ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കൗണ്ടർ കണ്ടീഷനിംഗ്, അഥവാ നാളെമുതല്‍ സ്ത്രീകൾ സിലിണ്ടർ ചുമക്കുമോ?

ധൈര്യം, ശാരീരികക്ഷമത എന്നീ അളവുകോലുകൾ വച്ചാണ് പ്രധാനമായും സ്ത്രീ-പുരുഷ തുല്യതയെ സമൂഹം അളക്കാറുള്ളത്. പൊതു നിരീക്ഷണത്തിൽ ഇവ രണ്ടും സ്ത്രീകളിൽ കുറവാണെന്നു കാണാം. അതിനാൽ പുരുഷൻ സ്ത്രീയെക്കാൾ അല്പം ഉയര്‍ന്ന പദവി അര്‍ഹിക്കുന്നുവെന്നും മറിച്ച് താരതമ്യേന കുറഞ്ഞ സാമൂഹ്യപദവിയിൽ തൃപ്തയാകേണ്ടവളാണ് സ്ത്രീയെന്നുമുള്ള ബോധം സമൂഹത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ‘സ്ത്രീപുരുഷതുല്യത’ എന്നത് ഒരാശയം എന്നതിൽകവിഞ്ഞ് പ്രസക്തമായതല്ല എന്ന ധാരണ സമൂഹത്തിലെ ബഹുപൂരിപക്ഷം സ്ത്രീയും പുരുഷനും വച്ചുപുലര്‍ത്തുന്നു.

The Great Indian Kitchen review: The right food for thought
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയുടെ പോസ്റ്റർ

ഗ്യാസുകുറ്റി തനിച്ചുയര്‍ത്തുന്ന കരുത്തനായ പുരുഷനും പാമ്പിനു മുന്നിൽ പകച്ചു നില്ക്കുന്ന ഭീരുവായ സ്ത്രീയും ഈ പൊതുബോധത്തെ അരക്കിട്ടുറപ്പിക്കുന്ന ചിത്രങ്ങളാണ്. അവിടെയാണ് ചില പുരോഗമനക്കാരും ആക്ടിവിസ്റ്റുകളും പുരുഷനെകൊണ്ട് തുണിയലക്കിച്ചും പാത്രം കഴുകിച്ചും തറതുടപ്പിച്ചും തുല്യതയുണ്ടാക്കാനായി ഇറങ്ങിപുറപ്പെട്ടിട്ടുള്ളതെന്നോര്‍ക്കുമ്പോൾ ശരാശരി മലയാളിക്ക് ചിരി വരുന്നതിൽ അത്ഭുതപ്പെടാനില്ല. യഥാര്‍ത്ഥത്തിൽ ഇതൊക്കെ ചെയ്യാൻ പുരുഷനും സാധിക്കുന്നതാണ്. ഏറ്റവും നല്ല പാചകക്കാർ പുരുഷന്മാര്‍ തന്നെയല്ലെ. ആയിരങ്ങൾ പങ്കെടുക്കുന്ന സദ്യവട്ടങ്ങളൊക്കെ ഒരുക്കുന്നത് പുരുഷന്മാരാണ്. അപ്പോൾ, പ്രകൃത്യാ തന്നെ സ്ത്രീയ്ക്ക് പുരുഷനേക്കാൾ കുറഞ്ഞകഴിവുകളാണുള്ളത് എന്ന് തീര്‍ച്ചായാക്കേണ്ടതല്ലേ.

ഈ വിഷയം ഒന്നുകൂടെപരിശോധിച്ചു നോക്കാം. ഒരു മനുഷ്യക്കുട്ടി, ജന്മനാൽ തന്നെ എന്തെല്ലാം കഴിവുകളുമായാണ് ജനിക്കുന്നത് എന്നറിയാൻ, മനുഷ്യസഹായമൊന്നുമില്ലാതെ, സ്വാഭാവികമായി വളര്‍ന്നു വന്ന കുട്ടികളെ പരിശോധിച്ചാൽ മതിയാകും. എന്തെങ്കിലും കാരണവശാൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടുകയും മനുഷ്യസാമീപ്യമില്ലാതെ കാട്ടിലോ മറ്റേതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തോ വളരേണ്ടിയും വന്ന കുട്ടികളെ പറ്റി കേട്ടിട്ടുണ്ടോ? ഫെരാൽ കുട്ടികൾ എന്നാണവർ അറിയപ്പെടുന്നത്. ഇത്തരം നിരവധി മനുഷ്യക്കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലെല്ലാമുള്ള ചില പ്രത്യേകതകള്‍ എന്തെന്നാൽ ഇവരാരും തന്നെ മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചിട്ടില്ല എന്നതാണ്. ഇവര്‍ക്ക് മനുഷ്യന്റെ ഭാഷ മനസ്സിലാകുകയോ, അതു പഠിക്കാൻ സാധിക്കുകയോ ചെയ്തില്ല. മിക്ക കുട്ടികളും മൃഗങ്ങളെ പോലെ പച്ചമാംസം തിന്നുന്നവരും, കൈകൊണ്ട് എടുത്തു കഴിക്കാതെ നേരിട്ട് ഭക്ഷണം വായകൊണ്ട് കഴിക്കുന്നവരുമായിരുന്നു. മിക്കവരും നാലുകാലിൽ നടക്കുകയും, അവരെ സംരക്ഷിച്ചു എന്നു കരുതപ്പെടുന്ന മൃഗങ്ങളുടെ ശബ്ദം അനുകരിക്കുകയും ചെയ്തു. ഇവരിൽ മിക്ക കുട്ടികളും മനുഷ്യ സഹവാസം ഇഷ്ടപ്പെട്ടില്ല. മൃഗീയ ശീലങ്ങൾ മാത്രം പ്രകടിപ്പിച്ച ഇത്തരം കുട്ടികളിൽ ഭൂരിപക്ഷവും കണ്ടെത്തപ്പെട്ട് അധികം താമസിയാതെ മരണപ്പെടുകയാണുണ്ടായത്.

Oxana Malaya - Amazing Recovery - YouTube
നായ്ക്കൾ വളര്‍ത്തിയത് എന്നു കരുതപ്പെടുന്ന ഒരു ഫെരാൽ കുട്ടി

ഫെറാൽ കുട്ടികളുടെ അവസ്ഥ പഠിച്ച ശാസ്ത്ര‍ജ്ഞര്‍, നമുക്കാര്‍ക്കും ഇഷ്ടപ്പെടാൻ കഴിയാത്ത ഒരു സത്യം വെളിപ്പെടുത്തി, മനുഷ്യക്കുട്ടികൾ നാം കരുതുന്നതുപോലെ മനുഷ്യഗുണങ്ങളുമായി ജനിക്കുന്നവരല്ല, മറിച്ച് മനുഷ്യസഹവാസവും മനുഷ്യ പരിശീലനവുമാണ് അവരെ നമ്മളെ പോലെ പെരുമാറുന്നവരാക്കി മാറ്റുന്നത്. അല്ലാത്തപക്ഷം അവര്‍ സാധാരണ മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ല. അതായത് മനുഷ്യന്റെ എല്ലാ പെരുമാറ്റങ്ങളും അവൻ പഠിച്ചെടുക്കുന്നവയാണ്. അത് തലമുറകളായി കൈമാറി കൈമാറിയാണ് നാം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. ഈ കൈമാറ്റം ഇല്ലാതെ വന്നാൽ നാം മൃഗീയ വാസനകലിൽ തന്നെ ഒതുങ്ങും. ഇത്തരം കുട്ടികൾക്ക്, ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ഭാഷയടക്കം പലതും പഠിച്ചെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും.

ജീവികൾ അവരുടെ പെരുമാറ്റങ്ങൾ എങ്ങനെ ആര്‍ജ്ജിക്കുന്നു എന്നതിനെ പറ്റി പഠനം നടത്തിയ രണ്ടു പ്രമുഖ മനഃശാസ്ത്രജ്ഞരാണ് ഇവാൻ പാവ്‍ലോവും ബി.എഫ്. സ്കിന്നറും. പെരുമാറ്റങ്ങളുടെ രൂപീകരണത്തെ കണ്ടീഷനിംഗ് എന്നാണ് ഇവര്‍ വിളിച്ചത്. ഇവരുടെ സിദ്ധാന്തങ്ങൾ പ്രകാരം എല്ലാത്തരം പെരുമാറ്റങ്ങളും ചുറ്റുപാടിൽ നിന്നും പഠിച്ചെടുക്കുന്നവയാണ്. പെരുമാറ്റങ്ങളെ ബാഹ്യ പ്രതികരണങ്ങളിലൂടെ ശക്തിപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ സാധിക്കുമെന്നതാണ് സ്കിന്നറുടെ സിദ്ധാന്തം പറയുന്നത്.

അതായത് പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും പെരുമാറ്റത്തെശക്തിപ്പെടുത്തുമ്പോൾ നിരുത്സാഹപ്പെടുത്തലുകളും ശിക്ഷകളും പെരുമാറ്റത്തെദുര്‍ബലപ്പെടുത്തുന്നു.

B.F. Skinner - Theory, Psychology & Facts - Biography
സ്കിന്നർ

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. ആൺകുട്ടികളിലും പെൺകുട്ടികളിലും കാണുന്ന എല്ലാ പെരുമാറ്റങ്ങളും ശേഷികളും അവര്‍ പഠിച്ചെടുക്കുന്നതാണ്. അതിനു കിട്ടുന്ന പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളുമാണ് അവയെ ശക്തിപ്പെടുത്തുന്നത്. നിരുത്സാഹപ്പെടുത്തലുകളും ശിക്ഷകളും പെരുമാറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ധൈര്യം, സാഹസികത, ശീരിക കഴിവുകൾ എന്നിവയെല്ലാം ആര്‍ജ്ജിച്ചെടുക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ പെരുമാറ്റ ഗുണങ്ങളാണ്. ആൺകുട്ടികൾക്ക് ഇത്തരം സാഹര്യങ്ങളിൽ ഇടപഴകുന്നതിനും അവ ശീലിക്കുന്നതിനും അവസരം ലഭിക്കുമ്പോൾ പെൺകുട്ടികൾ ഇത്തരം സാഹചര്യങ്ങളിൽ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. ധൈര്യം, സാഹസികത, ശാരീരികക്ഷമത എന്നിവ ആവശ്യമുള്ള പ്രവൃത്തികളിൽ ആൺകുട്ടികൾ നിര്‍ലോഭം ഏര്‍പ്പെടുകയും അതിനാവശ്യമായ പ്രോത്സാഹനം അവർക്ക് ലഭിക്കുകയും അങ്ങനെ അവരിൽ ആ ഗുണങ്ങൾ ശക്തിപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു പെണകുട്ടി അത്തരം ഒരു പ്രവൃത്തിയിൽ ഏര്‍പ്പെട്ടാൽ ശകാരവും ശിക്ഷയുമാകുംഫലം.

പാമ്പിന്റെ കാര്യം തന്നെയെടുക്കാം. വീട്ടിലോ പരിസരത്തോ ഒരു വിഷപ്പാമ്പു വന്നാൽ സ്ത്രീകളും പെൺകുട്ടികളും വളരെ അകന്നുമാറി സുരക്ഷിതമായ സ്ഥലത്ത് നില്പുറപ്പിക്കും. പുരുഷന്മാര്‍ അതിനെ കൈകാര്യം ചെയ്യാൻ പുറപ്പെടും. അത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് മുതിര്‍ന്നവര്‍ കൈകാര്യം ചെയ്യുന്നത് എന്നു കാണുന്നതിനും ഒരു പരിധിവരെ അത്തരം പ്രവൃത്തികളിൽ ഏര്‍പ്പെടുന്നതിനും ആൺകുട്ടികൾക്ക് അവരസം ലഭിക്കുന്നു. ഏതെങ്കിലും ഒരു പെൺകുട്ടി ആ സ്ഥലത്തേക്ക് കടന്നുചെല്ലാൻ ശ്രമിച്ചാൽ എന്താകും അവസ്ഥ, എല്ലാവരും കൂടി അവളെ വഴക്കുപറഞ്ഞ് ഓടിക്കുക തന്നെ ചെയ്യും.

ഇങ്ങനെ, ഭയപ്പെടുത്തുന്നതും സാഹസികത ആവശ്യപ്പെടുന്നതുമായസാഹചര്യങ്ങളോട് പ്രതികരിക്കാൻ ആൺകുട്ടികൾ പഠിക്കുകയും സ്വാഭാവികമായും പെൺകുട്ടികൾക്ക് അതിനുള്ളകഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.

അതായത്, സ്വാഭാവികമായോ, ജനിതകമായതോ ആയ ഒരു പ്രകൃയയിലൂടെയല്ല, മറിച്ച് കണ്ടീഷനിംഗിന്റെ ഇരകാളായാണ് സ്ത്രീകൾസമൂഹത്തിൽ രണ്ടാം തരം പൗരന്മാരായി മാറ്റപ്പെടുന്നത്.

ആൺകുട്ടികൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രോത്സാഹനങ്ങളും പെൺകുട്ടികള്‍ക്കും ലഭിക്കുകയാണെങ്കിൽ അവരും ആൺകുട്ടികളോടൊപ്പം തന്നെ ഇത്തരം രംഗങ്ങളിലെല്ലാം ശോഭിക്കും എന്നതിന് എത്രയോ ഉദാഹരങ്ങള്‍ നമുക്കു ചുറ്റും ഉണ്ട്. പാമ്പാട്ടിയുടെ മകൾ യാതൊരു പേടിയും കൂടാതെ പാമ്പിനെ പിടിച്ച് കൂടയ്ക്കുള്ളിലാക്കുന്നത് നാം കണ്ടിട്ടുള്ളതാണല്ലോ. (എല്ലാ പുരുഷന്മാരും പാമ്പിനെ നേരിടാൻ പുറപ്പെടാറുമില്ല.)

അപ്പോൾ പ്രിയ മാതാപിതാക്കളെ, പ്രിയ സമൂഹമേ, പെൺകുട്ടികളോട് നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കാണിക്കുന്ന അവഗണകളും വേര്‍തിരിവുകളുമാണ് അവരുടെ കഴിവുകളെ കെടുത്തിക്കളയുന്നത്. മരത്തിൽ കയറുമ്പോഴും മൈതാനത്ത് കളിക്കുമ്പോഴും ഒച്ചവയ്ക്കുമ്പോഴും ചിരിക്കുമ്പോഴും പെൺകുട്ടികൾക്കു മാത്രമായി നിങ്ങൾ നൽകുന്ന വിലക്കുകൾ, ഫെരാൽ കുട്ടികളെ പോലെ അവരെ ദുർബലരാക്കുന്നു. പാത്രം കഴുകുക മുറ്റമടിക്കുക തുണികഴുകുക തുടങ്ങിയ ദിനചൈര്യകളിൽ നിന്നും ആൺകുട്ടികളെ ഒഴിവാക്കുന്നതിലൂടെ അവരുടെ ആണധികാരത്തെ നിങ്ങൾ വളര്‍ത്തിയെടുക്കുന്നു. ഈ ആണധികാരമാണ് വയലൻസിലേക്ക് കടക്കാനുള്ള ലൈസൻസായി മാറുന്നത്. തുല്യത എന്നത് ഔദാര്യമല്ല, അവകാശവും സ്വാഭാവിക നീതിയുമാകുന്നു.

കണ്ടീഷനിംഗ് സിദ്ധാന്തങ്ങള്‍ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ആര്‍ജ്ജിച്ചെടുത്ത ഏതു പെരുമാറ്റത്തെയും ഇല്ലാതാക്കുവാനും സാധിക്കും എന്നതാണ് അത്. കൗണ്ടര്‍ കണ്ടീഷനിംഗ് എന്നാണതിനു പറയുക. ആണത്ത അധികാരം ശീലിച്ച ഒരു വ്യക്തിക്ക് ക്രമേണ തന്റെ പെരുമാറ്റം വ്യത്യാസപ്പെടുത്താനും തുല്യതയോടെ പെരുമാറാനും സാധിക്കും. അബലയെന്നു സ്വയം ധരിച്ചു വച്ചിരിക്കുന്ന സ്ത്രീകൾക്ക്, ബലശീലങ്ങള്‍ ആര്‍ജ്ജിച്ചെടുക്കാനും സ്വതന്ത്രയാകാനും പരിശീലനത്തിലൂടെ സാധിക്കും. അതിനായി സമൂഹം മൊത്തത്തിൽ അതിന്റെ മനോഭാവം മാറ്റുകയും അതിനായുള്ള ചര്‍ച്ചകൾ നിരന്തരം ഉയര്‍ത്തേണ്ടതുമുണ്ട്. അവിടെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുള്ള സിനിമകളുടെ പ്രസക്തി. ശക്തമായ കൗണ്ടര്‍ കണ്ടീഷനിംഗ് ഉപാധകളാണവ.

————————————–

പിൻ കുറിപ്പ്

പാമ്പിനെ ആരും കൊല്ലേണ്ട, വനം വകുപ്പിനെ അറിയിച്ചാൽ അവര്‍ വന്ന് പിടിച്ചു കൊണ്ടു പോയ്ക്കോളും.

ഈ വീഡിയോകൾ കാണാൻ ശ്രമിക്കുക.

നിങ്ങളുടെ ‘കൂടെ’ ആരുണ്ട്?

സിനിമാ നിരൂപണം – കൂടെ

ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടെങ്കിലും നിങ്ങളുടെ കൂടെ ആരുണ്ട്? കൂടെയുള്ളവരെ പോലും നിങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ടോ? കാതങ്ങള്‍ അകലെയായിരിക്കുമ്പോഴും നിങ്ങളുടെ കൂടെ പലരും ഉണ്ടായിരുന്നെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നോ? കൂടെയുണ്ടെന്ന് നിങ്ങള്‍ കരുതുന്നവരൊക്കെ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൂടെയുണ്ടോ?

Koode film poster
ചിത്രത്തിന് കടപ്പാട് – justdial.com


മതിപ്പ്‌ : ★ ★ ★ ★ ☆


ലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മനഃശാസ്ത്രസിനിമകളില്‍ എന്തുകൊണ്ടും വ്യത്യസ്തമായ ഒന്നാണ് അഞ്ജലി മേനോന്റെ കൂടെ. ‘മനശാസ്ത്രസിനിമ’ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് മണിച്ചിത്രത്താഴുപോലെ മനോരോഗം പ്രമേയമാക്കിയ സിനിമകളോ, അല്ലങ്കില്‍ കുറ്റാന്വേഷണം പ്രമേയമാക്കിയ സിനിമകളോ ആണ്. എന്നാല്‍ കൂടെ കുടുംബ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു സിനിമയാണ്.

സ്വതേ അന്തര്‍മുഖനായ ജോഷ്വ എന്ന കൗമാരക്കാരന് ഏറെ വൈകി, തന്റെ ഹൈസ്കൂള്‍ പഠനകാലത്ത് ലഭിക്കുന്ന കൂടപ്പിറപ്പാണ് ജനി. ജനിക്ക് ആ പേരിട്ടതും അവനാണ്. ജോഷ്വയ്ക്ക് ജനിയോടുള്ള സ്നേഹത്തിന്റെ ആഴം മനോഹരമായ ദൃശ്യങ്ങളിലൂടെ സംവിധായിക കാട്ടിത്തരുന്നുണ്ട്. ജനിക്കാന്‍ പോകുന്ന കൂടെപ്പിറപ്പിന് കളിപ്പാട്ടങ്ങള്‍ കൊണ്ടലങ്കരിച്ച ഒരു മുറി തന്നെ ജോഷ്വ ഒരുക്കിയിരുന്നു. അവന്റേതായ ഒരു ലോകത്ത് അവന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫുട്ബോള്‍, ഫുട്ബോള്‍ കോച്ച്, പിന്നെ സോഫി എന്ന കളിക്കൂട്ടുകാരി എന്നിവരോടൊപ്പം ജനിയും കൂടിച്ചേര്‍ന്ന് ജീവിതം മനോഹരമായി മുന്നേറുമ്പോഴാണ്, എന്നുവേണമെങ്കിലും മരണപ്പെട്ടു പോകാവുന്ന അസുഖത്തിനിരയാണ് ജനിയെന്ന വാര്‍ത്ത അവനെയും കുടുംബത്തെയും ഒരു പോലെ തകര്‍ക്കുന്നത്. എന്ത് വിറ്റും മകളുടെ ജീവന്‍ വിട്ടുകൊടുക്കില്ല എന്ന പിതാവിന്റെ നിശ്ചയത്തിനൊടുവില്‍ ജോഷ്വ എന്ന പതിനഞ്ചുകാരന്‍, ഒരു കുടുംബ സുഹൃത്തിനൊപ്പം ഗള്‍ഫിലേക്ക് ജോലിക്കായി അയക്കപ്പെടുന്നു. സ്നേഹിച്ച് കൊതി തീരും മുമ്പ് വീട്ടില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ടവന്റെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം.

അഞ്ജലി മേനോൻ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്
അഞ്ജലി മേനോൻ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

ഇരപതാം വയസ്സില്‍ ജനി മരണപ്പെടുന്ന വാര്‍ത്ത അറിയുന്ന ജോഷ്വയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഏതോ എണ്ണക്കമ്പനിയുടെ വലിയ ടാങ്ക് വൃത്തിയാക്കുമ്പോഴാണ് അവനാ വാര്‍ത്തയറിയുന്നത്. മനസ്സിന്റെ ഉള്ളിലൂടെ കഥപറയാന്‍ പോകുന്ന സംവിധായിക, ആദ്യ ദൃശ്യം അങ്ങനെ മനോഹരമാക്കിയിരിക്കുന്നു.

ജോഷ്വാ ചെറുപ്പത്തില്‍ ചൂഷണം ചെയ്യപ്പെട്ടവനാണെന്നു് സിനമ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നെ അടര്‍ത്തി മാറ്റിയ അച്ഛനും അമ്മയും തന്നെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് അവന്‍ കരുതുന്നു. ഒറ്റപ്പെടലിന്റെ വേദനയില്‍ നീറിപ്പുകയുന്ന ജോഷ്വയ്ക്ക് മാതാപിതാക്കളോട വിദ്വേഷമാണുള്ളത്. എന്നാല്‍ അവന്റെയുള്ളില്‍ അവന്‍പോലും അറിയാതെ മൂടിക്കിടക്കുന്ന വൈകാരിക സ്നേഹവും, ജനിയടക്കം തന്റെ കുടുംബാംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹവും അവന്‍ പിന്നീട് തിരിച്ചറിയുന്നു.

നസ്രിയ - കൂടെയില്‍ koode review
നസ്രിയ കൂടെയില്‍ | ചിത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

മരണപ്പെട്ട ജനിയെ അവന്‍ കാണുന്നു. അവളുമായി സംസാരിക്കുകയും (അവളാണ് സംസാരിക്കുന്നത്!) യാത്രചെയ്യുകയും ചെയ്യുന്നു. ആ യാത്രയിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ആ യാത്രയില്‍ അവന്‍ തന്റെ കളിക്കൂട്ടുകാരിയും വിവാഹമോചനം നേടിയവളുമായ സോഫിയെ അറിയുന്നു, അവള്‍ക്ക് തണലാകുന്നു. അശരണനാക്കപ്പെട്ട തന്റെ ബാല്യകാല കോച്ചിനെ ജീവിതത്തിലേക്ക് തിരിച്ച് നടത്തുന്നു. എന്തിന്, തന്റെ പിതാവ് പുറത്തുകാണിക്കാതെ ഒളിച്ചുവച്ച അവനോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്നു. ഊട്ടിയുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് ഓരോ ദൃശ്യവും അവതരിപ്പിക്കുന്നത്. എന്നാള്‍ നമ്മള്‍ സിനിമയില്‍ ഇതുവരെ കണ്ടിച്ചുള്ള പരമ്പരാഗത കാഴ്ചകളല്ല താനും.

പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്തര്‍മുഖനായ ജോഷ്വയുടെ ശരീരഭാഷ പൃഥ്വി അസ്സലാക്കിയിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം അഭിയലോകത്തേയ്ക്ക് തിരിച്ചെത്തി, ജനിയെ അവതരിപ്പിക്കുന്ന നസ്രിയ തന്റെ ഭാഗം ഗംഭീരമാക്കി. സോഫിയെ അവതരിപ്പിക്കുന്ന പാര്‍വ്വതി, മുഴുനീള കഥാപാത്രമല്ലാതിരുന്നിട്ടും തന്റെ ക്ലാസ്സ് അഭിനയം കാഴ്ചവച്ചിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്താണ് അച്ഛനായി വേഷമിടുന്നത്.

koode-revire-5
രഞ്ജിത്തും മാല പാര്‍വ്വതിയും കൂടെയില്‍ | ചിത്രത്തിന് മനോരമ ഓണ്‍ലൈനോട് കടപ്പാട്

ജോഷ്വയുടെ കഥയാണെങ്കിലും ഒരുപാട് പേരുടെ കഥകള്‍ ചിത്രത്തില്‍ പറയുന്നുണ്ട്. പെണ്ണും വിവാഹബന്ധം വേര്‍പെടുത്തിയതുമായ ഒരുവള്‍ സ്വന്തം വീട്ടില്‍ പോലും അനുഭവിക്കുന്ന ചൂഷണങ്ങളുടെ കഥ സോഫിയിലൂടെയും, മികച്ച ഒരു സാങ്കേതിക വിദഗ്ദനാകുമെന്ന പ്രതീക്ഷിച്ച മിടുക്കനായ മകനെ പഠനം മുടക്കി ഗള്‍ഫിലയക്കേണ്ടി വന്ന പിതാവിന്റെ വേദന, ജീവിതത്തിന്റെ ഏതെങ്കിലും നിമിഷത്തില്‍ മറ്റുള്ളവര്‍ക്കായി നല്‍കിയ സ്നേഹം എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന് കാണിക്കുന്ന കോച്ചിന്റെ കഥ, മനുഷ്യനൊപ്പം പ്രാധാന്യം നല്‍കി, സിനിമയിലുടനീളം കാണുന്ന ബ്രൗണി എന്ന നായുടെ കഥ, തന്നെ ഉപേക്ഷിച്ചു പോയ കാമുകിയ്ക്ക് സുഖമില്ലന്നറിഞ്ഞ്, വാര്‍ദ്ധക്യത്തില്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോയ സായിപ്പിന്റെകഥ, സായിപ്പ് സൂക്ഷിക്കാനായി ഏല്പിച്ചു പോയ വാനിന്റെ കഥ… അങ്ങനെ നിരവധി കഥകള്‍ സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

koode-review-3
പ്രിഥ്വിരാജും പാര്‍വ്വതിയും | ചിത്രത്തിന് മനോരമ ഓണ്‍ലൈനോട് കടപ്പാട്

മാലാ പാര്‍വതി, ദേവന്‍, റോഷന്‍ മാത്യൂ, പോളി വല്‍സണ്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എം. ജയചന്ദ്രനോടൊപ്പം കര്‍ണാകട സംഗീസംവിധായകന്‍ രഘു ദീക്ഷിത്തും ചേര്‍ന്ന് ഗാനങ്ങള്‍ക്ക് മനോഹരമായി ഈണം നല്‍കിയിരിക്കുന്നു. പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നതും രഘു ദീക്ഷിതാണ്.

സംവിധായികയുടെ മുന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സിന്റെ പ്രതീക്ഷയില്‍ ഈ ചിത്രം കാണരുത്. കുടുംബ ബന്ധങ്ങളുടെ തീവ്രത എന്ന സാമ്യമൊഴിച്ചാല്‍ പ്രമേയവും അവതരണ രീതിയും ഒക്കെ വ്യത്യസ്തമാണ്. ഒരു പക്കാ വിനോദസിനിമ എന്ന രീതിയല്ല അഞ്ജലി സ്വീകരിച്ചിരിക്കുന്നത്. ഞാന്‍ കൂടി സംസാരിച്ചില്ലെങ്കില്‍ ഇതൊരു അവാര്‍ഡ് പടമായി പോയേനെഎന്ന് ജെനി യാത്രയ്ക്കിടയില്‍ പറയുന്നുപോലുമുണ്ട്. എങ്കിലും സിനിമ സാധാരണക്കാരായ പ്രേഷകരെ പോലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പായും പറയാം.


പിന്‍കുറിപ്പ്:

“കാശ് പോകുമോ?”

“ഇല്ല.”

“എന്നാ പോയി കാണാം ല്ലേ?”

“പോയി കണ്ടോന്നേ…”