ഗ്രഹങ്ങളെ കാണുന്നതെങ്ങനെയാണ്? അതിനു വലിയ ടെലസ്കോപ്പൊക്കെ വേണ്ടിവരില്ലേ?
ടെലിസ്കോപ്പ് കണ്ടുപിടിക്കുന്നതിനും ആയിരക്കണക്കിനു വർഷങ്ങൾ മുമ്പ് മനുഷ്യൻ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതെങ്ങനെ? അവർക്ക് ദിവ്യദൃഷ്ടി ഉണ്ടായിരുന്നോ? അതൊക്കെ അവിടെ നില്ക്കട്ടെ, നിങ്ങൾക്ക് ഗ്രഹങ്ങളെ കാണണോ? എന്നാൽ ഈ ഡിസംബർ മാസം ആകാശത്ത് മൂന്ന് ഗ്രഹങ്ങളെ കണ്ടെത്താനുള്ള വഴി, അതും വെറും കണ്ണുകൊണ്ട് കാണാനുള്ള വഴി പറഞ്ഞുതരാം.
നിങ്ങൾ വൈകിട്ട് ഏഴരയോടെയാണ് ആകാശത്തു നോക്കുന്നതെങ്കിൽ, ഈ മൂന്നു ഗ്രഹങ്ങളെയും എങ്ങനെ കണ്ടെത്താമെന്നാണ് പറയുന്നത്.
തടസ്സങ്ങളില്ലാതെ ആകാശം കാണാൻ കഴിയുന്ന ഒരു സ്ഥലം തെരഞ്ഞെടുക്കുക. കണ്ണിലേയ്ക്ക് നേരിട്ട് പ്രകാശം പതിക്കാത്ത, ഇരുട്ടുള്ള ഒരു സ്ഥലമാണ് നല്ലത്. വലിയ ഒരു മൈതാനമോ, വീടിന്റെ ടെറസ്സോ ഒക്കെയാകാം. ടെറസ്സാണെങ്കിൽ ചുറ്റുമതിലുള്ളതാണെന്ന് ഉറപ്പ് വരുത്തണം കേട്ടോ.

ഇനി അല്പനേരം ആകാശമൊക്കെ ഒന്നു നിരീക്ഷിക്കൂ… എന്തൊക്കെ കാണാം? നക്ഷത്രങ്ങളെ കാണാമല്ലോ, മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ കിഴക്കെ ആകാശത്തായും അവസാന ദിവസങ്ങളിൽ പടിഞ്ഞാറെ ആകാശത്തായും ചന്ദ്രനെ കാണാം. നക്ഷത്രങ്ങളെ നോക്കൂ.. അവയെല്ലാം ഒരേ വലുപ്പമുള്ളവയാണോ? അവയുടെ നിറങ്ങളെല്ലാം ഒരുപോലെയാണോ?
നിങ്ങളുടെ ശ്രദ്ധയിൽ പെട്ടന്ന് പതിയുന്ന നക്ഷത്രങ്ങൾ ഏതൊക്കെ? വലിയ തിളക്കമുള്ള നക്ഷത്രങ്ങളാണല്ലോ നമ്മുടെ ശ്രദ്ധയിൽ പെട്ടന്ന് പതിയുന്നത്. അവയെ പ്രത്യേകം നോക്കിവയ്ക്കണം. ഒരു കാര്യം പറയട്ടെ, നക്ഷത്രമാണെന്ന് നമുക്ക് തോന്നുന്ന എല്ലാ ആകാശ വസ്തുക്കളും നക്ഷത്രങ്ങളാകണം എന്നില്ല, അവയിൽ ചിലത് ഗ്രഹങ്ങളാകാം.
മധ്യാകാശത്ത് വ്യാഴം

നിങ്ങളുടെ തലയ്ക്ക് മുകളിലായി കാണാൻ കഴിയുന്ന, ഏറ്റവും തിളക്കമുള്ള, നക്ഷത്രം പോലെയുള്ള ഒരു വസ്തുവിനെ കണ്ടോ? വെള്ള നിറത്തിൽ നല്ല പ്രഭയോടെ കാണപ്പെടുന്ന വസ്തു, അതാണ് വ്യാഴം എന്ന ഗ്രഹം. (ചിത്രം നോക്കൂ). ഈ ഡിസംബർ മാസം സന്ധ്യയ്ക്ക് തലയ്ക്കുമുകളിലുള്ള ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് വ്യാഴം (ചന്ദ്രനെ ഒഴിവാക്കിയാൽ). ഇപ്പോൾ മനസ്സിലായോ, എല്ലാ ഗ്രഹങ്ങളെയും കാണുന്നതിന് ടെലക്സോപ്പിന്റെ ആവശ്യമില്ല എന്ന്.
നമ്മളുടെ തലയ്ക്കു നേരെ മുകളിലായി ആകാശത്തുള്ള സ്ഥാനമാണ് ശീർഷബിന്ദു (Zenith)
പടിഞ്ഞാറെ ആകാശത്ത് ശനി

വ്യാഴത്തിനെ കണ്ടുകഴിഞ്ഞാൽ നമുക്കിനി ശനിയെ കാണാം. വ്യാഴത്തിന് പടിഞ്ഞാറ് ഭാഗത്തായി തിളക്കമുള്ള, നക്ഷത്രസമാനമായ മൂന്ന് വസ്തുക്കളെ കാണാ. അതിൽ മദ്ധ്യഭാഗത്തായി കാണുന്ന തിളക്കമുള്ള വസ്തുവാണ് ശനി. ചിത്രത്തിലെ സ്ഥാനം നോക്കിവച്ചാൽ ശനിയെ എളുപ്പത്തിൽ കണ്ടെത്താം.
കിഴക്കെ ആകാശത്ത് ചൊവ്വ

നമുക്ക് ഈ മാസം സന്ധ്യാകാശത്ത് കാണാൻ കഴിയുന്ന മറ്റൊരു ഗ്രഹം ചൊവ്വയാണ്. അത് കിഴക്കെ ആകാശത്താണുള്ളത്. ഡിസംബറിലെ കിഴക്കെ ആകാശത്ത് തിളക്കമുള്ള നിരവധി നക്ഷത്രങ്ങളെ കാണാം, അതിനിടയിലാണ് ചൊവ്വയുള്ളത്. അതിനാൽ ചൊവ്വയെ കണ്ടെത്താൻ അല്പംകൂടി പരിശ്രമം ആവശ്യമാണ്, അതിനുള്ള ചില അടയാളങ്ങൾ പറയാം. ഒന്നാമതായി അതിന്റെ സ്ഥാനം – കിഴക്കെ ആകാശത്തിനു മുകളിൽ അല്പം വടക്കു മാറിയാണ് അതിന്റെ സ്ഥാനം. രണ്ടാമതായി അതിന്റെ നിറമാണ്, അല്പം ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ് ചൊവ്വയ്ക്കുള്ളത്. മൂന്നാമതായി അതിന്റെ തിളക്കമാണ്, ആ ഭാഗത്ത് ഈ സമയത്ത് കാണാൻ കഴിയുന്ന നക്ഷത്രം പോലെ തോന്നിക്കുന്നവയിൽ ഏറ്റവും തിളക്കമുള്ള വസ്തു ചൊവ്വയാണ്. ഒരു എളുപ്പ വഴികൂടി പറയാം, ഈ സമയത്ത് കിഴക്കെ ആകാശത്ത് നോക്കിയാൽ, ചുവപ്പ് നിറമുള്ള മൂന്ന് വസ്തുക്കളെയാണ് കാണാൻ കഴിയുക. അതിൽ ഏറ്റവും തിളക്കമുള്ളതും ഏറ്റവും വടക്കു മാറി കാണുന്നതുമായ വസ്തുവാണ് ചൊവ്വ.
മുന്ന് ഗ്രഹങ്ങളെ നിങ്ങൾ കണ്ടെത്തിയല്ലോ. നമുക്ക് വെറും കണ്ണുകളാൽ ആകാശത്ത് കാണാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളാണുള്ളത്. ബുധനും ശുക്രനുമാണ് മറ്റുള്ള രണ്ടെണ്ണം. അവയെ ഈ മാസം സന്ധ്യാകാശത്ത് കാണാൻ കഴിയില്ല.
നിരീക്ഷണം ഒരു മാസം തുടർന്നാലോ? ഗ്രഹങ്ങളുടെ സ്ഥാനങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് കാണാൻ കഴിയുന്നതെന്ന് നിരീക്ഷിക്കാമോ? തിളക്കമുള്ള നക്ഷത്രങ്ങളുടെ ഒരു ചാർട്ട് തയ്യാറാക്കാമോ? ചന്ദ്രന്റെ സ്ഥാനമാറ്റം അടയാളപ്പെടുത്താമോ?
വാന നിരീക്ഷണം രസകരമായ ഒരു ഹോബിയാണ്.
2022 ഡിസംബർ മാസത്തെ യുറീക്കയിൽ പ്രസിദ്ധീകരിച്ചത്.
ഒരു മറുപടി കൊടുക്കുക