ഭൂമി ഉരുണ്ടതാണെന്ന് നാമെല്ലാം പഠിച്ചിട്ടുണ്ട്. നമ്മളുടെ കാഴ്ചയിൽ ഭൂമി പരന്നിട്ടാണ്. ഭൂമിയെ മുഴുവനായി കണ്ടുകൊണ്ട്, അത് ഉരുണ്ടതാണോ എന്ന് തീർച്ചപ്പെടുത്താൻ ഭൂമിയിൽ നിന്നുകൊണ്ട് സാധിക്കില്ല. അതിന് ബഹിരാകാശത്തെത്തി ഭൂമിയെ നോക്കേണ്ടിവരും. ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളുമൊക്കെ ഉണ്ടായിട്ട് നൂറു വർഷങ്ങൾ പോലുമായിട്ടില്ല. ആദ്യമായൊരു മനുഷ്യൻ ഭൂമിയെ ചുറ്റി സഞ്ചരിച്ചത് 16-ാം നൂറ്റാണ്ടിലാണ്. അതിനും ആയിരത്തഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പേതന്നെ ഭൂമി ഉരുണ്ടതാണെന്ന് മനുഷ്യൻ മനസ്സിലാക്കിയിരുന്നു. നേരിട്ട് കാണാതെയും ചുറ്റി സഞ്ചരിക്കാതെയും എങ്ങനെയാണ് ഭൂമിയുടെ ഗോളാകൃതി അവർ മനസ്സിലാക്കിയത്?
ബുദ്ധിപരമായ ചില ഊഹങ്ങളാണ് ഭൂമി ഉരുണ്ടതാണെന്ന് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത്. അതിലൊന്നിനെ പറ്റി വായിക്കാം...
ഭൂമി, ചന്ദ്രൻ എന്നിവ സൂര്യനുമായി ചേർന്ന് നടത്തുന്ന നിഴൽ നാടകമാണ് ഗ്രഹണങ്ങൾ എന്നറിയാമല്ലോ. സൂര്യപ്രകാശം പതിച്ചുണ്ടാകുന്ന ഭൂമിയുടെ നിഴൽ എപ്പോഴെങ്കിലും ചന്ദ്രനിൽ വീഴാനിടയായൽ ചന്ദ്രഗ്രഹണം ഉണ്ടാകും. മറിച്ച് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിച്ചാൽ സൂര്യഗ്രഹണവും സംഭവിക്കും. ഇക്കാര്യം ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ ജ്യോതി ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരുന്നു.
നിഴലിന്റെ ആകൃതി നിരീക്ഷിച്ചാൽ, നിഴലുണ്ടാക്കുന്ന വസ്തുവിന്റെ രൂപം മനസ്സിലാക്കാനാകുമല്ലോ. സൂര്യഗ്രഹണ സമയത്തു ഭൂമിയിൽ പതിക്കുന്ന ചന്ദ്രന്റെ നിഴലിന്റെ ആകൃതി പൂർണ്ണമായി കണ്ടു മനസ്സിലാക്കാൻ ഭൂമിയിൽ നിൽക്കുന്ന നമുക്ക് കഴിയില്ല. എന്നാൽ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴൽ നമുക്ക് ഭൂമിയിൽ നിന്നും നോക്കി കാണാം.
വൃത്താകൃതിയിലുള്ള നിഴലാണ് എല്ലാ ചന്ദ്രഗ്രഹണ സമയത്തും ചന്ദ്രനിൽ പതിക്കുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് മനസ്സിലായി. ഏതു രൂപത്തിനാണ് എല്ലായ്പ്പോഴും വൃത്താകൃതിയിലുള്ള നിഴൽ സൃഷ്ടിക്കാനാവുക? നാണയം പോലെ പരന്ന് വട്ടത്തിലുള്ള ഒരു വസ്തുവിനും പന്തുപോലെ ഗോളാകൃതിയിലുള്ള ഒരു വസ്തുവിനും വൃത്താകൃതിയിലുള്ള നിഴലുണ്ടാക്കാനാകും. അങ്ങനെയെങ്കിൽ, ഭൂമിയുടെ ആകൃതി പരന്ന് വട്ടത്തിലുള്ളതോ ഗോളാകാരമോ ആകണം. ഇതിൽ ഏതാണെന്ന് എങ്ങനെ തീർച്ചപ്പെടുത്തും?
ഇരുട്ടുള്ള ഒരു മുറിയിൽ ഭിത്തിക്കുനേരെ ഒരു ടോർച്ച് തെളിച്ചിരിക്കുന്നു എന്നു കരുതുക. വെളിച്ചം പതിക്കുന്ന പാതയിൽ ഒരു നാണയം ചരടിൽ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും സങ്കല്പിക്കുക. അപ്പോൾ നാണയത്തിന്റെ നിഴൽ ഭിത്തിയിൽ വീഴാനിടയാകും. നാണയം കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ, നിഴലിന്റെ ആകൃതി എല്ലായ്പ്പോഴും വൃത്താകാരമാകുമോ? നാണയത്തിന്റെ പരന്നഭാഗം ടോർച്ചിന് നേരെ വരുമ്പോൾ മാത്രമാണ് വൃത്താകാരമായ നിഴലുണ്ടാവുക. നാണയത്തിന്റെ അരികാണ് ടോർച്ചിനു നേരെ വരുന്നതെങ്കിൽ, അതിന്റെ നിഴൽ ഒരു വരപോലെയാകും കാണപ്പെടുന്നത്. മറ്റവസരങ്ങളിൽ ദീർഘവൃത്താകാരമായ നിഴലുകളാണ് രൂപപ്പെടുന്നത്. മറിച്ച് ഒരു പന്താണ് നിങ്ങൾ കെട്ടിത്തൂക്കിയിടുന്നതെങ്കിലോ, പന്ത് എങ്ങനെയൊക്കെ കറക്കിയാലും ലംബമായി പതിക്കുന്ന അതിന്റെ നിഴലിൽ വൃത്താകാരമായിരിക്കും. അതായത്, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ നിഴൽ എല്ലായ്പ്പോഴും വൃത്താകാരമായി കാണുന്നുവെങ്കിൽ, ആ വസ്തു ഗോളാകാരമാണെന്ന് ഊഹിക്കാം. ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴൽ എല്ലായ്പ്പോഴും വൃത്താകാരമായിരുന്നു. ഇത് നിരീക്ഷിച്ചാണ് ഭൂമിയുടെ ആകൃതി ഗോളമാണെന്ന് പുരാതന ജ്യാതിശാസ്ത്രജ്ഞർ തീർച്ചപ്പെടുത്തിയത്.
പ്രകൃതിയിൽ നാം നിരീക്ഷിക്കുന്ന ലളിതമായ പല വസ്തുതകളും ഉപയോഗപ്പെടുത്തി വിഷമകരമായ പല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ സാധിക്കുമെന്നു മനസ്സിലായില്ലെ.
ഭൂമി പരന്നതായി തോന്നുന്നത് എന്തുകൊണ്ട്?
ഭീമാകാരമായ ഭൂമിയുടെ വളരെ വളരെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് നാം കാണുന്നത്. അതിനാലാണ് ഭൂമി പരന്നതായി നമുക്ക് തോന്നുന്നത്. വളരെ വലിയ ഒരു മത്തങ്ങയിൽ നിന്നും ചെത്തിയെടുത്ത ചെറിയ ഒരു തൊലി, ഒരു കുഞ്ഞനുറുമ്പിന് പരന്നതായി തോന്നാമല്ലോ.
ഭൂമിയെ അളന്ന ഇറാത്തോസ്തനീസ്

ബി.സി. 276ൽ ജനിച്ച ഇറാത്തോസ്തനീസ് ഭൂമയുടെ ചുറ്റളവ് ഏകദേശം കൃത്യമായി കണ്ടെത്തിയിരുന്നു. ഭൂമിയിൽ രണ്ടു സ്ഥലത്ത് വീഴുന്ന സൂര്യപ്രകാശത്തിന്റെ ചരിവ് വ്യത്യാസം അളന്നാണ് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ചത്. ഭൂമിയുടെ ചുറ്റളവ് നാല്പതിനായിരം കിലോ മീറ്റർ ആണെന്ന് അറിയാമല്ലോ. ഇറാത്തോസ്തനീസ് കണ്ടെത്തിയ അളവ് ഇതിനോട് ഏകദേശം തുല്യമായിരുന്നു.
ഉരുണ്ട ഭൂമിയെ ആദ്യമായി നേരിൽ കണ്ട യൂറി ഗഗാറിൻ

ഉരുണ്ട ഭൂമിയെ ആദ്യമായി നേരിട്ട് കണ്ടത് ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിനായിരുന്നു, 1961ൽ. വോസ്റ്റോക് എന്ന ബഹിരാകാശ വാഹനത്തിൽ സഞ്ചരിച്ച് ഭൂമിയിൽ നിന്നും ഏകദേശം 169 കി.മീ. അകലെയെത്തിയ ആദ്ദേഹം ഭൂമിയുടെ ഗോളാകൃതി നേരിട്ടുകണ്ടു. പിന്നീട് എത്രയോ ആളുകൾ ഭൂമിയുടെ ഗോളാകൃതി നേരിട്ട് കണ്ടിരിക്കുന്നു. ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച് പകർത്തിയ ഭൂമിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇന്ന് നമുക്ക് ലഭ്യമാണ്.
2022 ജൂലൈ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്.
ഒരു മറുപടി കൊടുക്കുക