അഭ്യര്‍ത്ഥന: ആദ്യം ദയവായി വീഡിയോ മുഴുവൻ കാണണം.
ഈ വീഡിയോ എനിക്ക് ഷെയർചെയ്യപ്പെട്ട് കിട്ടിയതാണ്. പലരും ചോദിച്ചത് ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ്. അതായത് ഇതു സംഭവിക്കും എന്നുതന്നെ എറെപ്പേരും വിശ്വസിക്കുന്നു. അതിന്റെ കാരണം മാത്രം അറിഞ്ഞാൽ മതി.
ഏതൊരാളെയും പോലെ അത്ഭുതത്തോടുതന്നെയാണ് ഞാനും വീഡിയോ കണ്ടത്. എന്നാൽ വീഡിയോ കണ്ടശേഷം ഞാൻ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിച്ചു.
- ഈ പരീക്ഷണം ശരിയാണെങ്കിൽ സദസ്സിലെ മറ്റുള്ളവരിലും അതെ ഫലം ഉണ്ടാകണം. എന്നാൽ മറ്റുള്ളവരിൽ പരീക്ഷണം ആവര്‍ത്തിച്ചതു കണ്ടില്ല.
- മൊബൈൽ ഫോണിന്റെ അപകടം സദസ്സിനെ ബോധ്യപ്പെടുത്തുകയാണ് കോട്ടിട്ട ചേട്ടന്റെ ലക്ഷ്യം. ഫോൺ റേഡിയേഷൻ ഏല്‍ക്കുന്നതുവഴി ശരീരത്തിലെ ഊര്‍ജ്ജം (energy) നഷ്ടപ്പെടുന്നു എന്നാണ് ചേട്ടൻ അവകാശപ്പെട്ടത്. ഫോണ്‍ കയ്യിലുള്ള ആള്‍ക്ക് സമ്പര്‍ക്കം (conduction-ചാലകത) വഴിയോ വികിരണം (Radiation) വഴിയോ ആണ് ഫോണിന്റെ ഈ പറയുന്ന റേഡിയേഷൻ ശരീരത്തില്‍ എത്താൻ കഴിയുന്നത്. കോട്ടിട്ട ചേട്ടനും ഫോണിനു വളരെ സമീപമാണ് നിൽക്കുന്നത്. വികിരണം അയാളെയും ബാധിക്കും. അയാൾ ഫോണുള്ളയാളെ തൊട്ടുകൊണ്ടാണ് പരീക്ഷണം നടത്തുന്നത്. അങ്ങനെയെങ്കിൽ ഫോണുള്ളയാളെ തൊടുന്നയാൾക്കും ചാലകത വഴി റേഡിയേഷൻ പകരണമല്ലോ. അതായത് ചാലകത, വികിരണം എന്നിവമൂലം കോട്ടിട്ടയാളിലും ഫോണിന്റെ റേഡിയേഷൻ പ്രഭാവം ഉണ്ടാകണം. ചുരുക്കത്തിൽ കോട്ടിട്ട ചേട്ടനും ബലക്ഷയം ഉണ്ടാകേണ്ടതാണ്. ഇവിടെ അതുണ്ടായില്ല.
- ഈ പരീക്ഷണം ശരിയാണെങ്കിൽ നമ്മളിലും ഇതേ പ്രഭാവം ഉണ്ടാകണം. ഫോണുമായി സഞ്ചരിക്കുന്ന ഒരാൾക്ക് സൈക്കിൾ ചവിട്ടുക, മലകയറുക, ഭാരം തൂക്കിനടക്കുക തുടങ്ങി അദ്ധ്വാനം ആവശ്യമായ പ്രവൃത്തികള്‍ ചെയ്യാൻ കഴിയാതെ ആകേണ്ടതല്ലേ?
ഇതുകൊണ്ടൊന്നും തൃപ്തിവരാഞ്ഞ ഞാൻ ഫോൺ പോക്കറ്റിലിട്ടുകൊണ്ട് പുഷ്-അപ്പ് ചെയ്തുനോക്കി. ഫോണില്ലാതെ ചെയ്യുന്ന അത്രതന്നെ പുഷ്-അപ്പ് ഫോണ്‍ പോക്കറ്റിലിട്ടും ചെയ്യാൻ കഴിയുന്നുണ്ട്! ഓഫീസിലെത്തിയപ്പോൾ അവിടെയും ഇത് ചര്‍ച്ചയാണ്. ഫോൺ പോക്കറ്റിലിട്ട് ഞാൻ സൂഹൃത്തിനോട് എന്റെ കൈ വീഡിയോയിൽ കാണുന്നതുപോലെ താഴ്ത്താൻ ആവശ്യപ്പെട്ടു. വ്യത്യാസം ഒന്നും ഉണ്ടായില്ല.
അപ്പോഴും സംശയം ബാക്കിയായി . . കോട്ടിട്ട ചേട്ടന് ഇത് എങ്ങനെ സാധിച്ചു?
ഉത്തരം നിസ്സാരമാണ്. പറ്റിച്ചതാണ് സുഹൃത്തേ….. ഇതുപോലെ എത്രയോ ആളുകള്‍ നമ്മളെ പറ്റിച്ചു ജീവിക്കുന്നു. കോടീശ്വരൻമാരായ സന്യാസി/സന്യാസിനി/ആത്മീയ വായാപാരികൾ മാജിക് കാണിച്ചും വ്യാജ ചികിത്സകരായ വടക്കഞ്ചേരി മുതലുള്ളവര്‍ പ്രകൃതി/മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞും നമ്മളെ പറ്റിക്കുന്നു. കോട്ടിട്ട ചേട്ടനും കൂട്ടുകാരനും കൂടി വയറ്റിപ്പിഴപ്പിനായി നമ്മളെ പറ്റിക്കുന്നു. സോ സിമ്പിൾ!