
ഇന്ന് (22/01/2023) സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ നോക്കിയാൽ ശുക്രനും ശനിയും ഒന്നിക്കുന്ന ആപൂർവ്വ ദൃശ്യം കാണാം. ജ്യോതിശാസ്ത്രത്തിൽ യുതി, സംയുഗ്മനം എന്നൊക്കെയാണ് ഇതിനെ പറയുക. ലാളിത്യത്തിനായി ശനി-ശുക്ര സമ്മേളനം എന്ന് ഇതിനെ വിളിക്കാം (Pappootty Koodalil K മാഷ് ക്ഷമിക്കട്ടെ).
ഇംഗ്ലീഷിൽ conjunction എന്നാണ് പറയുക. രണ്ടു ഗ്രഹങ്ങൾ തമ്മിലോ, ചന്ദ്രനും മറ്റൊരു ഗ്രഹവും തമ്മിലോ ഏറ്റവും അടുത്തടുത്തായി വരികയും ഒന്ന് മറ്റൊന്നിനെ മറികടന്ന് പോവുകയും ചെയ്യുന്ന സംഭവമാണിത്.
ഇന്ത്യൻ സമയം ഏകദേശം 12 മണിയോടെയാണ് കൃത്യമായ conjunction സംഭവിക്കുക. എന്നാൽ അപ്പോഴേക്കും ഈ രണ്ടു ഗ്രഹങ്ങളും അസ്തമിച്ചുപോയിട്ടുണ്ടാകും. ഏതാണ്ട് ഏഴര വരെയാണ് നമുക്ക് ഇവയെ കാണാനാകുക. ഒരു 7 മണിയ്ക്ക് നോക്കുന്നതാണ് നല്ലത്. നേർ പടിഞ്ഞാറ് ദിശയിൽ നിന്നും അല്പം തെക്കു മാറി, ചക്രവാളത്തിനു തൊട്ടു മുകളിലായി തിളക്കമുള്ള ഒരു വസ്തുവിനെ കാണാം. കണ്ടാൽ നക്ഷത്രം പോലെ തോന്നും. അത് ശുക്രനാണ്. (ശുക്രനെ നക്ഷത്രമായി തെറ്റിദ്ധരിച്ച് നമ്മൾ വെള്ളിനക്ഷത്രം എന്നു വിളിച്ചിരുന്നു.) ശുക്രനോട് ചേർന്ന് തിളക്കത്തിൽ കാണുന്ന വസ്തുവാണ് ശനി. ആ സമയത്ത് നോക്കിയാൽ അല്പം വലതുമാറി (വടക്ക്) മുകളിലായി ആയിരിക്കും ശനിയെ കാണാനാകുകു. തുടർന്നുള്ള ഓരോ ദിവസവും നോക്കിയാൽ ശനിയും ശുക്രനും പരസ്പരം അകന്നു പോകുന്നത് കാണാം. കാഴ്ചയുടെ ഒരു കൗതുകം എന്നതിനപ്പുറം നമ്മുടെ ജീവിതവുമായി ഇതിന് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.
ഗ്രഹങ്ങളെ കണ്ടാൽ നക്ഷത്രങ്ങളെ പോലെ തോന്നുമെങ്കിലും, അവയുടെ പരസ്പരമുള്ളതും അതുപോലെ നക്ഷത്രങ്ങളിൽ നിന്നുള്ളതുമായ ഇത്തരം അടുപ്പങ്ങളും അകല്ചകളും നിരീക്ഷിച്ചാണ് പുരാതന വാന നിരീക്ഷകർ ഇവയെ ഗ്രഹങ്ങളായി തിരിച്ചറിഞ്ഞത്. ഇത്തരം അടുപ്പം അകല്ചയും കാണിക്കുന്നതിനാൽ അവർ സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങളായാണ് കണക്കാക്കിയിരുന്നത്.
ഒരു മറുപടി കൊടുക്കുക