കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍.

വിശപ്പ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ലോകമാകെ ഓര്‍മ്മിക്കപ്പെടുന്ന പേര് ജീന്‍വാല്‍ ജീനിന്റേതായിരിക്കും. (ഷോങ്വെല് ഷ്യോന് എന്ന് ഫ്രഞ്ച് ഉച്ഛാരണം) സഹോദരിയുടെ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചതിനു തടവിലാവുകയും പിന്നീട് മാനസാന്തരപ്പെട്ട് മറ്റൊരു ജീവിതം നയിക്കുകയും ഒരു നഗരത്തിന്റെ പിതാവും പരിവര്‍ത്തകനും ഫാക്ടറി ഉടമയും സര്‍വ്വോപരി മനുഷ്യ സ്നേഹത്തിന്റെ മകുടോദാഹരണവും ആയിത്തീര്‍ന്ന, ഒടുവില്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ജീന്‍ വാല് ജീന്‍.
വിശപ്പ് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിനെ വേട്ടയാടുന്ന ഒരു ബാല്യകാല ചിത്രമുണ്ട്. വിശപ്പ് സഹിക്കാതെ ഉച്ചനേരത്ത് ഉപ്പ് കട്ട് തിന്നിരുന്ന കൂട്ടുകാരന്റേതാണ്.
ഞാന്‍ പഠിച്ച മണ്‍റോതുരുത്ത് ശങ്കുരുത്തില് വി.എസ്.യു.പി. സ്കൂളിലെ സഹപാഠിയും എന്റെ അയല്ക്കാരനുമായിരുന്ന ശിവ (അവനെ അങ്ങനെ വിളിക്കാം). ഒരു ദിവസം സ്കൂളിനടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന് കയ്യിലെ ചെറിയ പൊതിയില്‍ നിന്നും എന്തോ ഒളിച്ചുകഴിക്കുന്ന ശിവയെ ഞാന്‍ കണ്ടുപിടിച്ചു. നാരങ്ങാ മിഠായിയോ, ഉപ്പിലിട്ട മാങ്ങയോ, ചാമ്പങ്ങയോ മറ്റോ ആകും എന്നാണ് ഞാന്‍ കരുതിയത്. കൂട്ടൂകാര്‍ക്ക് കൊടുക്കാതെ ഒറ്റയ്ക്ക് കഴിക്കാനുള്ള സൂത്രം. എത്ര നിര്‍ബന്ധിച്ചിട്ടും പൊതിയിലെന്താണെന്ന് അവന് പറഞ്ഞില്ല. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അവന് പൊതിയഴിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. ഒരു പൊതി കല്ലുപ്പ് … അവന് കല്ലുപ്പ് തിന്നുകയാണ്!
അന്നൊക്കെ ആളുകള്‍ പണം കൊടുത്ത് ഉപ്പ് വാങ്ങാറില്ലായിരുന്നു. എല്ലാ പലവ്യഞ്ജന കടകളുടേയും മുന്നില്‍ ഒരു മരപ്പെട്ടിയില്‍ പരലുപ്പ് വച്ചിരിക്കും. സാധനം വാങ്ങുന്നവര്‍ക്ക് ആവശ്യമുള്ള ഉപ്പ് സൗജന്യമായി എടുക്കാം. ഈ മരപ്പെട്ടി പൂട്ടി വയ്ക്കാറില്ല, ശിവ അവിടെ നിന്നും ഉപ്പ് മോഷ്ടിച്ചു കൊണ്ടുവന്ന് തിന്നുകയാണ്. (അന്ന് യു.പി. സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി ഉണ്ടിയിരുന്നില്ല.)
“ഉച്ചയാകുമ്പോള്‍ വയറ് കത്തും. ഉപ്പ് തിന്ന് കുറച്ച് പൈപ്പ് വെള്ളവും കുടിച്ചാല്‍ നല്ല ആശ്വാസം കിട്ടും. നീ തിന്നു നോക്കിയേ…”
അവന് ഒരു പിടി ഉപ്പ് എന്റെ കയ്യില്‍ വച്ചു തന്നു. ഞാനത് വായിലിട്ട് അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞു.
നീറുന്ന ഒരോര്‍മ്മയാണ് ആ കൂട്ടുകാരന് ….
ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല – ഒരു അതുല്യമാതൃക
ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു: ‘വിശപ്പ് ഒരു വികാരമാണ്’. ഒരു പക്ഷേ, മറ്റെല്ലാത്തിനും മേല്‍ സ്ഥായിയായ വികാരം. അതിനുമുന്നില്‍ നമ്മള് ശരിതെറ്റുകളും വിവേകവും ഒക്കെ നഷ്ടപ്പെടുത്തിയെന്ന് വരും. ഒരു മുഴു ഭ്രാന്തന് പോലും വിശപ്പെന്ന വികാരം തിരിച്ചറിയും.
കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍. കൗണ്ടറില്‍ ഒരു ബോക്സ് ഉണ്ടാവും. ഉള്ളറിഞ്ഞ് ഇഷ്ടമുള്ളത് ഇടാം. ഒന്നും ഇടാന്‍ വകയില്ലാത്തവര്‍ക്കും നിറഞ്ഞ സംതൃപ്തിയോടെ സന്തോഷത്തോടെ മടങ്ങാം. ഈ നിലയിലാവും ഭക്ഷണശാല പ്രവര്‍ത്തിക്കുക. ഓരോരുത്തർക്കും അവരുടെ ആവശ്യത്തിന് കഴിക്കുക, ഓരോരുത്തരും അവരുടെ കഴിവ് അനുസരിച്ച് നൽകുക എന്നതാണ് ആദര്‍ശം. ഇനി ഇങ്ങനെ ലഭിക്കുന്ന പണം മിച്ചമുണ്ടെങ്കില്‍, അത് ചുറ്റുമുള്ള പഞ്ചായത്തുകളിലെ അശരണര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഉപയോഗിക്കും.

ആലപ്പുഴയിലെ സന്നദ്ധ സംഘമായ സ്നേഹജാലകമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. മാർച്ച് 3 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ഭക്ഷണശാല തുറന്നു. ഈ ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാണ് ഭക്ഷണശാലയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും പങ്കാളികളായി.
2000- ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഐ ആര് ടി സി യുടെ സഹായത്തോടെ ഏറ്റവും കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും 6 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും, ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ് സംവിധാനവുമുണ്ട്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഈ സജ്ജീകരണങ്ങൾക്കുള്ള പണം കണ്ടെത്തിയത്.

ഭക്ഷണശാലയുടെ ചുവരുകളിൽ പാതിരപ്പള്ളി ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര് വരച്ച രേഖാചിത്രങ്ങളാണ്. സ്നേഹജാലകം പ്രവര്ത്തകന് കൂടിയായ സവിന്ചന്ദ്രയാണ് ഭക്ഷണശാലയുടെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വ്വഹിച്ചിട്ടുള്ളത്.
സ്നേഹജാലകം പ്രവര്‍ത്തകന്‍കൂടിയായ എ. രാജു, വെളിയില്‍ ആണ് ഭക്ഷണശാല നിര്‍മ്മിക്കുന്നതിനായി ദേശീയപാതയോരത്ത് സ്ഥലം വിട്ടുനല്‍കിയത്. ഭക്ഷണശാലയോട് ചേര്‍ന്ന് സജീവന് എന്നയാള്‍ തന്റെ രണ്ടരയേക്കര്‍ പുരയിടം ഭക്ഷണശാലയ്ക്കാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി വിട്ടുനല്‍കി. ഇവിടെ ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനും ഉള്ള സൗകര്യവുമുണ്ട്.

പ്രദേശത്തെ വീടുകളിലെ ആഘോഷങ്ങളിലും സ്മരണദിനങ്ങളിലും ഭക്ഷണം സ്പോണ്സര് ചെയ്യുന്നതിനുള്ള സന്നദ്ധതാഫോറം പൂരിപ്പിച്ചുവാങ്ങി ആ പണം സമാഹരിച്ച് ഭക്ഷണശാലയുടെ ദൈനംദിന പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുമെന്നാണ് ഇതിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനകംതന്നെ സ്നേഹജാലകം പ്രദേശത്തെ 10 വാര്‍ഡുകളില്‍നിന്നായി ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്താറായിരം രൂപയ്ക്കുള്ള 1576 സന്നദ്ധതാഫോറം ഫെബ്രുവരി 4 ന് വാര്‍ഡുകളില്‍ ചെന്ന് നേരിട്ട് ഏറ്റുവാങ്ങിക്കഴിഞ്ഞു.
സ്നേഹജാലകം – ആലപ്പുഴയിലെ സാന്ത്വനപരിചരണ പദ്ധതി
സാന്ത്വന പരിചരണരംഗത്ത് ആലപ്പുഴയില്‍ നടന്നുവരുന്ന വേറിട്ട ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സ്നേഹജാലകമാണ്. രോഗനിര്ണ്ണയരംഗത്തെ കഴുത്തറുപ്പന്‍ പ്രവണതകളെ പ്രതിരോധിക്കാന്‍ മൂന്നിലൊന്ന് ഫീസ് മാത്രം സ്വീകരിച്ചുകൊണ്ട് 4 വര്ഷംമുന്പ് ചെട്ടികാട് ആശുപത്രിക്ക് സമീപം സ്നേഹജാലകം ‘ജനകീയ ലബോറട്ടറി’ ആരംഭിച്ചു. ഇപ്പോൾ പി. കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണഞ്ചേരിയിലും എസ്. ദാമോദരന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോമളപുരത്തും ജനകീയ ലാബുകളുണ്ട്.
സ്നേഹജാലകം ഒരു വർഷത്തിനു മുമ്പാണ് വിശപ്പുരഹിത ഗ്രാമം പരിപാടിയ്ക്കു തുടക്കം കുറിച്ചത്. തുടർന്ന് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു. കഴിഞ്ഞ 3 മാസമായി മണ്ണഞ്ചേരി പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ അടുക്കളയില്‍നിന്നും മാരാരിക്കുളം തെക്ക്, മുഹമ്മ, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലായി 400 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.
ജനകീയ ഭക്ഷണശാല ആരംഭിക്കുന്നതോടെ ആലപ്പുഴ പട്ടണത്തിലെയും മാരാരിക്കുളം തെക്ക്-വടക്ക് ഗ്രാമപഞ്ചായത്തുകളിലെയും ഭക്ഷണം കഴിക്കാന്‍ നിര്‍വ്വാഹമില്ലാത്ത 400 വീടുകളില്‍ ജനകീയ ഭക്ഷണശാലയില്‍നിന്ന് ആഹാരം എത്തിച്ചുനല്കാന് കഴിയും. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ അഗതികളായ പാലിയേറ്റീവ് രോഗികളും ഇതില്‍ ഉള്‍പ്പെടും. കേവലം ഭക്ഷണം കിടപ്പുരോഗികൾക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, ഭക്ഷണം എത്തിച്ചുകൊടുക്കുന്നവർ മുഖേന രോഗവിവരങ്ങൾ മൊബൈൽ ആപ്പുവഴി ഡോക്ടർക്ക് എത്തിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിയേറ്റീവ് സംഘടനയുടെ പ്രവർത്തകർ നടപ്പാക്കുകയും ചെയ്യും. ഭക്ഷണം എത്തിക്കുന്നത് സമഗ്ര സാന്ത്വനപരിചരണത്തിന്റെ ഭാഗമായിട്ടാണ്.

അടുത്ത ദിവസങ്ങളിൽ ഇതുപോലുള്ള ഭക്ഷണശാലകൾ മാരാരിക്കുളത്ത് മറ്റു ചില കേന്ദ്രങ്ങളിലും ആലപ്പുഴ പട്ടണത്തിലും ആരംഭിക്കാനാവും. 2010ലെ ബജറ്റു മുതൽ വിശപ്പുരഹിത പദ്ധതി പലവട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതാദ്യമായി പ്രായോഗികതലത്തിൽ ആവിഷ്കരിക്കപ്പെടുന്നത് ആലപ്പുഴയിലാണ്. മണ്ഡലത്തിലെ എം.എല്‍.എ. കൂടിയായ ഡോ. തോമസ് ഐസക് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തണലായി കൂടെയുണ്ട്. ഈ മാതൃക കേരളമെമ്പാടും വ്യാപിപ്പിക്കുമെന്ന് 2018-19ലെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
നന്മയുടെ വഴികള്‍ അടഞ്ഞിട്ടില്ല എന്ന് ആലപ്പുഴയിലെ സ്നേഹജാലകം പ്രവര്‍ത്തകര്‍ ലോകത്തിന് കാണിച്ചുതരുന്നു.