈയസ്സിന്റെ മാസം | 31 |
ജൂൺ | ജൂനിയസ് | ജൂനിയസ്സിന്റെ മാസം | 30 |
ജൂലൈ | ക്വിന്റിലിസ് | അഞ്ചാമത്തെ മാസം | 31 |
ആഗസ്റ്റ് | സെക്സ്റ്റൈലിസ് | ആറാമത്തെ മാസം | 30 |
സെപ്തംബർ | സെപ്തംബർ | ഏഴാമത്തെ മാസം | 30 |
ഒക്ടോബർ | മെഒക്ടോബര് | എട്ടാമത്തെ മാസം | 31 |
നവംബർ | നവംബർ | ഒമ്പതാമത്തെ മാസം | 30 |
ഡിസംബർ | ഡിസംബർ | പത്താമത്തെ മാസം | 30 |
ബി.സി. 713ൽ റോമൻ രാജാവായിരുന്ന നൂമാ പോമ്പീലിയസ് ജാനസ് ദേവന്റെ പേരില്‍ ജനുവരിയും ഫെബ്രുവസ് ദേവന്റെ പേരിൽ ഫെബ്രുവരിയും റോമൻ കലണ്ടറിൽ കൂട്ടിച്ചേര്‍ത്തു. അങ്ങനെ 12 മാസങ്ങളും 354 ദിവസങ്ങളുമുള്ള ഒരു ചാന്ദ്രകലണ്ടറായി റോമൻ കലണ്ടർ മാറി.
ജൂലിയൻ കലണ്ടർ

ഋതുക്കളുടെ ആവര്‍ത്തനം സൂര്യന്റെ അയന ചലനവുമായി ബന്ധപ്പെട്ടാണുള്ളതെന്നും ചാന്ദ്രക്കലണ്ടറുകള്‍ക്കനുസരിച്ച് ഋതുക്കൾ ആവര്‍ത്തിക്കുന്നില്ല എന്നും അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. ബി.സി. 46-ൽ റോമൻ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ 365.25 ദിവസങ്ങളുള്ള സൗര കലണ്ടര്‍ സമ്പ്രദായം സ്വീകരിച്ചുകൊണ്ട്‍ വീണ്ടും കലണ്ടർ പരിഷ്കരിച്ചു. ഇതാണ് ജൂലിയൻ കലണ്ടര്‍. ഈ കലണ്ടറിൽ സാധാരണ വര്‍ഷങ്ങളിൽ 365 ദിവസങ്ങളും, നാലു വര്‍ഷങ്ങള്‍ കൂടുമ്പോഴുള്ള അധിവർഷങ്ങളിൽ 366 ദിവസങ്ങളുമാണുള്ളത്.
ജൂലിയൻ കലണ്ടര്‍ നടപ്പാക്കിയശേഷം വന്ന ബി.സി. 45ലെ ജനുവരി 1 ഒരു അമാവാസിയായിരുന്നു. അതൊരു ശുഭലക്ഷണമായിക്കണ്ട ജനങ്ങള്‍ ജനുവരി 1 പുതുവര്‍ഷാരംഭമായി ആഘോഷിച്ചു. അങ്ങനെ ആദ്യമാസമെന്ന പദവി മാര്‍ച്ചിനു നഷ്ടമായി. പിന്നീട് റോമൻ സെനറ്റ് ജൂലിയസ് സീസറിന്റെയും അഗസ്റ്റസ് സീസറിന്റെ ബഹുമാനാര്‍ത്ഥം ക്വിന്റിലിസിന്റെ പേര് ജൈലൈ എന്നും സെക്സ്റ്റൈലിസിന്റെ പേര് ആഗസ്റ്റ് എന്നുമാക്കി മാറ്റി. മാസത്തിലെ ദിവസങ്ങളുടെ എണ്ണവും ഇന്നത്തെ രീതിയിൽ പരിഷ്കരിക്കപ്പെട്ടു.
ഗ്രിഗോറിയൻ കലണ്ടര്‍
365.25 ദിവസങ്ങളാണല്ലോ ഒരു വര്‍ഷമായി കണക്കാക്കിയിരുന്നത്. എന്നാൽ ഒരു വര്‍ഷത്തിന്റെ യഥാർത്ഥ ദൈര്‍ഘ്യം ഇതിനേക്കാൾ അല്പം കുറവാണ്, കൃത്യമായി പറഞ്ഞാൽ 365.2422 ദിവസങ്ങള്‍. ഒറ്റനോട്ടത്തിൽ നിസ്സാരമെന്നു തോന്നുമെങ്കിലും ഈ വ്യത്യാസം 1000 വര്‍ഷങ്ങൾകൊണ്ട് 8 ദിവസത്തോളം എത്തും. ഇതുമൂലം, ജൂലിയൻ കലണ്ടര്‍ നടപ്പാക്കി 1500 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഋതുക്കളും അവയുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന കൃസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിനങ്ങളും തമ്മിൽ തീരെ പൊരുത്തപ്പെടാതായി. ഇതു പരിഹരിക്കാനായി ഗ്രിഗറി പതിമൂന്നാമൻ മാര്‍പ്പാപ്പ ഗണിതശാസ്ത്രജ്ഞൻമാരായിരുന്ന ലിലിയസ്സിന്റെയും ക്ലാവിയൂസിന്റെയും ഉപദേശപ്രകാരം എ.ഡി. 1582ൽ കലണ്ടര്‍ വീണ്ടും പരിഷ്കരിച്ചു. അധികമായി വന്നുചേർന്ന ദിവസങ്ങൾ പരിഹരിക്കുന്നതിനായി 1582ഒക്ടോബര്‍ 4നു ശേഷം വന്ന 10 ദിവസങ്ങൾ കലണ്ടറിൽ നിന്നും വെട്ടിക്കുറച്ചു. അതായത് ഒക്ടോബര്‍ 4 വ്യാഴാഴ്ചയ്ക്കുശേഷം വരുന്ന ദിവസം ഒക്ടോബര്‍ 15 വെള്ളിയാഴ്ചയായിരിക്കും എന്നു പ്രഖ്യാപിച്ചു. കൂടുതൽ കൃത്യത വരുത്താനായി, നൂറുകളിൽ അവസാനിക്കുന്ന (രണ്ടു പൂജ്യത്തിൽ അവസാനിക്കുന്ന) വര്‍ഷങ്ങളിൽ 400കൊണ്ട് ഹരിക്കാൻ കഴിയുന്നവയെ മാത്രം അധിവര്‍ഷങ്ങളായി കണക്കാക്കിയാൽ മതി എന്നും തീരുമാനിച്ചു. ഉദാഹരണത്തിന് 2000 ഒരു അധിവർഷവും 2100 ഒരു സാധാരണ വർഷവുമാണ്. ഇതാണ് ഇന്നത്തെ ഗ്രിഗോറിയൻ കലണ്ടര്‍.
അധിവർഷം കണക്കാക്കുന്നതിനുള്ള രീതി

1. വർഷത്തെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്നില്ലങ്കിൽ അത് സാധാരണ വർഷം.
അല്ലങ്കിൽ,
2. അതിനെ 100 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്നില്ലങ്കിൽ അത് അധിവർഷം.
അല്ലങ്കിൽ
3. അതിനെ 400 കൊണ്ട് ഹരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അധിവർഷം
അല്ലങ്കിൽ
4. അതൊരു സാധാരണ വർഷം.
കൊല്ലവർഷ കലണ്ടർ
കേരളത്തിന്റെ സ്വന്തമായ സൗരകലണ്ടറാണ് കൊല്ല വർഷകലണ്ടർ. ഭരതത്തിലെ മറ്റു മിക്ക കലണ്ടറുകളും ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയപ്പോൾ കൊല്ലവർഷ കലണ്ടറിൽ പൂർണ്ണമായും സൗരമാസങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. എ.ഡി. 825ൽ വേണാട്ടിലെ രാജാവായ രാജശേഖരവർമ്മ കൊല്ലം പട്ടണത്തിൽ വച്ച് ആവിഷ്കരിച്ചതാണ് ഈ കലണ്ടർ എന്നു കരുതപ്പെടുന്നു. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിങ്ങനെ ക്രാന്തിവൃത്തത്തിലുള്ള 12 നക്ഷത്രക്കൂട്ടങ്ങളുടെ പേരുകളാണ് മാസങ്ങള്‍ക്ക് നൽകിയിട്ടുള്ളത്. ഓരോ നക്ഷത്രക്കൂട്ടത്തിലൂടെയും സര്യൻ സഞ്ചരിക്കാനെടുക്കുന്ന സമയമനുസരിച്ച് 28 മുതൽ 32വരെ ദിവസങ്ങളുള്ള മാസങ്ങളുണ്ട്. സൗരമാസങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയതായതിനാൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കലണ്ടറായിരുന്നു ഇത്. കാലത്തിനൊത്ത് പരിഷ്കരിക്കപ്പെടാത്തതിനാൽ 1500 വർഷം മുമ്പുണ്ടായിരുന്ന വിഷുവദിനമാണ് ഇന്നും ഇതിലുള്ളത് എന്നൊരു പോരായ്മയും ഉണ്ട്.
കലണ്ടറുകൾ – കാലത്തിന്റെ അടയാളങ്ങൾ
ഗ്രിഗോറിയൻ കലണ്ടറല്ലാതെ നിരവധി കലണ്ടറുകള്‍ ലോകത്തെമ്പാടും ഉപയോഗിക്കപ്പെടുന്നുണ്ട്. ശകവർഷത്തെ ആധാരമാക്കി തയ്യാറാക്കിയ കലണ്ടറാണ് ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ. വർഷത്തിലെ 12 ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതും ഇന്നും പ്രചാരത്തിലുള്ളതുമാണ് ഇസ്ലാമികകലണ്ടർ. പലപല രാജ്യങ്ങളിലും സംസ്കാരങ്ങളിലുമായി എത്രയോ ആയിരം കലണ്ടറുകളുണ്ട്. കാലത്തെ അടയാളപ്പെടുത്താനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ കലണ്ടറുകളായി ഇന്നും ജിവിക്കുന്നു.
ഒരു മറുപടി കൊടുക്കുക