ഗണിതം,ലേഖനം,ശാസ്ത്രം

വൃത്തത്തിന്റെ കോണളവ് 360° ആയതിന്റെ കഥ

നമുക്ക് പരിചിതമായ നിരവധി അളവുകളും യൂണിറ്റുകളുമുണ്ടല്ലോ. ഉദാഹരണത്തിന് നീളം അളക്കുന്നതിനുള്ള യുണിറ്റാണ് മീറ്റർ; പിണ്ഡത്തിന്റെ യൂണിറ്റാണ് കിലോഗ്രാം.ഇ ങ്ങനയുള്ള അടിസ്ഥാന യൂണിറ്റുകളെ 10, 100, 1000 എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങൾ കൊണ്ട് ഹരിച്ചോ ഗുണിച്ചോ അതിന്റെ തന്നെ ചെറുതും വലുതുമായ മറ്റു യൂണിറ്റുകളും ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് 1000 മീറ്ററാണല്ലോ ഒരു കിലോ മീറ്റർ. എന്നാൽ 10, 100, 1000 എന്നിങ്ങനെയുള്ള, 10 ആധാരമായ സംഖ്യയ്ക്ക് പകരം ഒരു വൃത്തത്തിന്റെ ഡിഗ്രി അളവ് 360 ആയത് എന്തുകൊണ്ടാണ്?

പത്തിന്റെ വർഗ്ഗങ്ങൾക്കു പകരം 60-ന്റെ ഗുണിതങ്ങളായാണ് മറ്റു ചില അളവുകളുടെ യുണിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 60 സെക്കന്റാണ് ഒരു മിനിറ്റ്. 60 മിനിറ്റാണ് ഒരു മണിക്കൂർ. വൃത്തത്തിന്റെ അളവ് 360°ആണ് ഒരു വൃത്തത്തിന്റെ കോണളവ്. വൃത്തത്തിന്റെ അളവ് 360°ആയതിനു പിന്നിലെ കാരണത്തെപറ്റിയാണ് നമ്മളിവിടെ പറയാൻ പോകുന്നത്.

വൃത്തത്തെ ഡിഗ്രിയിൽ അളന്ന രീതി

സാധാരണ അളവുരീതികളിൽനിന്നും കുറച്ചു വ്യത്യസ്തമാണ് വൃത്തത്തിന്റെ ഡിഗ്രി അളവ്. ഒരു വൃത്തത്തിന്റെ രണ്ട് ആരങ്ങൾ അതിന്റെ കേന്ദ്രത്തിലുണ്ടാക്കുന്ന കോണിനെ ആസ്പദമാക്കി വൃത്തത്തിന്റെ അളവ് കണക്കാക്കുന്ന രീതിയാണിത്. ഒരു വൃത്തത്തിന്റെ രണ്ട് ആരങ്ങൾ ഉൾക്കൊള്ളുന്ന ഭാഗം ആകെ വൃത്തത്തിന്റെ എത്രയാണ് എന്ന് പറയാനാകും. ഉദാഹരണത്തിന് നേരെ ഏതിരായിവരുന്ന രണ്ട് ആരങ്ങളുപയോഗിച്ച് വൃത്തത്തെ രണ്ട് അർദ്ധവൃത്തങ്ങളാക്കാം. ഓരോ ഭാഗവും ആകെ വൃത്തത്തിന്റെ പകുതി ആയിരിക്കും. പരസ്പരം ലംബങ്ങളായ രണ്ട് ആരങ്ങൾ ചേർന്നാൽ ആകെ വൃത്തത്തിന്റെ കാൽഭാഗം കിട്ടുമല്ലോ.

പ്രാചീന ഗണിതജ്ഞർ ഒരു വൃത്തത്തെ ഇപ്രകാരം അതിന്റെ ആരങ്ങളുപയോഗിച്ച് 360 തുല്യഭാഗങ്ങളായി വിഭജിച്ച് അതിലെ ഒരോ ഭാഗത്തെയും ഒരു ഡിഗ്രി (1°) എന്നു വിളിച്ചു. അങ്ങനെ ആകെ വൃത്തത്തിന്റെ അളവ് 360° ആയി.

എന്തുകൊണ്ട് 360?

വൃത്തത്തിന്റെ അളവ് 360 ഡിഗ്രിയായായി കണക്കാക്കിയതിനെ സംബന്ധിച്ച് രണ്ടുതരത്തിലുള്ള വാദങ്ങളാണുള്ളത്.

1. ജ്യോതിശാസ്ത്ര വാദം

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ വാദം. ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുമ്പോൾ, ഭൂമിയിൽ നിന്നു നിരീക്ഷിക്കുന്ന നമുക്ക് ഭൂമി സഞ്ചരിക്കുന്നതായല്ല മറിച്ച് സൂര്യൻ ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതായാണ് അനുഭവപ്പെടുന്നത്. ഭൂമി ഒരു വർഷംകൊണ്ട് സൂര്യനെ ചുറ്റി വിണ്ടും പഴയ സ്ഥാനത്ത് എത്തുമ്പോൾ, ഭൂമിയിൽ നിന്നു നോക്കുന്ന നാം കാണുന്നത് സൂര്യൻ ആകാശത്തിലെ നക്ഷത്രങ്ങൾക്കിയിലൂടെ വൃത്താകൃതിയിൽ സഞ്ചിരിച്ച് ഒരു വര്‍ഷം കൊണ്ട് വീണ്ടും പഴയ സ്ഥാനത്ത് എത്തുന്നതായാണ്. അതായത് സൂര്യൻ അതിന്റെ സമീപസ്ഥ നക്ഷത്രങ്ങളിൽനിന്നും പ്രതിദിനം അകന്നു പോകുന്നതായി തോന്നും.

ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം.

അങ്ങനെ ഒരു നക്ഷത്രത്തിൽ നിന്നും അകന്നു പോകുന്നതായി തോന്നുന്ന സൂര്യൻ, ആകാശഗോളത്തിലൂടെ വൃത്താകൃതിയിൽ സഞ്ചരിച്ച്, വീണ്ടും അതെ നക്ഷത്രത്തോടൊപ്പം എത്താൻ ഒരു വര്‍ഷമെടുക്കും. ഒരു വർഷം എന്നത് 360 ദിവസങ്ങളായാണ് പുരാതന മനുഷ്യൻ കണക്കാക്കിയിരുന്നത്. അതനുസരിച്ച് ഓരോ ദിവസവും സൂര്യൻ ആകെ വൃത്തത്തിന്റെ 360ൽ ഒരു ഭാഗം വീതം സഞ്ചരിക്കുമല്ലോ. ഇതു പ്രകാരം സൂര്യന്റെ ഒരു ദിവസത്തെ സഞ്ചാരത്തെ ഒരു ഡിഗ്രിയായും അങ്ങനെ ആകെ സഞ്ചരിക്കുന്ന വൃത്തത്തെ 360 ഡിഗ്രിയായും പൗരാണികർ കണക്കാക്കി എന്നതാണ് ആദ്യത്തെ വാദം.

വർഷത്തിന്റെ അളവ് 365¼ ദിവസം എന്നു പിന്നീട് കണ്ടെത്തിയെങ്കിലും വൃത്തത്തിന്റെ ഡിഗ്രി അളവ് 360 ആയി തുടര്‍ന്നു എന്ന് ജ്യാതിശാസ്ത്രവാദക്കാർ അഭിപ്രായപ്പെടുന്നു.

സമഭുജത്രികോണ വാദം

സമഭുജത്രികോണത്തിന്റെ കോണളവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ വാദം. ഒരേ വലിപ്പമുള്ള മൂന്നു കമ്പുകൾ ചേര്‍ത്ത് ഒരു സമഭുജത്രികോണമുണ്ടാക്കിയാൽ അതിന്റെ കോണുകളെല്ലാം, ലോകത്തെവിടെയും തുല്യമായിരിക്കുമല്ലോ. ഓരോരുത്തരും എടുക്കുന്ന കമ്പുകളുടെ നീളങ്ങൾ എത്രതന്നെ വ്യത്യസ്തമായിരുന്നാലും ഉണ്ടാകുന്ന കോണുകൾക്ക് ഒരേ അളവായിരിക്കും.

വശങ്ങളെല്ലാം തുല്യമായിരിക്കുന്ന എല്ലാ ത്രികോണങ്ങളുടെയും കോണുകൾ ഒരേ അളവുള്ളവ ആയിരിക്കും

യാതൊരുവിധ അളവുപകരണങ്ങളുടെയും സഹായമില്ലാതെ ഏതൊരാൾക്കും ലോകത്തെവിടെയും ഒരേ അളവിൽ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് സമഭുജ ത്രികോണത്തിന്റെ കോണ്. അതിനാൽ അതിനെ കോണുകളുടെ സാർവ്വത്രിക യൂണിറ്റായി കണക്കാക്കാം. ഇങ്ങനെയുണ്ടാകുന്ന കോണ് പക്ഷേ സാമാന്യം വലിയ ഒന്നാണ്. അതിനാൽ അന്നത്തെ സമ്പ്രദായമനുസരിച്ച് ഈ കോണിനെ 60 തുല്യഭാഗങ്ങളാക്കി വിഭജിച്ചു.

60 അടിസ്ഥാനമായ സംഖ്യാ സമ്പ്രദായം പുരാതനകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്നതാണ്. മണിക്കൂറിനെയും മിനിറ്റിനെയുമൊക്കെ 60 ഭാഗങ്ങളായാണല്ലോ വിഭജിച്ചിട്ടുള്ളത്. 2, 3, 4, 5, 6, 10, 12, 15, 20, 30 എന്നീ സംഖ്യകൾകൊണ്ടെല്ലാം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 60 എന്നതാണ് അതിന്റെ പ്രത്യേകത. പത്തിനോ നൂറിനോ അങ്ങനെ ഒരു പ്രത്യേകതയില്ല. നൂറിനെ മൂന്നായി വിഭജിക്കാൻ സാധിക്കില്ല. പ്രായോഗികമായ പല ഉപയോഗങ്ങള്‍ക്കും പത്തിനെയോ നൂറിനെയോക്കാൾ നല്ല സംഖ്യ 60 ആയിരുന്നു.

അങ്ങനെ സമഭുജ ത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് 60 എന്ന് നിജപ്പെടുത്തി. അതിന്റെ 1/60 ഭാഗം കോണിന്റെ യൂണിറ്റ് അളവായി മാറി. ഈ യൂണിറ്റിനെ ഡിഗ്രി എന്നു വിളിച്ചു. ° എന്നതാണ് അതിന്റെ ചിഹ്നം.

ഒരു വൃത്തകേന്ദ്രത്തിൽ 6 സമഭുജ ത്രികോണങ്ങളെ ഉൾപ്പെടുത്താനാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു വൃത്തകേന്ദ്രത്തിൽ 60° വീതമുള്ള 6 കോണുകളുണ്ട്. അങ്ങനെ വൃത്തത്തിന്റെ ആകെ അളവ് 6 X 60° = 360° ആയി മാറി. ഇതാണ് സമഭുജത്രികോണ വാദം പറയുന്നത്. ഈ വാദത്തിനാണ് കൂടുതൽ സ്വീകാര്യതയും കിട്ടിടിട്ടുള്ളത്.

വൃത്തത്തിന്റെ അളവ് കണക്കാക്കാൻ നിലവിൽ നിരവധി രീതികളുണ്ടെങ്കിലും ഡിഗ്രി സമ്പ്രദായമാണ് പ്രായോഗികമായി ഏറെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. 360 പോലെ ഇത്രമാത്രം ഘടകക്രിയ ചെയ്യാനാകുന്ന മറ്റൊരു സംഖ്യ ഇല്ല എന്നതാണ് പ്രധാന കാര്യം. ജ്യോതിശാസ്ത്രത്തിൽ ഭൂമിയുടെയും ചന്ദ്രന്റെയും ചലനങ്ങളുമായി ബന്ധപ്പെട്ടുവരുന്ന മാസങ്ങൾ, പക്കങ്ങൾ എന്നിവയെല്ലാം 360ന്റെ ഘടകങ്ങളായി വരുന്നു എന്ന പ്രത്യേകതയുമുണ്ട്.

വൃത്തത്തിന്റെ അളവ് റേഡിയനിലും

ഒരു കോണിന്റെ ശീർഷം കേന്ദ്രമായി വരത്തക്കവിധത്തിൽ ഒരു വൃത്തം വരച്ചാൽ, ആ കോണിന്റെ ഭുജങ്ങൾ ഉൾക്കൊള്ളുന്ന വൃത്തഭാഗം പൂര്‍ണ്ണവൃത്തത്തിന്റെ ഒരു ചാപമായിരിക്കുമല്ലോ. ഈ ചാപം ആരത്തിന്റെ എത്ര മടങ്ങാണ് എന്ന് കണക്കാക്കിയും അതിന്റെ കേന്ദ്രകോണിനെ അളക്കാൻ സാധിക്കും. ഇങ്ങനെ കിട്ടുന്ന കോണിന്റെ അളവിന് റേഡിയൻ എന്നാണ് പറയുന്നത്.

കോൺ ഉൾക്കൊള്ളുന്ന ചാപത്തിന്റെ നീളം s, ആരം r എന്നിവയാണെങ്കിൽ കോണിന്റെ അളവ് s/r റേഡിയൻ ആയിരിക്കും. x റേഡിയൻ എന്ന അളവ് x rad എന്നാണെഴുതുന്നത്.

ഒരു പൂർണ്ണവൃത്തത്തിന്റെ ചുറ്റളവ് 2πr ആണല്ലോ. അപ്പോൾ ഒരു പൂർണ്ണവൃത്തത്തിന്റ റേഡിയൻ അളവ് 2πr ÷ r = 2π റേഡിയൻ ആണ്. അതുപോലെ അർദ്ധവൃത്തത്തിന്റെ കോണളവ് π റേഡിയനും കാൽ വൃത്തത്തിന്റെ റേഡിയൻ അളവ് π/2 റേഡിയനും ആയിരിക്കും.
മാതൃകയായ
ജ്യോതിശാസ്ത്രം,ലേഖനം,ശാസ്ത്രം

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ കഥ

ചാന്ദ്രദിനം - ഒരു ഓർമ്മക്കുറിപ്പ്

അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിൽ സഞ്ചരിച്ച് 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ്ങ് ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ മണ്ണിൽ ഒരു മനുഷ്യന്റെ കാല്പാദം പതിപ്പിച്ചു. അങ്ങനെ ഭൂമിക്കുപുറത്തുള്ള മറ്റൊരു ഗോളം ആദ്യമായി ഒരു മനുഷ്യന്റെ സ്പർശനം ഏറ്റുവാങ്ങി. തന്റെ കാല്പാദം പതിഞ്ഞ അവസരത്തിൽ നീൽ ആംസ്ട്രോങ്ങ് ഇങ്ങനെ പറഞ്ഞു – “മനുഷ്യന്റെ ചെറിയ ഒരു കാൽവയ്പ്പ്, പക്ഷേ മനുഷ്യരാശിയുടെ വലിയ ഒരു കുതിച്ചുചാട്ടം.” മനുഷ്യന്റെ ഈ വിജയത്തിന്റെ ഓരോ വാർഷികവും ചാന്ദ്രദിനമായി നാം ആഘോഷിക്കുന്നു. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

ചന്ദ്രനെ അറിഞ്ഞതിന്റെ നാൾവഴി

മനുഷ്യന്റെ ജിജ്ഞാസയേയും ഭാവനയേയും എന്നും ഉണർത്തിയിട്ടുണ്ട് മാനത്തെ അമ്പിളി. വെണ്മയാർന്ന ചന്ദ്രബിംബം കണ്ട് കുമാരനാശാൻ ഇങ്ങനെ പാടി-

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വമ്പിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.

ഒരു കൊച്ചുകുട്ടിക്ക്, കയ്യെത്തിപിടിക്കാവുന്ന ഒരു വെള്ളിക്കിണ്ണമാണ് ചന്ദ്രൻ. പുരാതന സംസ്കാരങ്ങളെല്ലാം ചന്ദ്രനെ ഒരു ദേവതയായി ആരാധിച്ചുപോന്നു. പാശ്ചാത്യർക്കതൊരു സ്ത്രീയായിരുന്നപ്പോൾ ഇന്ത്യക്കാര്‍ക്കതൊരു പുരുഷനായിരുന്നു. കൃസ്തുവിനും അഞ്ചു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന യവന ദാർശനികൻ അനക്സഗോറസ് ചന്ദ്രന് സ്വയം പ്രകാശമില്ല എന്നും സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ഒരു ശിലാഗോളമാണതെന്നും സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ ചന്ദ്രന്റെ ദിവ്യത്വത്തെ നിഷേധിക്കാൻ ശ്രമിച്ചതിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു.

ഗലീലിയോ ഗലീലി

ചന്ദ്രൻ ഒരു ഗോളവസ്തുവാണെന്ന ധാരണ പതിനാറാം നൂറ്റാണ്ടോടെ വീണ്ടും ശക്തിപ്പെട്ടു. അപ്പോഴും അത് മിനുസമാര്‍ന്ന, അതിമനോഹരമായ ഒരു ഗോളവസ്തുവായാണ് കരുതപ്പെട്ടത്. ടെലസ്കോപ്പിന്റെ കണ്ടുപിടുത്തമാണ് കാര്യങ്ങളെ മാറ്റിമറിച്ചത്. ഗലീലിയോ ഗലീലി 1609ൽ തന്റെ ടെലിസ്കോപ്പ് ചന്ദ്രനിലേയ്ക്ക് തിരിച്ചുവച്ച് നോക്കിയപ്പോൾ അവിടെ കണ്ടത് കുന്നുകളും കുഴികളും നിറ‍ഞ്ഞ ഒരു പ്രതലമാണ്. കല്ലും മണ്ണും നിറഞ്ഞ, മലകളും ഗര്‍ത്തങ്ങളുമുള്ള ഭൗമസമാനമായ ഒരു വസ്തുവാണ് ചന്ദ്രനെന്ന യാഥാര്‍ത്ഥ്യം മെല്ലെയാണെങ്കിലും ഏവരും അംഗീകരിച്ചു. 17-ആം നൂറ്റാണ്ടിൽ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാൾഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. ചന്ദ്രനിലെ മലകൾക്കും ഗര്‍ത്തങ്ങൾക്കും അന്നു നൽകിയ പല പേരുകളും ഇന്നുമുപയോഗിക്കുന്നു.

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ മരിയ എന്നും തിളങ്ങുന്ന ഭാഗത്തെ ടെറ എന്നും വിളിക്കുന്നു.

ചന്ദ്രനെപറ്റിയുള്ള അറിവിന്റെ ചക്രവാളം അങ്ങനെ മെല്ലെ മെല്ലെ വികസിച്ചുവന്നു. ചന്ദ്രനിൽ കാണാൻ കഴിയുന്ന ഇരുണ്ടഭാഗങ്ങളെ ‘കടൽ’ എന്നർത്ഥം വരുന്ന മരിയ എന്നു വിളിച്ചു, പ്രാകാശം നിറഞ്ഞ ഭാഗങ്ങളെ ടെറ (ഭൂഖണ്ഡം) എന്നും. ചന്ദ്രനിൽ മരങ്ങളും മനുഷ്യരുമടക്കമുള്ള ജീവജാലം വസിക്കുന്നുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ ക്രോയേഷ്യൻ അസ്ട്രോണമറായിരുന്ന റോജർ ബോഷ്കോവിച്ച് ചന്ദ്രനിൽ അന്തരീക്ഷമില്ലെന്ന് സമർത്ഥിച്ചു. 1837ൽ വിൽഹെം ബിയർ, ജൊഹാൻ മാഡ്ലർ എന്നിവർ ചന്ദ്രനിൽ സമുദ്രമോ, ജലമോ കാര്യമായ അന്തരീക്ഷമോ ഇല്ല എന്ന് സ്ഥാപിച്ചു.

ചന്ദ്രന്റെ ഒരു വശം മാത്രമാണ് നാം എപ്പോഴും കാണുന്നത്. അതിന്റെ മറുവശത്തെപ്പറ്റി ഒന്നും തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ നമുക്ക് അറിവുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനും അമേരിക്കൻ ഐക്യനാടുകളും 1950-60 കാലത്തു നടത്തിയ പര്യവേഷണങ്ങളാണ് ചന്ദ്രന്റെ മറുവശത്തെപ്പറ്റിയുള്ള അറിവുൾ നമുക്ക് സമ്മാനിച്ചത്. സോവിയറ്റ് യൂണിയന്റെ ചാന്ദ്ര പര്യവേഷണ പേടകമായ ലൂണ 3, യു.എസിന്റെ ലൂണാർ ഓര്‍ബിറ്റർ പദ്ധതികൾ എന്നിവ ഇതിൽ പ്രധാന പങ്കുവഹിച്ചു. ഇവയിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ചന്ദ്രന്റെ വിദൂരവശത്തിന്റെ മാപ്പും തയ്യാറാക്കി.

ചാന്ദ്രയാത്ര എന്ന സ്വപ്നം

ലോകത്തിലെ രണ്ടു സൂപ്പർ ശക്തികളായിരുന്ന സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ ശാസ്ത്രസാങ്കേതികരംഗങ്ങളിൽ കടുത്ത മത്സരം നടന്നുവന്ന കാലമായിരുന്നു അത്. സ്വാഭാവികമായും ഈ മത്സരം ബഹിരാകാശത്തെയും ചന്ദ്രനെയും പറ്റിയുള്ള അറിവിന്റെ മേഖലകളിലേയ്ക്കും കടന്നുചെന്നു. തത്ഫലമായി ചാന്ദ്രഗവേഷണരംഗത്ത് ഒട്ടേറെ പുതിയ നേട്ടങ്ങളുണ്ടായി.

യൂറി ഗഗാറിൻ

ബഹിരാകാശത്തെ കൈപ്പിടിയിലാക്കാനുള്ള മത്സരത്തിൽ പക്ഷേ സോവിയറ്റ് യൂണിയൻ എപ്പോഴും ഒരുപടി മുന്നിൽ നിന്നു. 1957 ഒക്ടോബർ 4ന് സോവിയറ്റ് യൂണിയൻ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക്‍ 1 വിക്ഷേപിച്ചു. 1959-ൽ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ചാന്ദ്രപേടകമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. അങ്ങനെ മനുഷ്യനിർമ്മിതമായ ഒരു വസ്തു ആദ്യമായി പ്രപഞ്ചത്തിലെ മറ്റൊരു ഗോളത്തെ സ്പർശിച്ചു. 1961 ഏപ്രിൽ 12 ന് സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാരിൻ ബഹിരാകാശത്തെത്തുന്ന ആദ്യത്തെ വ്യക്തിയായും ഭൂമിയെ പരിക്രമണം ചെയ്യുന്ന ആദ്യ മനുഷ്യനായും മാറി.

ശാസ്ത്രസാങ്കേതികരംഗത്ത് മറ്റാ‍ർക്കും കഴിയാത്ത ഒന്ന് ചെയ്തു കാണിക്കേണ്ടത് അമേരിക്കയുടെ അനിവാര്യതയായി മാറി. അങ്ങനെ അവര്‍ മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കാൻ തീരുമാനിച്ചു. നാസ എന്ന അമേരിക്കൻ ബഹിരാകാശ പര്യവേഷണ സ്ഥാപനം രൂപീകരിക്കപ്പെട്ടു. 1961 മെയ് 21ന് പ്രസിഡന്റ് കെന്നടി, ആ പതിറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കി സുരക്ഷിതനായി തിരികെ ഭൂമിയിലെത്തിക്കും എന്ന് അമേരിക്കൻ കേൺഗ്രസ്സിൽ പ്രഖ്യാപിച്ചു.

അപ്പോളൊ പദ്ധതി

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി അമേരിക്ക രൂപം നൽകിയ പദ്ധതിയാണ് അപ്പോളൊ. ഭീമാകാരമായ സാറ്റൺ എന്ന റോക്കറ്റും അപ്പോളൊ എന്ന ബഹിരാകാശ പേടകവും ഉൾപ്പെടുന്നതാണ് ഇത്. അമേരിക്കയുടെ തന്നെ മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതികളായ മെർക്കുറി, ജെമിനി എന്നിവയുടെ തുടർച്ചയായാണ് അപ്പോളോ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്.

ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു. ചന്ദ്രനാകട്ടെ, സ്വയം ഭ്രമണത്തോടൊപ്പം ഭൂമിയെ പരിക്രമണവും ചെയ്യുന്നു. ഭുമി ചന്ദ്രനെയും ചന്ദ്രൻ ഭൂമിയെയും ആകര്‍ഷിക്കുന്നുണ്ട്. ചന്ദ്രനിലെത്താനായി നാം വിക്ഷേപിക്കുന്ന വാഹനം ഭൂമിയുടെ ഗുരുത്വാകർഷണത്തെ ഭേദിക്കണം. ചന്ദ്രനെ ലക്ഷ്യമാക്കി നാം വിക്ഷേപിക്കുന്ന യാനം അവിടെ എത്തുമ്പോഴേക്കും ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചിരിച്ച് മറ്റൊരു സ്ഥാനത്ത് എത്തിയിട്ടുണ്ടാകാം. അതൊക്കെ തരണം ചെയ്ത് നമ്മളുടെ യാനം ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിൽ പ്രവേശിച്ചാൽതന്നെ അത് ചന്ദ്രന്റെ ആകര്‍ഷണത്തിൽ പെട്ട് അതിവേഗത്തിൽ താഴേക്ക് പതിച്ച് തകർന്നുപോകാം. ഈ വസ്തുതകളൊക്കെ പരിഗണിച്ചാണ് ചനന്ദ്രനെ ലക്ഷ്യമാക്കി പറക്കുന്നതിനായി അപ്പോളൊ എന്ന യാനം തയ്യാറാക്കപ്പെട്ടത്.

അപ്പോളോ വാഹനത്തിന്റെ ഘടന

അപ്പോളൊ വാഹനത്തിന് 3 ഭാഗങ്ങളാണുള്ളത്.

1. മാതൃപേടകം (Command Module)

മുന്ന് യാത്രികര്‍ക്ക് സഞ്ചരിക്കാൻ സാധിക്കുന്നതാണ് മാതൃപേടകം. യാത്രികര്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലർത്തുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഇതിലുണ്ട്.

2. സേവന പേടകം (Service Module)

യാത്രയ്ക്കാവശ്യമായ ഇന്ധനവും, ഓക്സിജൻ, മറ്റുപകരണങ്ങൾ, യാത്രികര്‍ക്കാവശ്യമായ സാധനങ്ങൾ, വെള്ളം എന്നിവയൊക്കെ കൊണ്ടുപോകുന്നതിനുള്ളതാണ് സേവനപേടകം.

3. ചാന്ദ്രപേടകം (Lunar Module)

ചന്ദ്രനിൽ ഇറങ്ങാനും അവിടെനിന്നും തിരികെ മാതൃപേടകത്തിൽ എത്താനും ഉപയോഗിക്കുന്നതാണ് ചാന്ദ്രപേടകം. ഇതിന് അവരോഹണ (descent stage) ഭാഗം ആരോഹണ ഭാഗം (ascent stage) എന്നിങ്ങനെ രണ്ടു തട്ടുകളുണ്ട്.

അപ്പോളൊയുടെ പ്രവർത്തനം

അപ്പോളൊയുടെ പ്രവർത്തന ഘട്ടത്തെ പ്രധാനമായും 10 ഭാഗങ്ങളായി തിരിക്കാം.

1. വിക്ഷേപണം

ചന്ദ്രനിലേക്കുള്ള കുതിപ്പിനു മുമ്പായി വാഹനത്തെ ഭൂമിക്കു മുകളിൽ ഏകദേശം 190 കി.മീ. ഉയരത്തിലുള്ള ഒരു പാര്‍ക്കിംഗ് ഓർബിറ്റിലേക്ക് എത്തിക്കുന്നു. സാറ്റേൺ V റോക്കറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ V ചേർന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം, ഭാരം 3,100 ടണ്ണും. മൂന്നു ഘട്ടങ്ങളായി സാറ്റേൺ റോക്കറ്റ് കത്തിച്ചാണ് പാര്‍ക്കിംഗ് ഓർബിറ്റിൽ അപ്പോളോയെ എത്തിക്കുന്നത്. പാർക്കിംഗ് ഓർബിറ്റിൽ എത്താനായി കുറച്ചുമാത്രം ഇന്ധനമാണ് മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുക. അപ്പോഴേക്കും വാഹനം ഒരു കൃത്രിമ ഉപഗ്രഹം എന്നപോലെ ഭുമിയെ ചുറ്റാനാരംഭിക്കും. ഓരോ ഘട്ടത്തിലും റോക്കറ്റിന്റെ ഉപയോഗിച്ചു തീര്‍ന്ന ഭാഗം വേര്‍പെടുത്തും.

2. ട്രാൻസ് ലൂണാർ ഇൻജക്ഷൻ

പാര്‍ക്കിംഗ് ഓർബിറ്റിൽ ഒന്നു രണ്ടു പരിക്രമണങ്ങള്‍ നടത്തി, വാഹനത്തിന്റെ കൃത്യത ഉറപ്പു വരുത്തിയശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടം വീണ്ടും കത്തിച്ച് വാഹനം ചന്ദ്രനിലേയ്ക്ക് കുതിക്കുന്നു.

3. സ്ഥാനമാറ്റവും വിച്ഛേദനവും

അപ്പോളോ വാഹനത്തെ സാറ്റേൺ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുള്ള ചേർപ്പുകൾ‍ വേര്‍പെടുന്നു. മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട ഭാഗം റോക്കറ്റിൽ നിന്നും വേ‍ർപെടുകയും ചാന്ദ്രപേടകം റോക്കറ്റിനുപുറത്ത് കാണാവുന്നനിലയിൽ ആവുകയും ചെയ്യുന്നു. മാതൃപേടകത്തിന്റെ പൈലറ്റ് മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട ഭാഗത്തെ റോക്കറ്റിൽ നിന്നും സുരക്ഷിതമായ ഒരു ദൂരത്ത് എത്തിച്ച് 180 ഡിഗ്രി തിരിച്ച് വിപരീത ദിശയിലാക്കുന്നു.

4. വേർപെടുത്തൽ

പൈലറ്റ് മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട ഭാഗത്തെ തിരികെ റോക്കറ്റിനോട് അടുപ്പിച്ച്, റോക്കറ്റിലുള്ള ചാന്ദ്രപേടകവുമായി അതിനെ ബന്ധിപ്പിക്കുന്നു. ശേഷം ഈ സംയുക്ത സംവിധാനത്തെ റോക്കറ്റിൽ നിന്നും അകറ്റി ചന്ദ്രനിലേയ്ക്കുള്ള യാത്ര തുടരുന്നു. റോക്കറ്റ് സൂര്യനെ ഭ്രമണം ചെയ്യത്തക്കവിധം മറ്റൊരു ദിശയിൽ പ്രയാണം നടത്തുന്നു.

5. ചാന്ദ്രഭ്രമണപഥ പ്രവേശം

ചന്ദ്രന്റെ ഏകദേശം 110 കി.മീ. അടുത്തെത്തുമ്പോൾ സേവനപേടകത്തിലെ എ‍ഞ്ചിൻ കത്തിച്ച് വാഹനത്തിന്റെ വേഗത കുറയ്ക്കുന്നു. ചന്ദ്രന്റെ ഗുരുത്വബലം വാഹനത്തെ പിടിച്ചെടുക്കുന്നു. അങ്ങനെ അത് ദീര്‍ഘവൃത്താകാരമായ ഒരു ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റാനാരംഭിക്കുന്നു. തുടര്‍ന്ന് വീണ്ടും വേഗത കുറച്ച് 110 കി.മീ. അളവുള്ള വൃത്താകാര പാതയിൽ ചന്ദ്രനെ വലംവയ്ക്കുന്നു.

6. ചാന്ദ്ര അവരോഹണം

കമാണ്ടറും ചാന്ദ്രപേടകത്തിന്റെ പൈലറ്റും ചാന്ദ്രപേടകത്തിലേക്ക് മാറുന്നു. ചാന്ദ്രപേടകം മാതൃപേടകത്തിൽ നിന്നും വേര്‍പെട്ട്, അതിലെ റോക്കറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രനിലേയ്ക്ക് താഴുന്നിറങ്ങുന്നു. മാതൃപേടകം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. മാതൃപേടകത്തിന്റെ പൈലറ്റ് അതിനെ നിയന്ത്രിച്ചുകൊണ്ട് അതിനുള്ളിൽ തന്നെ കഴിയും.

7. പേടകത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങൾ

കമാണ്ടറും പൈലറ്റും ചാന്ദ്രപേടകത്തിനു പുറത്തിറങ്ങി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രവര്‍നങ്ങളും സാമ്പിൾ ശേഖരണവും മറ്റും നടത്തുന്നു.

8. ആരോഹണ ഘട്ടം

കമാണ്ടറും പൈലറ്റും തിരികെ ചാന്ദ്രപേടകത്തിൽ കയറി, പേടകത്തിന്റെ തന്നെ അവരോഹണഭാഗത്തെ ഒരു വിക്ഷേപണത്തറയായി ഉപയോഗിച്ച്, ആരോഹണ ഭാഗം മാത്രം മുകളിലേക്കു പറത്തി മാതൃപേടകത്തിലേക്ക് മടങ്ങുന്നു. മുകളിൽ ഭ്രമണം ചെയ്തുകൊണ്ടിരുന്ന മാതൃപേടകവുമായി ഈ ഭാഗം സന്ധിക്കുകയും ചാന്ദ്രപേടകത്തിലെ സഞ്ചാരികൾ മാതൃപേടകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

9. മടക്കയാത്ര

ചാന്ദ്രപേടകത്തെ ചാന്ദ്രഭ്രമണപഥത്തിൽ ഉപേക്ഷിച്ച് മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട വാഹനം ഭൂമിയിലേക്ക് തിരിക്കുന്നു.

10. ഭൗമപ്രവേശം

ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സേവനപേടകത്തെ ഉപേക്ഷിക്കുന്നു. അന്തരീക്ഷഘര്‍ഷണം പേടകത്തിന്റെ വേഗത കുറയ്ക്കുന്നു. പേടകത്തിനു ചുറ്റും രൂപപ്പെടുന്ന ചാര്‍ജ്ജിത വായുവിന്റെ കവചം മൂലം പേടകത്തിൽ നിന്നുള്ള വാർത്താവിനിമയ സംവിധാനം ഈ സമയം തടസ്സപ്പെടും. പാരച്യൂട്ടുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയും പേടകം പസഫിക്‍ സമുദ്രത്തിൽ ഇറങ്ങുകയും ചെയ്യുന്നു.

മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതിനു മുമ്പുള്ള അപ്പോളോ യാത്രകൾ

പതിനൊന്നാമത് അപ്പോളോ യാത്രിയലാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്. അതിനു മുമ്പുള്ള യാത്രകള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. 1967 ജനുവരി 27-നു ആദ്യമായി പ്രയാണസജ്ജമായ ഒന്നാമത്തെ അപ്പോളോ യാത്ര വൻ ദുരന്തമായി മാറി. വെർജിൽ ഗ്രിസ്സം (Virgil Grissom), എഡ്വേർഡ് വൈറ്റ് (Edward White), റോജർ ചാഫി (Roger Chaffee) എന്നിവർ കയറിയ അപ്പോളോ വാഹനം പറക്കലിനു മുമ്പായുള്ള പരീക്ഷണത്തിനിടയിൽതന്നെ തീ പിടിക്കുകയും യാത്രികർ മരണപ്പെടുകയും ചെയ്തു.

ശാസ്ത്രത്തിനുവേണ്ടി ജീവത്യാഗം ചെയ്തവർ: വെർജിൽ ഗ്രിസ്സം (Virgil Grissom), എഡ്വേർഡ് വൈറ്റ് (Edward White), റോജർ ചാഫി (Roger Chaffee) എന്നിവർ ആദ്യ അപ്പോളോ യാത്രയ്ക്കു മുമ്പ്.

അപ്പോളോ 1-നുശേഷം അപ്പോളൊ-6 വരെ നടന്ന യാത്രകൾ മനുഷ്യരില്ലാതെയായിരുന്നു. സാറ്റേൺ വിക്ഷേപിണി, മാതൃപേടകം എന്നിവ പരീക്ഷിക്കുക, ബഹിരാകാശത്തുവച്ചു നടക്കുന്ന ചാന്ദ്രപേടകത്തിന്റെ ആരോഹണ-അവരോഹണങ്ങൾ പരീക്ഷിക്കുക, അപ്പോളോ വാഹനത്തിന്റെ പ്രവര്‍ത്തനം പരീക്ഷിച്ച് ഉറപ്പുവരുത്തുക എന്നിവയായിരുന്നു ഈ പറക്കലുകളുടെ ലക്ഷ്യങ്ങള്‍.

അപ്പോളൊ-7 മുതലുള്ള എല്ലാ യാത്രകളും മനഷ്യരെ വഹിച്ചുകൊണ്ടുള്ളതായിരുന്നു. 1968 ഒക്ടോബർ 11നാണ് പറന്നുയര്‍ന്ന അപ്പോളോ-7 പറന്നുയര്‍ന്നത്. മൂന്ന് മനുഷ്യരുമായി ഏഴു ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് അത് തിരികെയെത്തി. വാഹനവും അതിലെ യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. 1968 ഡിസബർ 21-ന് യാത്രതിരിച്ച അപ്പോളോ-8 ചന്ദ്രനടുത്ത് 112 കി.മീ. ദൂരത്തിൽ എത്തി വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങളെടുത്തു ഭൂമിയിലേക്കയച്ചു. യാത്രികർ ചന്ദ്രനെ 10 പ്രാവശ്യം പ്രദക്ഷിണം വച്ചശേഷം ഡിസബർ 27-ന് തിരിച്ചെത്തി. അപ്പോളോ 8-ന്റെ വിജയം മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാകുമെന്ന പ്രതീക്ഷക്ക് ബലമേകി. ചന്ദ്രനിൽ ഇറക്കാനുള്ള പേടകം ഭൂമിയുടെ ആകർഷണ മണ്ഡലത്തിൽലും ചന്ദ്രന്റെ ആകർഷണ മണ്ഡലത്തിലും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് 1969 മാർച്ച് 3-ന് പുറപ്പെട്ട അപ്പോളോ-9‍പരീക്ഷിച്ച് ഉറപ്പുവരുത്തി. ചാന്ദ്രപേടകവും മാതൃപേടകവുമായുള്ള വേര്‍പിരിയലും കൂടിച്ചേരലും ഉറപ്പുവരുത്തുകയായിരുന്നു അപ്പോളോ 10ന്റെ ലക്ഷ്യം. 1969 മേയ് 18-ന് പുറപ്പെട്ട അപ്പോളോ 10 ചന്ദ്രന് 10കി.മീ. അടുത്തുവരെ എത്തി സുരക്ഷിതമായി മടങ്ങിയെത്തി.

അപ്പോളോ 11 – മനുഷ്യന്റെ ആദ്യ ചന്ദ്രസന്ദർശനം

നീൽ എ. ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളൊ 11ലെ സഞ്ചാരികൾ. മാതൃപേടകവും സേവന പേടകവും ഉൾപ്പെട്ട ബഹിരാകാശയാനത്തിന് കൊളംബിയ എന്നായിരുന്നു പേര്; ചാന്ദ്രപേടകത്തിന്റെ പേര് ഈഗിൾ എന്നും. സാറ്റേൺ V റോക്കറ്റാണ് ഇവയെ വഹിച്ചുകൊണ്ട് ഉയര്‍ന്നത്.

ബഹിരാകാശത്തേക്ക്

1969 ജൂലൈ 16-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നും ഇന്ത്യൻ സമയം വൈകിട്ട് 07:02ന് അപ്പോളോ-11 യാത്ര തിരിച്ചു. ഒന്നാം ഘട്ടം രണ്ടര മിനിറ്റു കൊണ്ട് കത്തിയെരിഞ്ഞു. അപ്പോളാ 11 കിഴക്കൻ ആഫ്രിക്കയുടെ മീതെ 64 കി.മീ. ഉയരത്തിൽ എത്തിയപ്പോൾ റോക്കറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തിപ്പിച്ചു. അതോടെ ആദ്യറോക്കറ്റ് വേർപെട്ട് സമുദ്രത്തിൽ വീണു. അതിന്റെ 12 മിനിറ്റ് പറക്കലിൽ അപ്പോളോ 185.9 കി.മീ. ഉയരത്തിലെത്തി ഏതാണ്ട് വൃത്താകാരമായ പാതയിൽ, ഒരു കൃത്രിമ ഉപഗ്രഹമെന്നപോലെ ഭൂമിയെ വലംവയ്ക്കാനാരംഭിച്ചു. ഒന്നരവട്ടം ഭൂമിയെ വലംവച്ചശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടം എരിച്ച് ഗതിവേഗം കൂട്ടുകയും ഭൂമിയുടെ ആകർഷണ വലയത്തിൽനിന്നു മോചനം നേടി ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. 30 മിനിറ്റ് പറക്കലിനു ശേഷം സാറ്റേണിന്റെ ശേഷിച്ച ഭാഗത്തുനിന്നും കൊളംബിയയെ വേര്‍പെടുത്തി, തലതിരിച്ച് ഈഗിളുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് സംയുക്ത പേടകത്തെ റോക്കറ്റിൽ നിന്നും പൂര്‍ണ്ണമായും വേര്‍പെടുത്തി അതിലേറി സഞ്ചാരികൾ ചന്ദ്രനിലേക്ക് കുതിച്ചുപാഞ്ഞു.

ചന്ദ്രനിലേയ്ക്ക്

അപ്പോളോ 11ലെ യാത്രികർ: നീൽ എ. ആംസ്ട്രോങ്, മൈക്കൽ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ

മൂന്നുദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് അപ്പോളോ 11 ചന്ദ്രന്റെ ആകർഷണ മണ്ഡലത്തിലെത്തി, സേവനപേടകത്തിലെ എഞ്ചിനുകള്‍ പ്രവർത്തിപ്പിച്ച്, ചന്ദ്രന്റെ ചുറ്റുമായുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. പതിമൂന്നു തവണ കൊളംബിയ ചന്ദ്രനെ വലംവച്ചു. ഇതിനിടയിൽ സഞ്ചാരികൾ തങ്ങള്‍ക്കിറങ്ങേണ്ട, പ്രശാന്തിയുടെ സമുദ്രം (Sea of Tranquility) എന്നു പേരിട്ട സ്ഥലം പലതവണം കണ്ട് ബോധ്യപ്പെട്ടു. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 06:22-ന് ആംസ്ട്രോങ്ങും ആൽഡ്രിനും ഈഗിളിലേക്ക് പ്രവേശിച്ച് തയ്യാറെടുപ്പുകൾ നടത്തി. രാത്രി 11:14ന് ഈഗിൾ കൊളംബിയയിൽ നിന്നും വേർപെട്ട് ചന്ദ്രനിലേക്ക് ഇറങ്ങാനാരംഭിച്ചു. ഈ സമയം മൈക്കിൾ കോളിൻസ് കൊളംബിയയെ ചന്ദ്രനു ചുറ്റുമായി പറത്തിക്കൊണ്ടിരുന്നു. അടുത്ത ദിവസം അതായത് ജൂലൈ 21 ഇന്ത്യൻ സമയം പുലര്‍ച്ചെ 01:17ന് ഈഗിൾ പ്രശാന്തിയുടെ സമുദ്രത്തിൽ ഇറങ്ങി. മുൻ നിശ്ചയപ്രകാരം സഞ്ചാരികൾക്ക് 5 മണിക്കൂര്‍ ഉറക്കം അനുവദിച്ചിരുന്നു. എന്നാൽ‍ ഉറങ്ങാൻ കൂട്ടാക്കാതെ അവർ നേരെ ചാന്ദ്രഇറക്കത്തിനും തിരിച്ചുവരവിനുമായുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. കിടന്നാലും ഉറങ്ങാൻ കഴിയുമായിരുന്നില്ല എന്നാണവർ പറഞ്ഞത്.

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നു

6 മണിക്കൂർ 39 മിനിറ്റിനുശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവസ്ത്രങ്ങളും ധരിച്ച്, ജൂലൈ 21, ഇന്ത്യൻ സമയം രാവിലെ 08:21-നു ആംസ്ട്രോങ്ങ് ഈഗിളിൽ നിന്നും താഴേക്കുള്ള കോണിയിറങ്ങാനാരംഭിച്ചു. ഇറക്കത്തിനിടയിൽ അദ്ദേഹം ഈഗിളിൽ ഘടിപ്പിച്ചിരുന്ന ടി.വി. ക്യാമറ ഓണാക്കി, അങ്ങനെ മനുഷ്യന്റെ പാദമുദ്ര ചന്ദ്രനിൽ പതിയുന്ന രംഗം ലോകത്തുള്ള ദശലക്ഷക്കണക്കനാളുകൾക്ക് വീക്ഷിക്കാനായി. 08:26 ന് ആംസ്ട്രോങ്ങ് തന്റെ പാദങ്ങൾകൊണ്ട് ചന്ദ്രനെ തൊട്ടു.

"ഒരു മനുഷ്യന്റെ ചെറിയ ഒരു കാൽവയ്പ്പ്, പക്ഷേ മനുഷ്യരാശിയുടെ വലിയ ഒരു കുതിച്ചുചാട്ടം.” - അദ്ദേഹം ലോകത്തോടായി പറഞ്ഞു.

ഏതാനും സമയം ചന്ദ്രോപരിതലത്തിൽ നടന്നശേഷം ആംസ്ട്രോങ് ചന്ദ്രനിലെ കുറച്ച് മണ്ണ് ശേഖരിച്ച് തന്റെ കുപ്പായത്തിന്റെ അറയിൽ സൂക്ഷിച്ചു, പിന്നീട് തിരികെ വന്ന് ഏണിവഴി ഇറങ്ങാൻ ആൽഡ്രിനെ സഹായിച്ചു. ഈ സമയം ആൽഡ്രിൻ ഫോട്ടോകളെടുത്തു ഭൂമിയിലേക്ക് അയയ്ക്കുകയായിരുന്നു. രണ്ടുപേരും ചന്ദ്രനിലിറങ്ങിയ ശേഷം അവർ ചന്ദ്രോപരിതലത്തില്‍ ഒരു വീഡിയോ ക്യാമറ സ്ഥാപിച്ചു, മറ്റൊന്ന് കയ്യിലുമുണ്ടായിരുന്നു. അവരിരുവരും ചേർന്ന് പേടകത്തിന്റെ കാലിൽ സ്ഥാപിച്ചിരുന്ന, അവരുടെ സന്ദർശനത്തിന്റെ സന്ദേശം വഹിക്കുന്ന ലോഹത്തികിട് അനാച്ഛാദനം ചെയ്തു. തുടർന്ന് യു.എസ്സിന്റെ പതാക ചന്ദ്രനിൽ നാട്ടി. അമേരിക്കൻ പ്രസിഡന്റ് റിച്ചാഡ് നിക്സൻ അവരുമായി റേഡിയോ വഴി സംസാരിച്ചു. ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ നിന്ന് മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിക്കുകയും ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന മൂന്ന് ഉപകരണങ്ങൾ – solar wind composition detector, seismic detector, laser reflector എന്നിവ ചന്ദ്രോപരിതലത്തിൽ സജ്ജമാക്കുകയും ചെയ്തു.

ചന്ദ്രനിൽനിന്നും മടക്കം

രണ്ടര മണിക്കൂർ മാത്രമാണ് അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചത്. ശേഷം, ശേഖരിച്ച വസ്തുക്കളുമായി അവർ പേടകത്തിൽ തിരികെ പ്രവേശിച്ചു. പേടകത്തിൽ ഏഴുമണിക്കൂര്‍ വിശ്രമിച്ച ശേഷം തിരികെയുള്ള യാത്രയ്ക്കായി അവർ തയ്യാറെടുപ്പു തുടങ്ങി. വീണ്ടും രണ്ടര മണിക്കൂറിനു ശേഷം കൊളംബിയ മുകളിൽ പ്രത്യേക്ഷപ്പെട്ടപ്പോൾ (ഇന്ത്യൻ സമയം രാത്രി 11:24ന്) അവർ ഈഗിളിന്റെ അവരോഹണ ഭാഗത്തെ ഒരു വിക്ഷേപണത്തറയായി ഉപയോഗിച്ച്, ആരോഹണഭാഗം മാത്രം മുകളിലേക്കുയര്‍ത്തി, മുകളിൽ ഭ്രമണം ചെയ്യുന്ന കൊളംബിയയെ ലക്ഷ്യമാക്കി മടക്കയാത്ര ആരംഭിച്ചു. പേടകത്തിലും പുറത്തുമായി 21 മണിക്കൂറിലധികമാണ് അവർ ചന്ദ്രനിൽ ചെലവഴിച്ചത്. നാല് മണിക്കൂറിനുശേഷം ഈഗിൾ കൊളംബിയയുമായി സന്ധിച്ചു. ആംസ്ട്രോങ്ങും ആൽഡ്രിനും കൊളംബിയയിൽ പ്രവേശിച്ച ശേഷം ഈഗിളിനെ ചാന്ദ്രഭ്രമണപഥത്തിൽ ഉപേക്ഷിച്ച് മാതൃപേടകത്തിൽ അവര്‍ മൂവരും ഭൂമിയിലേക്കു തിരിച്ചു. ഈഗിൾ ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്നുണ്ടാകാം എന്നാണ് കണക്കുകൂട്ടുന്നത്.

ഭൗമാന്തരീക്ഷത്തിൽ കടക്കുന്നതിനു മുമ്പായി സേവന പേടകത്തെ വഴിയിലുപേക്ഷിച്ചു. ജൂലായ് 24 ഇന്ത്യൻ സമയം 10:14ന് അവര്‍ സഞ്ചരിച്ച മാതൃപേടകം പസഫിക്‍ സമുദ്രത്തിൽ വന്നിറങ്ങി. ഹെലികോപ്റ്റർ അവരെ ഹോർണറ്റ് എന്ന കപ്പലിൽ എത്തിച്ചു. അവരോടൊപ്പം ചന്ദ്രനിൽനിന്നുള്ള അജ്ഞാത വികിരണങ്ങളോ രോഗാണുക്കളോ എത്തിയിട്ടുണ്ടെങ്കിൽ അവ മനുഷ്യരാശിയെ അപകടത്തിലാക്കാതിരിക്കുന്നതിനുള്ള മുൻകരുതലായി 18 ദിവസം സഞ്ചാരികളെ തനിച്ചു പാര്‍പ്പിച്ചു. അങ്ങനെ മനുഷ്യൻ ആദ്യമായി സുരക്ഷിതനായി ചന്ദ്രനിൽ ഇറങ്ങുകയും തിരികെ ഭൂമിയിലെത്തുകയും ചെയ്തു.

അപ്പോളോ പദ്ധതി – ഒരു അവലോകനം

അപ്പോളോ 11 മുതൽ 17 വരെ മനുഷ്യരുമായി ചന്ദ്രനിലേക്ക് ഏഴ് അപ്പോളോ വാഹനങ്ങൾ പറന്നു. എന്നാൽ അപ്പോളോ 13ലെ യാത്രികര്‍ക്ക് സാങ്കേതിക തകരാർ മൂലം ചന്ദ്രനിൽ ഇറങ്ങാനായില്ല. അങ്ങനെ 6 ദൗത്യങ്ങളിലായി 12 യാത്രികർ ചന്ദ്രനിലിറങ്ങി. അപ്പോളോ-17ൽ സഞ്ചരിച്ച് 1972 ഡിസംബറിൽ ചന്ദ്രനിൽ കാലുകുത്തിയ യൂജിൻ സെർനാൻ ആണ് ചന്ദ്രനിൽ ഏറ്റവും അവസാനം ഇറങ്ങിയത്‌. ഇവരെല്ലാം ചേര്‍ന്ന് 382കി.ഗ്രാം ചാന്ദ്രവസ്തുക്കൾ ഭൂമിയിലെത്തിച്ചു. അപ്പോളോ പദ്ധതി അനവധി ശാസ്ത്രസാങ്കേതിക പഠനങ്ങൾക്ക് വഴിതെളിച്ചു. ഇലക്ട്രോണിക്സ് മേഖലയിൽ Integrated circuit-കളെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പ്രേരകമായത് അപ്പോളോ പേടകങ്ങൾ പ്രവർത്തിപ്പിക്കാനുപയോഗിച്ച കംപ്യൂട്ടർ മാതൃകകളാണ്. അപ്പോളോയുടെ ഘടക ഭാഗങ്ങളുടെ നിർമ്മാണത്തിനായാണ് കംപ്യൂട്ടർ നിയന്ത്രിത യന്ത്രവത്ക്കരണം ആദ്യമായി ഉപയോഗപ്പെടുത്തിയത്. ഭൂമിയുടെ ഉദ്ഭവത്തെയും പ്രപഞ്ച രഹസ്യങ്ങളെയുംപറ്റി അമൂല്യമായ അറിവുകൾ ചാന്ദ്രപര്യവേഷണങ്ങൾ ലഭ്യമാക്കി.

ഭൂമിയിൽ ലഭ്യമായ മൂലകങ്ങളുടെ സ്രോതസ്സ് ക്ഷയിക്കുന്നതോടെ ചന്ദ്രനിൽനിന്നും അമൂല്യലോഹങ്ങൾ ഖനനംചെയ്തു കൊണ്ടുവരാൻ സാധിക്കുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഒരു കൃത്രിമ ആവാസകേന്ദ്രം സൃഷ്ടിച്ച് ചന്ദ്രനിൽ മനുഷ്യാധിവാസത്തിന് സൗകര്യം ഉണ്ടാക്കാനാകുമെന്നും അവർ കരുതുന്നു. ചന്ദ്രനെ ഒരു ബഹിരാകാശത്താവളമായി ഉപയോഗിച്ച് മനുഷ്യന് ഒരുകാലത്ത് വിദൂര നക്ഷത്രലോകങ്ങളിലേക്കു യാത്രചെയ്യാനും പ്രപഞ്ചത്തിൽ വേറെ എവിടെയെങ്കിലും ജീവൻ ഉണ്ടോയെന്നു കണ്ടുപിടിക്കാനും കഴിഞ്ഞേക്കാം.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്ത് മനുഷ്യന്റെ സമര്‍പ്പിത അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്നു എല്ലാ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും. മൂന്നര ലക്ഷത്തിലധികം മനുഷ്യരാണ് അപ്പോളോ യാത്രകൾക്കായി കഠിനാദ്ധ്വാനം ചെയ്തത്. 20 ലക്ഷത്തിലധികം സൂക്ഷ്മഭാഗങ്ങളാണ് അപ്പോളോയുടെ മാതൃപേടകത്തിൽ മാത്രം ഉണ്ടായിരുന്നത്. മനുഷ്യരാശിയുടെ പുരോഗതിയിൽ ഈ ദൗത്യങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഓരോ ചാന്ദ്ര ദൗത്യവും എന്നും മാനവരാശിക്ക് അഭിമാനിക്കാനുള്ളതാണ്.

വീഡിയോ കാണാം

മാതൃകയായ
ലേഖനം,ശാസ്ത്രം,സാമൂഹ്യം

വാക്സിനെടുത്തവർക്കും കോവിഡ് വരുമെങ്കിൽ വാക്സിനെടുക്കുന്നതെന്തിന്?

വാക്സിൻ എടുത്താലും കോവിഡ് വരുമോ?
ലളിതമായ ഉത്തരം ‘അതെ’ എന്നാണ്.‍

വാക്സിനെടുത്തവർക്കും എന്തുകൊണ്ട് രോഗം വരുന്നു?

ഇന്നു നിലവിലുള്ള ഒരു കോവിഡ് വാക്സിനും 100% ഫലപ്രദമല്ല. ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തി 70% ആണ്. അതായത് വാക്സിനെടുക്കുന്ന 100 പേരില്‍ 30 പേർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്.

രണ്ടു ഡോസും എടുത്തിട്ടില്ലാത്തവരില്‍ 50%ല്‍ കുറവ് മാത്രം രോഗപ്രതിരോധമാണ് സംജാതമാവുക. മാത്രമല്ല, രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാലും പിന്നീടൊരു രണ്ടാഴ്ചയെങ്കിലും കഴിഞ്ഞുമാത്രമേ പൂ‍ണ്ണമായ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയുള്ളു.

അപ്പോൾ വാക്സിന്‍ കൊണ്ട് എന്താണ് പ്രയോജനം?

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വാക്സിനേഷൻ പരമപ്രധാനമാണ്. കാരണം:

☛ വാക്സിനേഷൻ വഴി 70% ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ലഭിക്കുന്നു.

☛ വാക്സിനെടുത്തവര്‍ക്ക് രോഗം വന്നാൽ തന്നെയും അതു തീവ്രമായിരിക്കില്ല.

☛ വാക്സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 5%ല്‍ താഴെയാണ്.

☛ കോവിഡ് വാക്സിൻ എടുത്തവരിൽ കോവിഡ് മുലമുള്ള മരണ സാധ്യത ഒരു ശതമാനത്തിലും കുറവായിരിക്കും.

കരുതലാണ് പ്രതിവിധി, അതിനാൽ,

🔴 വാക്സിനെടുത്താലും മാസ്ക്, സാനിറ്റൈസര്‍, കൈകഴുകല്‍, ശാരീരിക അകലം എന്നിവ പാലിക്കണം.

🔴വാക്സിന്‍ എടുത്തവര്‍ക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്താന്‍ ശേഷിയുള്ളവരായിരിക്കും അവര്‍.

ഒന്നുകൂടി പറയുന്നു: കരുതലാണ് പ്രതിവിധി.

മാതൃകയായ
ശാസ്ത്രം

ഒരേസമയം മുന്നു ഗ്രഹങ്ങളെ കാണാം

2020 ഒക്ടോബറിൽ ദൂരദർശിനിയിലൂടെ വീക്ഷിക്കാൻ കഴിയുന്ന ചൊവ്വയുടെ ദൃശ്യം

നിങ്ങളിൽ എത്രപേർ ഗ്രഹങ്ങളെ കണ്ടിട്ടുണ്ട്? ടെലസ്കോപ്പിന്റെ സഹായമില്ലാതെ, നേരിട്ട് ഗ്രഹങ്ങളെ കാണാനാകുമോ? ആകാശത്തു കാണുന്ന ഒരു വസ്തു ഗ്രഹമാണെന്ന് എങ്ങനെ തിരിച്ചറിയും? നിങ്ങളുടെ സംശയങ്ങള്‍ നേരിൽകണ്ട് പരിഹരിക്കാൻ കഴിയുന്ന സമയമാണ് ഈ മാസം.

സൗരയൂഥത്തിലുള്ള ഗ്രഹങ്ങളിൽ നാം ജീവിക്കുന്ന ഭൂമി ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളെയും ആകാശത്തായിട്ടാണ് കാണാൻ കഴിയുന്നത്. ഇവയിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ 5 അഞ്ചു ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ സാധിക്കും. അപൂര്‍വ്വം അവസരങ്ങളിൽ മാത്രമേ ഈ അഞ്ചുഗ്രഹങ്ങളെയും ആകാശത്ത് ഒരേ സമയം കാണാൻ സാധിക്കൂ.

ഇവയിൽ മൂന്നു ഗ്രഹങ്ങളെ ഒരേസമയം കാണാനാകുന്ന ഒരു നല്ല അവസരമാണ് ഇപ്പോൾ. ഇനിയുള്ള കുറച്ച് ആഴ്ചകളിൽ സന്ധ്യാകാശത്ത് ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളെകാണാൻ സാധിക്കും.

ഗ്രഹങ്ങളെ എങ്ങനെ തിരിച്ചറിയാം?

ആകാശത്തു നാം കാണുന്നവയിൽ നക്ഷത്രമെന്നു തോന്നിക്കുന്ന എല്ലാ വസ്തുക്കളും നക്ഷത്രങ്ങൾ തന്നെയായിരിക്കണം എന്നില്ല. വളരെ തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുക്കളിൽ ചിലതെങ്കിലും ഗ്രഹങ്ങളാണ്. ഗ്രഹങ്ങള്‍ സാധാരണ നക്ഷത്രങ്ങളെ പോലെ മിന്നിമിന്നി തിളങ്ങാറില്ല. ഒരു മൊബൈൽ ക്യാമറയിൽ ആകാശത്തിന്റെ ഫോട്ടോ എടുത്തുനോക്കൂ, നന്നായി പതിഞ്ഞിട്ടുള്ള നക്ഷത്രസമാനമായ വസ്തു ഒരു ഗ്രഹമായിരിക്കും.

ഈ മാസം നമുക്കു കാണാൻ കഴിയുന്ന ഗ്രഹങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം. സന്ധ്യയ്ക്ക് നേരെ കിഴക്ക് ചക്രവാളത്തിനു മുകളിലായി വെട്ടിത്തിളങ്ങുന്ന ഇളം ചുവപ്പ് നിറമുള്ള വസ്തുവിനെ കാണാം. അതു ചൊവ്വയാണ്. ചൊവ്വയുടെ ഉപരിതലത്തിലെ ഇരുമ്പ് ഓക്സൈഡിനാൽ സമൃദ്ധമായ ചുമന്ന മണ്ണാണ് അതിനു ചുമപ്പു നിറം സമ്മാനിക്കുന്നത്. ചൊവ്വയുടെ സ്ഥാനം ഇപ്പോൾ ഭൂമിയോട് വളരെ അടുത്താണ്. അതിനാൽ ഇപ്പോൾ കാണുന്ന ചൊവ്വയ്ക്ക് സാധാരണയിലും കൂടുതൽ വലുപ്പം തോന്നിക്കും. ഇനിയും 15 വർഷങ്ങൾക്കുശേഷമായിരിക്കും ചൊവ്വ വീണ്ടും ഭൂമിയോട് ഇത്രയും അടുത്തു വരിക.

ഒക്ടോബർമാസം സന്ധ്യയ്ക്ക് കിഴക്കേ ചക്രവാളത്തിൽ ദൃശ്യമാകുന്ന ചൊവ്വ.

രാത്രി 7.30നു നോക്കിയാൽ കിഴക്കേ ചക്രവാളത്തിൽ ഏതാണ്ട് 20° മുകളിലായായി ആയിരിക്കും ചൊവ്വയുടെ സ്ഥാനം. സാധാരണ നിലയിൽ, തിളക്കത്തിൽ വ്യാഴത്തിന്റെ പിന്നിലായാണ് ചൊവ്വയുടെ സ്ഥാനം. എന്നാൽ, ഈ ഒക്ടോബറിൽ വ്യാഴത്തെ പിന്നിലാക്കിക്കൊണ്ട് ചൊവ്വ തിളക്കത്തിൽ നാലാമത്തെ ആകാശഗോളമായി മാറും. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയാണ് തിളക്കത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍. ഒക്ടോബര്‍ 13ന് ചന്ദ്രനും സൂര്യനും ഭൂമിക്ക് ഇരുഭാഗത്തുമായി നേര്‍ വിപരീതദിശയിലായി എത്തിച്ചേരും. ഇതുമൂലം സൂര്യപ്രകാശം പതിക്കുന്ന ഭാഗം മുഴുവനായി നമുക്കു കാണാനാകുകയും ചൊവ്വ കൂടുതൽ തിളക്കമുള്ളതായി അനുഭവപ്പെടുകയും ചെയ്യും.

ചൊവ്വയെ ഇത്രയും വലുപ്പത്തിൽ കാണുന്നതിന് ഇനി 15 വർഷം കാത്തിരിക്കണം.

സന്ധ്യയ്ക്ക് തലക്കുമുകളിൽ അല്പം തെക്കായി തിളക്കമുള്ള രണ്ടു വസ്തുക്കളെ കാണാം. (ആഭാഗത്ത് അതിലും തിളക്കമുള്ള നക്ഷത്രസമാനമായ വസ്തുക്കൾ ഇല്ല) അതിൽ ഏറ്റവും തിളക്കമുള്ള വസ്തു ഗ്രഹഭീമനായ വ്യാഴവും അതിനടുത്ത് (ഇടതുഭാഗത്തായി) തിളക്കത്തിൽ രണ്ടാമത്തേതായി കാണുന്ന വസ്തു ശനിയും.

2020 ഒക്ടോബറിൽ തെക്കേ ആകാശത്ത് ദൃശ്യമാകുന്ന വ്യാഴവും ശനിയും

വ്യാഴം ശനി എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്ത് അല്പനേരം നോക്കി നിന്നാൽ, ചിത്രത്തിൽ കാണുന്നതുപോലെ തിളക്കമുള്ള ചില നക്ഷത്രങ്ങളെ കാണാം. ധനു എന്ന നക്ഷത്രരാശിയാണത്. നിരന്തരം നിരീക്ഷിക്കുകയാണെങ്കിൽ വ്യാഴവും ശനിയും ധനുവിൽ നിന്നും മെല്ലെ മെല്ലെ അകന്നുപോകുന്നതായി കാണാം, അഥവാ ഈ രണ്ടു വസ്തുക്കളും നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതായാണ് തോന്നുക. എന്നാൽ വ്യത്യസ്ത വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ഡിസംബര്‍ ആകുമ്പോഴേക്കും വ്യാഴവും ശനിയും തൊട്ടടുത്തു വരികയും പിന്നീട് വ്യാഴം ശനിയെ പിന്നിലാക്കി മുന്നോട്ടു പോകുകയും ചെയ്യും. ഇങ്ങനെ നക്ഷത്രങ്ങളെ അപേക്ഷിച്ച് സ്ഥാനമാറ്റം വരുന്ന വസ്തുക്കളെയാണ് പൗരാണികർ ഗ്രഹങ്ങള്‍ എന്നു വിളിച്ചത്. സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ഗ്രഹങ്ങൾ നക്ഷത്രങ്ങൾക്കിടയുലൂടെ സഞ്ചരിക്കുന്നതായി കാണപ്പെടുന്നത്.

പുലര്‍ച്ചെ കിഴക്കു ദിശയിൽ കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രസമാനമായ വസ്തുവാണ് ശുക്രൻ. ശുക്രനെ പുലര്‍ച്ചെയോ സന്ധ്യയ്ക്കോ മാത്രമേ കാണാൻ സാധിക്കൂ. അതിനാൽ അതിന് പ്രഭാത നക്ഷത്രം എന്നും സന്ധ്യാ നക്ഷത്രം എന്നും പേരുകളുണ്ട്. ഭൂമിയുടെ പരിക്രമണ പഥത്തിനുള്ളിലായാണ് ശുക്രന്റെ പരിക്രമണ പഥം എന്നതിനാൽ ശുക്രനെ എപ്പോഴും സൂര്യന്റെ സമീപത്തായി മാത്രമേ കാണാൻ സാധിക്കൂ. അതിനാലാണ് പ്രഭാതത്തിലും സന്ധ്യയ്ക്കും മാത്രം ശുക്രനെ കാണാൻ സാധിക്കുന്നത്. പകൽ സൂര്യനടുത്തുണ്ടായാലും സൂര്യപ്രകാശത്തിന്റെ തിളക്കത്തിൽ ശുക്രനെ നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല.

മാതൃകയായ
ശാസ്ത്രം

വാൽനക്ഷത്രങ്ങൾ

നിയോവൈസ് (NEOWISE) എന്നൊരു വാൽനക്ഷത്രം(Comet) 2020 ജൂലൈമാസത്തിൽ വന്നുപോയത് അറിഞ്ഞിരിക്കുമല്ലോ. ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈസ് എന്ന ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് 2020മാര്‍ച്ച് 27നാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. C/2020 F3 എന്നാണ് ഇതിന്റെ ശാസ്ത്രനാമം. 1997-ൽ പ്രത്യക്ഷപ്പെട്ട ഹെയ്ൽ ബോപ്പ് എന്ന വാൽനക്ഷത്രത്തിനു ശേഷം നഗ്ന നേത്രങ്ങള്‍ കൊണ്ടു നമുക്കു കാണാൻ കഴിഞ്ഞ വാൽ നക്ഷത്രം എന്ന പ്രത്യേകതയും നിയോവൈസിനുണ്ട്. ജൂലൈ 23നാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്തുവന്നത്.

Comet Hale Bopp
ഹെയ്ൽ ബോപ്പ് വാൽനക്ഷത്രം

എന്താണ് വാൽനക്ഷത്രം അഥവാ ധൂമകേതു

വാൽനക്ഷത്രം എന്നു വിളിക്കപ്പെടുന്നെങ്കിലും ആൾ ഒരു നക്ഷത്രമൊന്നുമല്ല. സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിനിടയിൽ നീണ്ടവാലും അന്തരീക്ഷവും രൂപപ്പെടുന്ന സൗരയൂഥ വസ്തുക്കളാണിവ. സാധാരണ നിലയിൽ തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കുന്ന ഇവ സൂര്യനോട് അടുക്കുമ്പോൾ ബാഷ്പീകരിക്കപ്പെട്ടാണ് നീണ്ട വാലും അന്തരീക്ഷവും രൂപപ്പെടുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് ഇവ നമുക്കു ദൃശ്യമാകുന്നത്. ധൂമകേതു എന്ന പേരും ഇതിനുണ്ട്.

ധൂമകേതുക്കൾ എവിടെനിന്നു വരുന്നു

Comet tails

നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കുമൊക്കെ വെളിയിലായി, സൗരയൂഥത്തിന്റ ഭാഗമായ കോടിക്കണക്കിനു ചെറുവസ്തുക്കളുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയുടെ പരിക്രമണ പഥത്തിന് മാറ്റം വന്നാൽ അവ സൂര്യനിലേക്ക് പതിക്കുന്നതിനു കാരണമാകും. മിക്കവയും സൂര്യനിൽ പതിച്ച് നശിച്ചു പോവുകയാണ് പതിവ്. എന്നാൽ സൂര്യനിലേക്കുള്ള വീഴ്ചയ്ക്കിടയിൽ ഭീമൻ ഗ്രഹങ്ങളായ വ്യാഴത്തിന്റെയോ ശനിയുടേയോ ആകര്‍ഷണ വലയത്തിൽ പെട്ടുപോയാൽ അതിന്റെ പാതയ്ക്ക് മാറ്റമുണ്ടാവുകയും സൂര്യനിൽ പതിക്കാതെ, ദീര്‍ഘവൃത്താകാരമായ പാതയിൽ അവ സൂര്യനെ ചുറ്റാൻ ആരംഭിക്കുകയും ചെയ്യുന്നു.

പ്ലൂട്ടോയ്ക്കുവെളിയിൽ വളരെ അകലത്തിൽ വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കായ ചെറുഗ്രഹപഥാര്‍ത്ഥങ്ങളുടെ കൂട്ടമാണ് ഓർട്ട് മേഘം (Oort Cloud). ഓർട്ട് മേഘത്തിൽ നിന്നെത്തുന്ന ധൂമകേതുക്കൾ സൂര്യനെ ദീര്‍ഘകാലം കൊണ്ട് പരിക്രമണം ചെയ്യുന്നവയാണ്. ഇവയു‍ടെ പരിക്രമണകാലം 200 വര്‍ഷം മുതൽ ആയിരക്കണക്കിനു വർഷങ്ങള്‍ വരെയാകാം. നെപ്ട്യൂണിനു വെളിയിൽ വലയാകാരത്തിൽ കാണപ്പെടുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് കുയ്പ്പർ ബെൽറ്റ് (Kuiper belt). കുയ്പ്പർ ബെൽറ്റിൽ നിന്നും ധൂമകേതുക്കൾ എത്താറുണ്ട്. ഇവ ഹ്രസ്വകാല ധൂമകേതുക്കളണ്. ഇവയുടെ പരിക്രമണകാലം 200 വര്‍ഷത്തിലും കുറവായിരിക്കും.

ധൂമകേതുവിന്റെ ഘടന

ന്യൂക്ലിയസ്സ്, കോമ, ഹൈഡ്രജൻ കവചം, വാലുകൾ എന്നിവയാണ് ധൂമകേതുവിന്റെ പ്രധാന ഭാഗങ്ങള്‍.

Comet Physical Structure.svg
a) ന്യൂക്ലിയസ് (കാമ്പ്), b) കോമ, c) വാതകവാൽ d) ധൂളീവാൽ, e) ഹാഡ്രജൻ കവചം f) ധൂമകേതുവിന്റെ സഞ്ചാരദിശ g) സൂര്യനിലേക്കുള്ള ദിശ.

ന്യൂക്ലിയസ്സ്

തണുത്തുറഞ്ഞു ഖരാവസ്ഥയിലുള്ള കേന്ദ്രഭാഗമാണ് ന്യൂക്ലിയസ്സ്. ക്രമരഹിതമായ ആകൃതിയായിരിക്കും ഇതിന്. പാറ, പൊടി എന്നിവയുടെയും ഘനീഭവിച്ച ജലം, കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, മീഥെയ്ൻ, അമോണിയ എന്നിവയുടെയും ഒരു മിശ്രിതമാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ്. ഇവകൂടാതെ നിരവധി ഓര്‍ഗാനിക്‍ സംയുക്തങ്ങളും ധൂമകേതു ന്യൂക്ലിയസ്സുകളിൽ കണ്ടെത്തിയിട്ടുണ്ട്.

കോമ

സൂര്യസമീപമെത്തുന്ന ധൂമകേതുവിൽ സൂര്യവികിരണങ്ങളും സൗരവാതവും പതിക്കുന്നതുമൂലം ഉപരിതലത്തിലെ പൊടിയും ഹിമകണങ്ങളും ബാഷ്പീകരിക്കപ്പെട്ട് സാന്ദ്രത കുറഞ്ഞതും ബൃഹത്തായതുമായ ഒരു അന്തരീക്ഷം രൂപപ്പെടുന്നു. ഇതാണ് കോമ. ഇതിന്റെ 90% ജലബാഷ്പമായിരിക്കും. കോമയ്ക്കു ചുറ്റും ഹൈഡ്രജൻ ആറ്റങ്ങളുടെ അതി ബൃഹത്തായ ഒരു കവചം രൂപപ്പെടാറുണ്ട്.

വാലുകൾ

സൗരവികിരണം മൂലം ബാഷ്പീകരിക്കപ്പെടുന്ന വാതകങ്ങളും പൊടിയും (ധൂളികൾ) വികിരണങ്ങളുടെയും സൗരവാതത്തിന്റെയും സമ്മര്‍ദ്ദത്താൽ പുറത്തേക്ക് തെറിച്ച് പ്രത്യേകം വാലുകൾ രൂപപ്പെടും. സൂര്യനോട് അടുക്കുംതോറും വാലിന്റെ നീളം കൂടിവരും.

വാതകവാൽ:

സൗരവാതം എന്ന, സൂര്യനിൽനിന്നുള്ള ചാർജ്ജിത കണങ്ങളുടെ പ്രവാഹത്തിൽ പെട്ട് കോമയിലെ വാതകഭാഗങ്ങൾ പിന്നിലേക്ക് തെറിക്കുന്നു. അങ്ങനെ രൂപപ്പെടുന്ന വാലാണ് വാതകവാൽ. ഇത് സൂര്യന്റെ എതിർ ദിശയിൽ ആയിരിക്കും.

ധൂളീവാൽ:

യാത്രയ്ക്കിടയിൽ ധൂമകേതുവിന്റെ അന്തരീക്ഷത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന പൊടിപടലം ധൂമകേതുവിന്റെ പരിക്രമണപാതയിൽ രൂപപ്പെടുത്തുന്ന വാലാണ് ധൂളീവാൽ. ഇത് പരിക്രമണ പാതയിലേക്ക് വളഞ്ഞിട്ടായിരിക്കും കാണപ്പെടുക.

ധൂമകേതു ചരിത്രത്തില്‍

Tapestry of bayeux10
1066-ൽ പ്രത്യക്ഷപ്പെട്ട ഹാലി ധൂമകേതുവിനെ ചിത്രീകരിക്കുന്ന ബായൂ റ്റാപ്പസ്റ്റ്രി

വളരെ പുരാതന കാലം മുതലേ മനുഷ്യൻ ധൂമകേതുക്കളെ തിരിച്ചറിഞ്ഞിരുന്നു. 16-ാം നൂറ്റാണ്ടുവരെ ഇവയെ ദുഃശകുനങ്ങളായാണ് കണ്ടിരുന്നത്. എ.ഡി. 1066-ൽ പ്രത്യക്ഷപ്പെട്ട ഹാലിയുടെ വാല്‍നക്ഷത്രത്തെ ഹെയ്സ്റ്റിംഗ്സ് യുദ്ധത്തിലെ ഹരോൾഡ് രാജാവിന്റെ മരണത്തിന്റെയും നോർമന്റെ വിജയത്തിന്റെയും സൂചനയായി ചിത്രീകരിച്ചുകൊണ്ടു് തുണിയിൽ തീര്‍ത്ത ബായോ ടേപിസ്ട്രി എന്ന ചിത്രീകരണം പ്രസിദ്ധമാണ്.

ധൂമകേതുക്കളെ പ്രത്യേകതരം ഗ്രഹങ്ങളായി ബി.സി. 6-ാം നൂറ്റാണ്ടിലെ പൈതഗോറസും മഴവില്ലും മേഘങ്ങളും പോലെയുള്ള ഒരു പ്രതിഭാസമായി ബി.സി. 4-ാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിലും കരുതി. 16-ാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിന്റെ ചിന്തകളാണ് പ്രബലമായി നിലനിന്നത്.

1577-ൽ പ്രത്യക്ഷപ്പെട്ട ബൃഹദ് ധൂമകേതുവിനെ പ്രമുഖ ജ്യോതിശാസ്ത്രജ്‍ഞനായിരുന്ന ടൈക്കോ ബ്രാഹെ ശാസ്ത്രീയമായി നിരീക്ഷിക്കുകയും അത് ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിൽനിന്നുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു. 18-ാം നൂറ്റാണ്ടോടെ ഐസക്‍ ന്യൂട്ടൻ, എഡ്മണ്ട് ഹാലി, ഇമ്മാനുവേൽ കാന്റ് തുടങ്ങിയവരുടെ പഠനങ്ങളാണ് ധൂമകേതുക്കളെ പറ്റി ശാസ്ത്രീയ വിശദീകരണങ്ങൾ നൽകിയത്.

ഹാലിയുടെ വാൽനക്ഷത്രം

Comet Halley from London on 1066-05-06

14-ാം നൂറ്റാണ്ടുമുതൽ ദൃശ്യമായ വാൽനക്ഷത്രങ്ങളെ പറ്റി ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്ന എഡ്മണ്ട് ഹാലി 1705ൽ പഠിക്കുകയും അവയുടെ പഥം ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമവുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. 1531, 1607, 1682 എന്നീ വര്‍ഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഒരേ വാൽനക്ഷത്രമാണെന്നും ഇത് 1758ലോ 1759ലോ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. ഹാലി പ്രവചിച്ചതു പോലെ ഈ വാൽ നക്ഷത്രം 1759-ൽ പ്രത്യക്ഷപ്പെട്ടു. ഹാലിയുടെ വാൽനക്ഷത്രം എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്. 75-76 വര്‍ഷം കൊണ്ട് ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്ന ഹ്രസ്വകാല വാൽനക്ഷത്രമായ ഇത് 1986ലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്, ഇനി വരിക 2061ലും.

ധൂമകേതുക്കളുടെ പ്രഭാവങ്ങൾ

ധൂമകേതുക്കളുടെ പാതയിൽ ഉപേക്ഷിക്കപ്പെടുന്ന ധൂളീ പടലങ്ങള്‍ ഭൂമിയിൽ ഉല്ക്കാവര്‍ഷത്തിനു കാരണമാകുന്നു. ഭൂമിയിൽ ജീവനുകാരണമായ പദാർത്ഥങ്ങള്‍ ധൂമകേതുക്കളുടെ സംഭാവനയാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ കരുതുന്നു. ധൂമകേതുക്കളിൽ ധാരാളമായി കണ്ടുവരുന്ന ഓര്‍ഗാനിക്‍ വസ്തുക്കളുടെ സാന്നിദ്ധ്യമാണ് ഇങ്ങനെ കരുതാൻ കാരണം. ഭൂമിയുടെ ഉൽപത്തിക്കുശേഷം ധൂമകേതുക്കളുമായുണ്ടായ കൂട്ടിയിടിയിലാകാം ഭൂമിയിൽ ഇത്രമാത്രം ജലം എത്തപ്പെട്ടതെന്നു വിശ്വസിക്കുന്നവരും ഉണ്ട്.


2020 ആഗസ്ത് 25 ലെ മാതൃഭൂമി ദിനപത്രത്തിന്റെ വിദ്യ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്.

മാതൃകയായ
ലേഖനം,ശാസ്ത്രം

മാസവും പക്കങ്ങളും തിഥിയും

കൃത്യമായി ആവര്‍ത്തിക്കുന്ന പ്രകൃതി പ്രതിഭാസത്തെ ഉപയോഗിച്ച് കാലം അളക്കാനുള്ള മനുഷ്യന്റെ ശ്രമത്തിൽ, ഏറ്റവും ലളിതമായ രീതിയായിരുന്നു അമാവാസിയും പൗർണ്ണമിയും ഉപയോഗിച്ച് ദിവസങ്ങളെ എണ്ണുക എന്നത്. ദിവസങ്ങള്‍ ചേർന്നുവരുന്ന ചെറിയ കാലയളവിനെ കണക്കാക്കാൻ, പ്രകൃതിദത്തവും ലളിതവുമായ മറ്റൊരു പ്രതിഭാസവും ഇല്ലായിരുന്നു. ചെറിയ കാലയളവിലെ ഒരു സംഭവത്തെ പറ്റി പറയാൻ, അത് എന്നു നടന്നു എന്നു പരാമര്‍ശിക്കാൻ ഇതിലും നല്ല വഴിയുണ്ടായിരുന്നില്ല.

“അടുത്ത വെളുത്തവാവു കഴിഞ്ഞ് മൂന്നാംനാൾ മോളുടെ വിവാഹമാണ് കേട്ടോ …”

“കഴിഞ്ഞ കറുത്തവാവിന്റെ തലേദിവസമാണ് നീ എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയത്.”

വേറെ ഏതെങ്കിലും രീതിയിൽ ഇതു പറയാൻ പറ്റിയ കലണ്ടര്‍ സമ്പ്രദായം രണ്ടായിരമോ മൂവ്വായിരമോ കോല്ലം മുമ്പ് പൗരാണികര്‍ക്ക് ഉണ്ടായിരുന്നില്ല. തിങ്കൾ, ചൊവ്വ എന്നൊക്കെ പേരിട്ട് ദിവസങ്ങളെ വിളിക്കുന്ന രീതിയൊക്കെ അതിനും ശേഷം ഉണ്ടായി വന്നതാണ്.

ആധുനിക കലണ്ടറുകലിൽ മാസത്തിലെ ദിവസങ്ങളെ നമ്പരിട്ടാണല്ലോ വിളിക്കുന്നത്. ഉദാഹരണം, ജനുവരിയിലെ പത്താം തീയതി, അല്ലങ്കിൽ കര്‍ക്കിടകം പന്ത്രണ്ടാം തീയതി എന്നിങ്ങനെ. പൗരാണിക കാലത്ത് ഇന്ത്യയിലടക്കമുള്ള ജനവിഭാഗങ്ങള്‍ മാസത്തിലെ ദിവസങ്ങളെ ഇതേപൊല തന്നെ വാവിനു ശേഷമുള്ള ഒന്നാം ദിവസം, രണ്ടാം ദിവസം എന്നിങ്ങനെ വിളിച്ചിരുന്നു. ഇവയെയയാണ് തിഥികൾ എന്നു പൊതുവിൽ പറയാം.

തിഥികൾക്കു കാരണക്കാരൻ ചന്ദ്രനാണല്ലോ. 30 തിഥികൾ ചേര്‍ന്നതാണ് ഒരു ചാന്ദ്രമാസം. ചന്ദ്രന്റെ പേരിൽ നിന്നാണ് മാസം എന്ന പേരും വന്നത്. ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയോ ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമി വരെയോ ഉള്ള ദിവസങ്ങളാണ് (തിഥികൾ) ഒരു ചാന്ദ്രമാസം. കൃത്യമായി പറഞ്ഞാൽ ഇത് 29½ ദിവസങ്ങളാണ്. സൗകര്യത്തിനു വേണ്ടി അവര്‍ മാസത്തെ 30 ദിവസങ്ങളാക്കിയോ, ഒന്നിടവിട്ട് 29ഉം 30ഉം ദിവസങ്ങളുള്ള മാസങ്ങളാക്കിയോ കണക്കാക്കി. ഇങ്ങനെയുള്ള മാസക്കാലത്ത്, ചന്ദ്രൻ ഏതു നക്ഷത്രത്തിലെത്തുമ്പോഴാണോ പൗര്‍ണ്ണമി സംഭവിക്കുന്നത്, ആ മാസത്തിന്റെ പേര് ആ നക്ഷത്രത്തിന്റെ പേരായി കണക്കാക്കുന്ന രീതിയും പ്രചാരത്തിൽ വന്നു. ഉദാഹരണത്തിന് പൗർണ്ണമിയിൽ ചന്ദ്രൻ ചിത്ര നക്ഷത്രത്തിനുടുത്താണെങ്കിൽ ആ മാസത്തിന് ചൈത്രമാസം എന്നു വിളിക്കുന്നു. പുരാതന ഇന്ത്യൻ കലണ്ടറുകൾ ഈ രീതി പിന്തുടർ‍ന്നവയാണ്.

സാധാരണ മാസങ്ങളും ചാന്ദ്രമാസങ്ങളുമായുള്ള പ്രധാന വ്യത്യാസം ചാന്ദ്രമാസത്തിന് രണ്ടു ഭാഗങ്ങള്‍ (പക്ഷങ്ങൾ) ഉണ്ട് എന്നതാണ്. പൗർണ്ണമിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്ന കറുത്ത പക്ഷവും (കൃഷ്ണപക്ഷം) അമാവാസിയിൽ തുടങ്ങി പൗർണ്ണമിയിൽ അവസാനിക്കുന്ന വെളുത്ത പക്ഷവും (ശുക്ലപക്ഷം). പക്ഷം (ചിറക്) എന്ന സംസ്കൃത വാക്ക് മലയാളത്തിൽ പക്കം എന്നായിമാറി.

ഒരു ചാന്ദ്രമാസം പൗർണ്ണമിയിൽ ആരംഭിച്ച് അടുത്ത പൗർണ്ണമി വരെയോ, അമാവാസിയിൽ ആരംഭിച്ച് അടുത്ത അമാവാസി വരെയോ ആകാം. പൗര്‍ണ്ണമിയിൽ ആരംഭിക്കുന്ന മാസത്തിലെ ആദ്യ ദിവസം പൗർണ്ണമി തന്നെയാണല്ലോ. പിന്നീടുള്ള ദിവസങ്ങളെ ഒന്നാം പക്കം, രണ്ടാം പക്കം, മൂന്നാം പക്കം എന്നിങ്ങനെ വിളിക്കുന്നു. പതിനാലു പക്കങ്ങൾ‍ വരെ ഇങ്ങനെ എണ്ണിയാൽ മതി, കാരണം പതിനഞ്ചാം പക്കം അമാവാസി ആയിരിക്കും. അമാവാസിക്കു ശേഷമുള്ള ദിവസങ്ങളെ വീണ്ടും ഒന്നാം പക്കം, രണ്ടാം പക്കം, മൂന്നാം പക്കം എന്നിങ്ങനെ നമ്പരിട്ടു വിളിക്കുന്നു. ഇപ്രകാരം വാവുകളെ അടിസ്ഥാനമാക്കി, ദിവസങ്ങൾക്കു സംഖ്യാപരമായി നൽകുന്ന പേരാണ് തിഥി.

സംസ്കൃതത്തിൽ പക്കങ്ങള്‍ക്ക് പ്രഥമ (ഒന്നാം), ദ്വിതീയ (രണ്ടാം), തൃതീയ (മൂന്നാം), ചതുര്‍ത്ഥി (നാലാം), പ‍ഞ്ചമി (അ‍ഞ്ചാം), ഷഷ്ഠി (ആറാം), സപ്തമി (ഏഴാം), അഷ്ടമി (എട്ടാം), നവമി (ഒമ്പതാം), ദശമി (പത്താം), ഏകാദശി (പതിനൊന്നാം), ദ്വാദശി (പന്ത്രണ്ടാം), ത്രയോദശി (പതിമൂന്നാം) ചതുര്‍ദശി (പതിനാലാം) എന്നിങ്ങനെയാണ് പേരുകൾ. ഒരാൾ ജനിച്ചത് പഞ്ചമിയിലാണ് എന്നുപറഞ്ഞാൽ അയാൾ ഒരു വാവിനു ശേഷം അഞ്ചാമത്തെ ദിവസമാണ് ജനിച്ചതെന്നാണ് അർത്ഥം. പുരാണ കഥാപാത്രങ്ങളുടെയെല്ലാം ജനനം തിഥി വച്ചാണ് പറയാറ്. രാമ നവമി, വിനായക ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി … (രാമ തിങ്കളാഴ്ച എന്നോ വിനായക ബുധനാഴ്ച എന്നോ പറയാറില്ലല്ലോ)

ജ്യോതിശാസ്ത്രപരമായി പറ‍ഞ്ഞാൽ, സൂര്യന്റെ സ്ഥാനവുമായി ചന്ദ്രന്റെ സ്ഥാനത്തിനുണ്ടാകുന്ന വ്യത്യാസമാണ് തിഥിക്ക് ആധാരം. ഭൂമിയെ പരിക്രമണം ചെയ്യുന്ന ചന്ദ്രൻ, മാസത്തിലൊരിക്കൽ ആകാശത്ത് സൂര്യന്റെ അതേ സ്ഥാനത്ത് എത്തിച്ചേരുന്നു. അന്ന് അമാവാസിയായിരിക്കും. ഓരോ ദിവസം കഴിയുന്തോറും സൂര്യനും ചന്ദ്രനുമായുള്ള കോണീയ അകലം കൂടിക്കൂടി വരികയും, 14 ദിവസങ്ങള്‍ കഴിയുമ്പോൾ ചന്ദ്രനും സൂര്യനും അതിര്‍ ദിശയിൽ (180ഡിഗ്രി) എത്തിച്ചേരുകയും ചെയ്യുന്നു. അതാണ് പൗർണ്ണമി. ഇപ്രകാരം പരിക്രമണം തുടരുന്ന ചന്ദ്രൻ, 29.½ ദിവസങ്ങള്‍ കഴിയുമ്പോൾ വീണ്ടും സൂര്യനുമായി ഒത്തുചേരുന്നു.

ചന്ദ്രൻ ഇപ്രകാരം ഒരു പരിക്രമണം പൂര്‍ത്തിയാക്കാൻ 360 ഡിഗ്രി കറങ്ങണമല്ലോ. ഇതിനെടുക്കുന്നത് 30 തിഥികളും. അപ്പോൾ ഒരു തിഥി എന്നു പറയുന്നത് 360ഡിഗ്രിയുടെ മുപ്പതിൽ ഒന്നു ഭാഗമായ12 ഡിഗ്രി ഭാഗം സഞ്ചരിക്കാൻ ചന്ദ്രൻ എടുക്കുന്ന സമയമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൂര്യനും ചന്ദ്രനും തമ്മിലുള്ള കോണീയ അകലം 12ഡിഗ്രി വ്യത്യാസപ്പെടാൻ എടുക്കുന്ന സമയമാണ് ഒരു തിഥി. ഒരു ചന്ദ്രമാസം കൃത്യമായി പറഞ്ഞാൽ 29.½ ദിവസം മാത്രമേയുള്ളു. അതിനാൽ ഒരു തിഥി ഒരു ദിവസത്തേക്കാൾ അല്പം കുറവാണ്.

പുരാതന ഇന്ത്യൻ കലണ്ടറുകളും അറബി കലണ്ടറുകളും ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കി രൂപം കൊണ്ടവയാണ്. വര്‍ഷത്തിൽ 354 ദിവസങ്ങൾ മാത്രമേ ഇത്തരം കലണ്ടറുകള്‍ക്ക് ഉണ്ടാകാറുള്ളു എന്നതാണ് ഒരു പരിമിതി. പുരാതന ഇന്ത്യൻ കലണ്ടര്‍ സമ്പ്രദായവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള ആധുനിക കലണ്ടര്‍ സമ്പ്രദായവും സമന്വയിപ്പിച്ച് പരിഷ്കരിച്ച് രൂപീകരിച്ചതാണ് ഇന്ത്യയിലെ ശകവർഷ കലണ്ടര്‍.

ആധുനിക കലണ്ടറുകൾ പ്രചാരത്തിലായപ്പോൾ തിതികള്‍ക്കുള്ള പ്രാധാന്യം കുറഞ്ഞു. എങ്കിലും നമ്മളുടെ കലണ്ടറുകളിൽ ഇന്നും തിഥികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. മതപരമായ പല ആഘോഷങ്ങളും ആചാരങ്ങളും ഇന്നും തിഥി അടിസ്ഥാനമാക്കിയാണ് നടക്കാറുള്ളത്.

….

മാതൃകയായ
ലേഖനം,ശാസ്ത്രം

അധിവർഷം എങ്ങനെയുണ്ടായി?

അധിദിവസം - ഫെബ്രുവരി 29

ജൂലി ജനിച്ചത് 16 കൊല്ലം മുമ്പായിരുന്നു എങ്കിലും അവൾക്ക് 4 ജന്മദിനങ്ങളേ ആഘോഷിക്കാൻ കഴിഞ്ഞുള്ളു. അവൾ ജനിച്ച ദിവസം ഏത്? സ്കൂളിലൊക്കെ പഠിക്കുമ്പോൾ സ്ഥിരം കേട്ടിരുന്നതാണ് ഇത്തരം ഒരു ചോദ്യം. അവൾ ജനിച്ചത് ഫെബ്രുവരി 29ന് അഥവാ ലീപ്ദിനത്തിലാണെന്ന് നാം ഉത്തരം പറയും. അതായത് സാധാരണ ഫെബ്രുവരി മാസത്തിൽ 28 ദിവസങ്ങളാണ് ഉള്ളതെങ്കിലും അധിവര്‍ഷങ്ങളിൽ അത് 29 ആയിരിക്കും. ഇങ്ങനെ അധികമായി ഒരു ദിവസം ഫെബ്രുവരിയോടു കൂടി ചേര്‍ക്കുന്നത് നാലു വര്‍ഷം കൂടുമ്പോഴാണ്. എന്താണ് അധിവർഷം, എന്തിനാണ് ഇങ്ങനെ ഒരു ദിവസം കൂട്ടിച്ചേര്‍ക്കുന്നത്?

ഭൂമിയുടെ പരിക്രമണത്തിന്റെ ദൈര്‍ഘ്യവും (ഒരു വര്‍ഷം പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം) അതിനെടുക്കുന്ന ദിവസങ്ങളും തമ്മുലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ക്രമീകരണം വേണ്ടിവന്നത്. ഒരു സാധാരണ വര്‍ഷം എന്നു പറയുന്നത് 365 ദിവസദിങ്ങളാണല്ലോ. എന്നാൽ ഭൂമി ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നതിനു് ഏകദേശം 365.2422 ദിവസങ്ങള്‍ (365 ദിവസം, 5 മണിക്കൂര്‍, 48 മിനിറ്റ്, 46 സെക്കന്റ്) എടുക്കും. ഇതിലെ 0.2422 ദിവസങ്ങള്‍, അതായത് ഒരു ദിവസത്തിന്റെ ഏകദേശം ¼ ഭാഗം വിട്ടുകളഞ്ഞാണ് നാം ഓരോ വര്‍ഷത്തെയും 365 എന്ന പൂർണ്ണ സംഖ്യയാക്കി നിലനിര്‍ത്തുന്നത്. അങ്ങനെ നാലു വര്‍ഷം കൂടുമ്പോൾ ഒരു പൂര്‍ണ്ണ ദിവസത്തെ നമുക്ക് ഒഴിവാക്കേണ്ടി വരുന്നു. ഇങ്ങനെ നൂറു വര്‍ഷം ആവര്‍ത്തിച്ചാൽ ഏകദേശം 25 ദിവസങ്ങള്‍ നമുക്ക് നഷ്ടമാകും. ഋതുക്കളുടെ ആവര്‍ത്തനം, സമരാത്രദിനങ്ങള്‍ (വിഷു), അയനാന്തങ്ങള്‍ എന്നിവയൊക്കെ വ്യത്യാസപ്പെടും. ഡിസംബറിൽ മഞ്ഞുപെയ്യാതാകും, ജൂണിൽ മഴ വരാതാകും വസന്തം സമയം തെറ്റി വരും.

ഓരോ നാലു വര്‍ഷം കൂടുമ്പോഴും ഒരു ദിവസം വീതം നഷ്ടപ്പെടുന്നത് പരിഹരിക്കാനെന്താണ് മാര്‍ഗ്ഗം? ഓരോ നാലാം വ‍ർഷവും ഒരു ദിവസം കലണ്ടറിൽ അധികമായി ചേര്‍ക്കുക തന്നെ. അങ്ങനെയാണ് കുറഞ്ഞ ദിവസങ്ങളുള്ള മാസമായ ഫെബ്രുവരിക്ക് ഓരോ നാലാം വര്‍ഷവും ഒരു അധികദിനം നൽകി ഈ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചത്. 4 കൊണ്ട് പൂര്‍ണ്ണമായും ഹരിക്കാൻ കഴിയുന്ന വർഷങ്ങളിലെ ഫെബ്രുവരിക്കാണ് ഇങ്ങനെ അധിക ദിവസങ്ങള്‍ നൽകിയത്. ഇങ്ങനെ അധികദിവസം ലഭിക്കുന്ന വര്‍ഷങ്ങളെ അധിവര്‍ഷങ്ങൾ എന്നു വിളിക്കുന്നു. ഫെബ്രുവരി 29നെ അധിദിവസം എന്നും വിളിക്കാം. ഇതോടെ പ്രശ്നത്തിനു പൂര്‍ണ്ണ പരിഹാരമാകുമോ? ഒരു വര്‍ഷത്തിന്റെ കൃത്യമായ ദൈര്‍ഘ്യം 365 ദിവസവും 6 മണിക്കൂറും ആയിരുന്നെങ്കിൽ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാമായിരുന്നു. എന്നാൽ വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365 ദിവസം, 5 മണിക്കൂര്‍, 48 മിനിറ്റ്, 46 സെക്കന്റ് എന്നു നാം കണ്ടതല്ലേ. അതിനര്‍ത്ഥം ഓരോ അധിവര്‍ഷത്തിലും ഏകദേശം 45 മിനിറ്റ് സമയം നാം അധികമായി ചേര്‍ത്തുകൊണ്ടിരിക്കുന്നു.

ഓരോ അധിവര്‍ഷത്തിലും അധികമായി ചേര്‍ക്കുന്ന 45 മിനിറ്റുകള്‍ കൂടിക്കൂടി 400 വര്‍ഷങ്ങൾ കഴിയുമ്പോൾ ഏകദേശം മൂന്നു ദിവസങ്ങള്‍ നാം അധികമായി ചേര്‍ക്കുന്ന അവസ്ഥ വരുന്നു. ഇതെങ്ങനെ പരിഹരിക്കാം? ഓരോ 400 വര്‍ഷത്തിലും ഇടക്കു വരുന്ന ഏതെങ്കിലും മൂന്ന് അധിവര്‍ഷങ്ങൾ വേണ്ടെന്നു വയ്ക്കുക, അത്രതന്നെ. അതിനാൽ ഓരോ 400 വര്‍ഷത്തിലും 100കൊണ്ടുഹരിക്കാൻ കഴിയുന്ന വര്‍ഷങ്ങളിൽ വരുന്ന ആദ്യത്തെ മുന്നുവര്‍ഷങ്ങളുടെ അധിദിനങ്ങള്‍ എടുത്തു മാറ്റുന്നു. എന്നാൽ 100കൊണ്ടു ഹരിക്കാൻ കഴിയുന്ന നാലാമത്തെ വര്‍ഷത്തിന്റെ (അതിനെ 400 കൊണ്ട് പൂര്‍ണ്ണമായും ഹരിക്കാൻ സാധിക്കും) അധിവര്‍ഷ പദവി എടുത്തു കളയുകയില്ല. ഉദാഹരണത്തിന് 1700, 1800, 1900 ഇവ അധിവര്‍ഷങ്ങള്‍ ആവുകയില്ല. എന്നാൽ 2000 അധിവര്‍ഷമായി നിലനിൽക്കും. (അതിനെ 400 കൊണ്ടു പൂര്‍ണ്ണമായും ഹരിക്കാം). 2100 അധിവര്‍ഷമായിരിക്കും പക്ഷേ 2400 അധിവര്‍ഷമായിരിക്കില്ല.

ഇനി പറയൂ … പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടോ?

മാതൃകയായ
ലേഖനം,ശാസ്ത്രം

അയനം, വിഷു പിന്നെ നേരത്തേ പൂക്കുന്ന കണിക്കൊന്ന

വിഷു എത്തുന്നതിനും മുമ്പേ പൂക്കുന്ന കണിക്കൊന്നകളെ ശ്രദ്ധിച്ചിട്ടില്ലേ, വിഷുക്കണി ഒരുക്കാറാകുമ്പോഴേക്കും മിക്കവാറും മരങ്ങളിൽ പൂക്കളെല്ലാം തീര്‍ന്നിട്ടുണ്ടാകും. മുമ്പൊക്കെ കൃത്യമായും വിഷുക്കാലത്തുതന്നെ കണിക്കൊന്നകൾ പൂത്തിരിക്കണം, പിന്നെ ഇപ്പോഴെന്തേ? അതറിയാൻ മറ്റുചിലതുകൂടി അറിയണം.

സൂര്യന്റെ അയനചലനം

അയനവും വിഷുവവും

സൂര്യനെ ചുറ്റുന്ന ഭൂമിയുടെ പരിക്രമണ അക്ഷവും, ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ (ഭ്രമണത്തിന്റെ) അക്ഷവും തമ്മിൽ 23½ ഡിഗ്രി ചരിവുണ്ട്. അതിനാൽ വര്‍ഷത്തിൽ ഓരോ സമയത്തും സൂര്യരശ്മികള്‍ ഭൂമിയിൽ പതിക്കുന്നതിന്റെ ചരിവ് (കോണളവ്) വ്യത്യാസപ്പെട്ടിരിക്കും.

ജൂൺ 21നും ഡിസംബര്‍ 21നും സൂര്യരശ്മികൾ പരമാവധി ചരിഞ്ഞാണ് ഭൂമിയിൽ പതിക്കുന്നത്. ജൂണ്‍ 21ന് ഉദയസമയത്ത് സൂര്യരശ്മികൾ വടക്കുനിന്നും 23½° ചരിഞ്ഞു പതിക്കുന്നതുമൂലം സൂര്യൻ 23½° വടക്കുമാറി ഉദിച്ചതായാണ് കാണാൻ കഴിയുന്നത്. പിന്നീട് ഓരോദിവസവും ഈ ചരിവു കുറഞ്ഞുകുറഞ്ഞു വരികയും സെപ്തംബര്‍ 23നു സൂര്യരശ്മികൾ ഭൂമദ്ധ്യരേഖയ്ക്ക് ലംബമായി പതിക്കുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സൂര്യോദയം നാം നേർ കിഴക്കായി കാണുന്നു. പിന്നീട് സൂര്യരശ്മികളുടെ ചരിവ് തെക്കോട്ടു കൂടിക്കൂടി വരികയും ഡിസംബര്‍ 21ന് പരമാവധിയായ 23½° തെക്ക് എത്തുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സൂര്യോദയം നാം കാണുന്നത് 23½° തെക്കായാണ്. വീണ്ടും സൂര്യന്റെ ഉദയം വടക്കോട്ടു നീങ്ങുകയും മാര്‍ച്ച് 20ന് വീണ്ടും നേര്‍കിഴക്ക് ഉദിക്കുകയും ചെയ്യുന്നു. ഈ ചക്രം വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്നു. സൂര്യൻ വടക്കോട്ടും തെക്കോട്ടും മാറിമാറി സഞ്ചരിക്കുന്നു എന്ന തോന്നലാണ് ഇത് ഉണ്ടാക്കുന്നത്. ഇങ്ങനെ ഉദയസമയത്ത് സൂര്യനുണ്ടാകുന്ന സ്ഥാനമാറ്റത്തെയാണ് അയന ചലനം എന്നു വിളിക്കുന്നത്.

അയനാന്തം

സൂര്യൻ പരമാവധി വടക്ക് എത്തുന്നതിനെ ഉത്തരഅയനാന്തം എന്നും പരമാവധി തെക്ക് എത്തുന്നതിനെ ദക്ഷിണഅയനാന്തം എന്നും വിളിക്കുന്നു. ഉത്തര അയനാന്തത്തിൽ (ജൂണ്‍ 21) ഉത്തരാര്‍ദ്ധഗോളത്തിൽ പകൽ കൂടുതലും രാത്രി കുറവുമായിരിക്കും. ഉത്തരായന കാലത്ത് സൂര്യപ്രകാശം ഉത്തരാര്‍ദ്ധഗോളത്തിൽ ലംബമായി പതിക്കുന്നതുമൂലം അവിടെ ചൂടു കൂടുതലായിരിക്കുകയും വേനൽ അനുഭവപ്പെടുകയും ചെയ്യുന്നു. ദക്ഷിണാര്‍ദ്ധഗോളത്തിൽ മറിച്ചും. ദക്ഷിണ അയനാന്തത്തിൽ (ഡിസംബര്‍ 21) ദക്ഷിണാര്‍ദ്ധഗോളത്തിൽ പകൽ കൂടുതലും രാത്രി കുറവും ആയിരിക്കും. ഉത്തരാർദ്ധഗോളത്തിൽ തിരിച്ചും.

വിഷുവം അഥവാ വിഷു

സൂര്യൻ നേര്‍കിഴക്ക് ഉദിക്കുന്ന ദിവസമാണ് വിഷുവും. അന്ന് പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഭൂമിയിൽ എല്ലായിടത്തും തുല്യമായിരിക്കും. തെക്കുനിന്നും വടക്കോട്ടുള്ള സഞ്ചാരത്തിനിടയിൽ (ഉത്തരായന കാലത്ത്) വരുന്ന വിഷുവം ആണ് മഹാവിഷുവം. ഉത്തരാർത്ഥഗോളത്തിൽ ഇക്കാലത്ത് വസന്തമായതിനാൽ ഇതിനെ വസന്തവിഷുവം എന്നും ഇത് സംഭവിക്കുന്നത് മാര്‍ച്ച് 20ന് ആയതിനാൽ ഇതിനെ മാര്‍ച്ച് വിഷുവം എന്നും വിളിക്കുന്നു. ദക്ഷിണായനത്തിൽ സംഭവിക്കുന്ന വിഷുവമാണ് അപരവിഷുവം. ഇത് സെപ്തംബർ 23ന് ആണ് സംഭവിക്കുന്നത്.

വിഷുവും വര്‍ഷാരംഭവും

ഏകദേശം 2500 വര്‍ഷങ്ങള്‍ക്കു മുമ്പ്, സൂര്യൻ മേടം നക്ഷത്രഗണത്തിന്റെ തുടക്കത്തിൽ (മേഷാദിയിൽ) എത്തുന്ന സമയം ആയിരുന്നു വിഷുവം സംഭവിച്ചിരുന്നത്. അതിനാൽ വര്‍ഷാരംഭമായി വസന്തവിഷുവത്തെ പരിഗണിച്ചിരുന്നു. എ.ഡി. 825-ൽ മലയാളം കലണ്ടര്‍ തയ്യാറാക്കിയപ്പോഴും മേടം 1 തന്നെ വിഷുവദിനമായി പരിഗണിച്ചു. ഇന്നും നാം ഈ ദിവസത്തെ വിഷു ആയി കരുതി ആഘോഷിച്ചുവരുന്നു.

വിഷുവിന്റെ മാറ്റം

പമ്പരം കറങ്ങുമ്പോൾ അതിന്റെ തണ്ടിന് ഒരു ആട്ടമുണ്ടാകാറുണ്ടല്ലോ, അതുപോലെ ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ഒരു ആട്ടം മൂലം (പുരസ്സരണം) വിഷുവസ്ഥാനം ഓരോ 72 വര്‍ഷം കൂടൂമ്പോഴും ഏകദേശം 1‍ ഡിഗ്രി വീതം പടിഞ്ഞാറേക്ക് മാറും. അതായത് വിഷു ഏകദേശം ഒരു ദിവസം പിന്നിലേക്ക് മാറും. അതിനുസരിച്ച് വിഷുവസ്ഥാനവും സമയവും മാറും. അങ്ങനെ മാറിയതിനാൽ നിലവിലെ വിഷുവസ്ഥാനം മേടത്തിന്റെ തുടക്കത്തിൽ നിന്നും മീനത്തിലെത്തി നില്ക്കുകയാണ്. മീനം 7നാണ് ഈ വര്‍ഷത്തെ വസന്തവിഷുവം. എ.ഡി. 2600 ആകുമ്പോഴേക്കും വിഷുവം കുംഭത്തിൽ എത്തും. നക്ഷത്രരാശികളുടെ ആധുനിക സ്ഥാന നിര്‍ണ്ണയപ്രകാരം ബി.സി. 68ൽ ആണ് വിഷുവസ്ഥാനം മീനത്തിൽ എത്തിയത്. ബി.സി. 1866ൽ അത് ഇടവത്തിൽ നിന്നും മേടത്തിലേക്ക് മാറി.

കണിക്കൊന്നയ്ക്ക് കലണ്ടര്‍ നോക്കേണ്ട

ഏകദേശം 2500 വർഷങ്ങള്‍ക്കു മുമ്പ് മേഷാദിയിൽ ആയിരുന്നു വിഷുവം എന്ന് പറ‍ഞ്ഞല്ലോ. അതിനാൽ മേടം 1ന് വിഷു വരുന്ന രീതിയിൽ ആണ് കൊല്ലവര്‍ഷ കലണ്ടര്‍ തയ്യാറാക്കിയത്. കലണ്ടര്‍ തയ്യാറാക്കുന്നസമയത്ത് വിഷുവമാറ്റം പരിഗണിക്കാതിരുന്നതോ, അഥവാ പുരസ്സരണം എന്ന പ്രതിഭാസം നമുക്ക് മനസ്സിലാകാതിരുന്നതോ ആകണം മേടം 1 തന്നെ വിഷുവമായി കൊല്ലവര്‍ഷ കലണ്ടറിൽ നിശ്ചയിക്കാൻ കാരണം. പിന്നീടു വന്നവരാരും തന്നെ കലണ്ടര്‍ പരിഷ്കരിക്കാൻ താല്പര്യം കാട്ടിയതുമില്ല. എന്തായാലും മീനം 7ന്റെ വിഷു നാമിപ്പോഴും മേടം 1ന് ആഘോഷിക്കുന്നു. എന്നാൽ വിഷു കൃത്യമായി ആഘോഷിക്കുന്ന ഒരു കൂട്ടരുണ്ട്, നമ്മുടെ കണിക്കൊന്ന. അത് കൃത്യം മീനമാസം തന്നെ പൂത്തുലയുന്നത് നാം കാണാറുള്ളതാണല്ലോ.

വിഷു ആയോ എന്നറിയാൻ കണിക്കൊന്നയ്ക്ക് കലണ്ടര്‍ നോക്കേണ്ടല്ലോ.

മാതൃകയായ
കാശ്മീർ,യാത്ര,ലേഖനം,ശാസ്ത്രം

ഹിമാലയത്തിലെ ചെട്ടിപ്പൂവ്

“മനോഹരമായ പൂക്കളുള്ള ചെടിയുടെ ഫോട്ടോ കണ്ടല്ലോ. ഇത് ആമ്പലോ,താമരയോ?”

“താമരയല്ല, ആ പൂവ് കണ്ടില്ലേ, താമരപ്പൂവിന്റെ ദളങ്ങള്‍ ഇങ്ങനെയല്ല .. താമരയിലയുടെ അരികുകളിൽ ഇങ്ങനെ ഞുറിവുകൾ കാണില്ലല്ലോ, അപ്പോ ഇത് ആമ്പൽ തന്നെ. ഒരു പക്ഷേ ഇത് സാധാരണ ആമ്പലായിരിക്കില്ല, പാടങ്ങളിലൊക്കെ കാണുന്ന തരത്തിലുള്ള നെയ്തലാമ്പലായിരിക്കും.”

“എന്നാലേ, ഇത് ആമ്പലുമല്ല, താമരയും അല്ല, വളരുന്നത് പാടത്തുമല്ല.”

“അല്ലേ?”

“അല്ല.“

“പിന്നെ?”

“ഇത് ഒരുതരം ചെട്ടിപ്പൂവാണ്. ജമന്തി എന്നും പറയാം.”

“ചെട്ടിപ്പൂവോ? ജമന്തിയോ? പന്നേ… കളിപ്പിക്കല്ലേ … ഇത് ആമ്പൽ തന്നെ.”

“ശരിക്കും ഇത് ഒരുതരം ചെട്ടിപ്പൂവുതന്നെയാണ്. ഇംഗ്ലീഷിൽ Marsh Marigold എന്നാണ് വിളിക്കുന്നത്. വേണമെങ്കിൽ നമുക്ക് കുളച്ചെട്ടി എന്നോ മറ്റോ വിളിക്കാം. ഇത് പലനിറത്തിൽ കാണാറുണ്ട്. മഞ്ഞനിറത്തിലുള്ളവയാണ് കൂടുതലും. 2000 മുതൽ 3500 വരെ മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ ഹിമാലയത്തിലും പിന്നെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മലനിരകളിലും മാത്രം കാണപ്പെടുന്നവയാണ് ചിത്രത്തിൽ കണ്ട വെള്ള പൂക്കളോടുകൂടി ചെടികൾ.”

“ഹമ്പട, അപ്പോ ഇത് എവിടെനിന്നുള്ളതാണ്?”

“ഇത് കാശ്മീരിലെ ഗാന്ദ‍ർബൽ ജില്ലയിലെ ഹിമാലയ നിരകളിൽനിന്നും എടുത്ത ഫോട്ടോയാണ്.”

“ഇതുകണ്ടാൽ ആമ്പൽ പോലെ തന്നെയുണ്ടല്ലോ. അപ്പോൾ ഇതിന് ആമ്പലുമായി എന്തു വ്യത്യാസമാണ് ഉള്ളത്?”

“ആമ്പലും കുളച്ചെട്ടിയും ജലജന്യമായ സസ്യങ്ങളാണ്. അതിനാലാകാം ഇവരണ്ടിനും വെള്ളത്തെ അതിജീവിക്കാനും വെള്ളത്തിൽ വളരാനുമുള്ള അനുകൂലനങ്ങള്‍ കാഴ്ചയിൽ ഒരുപോലെ ഉള്ളത്. ആമ്പൽ നിംഫേസീ കുടുംബത്തിൽ പെട്ട സസ്യമാണ്. കുളച്ചെട്ടി റാണുൺകുലേസീ എന്ന കുടുംബത്തിൽ പെട്ടതും. ഇതിൽ കൂടുതൽ അറിയണമെങ്കിൽ, സോറീ മക്കളേ, പോയി ടിച്ചറോട് ചോദിച്ചുനോക്കൂ …”

മാതൃകയായ
ലേഖനം,ശാസ്ത്രം

ജീവൻ ശരീരത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?

എല്ലാത്തിനും ശാസ്ത്രീയതെളിവുകൾ വേണമെന്ന് പറയുന്ന ഭൗദീകവാദികളോടും ചോദിക്കുന്നു ജീവൻ ശരീരത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?തെളിവ് തരാമോ?

സോഷ്യൽ മീഡിയയിൽ വന്ന ഒരു ചോദ്യമാണ്. ഇതേ തുടര്‍ന്ന് ശാസ്ത്രവാദികളും ശാസ്ത്രവിരോധികളും ഇരുപക്ഷത്തുനിന്നും വാദങ്ങളുമായി രംഗത്തെത്തി. പൊതുവിൽ, ശാസ്ത്രവാദികള്‍ക്കാര്‍ക്കും തൃപ്തികരമായ ഒരു ഉത്തരം നൽകാൻ സാധിച്ചില്ല.

യഥാര്‍ത്ഥത്തിൽ ഈ ചോദ്യത്തിന് ഉത്തരം പറയാൻ ചില പരിമിതികള്‍ ഉണ്ട്. അത് ചോദ്യത്തിന്റെ അഥവാ ചോദ്യകര്‍ത്താവ് പ്രതീക്ഷിക്കുന്ന ഉത്തരത്തിന്റെ പരിമിതിയാണു കാരണം ചോദ്യം തെറ്റാണ്, തെറ്റായ ചോദ്യത്തിനു ശരിയായ ഉത്തരം നൽകാൻ സാധ്യല്ല. എന്നാൽ അതുകൊണ്ട് ചോദ്യകർത്താവ് അറിവില്ലാത്തയാളാണ് എന്ന് അർത്ഥമില്ല. സമൂഹത്തിന്റെ ഒരു പൊതുബോധത്തിൽ നിന്നുകൊണ്ടാണ് ചോദ്യം ഉണ്ടായിട്ടുള്ളത്. 

എന്താണ് കൃത്യമായ ഉത്തരം പറയാതെ ഒളിച്ചുകളിക്കുന്നത്?

ഉത്തരത്തിൽ എത്തുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കാം.

 1. ജീവൻ, ആത്മാവ്, പ്രാണൻ എന്നെല്ലാം അർത്ഥമാക്കുന്നതും ഇംഗ്ലീഷിൽ Soul എന്നു വിളിക്കുന്നതുമായ ഒന്ന് നമ്മുടെ ശരീരത്തിൽ ഉള്ളതുകൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത് എന്നാണ് പുരാതന കാലം മുതൽ മനുഷ്യൻ ചിന്തിച്ചിരുന്നത്. ഒരാൾ മരണപ്പെടുമ്പോൾ ഇപ്പറയുന്ന പ്രാണൻ (ജീവൻ) ശരീരത്തിൽ നിന്നും പൂറത്തുപോകുന്നു എന്നും കരുതിയിരുന്നു. (ഇത് വായു പോലെ ഒന്നാണെന്നാണ് പലരും കരുതുന്നത്. ഒരാൾ മരിച്ചാൽ കാറ്റുപോയി എന്ന് പറയുന്ന രീതി ഇന്നും ഉണ്ടല്ലോ.) ഈ ജീവന്/ആത്മാവിന് പിന്നീട് മറ്റൊരു ശരീരം ധരിക്കാനോ, അഥവാ ശരീരമില്ലാതെ തന്നെ അനാദി കാലം നിലനില്ക്കാനോ സാധിക്കും എന്ന് വിശ്വസിക്കുന്നവർ ഇന്നും ധാരാളമുണ്ട്. ഈ പൊതുബോധത്തിൽ നിന്നാണ് മേൽ പറഞ്ഞ ചോദ്യം ഉണ്ടായിട്ടുള്ളത്. സമൂഹത്തിന്റെ പൊതു ധാരണ ഇതായിരിക്കെ, ചോദ്യം ചോദിച്ചയാളെ കുറ്റപ്പെടുത്തേണ്ടതില്ല.
 2. പ്രാണൻ ഏതാണ്ട് നെഞ്ച് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത് എന്ന് പൊതുവെ വിശ്വസിക്കുന്നു. ഭയം, സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പ് വ്യത്യാസപ്പെടുന്നതും ശ്വാസഗതി ഉയരുന്നതും ഇങ്ങനെ ചിന്തിക്കാൻ കാരണമായിരിക്കാം. ഞാൻ എന്നുപറയുമ്പോൾ എല്ലാവരും നെഞ്ചത്ത് കൈ വയ്ക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പ്രിയപ്പെട്ടവരെ നമ്മൾ എന്റെ ചങ്കേ, കരളേ എന്നെല്ലാമാണല്ലോ വിളിക്കുന്നത്. നീ എന്റെ ജീവനാണ് എന്നു പറയുമ്പോഴും, ആ ജീവൻ നെഞ്ചിലാണെന്ന് നമ്മൾ അനുമാനിക്കുന്നു. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനം ഓർമ്മയില്ലേ? ഒരാൾ മരണപ്പെടുമ്പോൾ ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ നിലക്കുന്നത് ഈ ധാരണക്ക് ബലം പകരുന്നു.
 3. അപ്പോൾ ജീവൻ അഥവാ പ്രാണൻ നെഞ്ചിൽ തന്നെ ആയിരിക്കേണ്ടേ? അതിന് ശാസ്ത്രം മറുപടി പറയാത്തത് എന്തുകൊണ്ട്? – ഇതാണ് ചോദ്യത്തിന്റെ ധ്വനി. പ്രാണൻ എന്ന ‘ഒരൊറ്റ വസ്തു‘ ഇല്ല എന്നതാണ് ഉത്തരം പറയാൻ പ്രയാസമുണ്ടാക്കുന്ന കാര്യം. ജീവൻ എന്ന ‘ഒരൊറ്റ അസ്തിത്വം‘ ഇല്ല. അതിനാൽ അത് ഒരു പ്രത്യേക സ്ഥാനത്തായി നിലനില്ക്കുന്നില്ല. 

ജീവൻ എന്നൊന്ന് ഇല്ല എന്നാണോ പറഞ്ഞുവരുന്നത്? 

അതെ, ജീവൻ എന്ന ‘ഒന്ന്‘ ഇല്ല. അത് ഒരുകൂട്ടം സവിശേഷതകളുടെ ആകെ തുകയാണ്. ജീവന് ഭൗതികമോ ഭൗതികേതരമോ ആയ ‘ഒറ്റ അസ്തിത്വം‘ ഇല്ല.

ഒരുദാഹരണം പറയാം. നിങ്ങളുടെ കുടുംബം എവിടെയാണ് താമസം – വീട്ടിലാണ്. വീട്ടിൽ ഏത് ഭാഗത്താണ് കുടുംബം ഇരിക്കുന്നത്? ഉത്തരം പറയാൻ കഴിയുമോ? മാതാപിതാക്കളും കുട്ടികളും ഒക്കെ ഒന്നിച്ചു താമസിക്കുന്ന ഒരു വ്യവസ്ഥയാണ് കുടുംബം എന്നത്. അതിന്റെ ആസ്ഥാനം വീടാണ്. എന്നിരുന്നാലും കുടുംബം എന്ന ഒരു വസ്തു ഇല്ല. കുടുംബത്തിന് വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കുത്തിയിരിക്കാൻ കഴിയില്ല.

അപ്പോൾ പിന്നെ എന്താണ് ജീവൻ?

ജീവൻ എന്ന പദത്തിന് കൃത്യമായ നിർവചനം നൽകുക പ്രയാസമാണ്. ഒരു ജീവിയിൽ നടക്കുന്ന സംയോജന പ്രവർത്തനങ്ങളാണ് ഉപചയം (ഉദാ: മാംസ്യസംശ്ലേഷണം,പ്രകാശ സംശ്ലേഷണം). ഒരു ജീവിയിൽ നടക്കുന്ന വിഘടന പ്രവർത്തനങ്ങളാണ് അപചയം (ഉദാ: ശ്വസനം). ഇവ രണ്ടും കൂടി ചേർന്ന പ്രവർത്തനങ്ങളെ ഉപാപചയം എന്നു പറയുന്നു. ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ്. ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്ന വസ്തുക്കളെല്ലാം ജീവികളാണ്.

ഒരു ജീവിയെ മറ്റുള്ള ഭൗതിക വസ്തുക്കളിൽ നിന്നും വേര്‍തിരിക്കുന്ന സവിശേഷതകളുടെ ആകെ തുകയാണ് ജീവൻ. എന്തൊക്കെയാണ് ഈ സവിശേഷതകൾ?

 1. കോശനിർമ്മിതമായ ഘടന
 2. പ്രജനനം
 3. ഉപാപചയ പ്രവർത്തനങ്ങൾ
 4. സമസ്ഥിതിപാലനം
 5. പാരമ്പര്യം
 6. പ്രതികരണം
 7. വളർച്ചയും വികാസവും
 8. പരിണാമം വഴി ലഭിക്കുന്ന അനുകൂലനം

ഈ സവിശേഷതകളെല്ലാം ഒരു ഭൗതിക വസ്തുവിൽ ഒത്തുചേരുമ്പോൾ അതിനെ ഒരു ജീവി എന്നു നാം വിളിക്കുന്നു. അഥവാ, മറ്റു് ഭൗതിക വസ്തുക്കളിൽ നിന്നും ഒരു ജീവിയെ വ്യത്യാസപ്പെടുത്തുന്ന സവിഷേഷതകളുടെ ആകെ തുകയാണ് ജീവൻ. ശ്രദ്ധിക്കേണ്ട കാര്യം ‘സവിശേഷതകളുടെ ആകെ തുക‘ എന്നതാണ്. അല്ലാതെ ശരീരത്തിനുള്ളിൽ ഏതെങ്കിലും ഭാഗത്തു സ്ഥിതിചെയ്യുന്നതും ഇന്ദ്രിയഗോചരമല്ലാത്തതുമായ എന്തോ ഒന്നാണ് ജീവൻ എന്നല്ല.

ജീവൻ എവിടെയും നിലനില്ക്കുന്നില്ലേ?

ഒരു ജീവിയുടെ ശരീരത്തിൽ ആകമാനം അതിന്റെ ജീവൻ നിറഞ്ഞിരിക്കുന്നു. ഓരോ കോശത്തിനും ജീവനുണ്ട്. (ജീവനില്ലാത്ത കോശങ്ങളും ശരീരത്തിലുണ്ട്.) കോശത്തിനുള്ളിൽ തന്നെ ധാരാളം ചെറിയ അവയവങ്ങളുണ്ട് (കോശാംഗങ്ങൾ). അവയ്ക്കുും ജീവനുണ്ട്. അതിനപ്പുറം പ്രാണൻ എന്നൊരു വസ്തുവില്ല.

ഒരു ജീവിയിൽ തന്നെ മറ്റു ജീവികളുണ്ട്. ഉദാഹരണത്തിന് മനുഷ്യന്റെ ദഹനവ്യവസ്ഥയിൽ എത്രയോ സൂക്ഷ്മ ജീവികള്‍ പങ്കാളികളാണ്. അവയെല്ലാം നമ്മുടെ ജീവന്റെ ഭാഗമാണോ? നാം അബദ്ധത്തിൽ ഒരു കല്ലു വിഴുങ്ങിയാൽ, ശരീരത്തിൽ ആ കല്ല് ഉള്‍ക്കൊള്ളുന്ന സ്ഥലം ജീവനുള്ളതാകുമോ? ഇങ്ങനെ കൗതുകകരമായ ചോദ്യങ്ങള്‍ ചോദിക്കാനാകും.

ഇതിനൊക്കെ തെളിവെന്ത്?

 1. ഏതൊരു ജീവകോശത്തിൽ നിന്നും പുതിയ കോശങ്ങളെ വളര്‍ത്തിയെടുക്കാൻ സാധിക്കും. ഒരൊറ്റ കോശത്തിൽ നിന്നുപോലും പുതിയ ജീവിയെ സൃഷ്ടിക്കാൻ സാധിക്കും എന്ന് ക്ലോണിംഗിലൂടെ തെളിയിച്ചിട്ടുണ്ട്.
 2. വ്യക്തിയുടെ മരണ ശേഷം പോലും അവയവങ്ങൾ ജീവിച്ചിരിക്കുന്നു. അവ മറ്റു വ്യക്തികള്‍ക്ക് മാറ്റി വയ്ക്കാറുണ്ട്.
 3. മസ്തിഷ്ക മരണം ബാധിച്ച വ്യക്തിയുടെ ശരീരം യന്ത്രങ്ങളുടെ സഹായത്താൽ ജീവനോടെ നിലനിര്‍ത്താൻ സാധിക്കും.
 4. ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവയവങ്ങള്‍ ജീവനോടെ ഇരിക്കുന്നതിനാലാണ് അവയെ പിന്നീട് മറ്റൊരാൾക്ക് മാറ്റിവയ്ക്കാനാവുന്നത്. പ്രാണൻ ഏതെങ്കിലും ഒരു സ്ഥലത്തായിരുന്നെങ്കിൽ മറ്റുള്ള അവയവങ്ങള്‍ വേര്‍പെടുത്തുന്ന മാത്രയിൽ ജീവനറ്റുപോകേണ്ടതാണ്.

ഗണപതിയുടെ പ്രാണൻ ഉടലിലായിരുന്നോ തലയിലായിരുന്നോ?

പ്രാണൻ ഉടലിലാണ് കുടികൊള്ളുന്നതെന്ന പ്രാചീന വിശ്വാസത്തെ വെളിപ്പെടുത്തുന്നതാണ് ഗണപതിയുമായി ബന്ധപ്പെട്ട ഐതീഹ്യം. ബാലകനായ ഗണപതിയുടെ തല നഷ്ടപ്പെട്ടപ്പോൾ ജീവിപ്പിക്കാനായി ആനയുടെ തല ഉടലിൽ പ്രതിഷ്ഠിച്ചു എന്നാണ് കഥ. ഓർമ്മയും ചിന്തകളും ഒക്കെ തലയിലാണ് സ്ഥിതിചെയ്യുന്നത് എന്ന ധാരണയില്ലാതിരുന്ന കാലത്ത് പ്രചരിച്ച കഥയാകാം ഇത്. ആനയുടെ തല ഏത് ഉടലിൽ വച്ചാലും ആ ജീവിക്ക് ആനയുടെ ബുദ്ധിയും ഓർമ്മയുമല്ലേ ലഭിക്കൂ… അതേ പ്രാചീന ചിന്തയുടെ തുടര്‍ച്ചയാണ് പ്രാണൻ എന്ന ചിന്ത.

മാതൃകയായ
ശാസ്ത്രം

മൊബൈൽ ഫോൺ റേഡിയേഷനും തളരുന്ന ശരീരവും …

അഭ്യര്‍ത്ഥന: ആദ്യം ദയവായി വീഡിയോ മുഴുവൻ കാണണം.

ഈ വീഡിയോ എനിക്ക് ഷെയ‍ർചെയ്യപ്പെട്ട് കിട്ടിയതാണ്. പലരും ചോദിച്ചത് ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ്. അതായത് ഇതു സംഭവിക്കും എന്നുതന്നെ എറെപ്പേരും വിശ്വസിക്കുന്നു. അതിന്റെ കാരണം മാത്രം അറിഞ്ഞാൽ മതി.

ഏതൊരാളെയും പോലെ അത്ഭുതത്തോടുതന്നെയാണ് ഞാനും വീഡിയോ കണ്ടത്. എന്നാൽ വീഡിയോ കണ്ടശേഷം ഞാൻ മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിച്ചു.

 1. ഈ പരീക്ഷണം ശരിയാണെങ്കിൽ സദസ്സിലെ മറ്റുള്ളവരിലും അതെ ഫലം ഉണ്ടാകണം. എന്നാൽ മറ്റുള്ളവരിൽ പരീക്ഷണം ആവര്‍ത്തിച്ചതു കണ്ടില്ല.
 2. മൊബൈൽ ഫോണിന്റെ അപകടം സദസ്സിനെ ബോധ്യപ്പെടുത്തുകയാണ് കോട്ടിട്ട ചേട്ടന്റെ ലക്ഷ്യം. ഫോൺ റേഡിയേഷൻ ഏല്‍ക്കുന്നതുവഴി ശരീരത്തിലെ ഊര്‍ജ്ജം (energy) നഷ്ടപ്പെടുന്നു എന്നാണ്  ചേട്ടൻ അവകാശപ്പെട്ടത്.  ഫോണ്‍ കയ്യിലുള്ള ആള്‍ക്ക് സമ്പര്‍ക്കം (conduction-ചാലകത) വഴിയോ വികിരണം (Radiation) വഴിയോ ആണ് ഫോണിന്റെ ഈ പറയുന്ന റേഡിയേഷൻ ശരീരത്തില്‍ എത്താൻ കഴിയുന്നത്. കോട്ടിട്ട ചേട്ടനും ഫോണിനു വളരെ സമീപമാണ് നിൽക്കുന്നത്. വികിരണം അയാളെയും ബാധിക്കും. അയാൾ ഫോണുള്ളയാളെ തൊട്ടുകൊണ്ടാണ് പരീക്ഷണം നടത്തുന്നത്. അങ്ങനെയെങ്കിൽ ഫോണുള്ളയാളെ തൊടുന്നയാൾക്കും ചാലകത വഴി റേഡിയേഷൻ പകരണമല്ലോ. അതായത് ചാലകത, വികിരണം എന്നിവമൂലം കോട്ടിട്ടയാളിലും ഫോണിന്റെ റേഡിയേഷൻ പ്രഭാവം ഉണ്ടാകണം. ചുരുക്കത്തിൽ കോട്ടിട്ട ചേട്ടനും ബലക്ഷയം ഉണ്ടാകേണ്ടതാണ്. ഇവിടെ അതുണ്ടായില്ല.
 3. ഈ പരീക്ഷണം ശരിയാണെങ്കിൽ നമ്മളിലും ഇതേ പ്രഭാവം ഉണ്ടാകണം. ഫോണുമായി സഞ്ചരിക്കുന്ന ഒരാൾക്ക് സൈക്കിൾ ചവിട്ടുക, മലകയറുക, ഭാരം തൂക്കിനടക്കുക തുടങ്ങി അദ്ധ്വാനം ആവശ്യമായ പ്രവൃത്തികള്‍ ചെയ്യാൻ കഴിയാതെ ആകേണ്ടതല്ലേ?

ഇതുകൊണ്ടൊന്നും തൃപ്തിവരാഞ്ഞ ഞാൻ ഫോൺ പോക്കറ്റിലിട്ടുകൊണ്ട് പുഷ്-അപ്പ് ചെയ്തുനോക്കി. ഫോണില്ലാതെ ചെയ്യുന്ന അത്രതന്നെ പുഷ്-അപ്പ് ഫോണ്‍ പോക്കറ്റിലിട്ടും ചെയ്യാൻ കഴിയുന്നുണ്ട്! ഓഫീസിലെത്തിയപ്പോൾ അവിടെയും ഇത് ചര്‍ച്ചയാണ്. ഫോൺ പോക്കറ്റിലിട്ട് ഞാൻ സൂഹൃത്തിനോട് എന്റെ കൈ വീഡിയോയിൽ കാണുന്നതുപോലെ താഴ്ത്താൻ ആവശ്യപ്പെട്ടു. വ്യത്യാസം ഒന്നും ഉണ്ടായില്ല.

അപ്പോഴും സംശയം ബാക്കിയായി . . കോട്ടിട്ട ചേട്ടന് ഇത് എങ്ങനെ സാധിച്ചു?

ഉത്തരം നിസ്സാരമാണ്. പറ്റിച്ചതാണ് സുഹൃത്തേ….. ഇതുപോലെ എത്രയോ ആളുകള്‍ നമ്മളെ പറ്റിച്ചു ജീവിക്കുന്നു. കോടീശ്വരൻമാരായ സന്യാസി/സന്യാസിനി/ആത്മീയ വായാപാരികൾ മാജിക് കാണിച്ചും വ്യാജ ചികിത്സകരായ വടക്കഞ്ചേരി മുതലുള്ളവര്‍ പ്രകൃതി/മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞും നമ്മളെ പറ്റിക്കുന്നു. കോട്ടിട്ട ചേട്ടനും കൂട്ടുകാരനും കൂടി വയറ്റിപ്പിഴപ്പിനായി നമ്മളെ പറ്റിക്കുന്നു. സോ സിമ്പിൾ!

മാതൃകയായ
ശാസ്ത്രം

2019 ജൂണിലെ ആകാശം


ലൂക്ക ഓൺലൈൻ സയൻസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്


മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും.

Continue reading
മാതൃകയായ