സ്ഥിരം മാമൂലുകളിൽ തട്ടിയാണ് സ്ത്രീകളുടെ നരകജീവിതം മുന്നോട്ട് പോകുന്നത്. എല്ലാവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും (privileges) അനുഭവിച്ച് മുന്നോട്ട് പോകുന്ന പുരുഷന്മാര്ക്ക് അത് മനസ്സിലാകില്ല. അടുത്ത ജന്മത്തിൽ ഒരു സ്ത്രീയായി ജനിക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കാത്തത് അതുകൊണ്ടാണ്.

സ്ത്രീയെ സമൂഹത്തിൽ രണ്ടാംതരം ജീവിയായി കാണണം എന്ന് പരിശീലിപ്പിച്ചാണ് ഓരോ ആണ്‍കുട്ടിയെയും പെൺകുട്ടിയെയും നമ്മൾ വളര്‍ത്തുന്നത്. ആൺകുട്ടി ഉറക്കെ കരഞ്ഞാൽ “അയ്യേ, ആണായ നീ കരയാൻ പാടുണ്ടോ?” എന്ന് ചോദിച്ച് അവന്റെ അഭിമാനം ഉണർത്തും. പെണ്ണ് കരഞ്ഞാൽ, “കരഞ്ഞ് പഠിക്കട്ടെ, ഇനിയെത്ര കരയാനുള്ളതാ” – എന്ന് പറഞ്ഞ് അവളുടെ അഭിമാനം കെടുത്തും. പെൺകുട്ടി കഴിച്ച പാത്രം അവൾതന്നെ കഴുകി വയ്ക്കണം. ആൺകുട്ടി കഴിച്ച പാത്രം അമ്മയോ പെങ്ങളോ കഴുകി വയ്ക്കും.
കായികമായ കളികളെല്ലാം പെൺകുട്ടിക്ക് നിഷിദ്ധമാണ്. ആണ്‍കുട്ടിയെ പോലെ ഒരു മൈതാനത്ത് പോയി കൂട്ടികാരുമൊത്ത് സ്വതന്ത്രമായി കളിക്കാൻ പെൺകുട്ടിക്ക് അനുവാദമില്ല. തന്റെ കായികമായ കഴിവിൽ അങ്ങനെ അവൾക്ക് വിശ്വാസം ഇല്ലാതെയാകുന്നു. വളര്‍ന്നുവരുന്ന ആൺകുട്ടിയും പെൺകുട്ടിയും ക്രമേണ ആണിന്റെ മേധാവിത്വവും പെണ്ണിന്റെ അടിമത്തവും ഒരു മടിയും കൂടാതെ അംഗീകരിക്കുന്നു.
മറ്റൊന്ന് മതങ്ങളാണ്. എല്ലാ മതനിയമങ്ങളും എഴുതിയത് പുരുഷന്മാരാണ്. അവയെല്ലാം തന്നെ സ്ത്രീ വിരുദ്ധങ്ങളുമാണ്. മതപരമായ ആചാരങ്ങള്‍ പാലിച്ചുവരുന്ന കുട്ടികളിൽ പുരുഷ മേധാവിത്തം ഉറപ്പിക്കാനുതകുന്ന ആചാരക്രമങ്ങളാണ് കാലങ്ങളായി ഉണ്ടാക്കി വച്ചിരിക്കുന്നത്. ഹിന്ദു-കൃസ്ത്യൻ-ഇസ്ലാം മതങ്ങളിൽ പുരോഹിതര്‍ പുരുഷന്മാരാണ്. പേരിന് സ്ത്രീയെ പൂജിക്കണം എന്നൊക്കെ പറയും. പൂജയുടെ ഗുണം അറിയണമെങ്കിൽ അവരോട് സ്വകാര്യത്തിൽ ചോദിച്ചു നോക്കണം.
പെണ്ണിന്റെ സ്വാഭിമാനം (self respect) തകര്‍ക്കുകയും ആണിന്റെ മേധാവിത്വം ഉറപ്പിക്കുകയും ചെയ്യുന്നതില്‍ വിശ്വാസങ്ങൾക്കുള്ള പങ്ക് വലുതാണ്. അത്തരത്തില്‍ ഉള്ള ഒന്നാണ് 10 വയസ്സ് കഴിഞ്ഞാൽ ശബരിമലയില്‍ പെണ്ണിനെ പ്രവേശിപ്പിക്കില്ല എന്ന ആചാരം. ഓരോ പെണ്‍കുട്ടിയും മനസ്സിൽ ചോദിക്കും 10 വയസ്സുകഴിഞ്ഞാല്‍ എന്താണ് തനിക്ക് പറ്റുന്നതെന്ന്. അപ്പോൾ അവളോട് പറയുക, “നീ ഇനിമുതല്‍ അശുദ്ധയാണ്. ആര്‍ത്തവമാണ് അതിന് കാരണം. അശുദ്ധമായ നിന്റെ ശരീരം വിശുദ്ധമായ സ്ഥലങ്ങളിൽ കയറ്റാന്‍ കൊള്ളില്ല.” എന്നാണ്.
സമാനമായ ചിന്ത ആണ്‍കുട്ടിയുടെ മനസ്സിലും കയറിപ്പറ്റുന്നു. തനിക്ക് പ്രാപ്യമായ പല ഇടങ്ങളും പെണ്ണിന് നിഷിദ്ധമാണ്. സ്ത്രീയുടെ ശാരീരിക അവസ്ഥയാണ് അവളുടെ അധഃസ്ഥിതിയ്ക്ക് കാരണം. അവള് ഒരു ശരീരം മാത്രമാണ്. ചീത്തയായ ഒരു ശരീരം. തനിക്ക് അങ്ങനെ ഒരവസ്ഥയില്ല. അതിനാൽ സ്ത്രീ തന്നെക്കാള്‍ ഒരു പടി താഴെയാണ്. ഈ ചിന്താഗതി ആണിന്റെ മേധാവിത്വ മനോഭാവം പാറപോലെ ഉറപ്പിക്കുകയും പെണ്ണിനെ അടിമത്തബോധത്തിൽ തളച്ചിടുകയും ചെയ്യുന്നു.
ഇങ്ങനെ മാനസികമായി സൃഷ്ടിക്കപ്പെട്ട അടിമത്തം തകരാൻ സമൂഹം ആഗ്രഹിക്കുന്നില്ല. പാവ്ലോവിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിംഗ് സിദ്ധാന്തം പോലെയാണ്. മാനസികമായി കണ്ടീഷൻ ചെയ്യപ്പെട്ട പുരുഷന് സ്ത്രീയുടെ തുല്യത അംഗീകരിക്കുകയുമില്ല, മാനസികമായ അടിമത്തം അംഗീകരിച്ച സ്ത്രീ അതിൽ നിന്നും മോചിതയാകാൻ ശ്രമിക്കുകയും ഇല്ല. ഇനി ആരെങ്കിലും അതിനായി മുന്നോട്ട് വന്നാൽ, അതിനെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീകൾ തന്നെ മുന്നിൽ കാണും.
സ്ത്രീയെ അടിമയാക്കി കാണുന്നതിനുള്ള ഏറ്റവും വലിയ കാരണമായി കേരളസമൂഹം ധരിച്ചിരിക്കുന്നത് ആര്‍ത്തവമാണ്. അത് അശുദ്ധിയല്ല എന്ന് പറയുന്നതിനെതിരെ അതുകൊണ്ട് തന്നെയാണ് സമൂഹം ഇത്രയധികം അക്രമോത്സുകമായി പ്രതികരിക്കുന്നത്. അല്ലാതെ ഇത് കേവലം ആചാരത്തിന്റെ മാത്രം കാര്യമല്ല.
എന്തുകൊണ്ടാണ് ശബരിമല വിഷയത്തിൽ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള കാരണം ഇതാണ്.
“ആര്‍ത്തവം അശുദ്ധിയല്ല.
സ്ത്രീയ്ക്ക് അയിത്തമില്ല.”
പിൻകുറിപ്പ് – ശബരിമലയിൽ സ്ത്രീ കയറിയാലും ഇല്ലങ്കിലും അയ്യപ്പന് ഒന്നും വരാനില്ല. അങ്ങനെ എന്തെങ്കിലും വരുന്ന അയ്യപ്പൻ എന്ത് അയ്യപ്പനാണ്?