2023 മാർച്ച് 1,2 തീയതികളിൽ സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ നോക്കിയാൽ ശുക്രനും വ്യാഴവും ഒന്നിക്കുന്ന ആപൂർവ്വ ദൃശ്യം കാണാം. ജ്യോതിശാസ്ത്രത്തിൽ സംയുഗ്മനം, യുതി, എന്നൊക്കെയാണ് ഇതിനെ പറയുക. ഇംഗ്ലീഷിൽ conjunction എന്ന് പറയും.
ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ, രണ്ടു ഗ്രഹങ്ങൾ തമ്മിലോ, ചന്ദ്രനും മറ്റൊരു ഗ്രഹവും തമ്മിലോ ഏറ്റവും അടുത്തടുത്തായി വരികയും ഒന്ന് മറ്റൊന്നിനെ മറികടന്ന് പോവുകയും ചെയ്യുന്നതായി കാണാൻ കഴിയുന്ന പ്രതിഭാസമാണ് സംയുഗ്മനം.
സൂര്യാസ്തമനം മുതൽ തന്നെ രണ്ടു ഗ്രഹങ്ങളെയും അടുത്തടുത്തായി പടിഞ്ഞാറെ ചക്രവാളത്തിനു മുകളിലായി കാണാൻ സാധിക്കും. ചക്രവാളത്തോട് ചേർന്നാണ് കാണപ്പെടുക എന്നതിനാൽ മരങ്ങളുടെയും മറ്റും മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലം തെരഞ്ഞെടുക്കണം. എട്ടുമണിയോടെ ഈ രണ്ടു ഗ്രഹങ്ങളും അസ്തമിച്ചുപോകും. ഒരു 7 മണിയ്ക്ക് നോക്കുന്നതാണ് നല്ലത്.
നേർ പടിഞ്ഞാറ് ദിശയിൽ ചക്രവാളത്തിൽ നിന്നും ഏകദേശം 30ഡിഗ്രി മുകളിലായി തിളക്കമുള്ള രണ്ടു വസ്തുക്കളെ അടുത്തടുത്തായി കാണാം. കണ്ടാൽ നക്ഷത്രങ്ങൾ പോലെ തോന്നും. അതിൽ തിളക്കം കൂടിയത് ശുക്രനും (ശുക്രനെ നക്ഷത്രമായി തെറ്റിദ്ധരിച്ച് നമ്മൾ വെള്ളിനക്ഷത്രം എന്നു വിളിച്ചിരുന്നു.) അതിനോട് ചേർന്ന് തിളക്കത്തിൽ കാണുന്ന വസ്തു വ്യാഴവുമാണ്. ആ സമയത്ത് നോക്കിയാൽ വലതുഭാഗത്തായി (വടക്ക്) ശുക്രനെയും ഇടതുഭാഗത്തായി വ്യാഴത്തെയും കാണാനാകും. തുടർന്നുള്ള ഓരോ ദിവസങ്ങളിൽ നോക്കിയാൽ ഇവ പരസ്പരം അകന്നു പോകുന്നത് കാണാം.
ഗ്രഹങ്ങളെ കണ്ടാൽ നക്ഷത്രങ്ങളെ പോലെ തോന്നുമെങ്കിലും, അവയുടെ പരസ്പരമുള്ളതും അതുപോലെ നക്ഷത്രങ്ങളിൽ നിന്നുള്ളതുമായ ഇത്തരം അടുപ്പങ്ങളും അകല്ചകളും നിരീക്ഷിച്ചാണ് പുരാതന വാനനിരീക്ഷകർ ഇവയെ ഗ്രഹങ്ങളായി തിരിച്ചറിഞ്ഞത്. ഇത്തരം അടുപ്പം അകല്ചയും കാണിക്കുന്നതിനാൽ സൂര്യനെയും ചന്ദ്രനെയും അവർ ഗ്രഹങ്ങളായാണ് കണക്കാക്കിയിരുന്നത്.
ഈ വർഷം ജനുവരിയിൽ ശുക്രനും ശനിയും സംയുഗ്മനത്തിലെത്തിയിരുന്നു. കാഴ്ചയുടെ ഒരു കൗതുകം എന്നതിനപ്പുറം നമ്മുടെ ജീവിതവുമായി ഇതിന് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.
ഒരു ദൂരദർശിനിയുലൂടെ നോക്കിയാൽ വ്യാഴത്തിന്റെ വലിയ ഉപഗ്രഹങ്ങളെയും കാണാനാകും. സമയം ക്രമീകരിച്ച് ഫോട്ടോയെടുത്താലും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്താനാകും

ഒരു മറുപടി കൊടുക്കുക