ആകാശത്തുകാണുന്ന നക്ഷത്രങ്ങളിൽ ചിലവ കൂട്ടം ചേർന്ന് കാണപ്പെടുന്നു. അവയിലേക്ക് നോക്കിയിരുന്നാൽ നമുക്ക് പരിചിതമായ പല രൂപങ്ങളും സങ്കല്പിക്കാൻ സാധിക്കും. പുരാതന മനുഷ്യർ നക്ഷത്രക്കൂട്ടങ്ങളെ നോക്കി ധാരാളം രൂപങ്ങളും ചിത്രങ്ങളും സങ്കല്പിച്ചിട്ടുണ്ട്. അത്തരം നക്ഷത്രക്കൂട്ടങ്ങളിൽ നമുക്ക് ഏറ്റവും വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു നക്ഷത്രക്കൂട്ടമാണ് വേട്ടക്കാരൻ. ഈ വേട്ടക്കാരനെ എങ്ങനെ കണ്ടെത്താമെന്നും അയാളുടെ വിശേഷങ്ങൾ എന്തൊക്കെയാണെന്നും നമുക്കൊന്നു നോക്കാം.
വേട്ടക്കാരനെ കാണാൻ എവിടെ നോക്കണം
രാത്രി ആകാശത്ത് ഡിസംബര്‍ മുതലാണ് വേട്ടക്കാരനെ കണ്ടുതുടങ്ങുന്നത്. സന്ധ്യയ്ക്കാണ് നമ്മൾ നോക്കുന്നതെങ്കിൽ, ഡിസംബര്‍ ആദ്യം അത് കിഴക്കെ ചക്രവാളത്തിനു (horizon) മുകളിലായിരിക്കും. തുടർന്നുള്ള സന്ധ്യകളിൽ അത് അല്പാല്പം മുകളിലേയ്ക്ക് ഉയരുന്നതായി കാണപ്പെടും. ജനുവരിയോടെ ചക്രവാളത്തിൽ നിന്നും 30° ഉയരത്തിലെത്തും, ഫെബ്രുവരി അവസാനം സന്ധ്യയ്ക്ക് അത് തലയ്ക്കുമുകളിൽ (zenith) ണ്ടാകും. ചുരുക്കി പറഞ്ഞാൽ, ഓരോ മാസവും അത് 30° വീതം പടിഞ്ഞാറേക്ക് നീങ്ങിക്കൊണ്ടിരിക്കും.

മറ്റൊരു പ്രത്യേകതകൂടി നമുക്ക് നിരീക്ഷിക്കാനാകും. ഡിസംബറിൽ ചക്രവാളത്തിനോട് ചേർന്ന് നേർകിഴക്ക് കാണപ്പെടുന്ന വേട്ടക്കാരന്റെ സ്ഥാനം തുടർന്ന് ഓരോദിവസവും അല്പം തെക്കുദിശയിലേക്ക് മാറുന്നതു കാണാം. ഫെബ്രുവരി അവസാനത്തോടെ നോക്കുമ്പോൾ സന്ധ്യയ്ക്ക് അത് നമ്മുടെ തലയ്ക്കു മുകളിൽ അല്പം തെക്കായി കാണപ്പെടും. മെയ് അവസാനത്തോടെ സന്ധ്യയ്ക്ക് അത് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിലായി കാണപ്പെടും (ചാർട്ട് നോക്കുക).
നക്ഷത്രങ്ങളുടെ സ്ഥാനം
ഒരു നക്ഷത്രത്തെയോ നക്ഷത്രക്കൂട്ടത്തെയോ തുടർച്ചയായി നിരീക്ഷിച്ചാൽ, അവയ്ക്ക് രണ്ടുതരം ചലനങ്ങളുണ്ടെന്നു കാണാനാകും. ഒന്ന് - ദിനചലനം, രണ്ട് - വാർഷിക ചലനം.
നക്ഷത്രങ്ങളെ നിരീക്ഷിച്ചാൽ സമയം കഴിയുംതോറും അത് കിഴക്കു നിന്നും പടിഞ്ഞാറേക്ക് നീങ്ങിനീങ്ങി പോകുന്നതായി കാണാം.സൂര്യൻ കിഴക്കുദിച്ച് ആകാശത്തിലൂടെ നീങ്ങിനീങ്ങി പടിഞ്ഞാറ് അസ്തമിക്കുന്നതായി അനുഭവപ്പെടുന്നതിനു സമാനമാണിത്. ഭൂമിയുടെ സ്വയംഭ്രമണം മൂലം നമുക്കുണ്ടാകുന്ന ഒരു തോന്നലാണിത്.ഭൂമിയുടെ സ്വയംഭ്രമണം മൂലം നക്ഷത്രങ്ങൾക്കും ഉദയാസ്തമനങ്ങൾ അനുഭവപ്പെടും. ആകാശത്തുകാണുന്ന എല്ലാ നക്ഷത്രങ്ങളും മെല്ലെ മെല്ലെ പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്നതായി നമുക്ക് കാണാനാകും.ഇതാണ് നക്ഷത്രങ്ങളുടെ ദിനചലനം
നക്ഷത്രങ്ങളുടെ ദിനചലനം സൂര്യന്റെ ദിനചലനത്തെക്കാൾ അല്പം വേഗത്തിലാണ്. സൂര്യൻ ഉദിച്ചസ്തമിച്ച് വീണ്ടും ഉദിക്കുന്നതിന് 24 മണിക്കൂറെടുക്കുമ്പോൾ, ഒരു നക്ഷത്രം ഉദിച്ച് വീണ്ടും ഉദിക്കുന്നതിന് ഏകദേശം 4മിനിറ്റ് കുറവ് മതി, അതായത് 23 മണിക്കൂറും 56 മിനിറ്റും. ഇക്കാരണത്താൽ ഒരു നക്ഷത്രം അഥവ നക്ഷത്രക്കൂട്ടം ഓരോ ദിവസവും 4 മിനിറ്റ് വീതം നേരത്തെ ഉദിച്ചുയരും. നമുക്കിതനുഭവപ്പെടുന്നത് മറ്റൊരു തരത്തിലാണ്. ഓരോ ദിവസവും നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോൾ, അത് മുൻദിവസം കണ്ടതിനെക്കാൾ അല്പം പടിഞ്ഞാറേക്ക് നീങ്ങി കാണപ്പെടും.ഭൂമിയുടെ പരിക്രമണം മൂലമുണ്ടാകുന്ന ഈ പ്രതിഭാസത്തെ നക്ഷത്രങ്ങളുടെ വാർഷിക ചലനം എന്നു വിളിക്കാം.
ഓർക്കുക, ഭൂമിയുടെ ചലനങ്ങളാണ് ഈ തോന്നലുകൾക്ക് കാരണം, മറിച്ച് സൂര്യന്റെയോ നക്ഷത്രങ്ങളുടെയോ ചലനങ്ങളല്ല.
വേട്ടക്കാരനെ തിരിച്ചറിയാം

വേട്ടക്കാരനെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം. മുകളിലെ ചാർട്ടിൽ കാണിച്ചിരിക്കുന്ന ഭാഗത്തേക്ക് സന്ധ്യക്ക് നോക്കുക. ഒരു ചതുര്‍ഭുജത്തിന്റെ നാല് കോണുകളിൽ സ്ഥാപിച്ചവ എന്നപോലെ നാലു നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്ക് കിഴക്കായി (ഡിസംബർ, ജനുവരിയിൽ നോക്കിയാൽ സന്ധ്യയ്ക്ക് വടക്ക് താഴെ; ഏപ്രിൽ മെയ് മാസങ്ങളിൽ നോക്കിയാൽ വടക്ക് മുകളിൽ) കാണുന്ന നക്ഷത്രം ചുമപ്പ് നിറത്തിലുള്ളതാണ്. ഈ ചതുര്‍ഭുജത്തിന്റെ മദ്ധ്യത്തിലായി, ഒരു വരിയിൽ എന്നപോലെ, തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളുണ്ട്. വടക്കു ഭാഗത്തുള്ള വലിയ രണ്ട് നക്ഷത്രങ്ങളുടെ മദ്ധ്യത്തിൽനിന്നും അല്പം വടക്ക് മാറി തിളക്കം കുറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിൽ കാണുന്നു. (ചിത്രം നോക്കുക) ഇവയാക്കെയാണ് ഓറിയോണിലെ പ്രധാന നക്ഷത്രങ്ങൾ.
വേട്ടക്കാരന്റെ രൂപവും അതിലെ നക്ഷത്രങ്ങളും
മുകളിൽ പറഞ്ഞ നക്ഷത്രങ്ങളും അതിനോടു ചേർന്നുള്ള മറ്റു നക്ഷത്രങ്ങളെയും ചേർത്ത് ഒരു വേട്ടക്കാരന്റെ രൂപമാണ് പുരാതന മനുഷ്യൻ സങ്കല്പിച്ചത്. ഒരു കയ്യിൽ ഗദയും മറു കയ്യിൽ പരിചയുമായി, തന്നെ കുത്താൻ വരുന്ന ഒരു കൂറ്റൻ കാളയെ നേരിടുകയാണ് ഈ വേട്ടക്കാരൻ. കൂട്ടിന് രണ്ട് നായ്ക്കളുമുണ്ട്. നക്ഷത്രക്കൂട്ടങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനായാണ് ഈ കഥാ സങ്കല്പങ്ങൾ.

തോളുകൾ
ചതുരാകൃതിയിൽ കാണപ്പെടുന്ന നാല് നക്ഷത്രങ്ങളിൽ വടക്ക് ഭാഗത്തുള്ള രണ്ട് നക്ഷത്രങ്ങൾ വേട്ടക്കാരന്റെ തോളിനെ പ്രതിനിധീകരിക്കുന്നു. വടക്ക് കിഴക്കായി കാണുന്ന ചുവപ്പ് നക്ഷത്രം തിരുവാതിരയും (Betelgeuse) വടക്ക് പടിഞ്ഞാറായി കാണുന്ന നീല നക്ഷത്രം ബെല്ലാട്രിക്സുമാണ് (Bellatrix).
തിരുവാതിര (Betelgeuse)
വേട്ടക്കാരന്റെ വലത്തെ തോളാണ് തിരുവാതിര. വേട്ടക്കാരന്റെ ഏറ്റവും തിളക്കമേറിയ നക്ഷത്രവും രാത്രി ആകാശത്ത് കാണാൻ കഴിയുന്ന നക്ഷത്രങ്ങളിൽ തിളക്കത്തിൽ ഒമ്പതാം സ്ഥാനത്തുള്ള തുമായ നക്ഷത്രമാണ് തിരുവാതിര. 600 പ്രകാശവർഷം അകലെയാണ് ഈ ചുവപ്പ് ഭീമൻ നക്ഷത്രം സ്ഥിതിചെയ്യുന്നത്. ജീവിതാവസാനത്തോടടുത്ത ഈ നക്ഷത്രം ഒരു പക്ഷെ ഇപ്പോൾ അവിടെ ഉണ്ടാകണമെന്നില്ല.
ബെല്ലാട്രിക്സ് (Bellatrix)
ഇടത്തെ തോളുഭാഗത്ത് കാണുന്ന നക്ഷത്രമാണ് ബെല്ലാട്രിക്സ്. വേട്ടക്കാരന്റെ നക്ഷത്രങ്ങളിൽ തിളക്കത്തിൽ മൂന്നാം സ്ഥാനമാണിതിന്. രാത്രിയിൽ കാണാവുന്ന നക്ഷത്രങ്ങളിൽ തിളക്കത്തിന്റെ കാര്യത്തിൽ 25-ാം സ്ഥാനത്തുള്ളതും സൂര്യനെക്കാൾ 7.7 മടങ്ങ് മാസുള്ളതുമായ ഈ നക്ഷത്രം 250 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.
കാലുകൾ
കാൽ മുട്ടിന്റെ ഭാഗത്തുള്ള നക്ഷത്രങ്ങൾ റിഗലും (Rigel) സെയ്ഫുമാണ് (Saiph). പടിഞ്ഞാറുള്ളത് റിഗലും കിഴക്കുള്ളത് സെയ്ഫും.
റിഗൽ (Rigel)
വേട്ടക്കാരൻ നക്ഷത്രഗണത്തിൽ തിളക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള നക്ഷത്രമാണ് റിഗൽ. 860 പ്രകാശവർഷം അകലെയുള്ള ഒരു നീള അതിഭീമൻ നക്ഷത്രമാണിത്. ഒരൊറ്റ നക്ഷത്രമായി കാണപ്പെടുന്ന, കുറഞ്ഞത് നാല് നക്ഷത്രങ്ങളെങ്കിലും ഉൾപ്പെടുന്ന ഒരു നക്ഷത്രവ്യൂഹത്തിലെ ഏറ്റവും വലിയ നക്ഷത്രമാണ് റിഗൽ. സൂര്യനേക്കാൾ ശരാശരി 20 മടങ്ങെങ്കിലും മാസ് കൂടിയ ഈ നക്ഷത്രം സൂര്യനേക്കാൾ ഒരു ലക്ഷംമടങ്ങെങ്കിലും പ്രകാശമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു.
സെയ്ഫ് (Saiph)
വേട്ടക്കാരന്റെ ഭാഗമായ ചതുർഭുജത്തിലെ തെക്കു-കിഴക്കു ഭാഗത്തായി കാണപ്പെടുന്നതും ഈ നക്ഷത്രഗണത്തിൽ തിളക്കത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്തുള്ളതുമായ ഈ നക്ഷത്രം ഏകദേശം 650 പ്രകാശവർഷം അകലെയാണ്.
അരപ്പട്ട

ചതുർഭുജം പോലെ കാണപ്പെടുന്ന നാലു നക്ഷത്രങ്ങൾക്കും മദ്ധ്യത്തിലായി ഒരു വരിപോലെ കാണപ്പെടുന്ന മുന്ന് നക്ഷത്രങ്ങൾ വേട്ടക്കാരന്റെ ബെൽറ്റായി സങ്കല്പിച്ചിരിക്കുന്നു. ത്രിമൂർത്തികൾ എന്നാണ് ഇന്ത്യക്കാർ ഇതിനെ പറയുന്നത്. മിന്തക (Mintaka), അൽനിനം (Alninam), അൽനിതാക് (alninak) എന്നിവയാണ് അരപ്പട്ടയിലെ നക്ഷത്രങ്ങൾ.
വാൾ

വേട്ടക്കാരന്റെ അരപ്പട്ടയിലെ മധ്യതാരമായ അൽനിനത്തിൽ നിന്നും തെക്കായി തെക്കുവടക്ക് ദിശയിൽ ഒരു വരിയിലെന്നപോലെ കുറച്ച് നക്ഷത്രങ്ങളെ സൂക്ഷിസൂക്ഷിച്ചു നോക്കിയാൽ കാണാം. നിന്നും ബൽറ്റിൽ നിന്നും തൂങ്ങിക്കിടക്കുന്ന വാളായി ഈ നക്ഷത്രങ്ങളെ സങ്കല്പിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ കൂടാതെ നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന ചില നെബുലകളും (Nebula) ഇതിലുണ്ട്. ഓറിയോൺ നെബുല (Orion Nebula), മെസിയർ 43 (the Messier 43 Nebula, ), ഓട്ടക്കാരൻ (the Running Man Nebula) എന്നിവയണ് ഈ നെബ്യൂലകൾ.
തല – മകീര്യം എന്ന ചാന്ദ്രഗണം
വേട്ടക്കാരന്റെ തലഭാഗത്ത് കാണുന്ന ചെറിയ മുന്ന് നക്ഷത്രങ്ങളുടെ കൂട്ടത്തെ മകീര്യം എന്നു വിളിക്കുന്നു. മൃഗശീർഷം എന്നാണ് സംസ്കൃതത്തിൽ വിളിക്കുന്നത്. മാനിന്റെ തല എന്നാണ് അതിന്റെ അർത്ഥം. ഭൂമിയെ പരിക്രമണം ചെയ്യുന്ന ചന്ദ്രന്റെ സ്ഥാനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 27 ചാന്ദ്രനക്ഷത്രങ്ങളിൽ ഒന്നാണ് മകീര്യം.
ഗദ

തിരുവാതിരയ്ക്ക് വടക്കായി താരതമ്യേന തിളക്കം കുറഞ്ഞ ആറോളം നക്ഷത്രങ്ങൾ ചേർന്നതാണ് വേട്ടക്കാരന്റെ ഗദ. കൈമുട്ട് ഭാഗത്ത് മ്യൂ ഓറിയോണിസും (Mu Orionis), പിടിയുടെ ഭാഗത്ത് ന്യൂ ഓറിയോണിസ് (Nu Orionis ), സൈ-ഓറിയോണിസ് (Xi Orionis) എന്നിവയും അഗ്രഭാഗത്ത് ചൈ1 (Chi1 Orionis), ചൈ2 (Chi2 Orionis) എന്നീ നക്ഷത്രങ്ങളും കാണപ്പെടുന്നു.
പരിച

ബല്ലാട്രിക്സിനു പടിഞ്ഞാറു ഭാഗത്ത് ഏകദേശം ഒരു വരിപോലെ തെക്കുവടക്ക് ദിശയിൽ കാണപ്പെടുന്ന നക്ഷത്രങ്ങൾ ചേർന്നതാണ് പരിച. വലിയ അറ് നക്ഷത്രങ്ങളെ ഇതിൽ കാണാം.
വേട്ടക്കാരൻ നക്ഷത്രഗണത്തിലെ പ്രഭയേറിയ നക്ഷത്രങ്ങളുടെ പട്ടിക
പേര് | കാന്തിമാനം | അകലം (പ്രകാശവർഷം) |
തിരുവാതിര | 0.5 | 548 |
റിഗൽ | 0.13 | 870 |
ബെല്ലാട്രിക്സ് | 1.64 | 250 |
മിന്താക | 2.23 | 1200 |
അൽനിലം | 1.69 | 2000 |
അൽനിതാൿ | 1.77 | 1260 |
സെയ്ഫ് | 2.09 | 650 |
മെയ്സ്സ | 3.33 | 1320 |
ദിശയറിയാൻ വേട്ടക്കാരൻ
വേട്ടക്കാരന്റെ വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് ഒരു വര സങ്കല്പിച്ചാൽ ശരിയായ തെക്കു-വടക്കു ദിശ കിട്ടും. കപ്പൽ സഞ്ചാരികളും മറ്റും പുരാതന കാലത്ത് രാത്രിയിൽ ദിശ മനസ്സിലാക്കുന്നതിന് ഏറ്റവും അധികം ആശ്രയിച്ചിരുന്നത് വേട്ടക്കാരനെയാണ്.

വേട്ടക്കാരൻ – മറ്റു നക്ഷത്രങ്ങളെ തിരിച്ചറിയാൻ ഒരു സഹായി
മറ്റ് നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാനുള്ള ഒരു സഹായി കൂടിയാണ് വേട്ടക്കാരൻ. വേട്ടക്കാരന്റെ ബല്‍റ്റിലെ നക്ഷത്രങ്ങളിൽ കൂടി ഒരു രേഖ സങ്കല്പിച്ച് വടക്ക് പടിഞ്ഞാറേക്ക് നീട്ടിയാൽ അത് തിളക്കമുള്ള ചുമന്ന ഒരു നക്ഷത്രത്തിലെത്തും. ഈ നക്ഷത്രത്തിന്റെ പേര് ബ്രഹ്മഹൃദയം (Aldebaran) എന്നാണ്. ബ്രഹ്മഹൃദയത്തിന്റെ ഭാഗത്ത് നോക്കിയാൽ അതിനടുത്തായുള്ള മറ്റ് ചില നക്ഷത്രങ്ങളുംകൂടി ചേർന്ന് V ആകൃതിയിലുള്ള ഒരു കൂട്ടം കാണാം. ഇതാണ് രോഹിണി എന്ന നക്ഷത്രക്കൂട്ടം. രോഹിണിയും അതിന്റെ താഴെയായി കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് വേട്ടക്കാരനെ കുത്താൻ വരുന്ന കാള. ഇടവം (Taurus) എന്നാണ് ഈ കാളയുടെ പേര്. വേട്ടക്കാരന്റെ ബൽറ്റിൽ നിന്നും രോഹിണിയിലേക്കുള്ള സങ്കല്പരേഖ വീണ്ടും വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള കാര്‍ത്തിക (Pleiades) എന്ന നക്ഷത്രക്കൂട്ടം കാണാം.
രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ തിളക്കമേറിയ സിറിയസ് (Sirius) എന്ന നക്ഷത്രത്തെ കാണാം. നാം കാണുന്ന നക്ഷത്രങ്ങളിൽ സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രക്കൂട്ടമാണ് വേട്ടക്കാരന്റെ നായ. ബൃഹച്ഛ്വാനം (Canis major) എന്നാണ് നയയുടെ പേര്. നായയുടെ കഴുത്തിലെ മണിയുടെ ഭാഗത്താണ് സിറിയസ്സ് ഉള്ളത്.
വാനനിരീക്ഷണം തുടങ്ങാനും വേട്ടക്കാരൻ
എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു നക്ഷത്രക്കൂട്ടമാണ് ശബരൻ എന്ന ഈ വേട്ടക്കാരൻ. ഡിസംബര്‍ മുതൽ മെയ് വരെ ആകാശത്ത് കാണാൻ കഴിയുന്ന ഈ നക്ഷത്രഗണം പുരാതന കാലം മുതൽ മനുഷ്യന് പരിചിതമായിരുന്നു. പുരാതന ജ്യാതിശാസ്ത്ര പട്ടികയിലും അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച 88 നക്ഷത്രഗണങ്ങൾ ഉൾപ്പെട്ട ആധുനിക പട്ടികയിലും വേട്ടക്കാരൻ ഉൾപ്പെട്ടിട്ടുണ്ട്. തുടക്കക്കാർക്ക്, വാനനിരീക്ഷണം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു നക്ഷത്രഗണമാണ് ഓറിയോൺ.
ഒരു മറുപടി കൊടുക്കുക