എന്‍. സാനു

മലയാളം ബ്ലോഗ്


മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ കഥ

ചാന്ദ്രദിനം - ഒരു ഓർമ്മക്കുറിപ്പ്

അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിൽ സഞ്ചരിച്ച് 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ്ങ് ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ മണ്ണിൽ ഒരു മനുഷ്യന്റെ കാല്പാദം പതിപ്പിച്ചു. അങ്ങനെ ഭൂമിക്കുപുറത്തുള്ള മറ്റൊരു ഗോളം ആദ്യമായി ഒരു മനുഷ്യന്റെ സ്പർശനം ഏറ്റുവാങ്ങി. തന്റെ കാല്പാദം പതിഞ്ഞ അവസരത്തിൽ നീൽ ആംസ്ട്രോങ്ങ് ഇങ്ങനെ പറഞ്ഞു – “മനുഷ്യന്റെ ചെറിയ ഒരു കാൽവയ്പ്പ്, പക്ഷേ മനുഷ്യരാശിയുടെ വലിയ ഒരു കുതിച്ചുചാട്ടം.” മനുഷ്യന്റെ ഈ വിജയത്തിന്റെ ഓരോ വാർഷികവും ചാന്ദ്രദിനമായി നാം ആഘോഷിക്കുന്നു. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

ചന്ദ്രനെ അറിഞ്ഞതിന്റെ നാൾവഴി

മനുഷ്യന്റെ ജിജ്ഞാസയേയും ഭാവനയേയും എന്നും ഉണർത്തിയിട്ടുണ്ട് മാനത്തെ അമ്പിളി. വെണ്മയാർന്ന ചന്ദ്രബിംബം കണ്ട് കുമാരനാശാൻ ഇങ്ങനെ പാടി-

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വമ്പിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.

ഒരു കൊച്ചുകുട്ടിക്ക്, കയ്യെത്തിപിടിക്കാവുന്ന ഒരു വെള്ളിക്കിണ്ണമാണ് ചന്ദ്രൻ. പുരാതന സംസ്കാരങ്ങളെല്ലാം ചന്ദ്രനെ ഒരു ദേവതയായി ആരാധിച്ചുപോന്നു. പാശ്ചാത്യർക്കതൊരു സ്ത്രീയായിരുന്നപ്പോൾ ഇന്ത്യക്കാര്‍ക്കതൊരു പുരുഷനായിരുന്നു. കൃസ്തുവിനും അഞ്ചു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന യവന ദാർശനികൻ അനക്സഗോറസ് ചന്ദ്രന് സ്വയം പ്രകാശമില്ല എന്നും സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ഒരു ശിലാഗോളമാണതെന്നും സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ ചന്ദ്രന്റെ ദിവ്യത്വത്തെ നിഷേധിക്കാൻ ശ്രമിച്ചതിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു.

ഗലീലിയോ ഗലീലി

ചന്ദ്രൻ ഒരു ഗോളവസ്തുവാണെന്ന ധാരണ പതിനാറാം നൂറ്റാണ്ടോടെ വീണ്ടും ശക്തിപ്പെട്ടു. അപ്പോഴും അത് മിനുസമാര്‍ന്ന, അതിമനോഹരമായ ഒരു ഗോളവസ്തുവായാണ് കരുതപ്പെട്ടത്. ടെലസ്കോപ്പിന്റെ കണ്ടുപിടുത്തമാണ് കാര്യങ്ങളെ മാറ്റിമറിച്ചത്. ഗലീലിയോ ഗലീലി 1609ൽ തന്റെ ടെലിസ്കോപ്പ് ചന്ദ്രനിലേയ്ക്ക് തിരിച്ചുവച്ച് നോക്കിയപ്പോൾ അവിടെ കണ്ടത് കുന്നുകളും കുഴികളും നിറ‍ഞ്ഞ ഒരു പ്രതലമാണ്. കല്ലും മണ്ണും നിറഞ്ഞ, മലകളും ഗര്‍ത്തങ്ങളുമുള്ള ഭൗമസമാനമായ ഒരു വസ്തുവാണ് ചന്ദ്രനെന്ന യാഥാര്‍ത്ഥ്യം മെല്ലെയാണെങ്കിലും ഏവരും അംഗീകരിച്ചു. 17-ആം നൂറ്റാണ്ടിൽ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാൾഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. ചന്ദ്രനിലെ മലകൾക്കും ഗര്‍ത്തങ്ങൾക്കും അന്നു നൽകിയ പല പേരുകളും ഇന്നുമുപയോഗിക്കുന്നു.

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ മരിയ എന്നും തിളങ്ങുന്ന ഭാഗത്തെ ടെറ എന്നും വിളിക്കുന്നു.

ചന്ദ്രനെപറ്റിയുള്ള അറിവിന്റെ ചക്രവാളം അങ്ങനെ മെല്ലെ മെല്ലെ വികസിച്ചുവന്നു. ചന്ദ്രനിൽ കാണാൻ കഴിയുന്ന ഇരുണ്ടഭാഗങ്ങളെ ‘കടൽ’ എന്നർത്ഥം വരുന്ന മരിയ എന്നു വിളിച്ചു, പ്രാകാശം നിറഞ്ഞ ഭാഗങ്ങളെ ടെറ (ഭൂഖണ്ഡം) എന്നും. ചന്ദ്രനിൽ മരങ്ങളും മനുഷ്യരുമടക്കമുള്ള ജീവജാലം വസിക്കുന്നുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ ക്രോയേഷ്യൻ അസ്ട്രോണമറായിരുന്ന റോജർ ബോഷ്കോവിച്ച് ചന്ദ്രനിൽ അന്തരീക്ഷമില്ലെന്ന് സമർത്ഥിച്ചു. 1837ൽ വിൽഹെം ബിയർ, ജൊഹാൻ മാഡ്ലർ എന്നിവർ ചന്ദ്രനിൽ സമുദ്രമോ, ജലമോ കാര്യമായ അന്തരീക്ഷമോ ഇല്ല എന്ന് സ്ഥാപിച്ചു.

ചന്ദ്രന്റെ ഒരു വശം മാത്രമാണ് നാം എപ്പോഴും കാണുന്നത്. അതിന്റെ മറുവശത്തെപ്പറ്റി ഒന്നും തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ നമുക്ക് അറിവുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനും അമേരിക്കൻ ഐക്യനാടുകളും 1950-60 കാലത്തു നടത്തിയ പര്യവേഷണങ്ങളാണ് ചന്ദ്രന്റെ മറുവശത്തെപ്പറ്റിയുള്ള അറിവുൾ നമുക്ക് സമ്മാനിച്ചത്. സോവിയറ്റ് യൂണിയന്റെ ചാന്ദ്ര പര്യവേഷണ പേടകമായ ലൂണ 3, യു.എസിന്റെ ലൂണാർ ഓര്‍ബിറ്റർ പദ്ധതികൾ എന്നിവ ഇതിൽ പ്രധാന പങ്കുവഹിച്ചു. ഇവയിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ചന്ദ്രന്റെ വിദൂരവശത്തിന്റെ മാപ്പും തയ്യാറാക്കി.

ചാന്ദ്രയാത്ര എന്ന സ്വപ്നം

ലോകത്തിലെ രണ്ടു സൂപ്പർ ശക്തികളായിരുന്ന സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ ശാസ്ത്രസാങ്കേതികരംഗങ്ങളിൽ കടുത്ത മത്സരം നടന്നുവന്ന കാലമായിരുന്നു അത്. സ്വാഭാവികമായും ഈ മത്സരം ബഹിരാകാശത്തെയും ചന്ദ്രനെയും പറ്റിയുള്ള അറിവിന്റെ മേഖലകളിലേയ്ക്കും കടന്നുചെന്നു. തത്ഫലമായി ചാന്ദ്രഗവേഷണരംഗത്ത് ഒട്ടേറെ പുതിയ നേട്ടങ്ങളുണ്ടായി.

യൂറി ഗഗാറിൻ

ബഹിരാകാശത്തെ കൈപ്പിടിയിലാക്കാനുള്ള മത്സരത്തിൽ പക്ഷേ സോവിയറ്റ് യൂണിയൻ എപ്പോഴും ഒരുപടി മുന്നിൽ നിന്നു. 1957 ഒക്ടോബർ 4ന് സോവിയറ്റ് യൂണിയൻ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക്‍ 1 വിക്ഷേപിച്ചു. 1959-ൽ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ചാന്ദ്രപേടകമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. അങ്ങനെ മനുഷ്യനിർമ്മിതമായ ഒരു വസ്തു ആദ്യമായി പ്രപഞ്ചത്തിലെ മറ്റൊരു ഗോളത്തെ സ്പർശിച്ചു. 1961 ഏപ്രിൽ 12 ന് സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാരിൻ ബഹിരാകാശത്തെത്തുന്ന ആദ്യത്തെ വ്യക്തിയായും ഭൂമിയെ പരിക്രമണം ചെയ്യുന്ന ആദ്യ മനുഷ്യനായും മാറി.

ശാസ്ത്രസാങ്കേതികരംഗത്ത് മറ്റാ‍ർക്കും കഴിയാത്ത ഒന്ന് ചെയ്തു കാണിക്കേണ്ടത് അമേരിക്കയുടെ അനിവാര്യതയായി മാറി. അങ്ങനെ അവര്‍ മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കാൻ തീരുമാനിച്ചു. നാസ എന്ന അമേരിക്കൻ ബഹിരാകാശ പര്യവേഷണ സ്ഥാപനം രൂപീകരിക്കപ്പെട്ടു. 1961 മെയ് 21ന് പ്രസിഡന്റ് കെന്നടി, ആ പതിറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കി സുരക്ഷിതനായി തിരികെ ഭൂമിയിലെത്തിക്കും എന്ന് അമേരിക്കൻ കേൺഗ്രസ്സിൽ പ്രഖ്യാപിച്ചു.

അപ്പോളൊ പദ്ധതി

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി അമേരിക്ക രൂപം നൽകിയ പദ്ധതിയാണ് അപ്പോളൊ. ഭീമാകാരമായ സാറ്റൺ എന്ന റോക്കറ്റും അപ്പോളൊ എന്ന ബഹിരാകാശ പേടകവും ഉൾപ്പെടുന്നതാണ് ഇത്. അമേരിക്കയുടെ തന്നെ മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതികളായ മെർക്കുറി, ജെമിനി എന്നിവയുടെ തുടർച്ചയായാണ് അപ്പോളോ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്.

ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു. ചന്ദ്രനാകട്ടെ, സ്വയം ഭ്രമണത്തോടൊപ്പം ഭൂമിയെ പരിക്രമണവും ചെയ്യുന്നു. ഭുമി ചന്ദ്രനെയും ചന്ദ്രൻ ഭൂമിയെയും ആകര്‍ഷിക്കുന്നുണ്ട്. ചന്ദ്രനിലെത്താനായി നാം വിക്ഷേപിക്കുന്ന വാഹനം ഭൂമിയുടെ ഗുരുത്വാകർഷണത്തെ ഭേദിക്കണം. ചന്ദ്രനെ ലക്ഷ്യമാക്കി നാം വിക്ഷേപിക്കുന്ന യാനം അവിടെ എത്തുമ്പോഴേക്കും ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചിരിച്ച് മറ്റൊരു സ്ഥാനത്ത് എത്തിയിട്ടുണ്ടാകാം. അതൊക്കെ തരണം ചെയ്ത് നമ്മളുടെ യാനം ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിൽ പ്രവേശിച്ചാൽതന്നെ അത് ചന്ദ്രന്റെ ആകര്‍ഷണത്തിൽ പെട്ട് അതിവേഗത്തിൽ താഴേക്ക് പതിച്ച് തകർന്നുപോകാം. ഈ വസ്തുതകളൊക്കെ പരിഗണിച്ചാണ് ചനന്ദ്രനെ ലക്ഷ്യമാക്കി പറക്കുന്നതിനായി അപ്പോളൊ എന്ന യാനം തയ്യാറാക്കപ്പെട്ടത്.

അപ്പോളോ വാഹനത്തിന്റെ ഘടന

അപ്പോളൊ വാഹനത്തിന് 3 ഭാഗങ്ങളാണുള്ളത്.

1. മാതൃപേടകം (Command Module)

മുന്ന് യാത്രികര്‍ക്ക് സഞ്ചരിക്കാൻ സാധിക്കുന്നതാണ് മാതൃപേടകം. യാത്രികര്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലർത്തുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഇതിലുണ്ട്.

2. സേവന പേടകം (Service Module)

യാത്രയ്ക്കാവശ്യമായ ഇന്ധനവും, ഓക്സിജൻ, മറ്റുപകരണങ്ങൾ, യാത്രികര്‍ക്കാവശ്യമായ സാധനങ്ങൾ, വെള്ളം എന്നിവയൊക്കെ കൊണ്ടുപോകുന്നതിനുള്ളതാണ് സേവനപേടകം.

3. ചാന്ദ്രപേടകം (Lunar Module)

ചന്ദ്രനിൽ ഇറങ്ങാനും അവിടെനിന്നും തിരികെ മാതൃപേടകത്തിൽ എത്താനും ഉപയോഗിക്കുന്നതാണ് ചാന്ദ്രപേടകം. ഇതിന് അവരോഹണ (descent stage) ഭാഗം ആരോഹണ ഭാഗം (ascent stage) എന്നിങ്ങനെ രണ്ടു തട്ടുകളുണ്ട്.

അപ്പോളൊയുടെ പ്രവർത്തനം

അപ്പോളൊയുടെ പ്രവർത്തന ഘട്ടത്തെ പ്രധാനമായും 10 ഭാഗങ്ങളായി തിരിക്കാം.

1. വിക്ഷേപണം

ചന്ദ്രനിലേക്കുള്ള കുതിപ്പിനു മുമ്പായി വാഹനത്തെ ഭൂമിക്കു മുകളിൽ ഏകദേശം 190 കി.മീ. ഉയരത്തിലുള്ള ഒരു പാര്‍ക്കിംഗ് ഓർബിറ്റിലേക്ക് എത്തിക്കുന്നു. സാറ്റേൺ V റോക്കറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേൺ V ചേർന്ന അപ്പോളോ 11-ന്; അതായത് ഏതാണ്ട് 110 മീ. ഉയരം, ഭാരം 3,100 ടണ്ണും. മൂന്നു ഘട്ടങ്ങളായി സാറ്റേൺ റോക്കറ്റ് കത്തിച്ചാണ് പാര്‍ക്കിംഗ് ഓർബിറ്റിൽ അപ്പോളോയെ എത്തിക്കുന്നത്. പാർക്കിംഗ് ഓർബിറ്റിൽ എത്താനായി കുറച്ചുമാത്രം ഇന്ധനമാണ് മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുക. അപ്പോഴേക്കും വാഹനം ഒരു കൃത്രിമ ഉപഗ്രഹം എന്നപോലെ ഭുമിയെ ചുറ്റാനാരംഭിക്കും. ഓരോ ഘട്ടത്തിലും റോക്കറ്റിന്റെ ഉപയോഗിച്ചു തീര്‍ന്ന ഭാഗം വേര്‍പെടുത്തും.

2. ട്രാൻസ് ലൂണാർ ഇൻജക്ഷൻ

പാര്‍ക്കിംഗ് ഓർബിറ്റിൽ ഒന്നു രണ്ടു പരിക്രമണങ്ങള്‍ നടത്തി, വാഹനത്തിന്റെ കൃത്യത ഉറപ്പു വരുത്തിയശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടം വീണ്ടും കത്തിച്ച് വാഹനം ചന്ദ്രനിലേയ്ക്ക് കുതിക്കുന്നു.

3. സ്ഥാനമാറ്റവും വിച്ഛേദനവും

അപ്പോളോ വാഹനത്തെ സാറ്റേൺ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുള്ള ചേർപ്പുകൾ‍ വേര്‍പെടുന്നു. മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട ഭാഗം റോക്കറ്റിൽ നിന്നും വേ‍ർപെടുകയും ചാന്ദ്രപേടകം റോക്കറ്റിനുപുറത്ത് കാണാവുന്നനിലയിൽ ആവുകയും ചെയ്യുന്നു. മാതൃപേടകത്തിന്റെ പൈലറ്റ് മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട ഭാഗത്തെ റോക്കറ്റിൽ നിന്നും സുരക്ഷിതമായ ഒരു ദൂരത്ത് എത്തിച്ച് 180 ഡിഗ്രി തിരിച്ച് വിപരീത ദിശയിലാക്കുന്നു.

4. വേർപെടുത്തൽ

പൈലറ്റ് മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട ഭാഗത്തെ തിരികെ റോക്കറ്റിനോട് അടുപ്പിച്ച്, റോക്കറ്റിലുള്ള ചാന്ദ്രപേടകവുമായി അതിനെ ബന്ധിപ്പിക്കുന്നു. ശേഷം ഈ സംയുക്ത സംവിധാനത്തെ റോക്കറ്റിൽ നിന്നും അകറ്റി ചന്ദ്രനിലേയ്ക്കുള്ള യാത്ര തുടരുന്നു. റോക്കറ്റ് സൂര്യനെ ഭ്രമണം ചെയ്യത്തക്കവിധം മറ്റൊരു ദിശയിൽ പ്രയാണം നടത്തുന്നു.

5. ചാന്ദ്രഭ്രമണപഥ പ്രവേശം

ചന്ദ്രന്റെ ഏകദേശം 110 കി.മീ. അടുത്തെത്തുമ്പോൾ സേവനപേടകത്തിലെ എ‍ഞ്ചിൻ കത്തിച്ച് വാഹനത്തിന്റെ വേഗത കുറയ്ക്കുന്നു. ചന്ദ്രന്റെ ഗുരുത്വബലം വാഹനത്തെ പിടിച്ചെടുക്കുന്നു. അങ്ങനെ അത് ദീര്‍ഘവൃത്താകാരമായ ഒരു ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റാനാരംഭിക്കുന്നു. തുടര്‍ന്ന് വീണ്ടും വേഗത കുറച്ച് 110 കി.മീ. അളവുള്ള വൃത്താകാര പാതയിൽ ചന്ദ്രനെ വലംവയ്ക്കുന്നു.

6. ചാന്ദ്ര അവരോഹണം

കമാണ്ടറും ചാന്ദ്രപേടകത്തിന്റെ പൈലറ്റും ചാന്ദ്രപേടകത്തിലേക്ക് മാറുന്നു. ചാന്ദ്രപേടകം മാതൃപേടകത്തിൽ നിന്നും വേര്‍പെട്ട്, അതിലെ റോക്കറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രനിലേയ്ക്ക് താഴുന്നിറങ്ങുന്നു. മാതൃപേടകം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. മാതൃപേടകത്തിന്റെ പൈലറ്റ് അതിനെ നിയന്ത്രിച്ചുകൊണ്ട് അതിനുള്ളിൽ തന്നെ കഴിയും.

7. പേടകത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങൾ

കമാണ്ടറും പൈലറ്റും ചാന്ദ്രപേടകത്തിനു പുറത്തിറങ്ങി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രവര്‍നങ്ങളും സാമ്പിൾ ശേഖരണവും മറ്റും നടത്തുന്നു.

8. ആരോഹണ ഘട്ടം

കമാണ്ടറും പൈലറ്റും തിരികെ ചാന്ദ്രപേടകത്തിൽ കയറി, പേടകത്തിന്റെ തന്നെ അവരോഹണഭാഗത്തെ ഒരു വിക്ഷേപണത്തറയായി ഉപയോഗിച്ച്, ആരോഹണ ഭാഗം മാത്രം മുകളിലേക്കു പറത്തി മാതൃപേടകത്തിലേക്ക് മടങ്ങുന്നു. മുകളിൽ ഭ്രമണം ചെയ്തുകൊണ്ടിരുന്ന മാതൃപേടകവുമായി ഈ ഭാഗം സന്ധിക്കുകയും ചാന്ദ്രപേടകത്തിലെ സഞ്ചാരികൾ മാതൃപേടകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

9. മടക്കയാത്ര

ചാന്ദ്രപേടകത്തെ ചാന്ദ്രഭ്രമണപഥത്തിൽ ഉപേക്ഷിച്ച് മാതൃപേടകവും സേവനപേടകവും ഉൾപ്പെട്ട വാഹനം ഭൂമിയിലേക്ക് തിരിക്കുന്നു.

10. ഭൗമപ്രവേശം

ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സേവനപേടകത്തെ ഉപേക്ഷിക്കുന്നു. അന്തരീക്ഷഘര്‍ഷണം പേടകത്തിന്റെ വേഗത കുറയ്ക്കുന്നു. പേടകത്തിനു ചുറ്റും രൂപപ്പെടുന്ന ചാര്‍ജ്ജിത വായുവിന്റെ കവചം മൂലം പേടകത്തിൽ നിന്നുള്ള വാർത്താവിനിമയ സംവിധാനം ഈ സമയം തടസ്സപ്പെടും. പാരച്യൂട്ടുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയും പേടകം പസഫിക്‍ സമുദ്രത്തിൽ ഇറങ്ങുകയും ചെയ്യുന്നു.

മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതിനു മുമ്പുള്ള അപ്പോളോ യാത്രകൾ

പതിനൊന്നാമത് അപ്പോളോ യാത്രിയലാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്. അതിനു മുമ്പുള്ള യാത്രകള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. 1967 ജനുവരി 27-നു ആദ്യമായി പ്രയാണസജ്ജമായ ഒന്നാമത്തെ അപ്പോളോ യാത്ര വൻ ദുരന്തമായി മാറി. വെർജിൽ ഗ്രിസ്സം (Virgil Grissom), എഡ്വേർഡ് വൈറ്റ് (Edward White), റോജർ ചാഫി (Roger Chaffee) എന്നിവർ കയറിയ അപ്പോളോ വാഹനം പറക്കലിനു മുമ്പായുള്ള പരീക്ഷണത്തിനിടയിൽതന്നെ തീ പിടിക്കുകയും യാത്രികർ മരണപ്പെടുകയും ചെയ്തു.

ശാസ്ത്രത്തിനുവേണ്ടി ജീവത്യാഗം ചെയ്തവർ: വെർജിൽ ഗ്രിസ്സം (Virgil Grissom), എഡ്വേർഡ് വൈറ്റ് (Edward White), റോജർ ചാഫി (Roger Chaffee) എന്നിവർ ആദ്യ അപ്പോളോ യാത്രയ്ക്കു മുമ്പ്.

അപ്പോളോ 1-നുശേഷം അപ്പോളൊ-6 വരെ നടന്ന യാത്രകൾ മനുഷ്യരില്ലാതെയായിരുന്നു. സാറ്റേൺ വിക്ഷേപിണി, മാതൃപേടകം എന്നിവ പരീക്ഷിക്കുക, ബഹിരാകാശത്തുവച്ചു നടക്കുന്ന ചാന്ദ്രപേടകത്തിന്റെ ആരോഹണ-അവരോഹണങ്ങൾ പരീക്ഷിക്കുക, അപ്പോളോ വാഹനത്തിന്റെ പ്രവര്‍ത്തനം പരീക്ഷിച്ച് ഉറപ്പുവരുത്തുക എന്നിവയായിരുന്നു ഈ പറക്കലുകളുടെ ലക്ഷ്യങ്ങള്‍.

അപ്പോളൊ-7 മുതലുള്ള എല്ലാ യാത്രകളും മനഷ്യരെ വഹിച്ചുകൊണ്ടുള്ളതായിരുന്നു. 1968 ഒക്ടോബർ 11നാണ് പറന്നുയര്‍ന്ന അപ്പോളോ-7 പറന്നുയര്‍ന്നത്. മൂന്ന് മനുഷ്യരുമായി ഏഴു ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് അത് തിരികെയെത്തി. വാഹനവും അതിലെ യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. 1968 ഡിസബർ 21-ന് യാത്രതിരിച്ച അപ്പോളോ-8 ചന്ദ്രനടുത്ത് 112 കി.മീ. ദൂരത്തിൽ എത്തി വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങളെടുത്തു ഭൂമിയിലേക്കയച്ചു. യാത്രികർ ചന്ദ്രനെ 10 പ്രാവശ്യം പ്രദക്ഷിണം വച്ചശേഷം ഡിസബർ 27-ന് തിരിച്ചെത്തി. അപ്പോളോ 8-ന്റെ വിജയം മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാകുമെന്ന പ്രതീക്ഷക്ക് ബലമേകി. ചന്ദ്രനിൽ ഇറക്കാനുള്ള പേടകം ഭൂമിയുടെ ആകർഷണ മണ്ഡലത്തിൽലും ചന്ദ്രന്റെ ആകർഷണ മണ്ഡലത്തിലും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് 1969 മാർച്ച് 3-ന് പുറപ്പെട്ട അപ്പോളോ-9‍പരീക്ഷിച്ച് ഉറപ്പുവരുത്തി. ചാന്ദ്രപേടകവും മാതൃപേടകവുമായുള്ള വേര്‍പിരിയലും കൂടിച്ചേരലും ഉറപ്പുവരുത്തുകയായിരുന്നു അപ്പോളോ 10ന്റെ ലക്ഷ്യം. 1969 മേയ് 18-ന് പുറപ്പെട്ട അപ്പോളോ 10 ചന്ദ്രന് 10കി.മീ. അടുത്തുവരെ എത്തി സുരക്ഷിതമായി മടങ്ങിയെത്തി.

അപ്പോളോ 11 – മനുഷ്യന്റെ ആദ്യ ചന്ദ്രസന്ദർശനം

നീൽ എ. ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളൊ 11ലെ സഞ്ചാരികൾ. മാതൃപേടകവും സേവന പേടകവും ഉൾപ്പെട്ട ബഹിരാകാശയാനത്തിന് കൊളംബിയ എന്നായിരുന്നു പേര്; ചാന്ദ്രപേടകത്തിന്റെ പേര് ഈഗിൾ എന്നും. സാറ്റേൺ V റോക്കറ്റാണ് ഇവയെ വഹിച്ചുകൊണ്ട് ഉയര്‍ന്നത്.

ബഹിരാകാശത്തേക്ക്

1969 ജൂലൈ 16-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നും ഇന്ത്യൻ സമയം വൈകിട്ട് 07:02ന് അപ്പോളോ-11 യാത്ര തിരിച്ചു. ഒന്നാം ഘട്ടം രണ്ടര മിനിറ്റു കൊണ്ട് കത്തിയെരിഞ്ഞു. അപ്പോളാ 11 കിഴക്കൻ ആഫ്രിക്കയുടെ മീതെ 64 കി.മീ. ഉയരത്തിൽ എത്തിയപ്പോൾ റോക്കറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തിപ്പിച്ചു. അതോടെ ആദ്യറോക്കറ്റ് വേർപെട്ട് സമുദ്രത്തിൽ വീണു. അതിന്റെ 12 മിനിറ്റ് പറക്കലിൽ അപ്പോളോ 185.9 കി.മീ. ഉയരത്തിലെത്തി ഏതാണ്ട് വൃത്താകാരമായ പാതയിൽ, ഒരു കൃത്രിമ ഉപഗ്രഹമെന്നപോലെ ഭൂമിയെ വലംവയ്ക്കാനാരംഭിച്ചു. ഒന്നരവട്ടം ഭൂമിയെ വലംവച്ചശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടം എരിച്ച് ഗതിവേഗം കൂട്ടുകയും ഭൂമിയുടെ ആകർഷണ വലയത്തിൽനിന്നു മോചനം നേടി ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. 30 മിനിറ്റ് പറക്കലിനു ശേഷം സാറ്റേണിന്റെ ശേഷിച്ച ഭാഗത്തുനിന്നും കൊളംബിയയെ വേര്‍പെടുത്തി, തലതിരിച്ച് ഈഗിളുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് സംയുക്ത പേടകത്തെ റോക്കറ്റിൽ നിന്നും പൂര്‍ണ്ണമായും വേര്‍പെടുത്തി അതിലേറി സഞ്ചാരികൾ ചന്ദ്രനിലേക്ക് കുതിച്ചുപാഞ്ഞു.

ചന്ദ്രനിലേയ്ക്ക്

അപ്പോളോ 11ലെ യാത്രികർ: നീൽ എ. ആംസ്ട്രോങ്, മൈക്കൽ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ

മൂന്നുദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് അപ്പോളോ 11 ചന്ദ്രന്റെ ആകർഷണ മണ്ഡലത്തിലെത്തി, സേവനപേടകത്തിലെ എഞ്ചിനുകള്‍ പ്രവർത്തിപ്പിച്ച്, ചന്ദ്രന്റെ ചുറ്റുമായുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. പതിമൂന്നു തവണ കൊളംബിയ ചന്ദ്രനെ വലംവച്ചു. ഇതിനിടയിൽ സഞ്ചാരികൾ തങ്ങള്‍ക്കിറങ്ങേണ്ട, പ്രശാന്തിയുടെ സമുദ്രം (Sea of Tranquility) എന്നു പേരിട്ട സ്ഥലം പലതവണം കണ്ട് ബോധ്യപ്പെട്ടു. ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 06:22-ന് ആംസ്ട്രോങ്ങും ആൽഡ്രിനും ഈഗിളിലേക്ക് പ്രവേശിച്ച് തയ്യാറെടുപ്പുകൾ നടത്തി. രാത്രി 11:14ന് ഈഗിൾ കൊളംബിയയിൽ നിന്നും വേർപെട്ട് ചന്ദ്രനിലേക്ക് ഇറങ്ങാനാരംഭിച്ചു. ഈ സമയം മൈക്കിൾ കോളിൻസ് കൊളംബിയയെ ചന്ദ്രനു ചുറ്റുമായി പറത്തിക്കൊണ്ടിരുന്നു. അടുത്ത ദിവസം അതായത് ജൂലൈ 21 ഇന്ത്യൻ സമയം പുലര്‍ച്ചെ 01:17ന് ഈഗിൾ പ്രശാന്തിയുടെ സമുദ്രത്തിൽ ഇറങ്ങി. മുൻ നിശ്ചയപ്രകാരം സഞ്ചാരികൾക്ക് 5 മണിക്കൂര്‍ ഉറക്കം അനുവദിച്ചിരുന്നു. എന്നാൽ‍ ഉറങ്ങാൻ കൂട്ടാക്കാതെ അവർ നേരെ ചാന്ദ്രഇറക്കത്തിനും തിരിച്ചുവരവിനുമായുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. കിടന്നാലും ഉറങ്ങാൻ കഴിയുമായിരുന്നില്ല എന്നാണവർ പറഞ്ഞത്.

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നു

6 മണിക്കൂർ 39 മിനിറ്റിനുശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവസ്ത്രങ്ങളും ധരിച്ച്, ജൂലൈ 21, ഇന്ത്യൻ സമയം രാവിലെ 08:21-നു ആംസ്ട്രോങ്ങ് ഈഗിളിൽ നിന്നും താഴേക്കുള്ള കോണിയിറങ്ങാനാരംഭിച്ചു. ഇറക്കത്തിനിടയിൽ അദ്ദേഹം ഈഗിളിൽ ഘടിപ്പിച്ചിരുന്ന ടി.വി. ക്യാമറ ഓണാക്കി, അങ്ങനെ മനുഷ്യന്റെ പാദമുദ്ര ചന്ദ്രനിൽ പതിയുന്ന രംഗം ലോകത്തുള്ള ദശലക്ഷക്കണക്കനാളുകൾക്ക് വീക്ഷിക്കാനായി. 08:26 ന് ആംസ്ട്രോങ്ങ് തന്റെ പാദങ്ങൾകൊണ്ട് ചന്ദ്രനെ തൊട്ടു.

"ഒരു മനുഷ്യന്റെ ചെറിയ ഒരു കാൽവയ്പ്പ്, പക്ഷേ മനുഷ്യരാശിയുടെ വലിയ ഒരു കുതിച്ചുചാട്ടം.” - അദ്ദേഹം ലോകത്തോടായി പറഞ്ഞു.

ഏതാനും സമയം ചന്ദ്രോപരിതലത്തിൽ നടന്നശേഷം ആംസ്ട്രോങ് ചന്ദ്രനിലെ കുറച്ച് മണ്ണ് ശേഖരിച്ച് തന്റെ കുപ്പായത്തിന്റെ അറയിൽ സൂക്ഷിച്ചു, പിന്നീട് തിരികെ വന്ന് ഏണിവഴി ഇറങ്ങാൻ ആൽഡ്രിനെ സഹായിച്ചു. ഈ സമയം ആൽഡ്രിൻ ഫോട്ടോകളെടുത്തു ഭൂമിയിലേക്ക് അയയ്ക്കുകയായിരുന്നു. രണ്ടുപേരും ചന്ദ്രനിലിറങ്ങിയ ശേഷം അവർ ചന്ദ്രോപരിതലത്തില്‍ ഒരു വീഡിയോ ക്യാമറ സ്ഥാപിച്ചു, മറ്റൊന്ന് കയ്യിലുമുണ്ടായിരുന്നു. അവരിരുവരും ചേർന്ന് പേടകത്തിന്റെ കാലിൽ സ്ഥാപിച്ചിരുന്ന, അവരുടെ സന്ദർശനത്തിന്റെ സന്ദേശം വഹിക്കുന്ന ലോഹത്തികിട് അനാച്ഛാദനം ചെയ്തു. തുടർന്ന് യു.എസ്സിന്റെ പതാക ചന്ദ്രനിൽ നാട്ടി. അമേരിക്കൻ പ്രസിഡന്റ് റിച്ചാഡ് നിക്സൻ അവരുമായി റേഡിയോ വഴി സംസാരിച്ചു. ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ നിന്ന് മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിക്കുകയും ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന മൂന്ന് ഉപകരണങ്ങൾ – solar wind composition detector, seismic detector, laser reflector എന്നിവ ചന്ദ്രോപരിതലത്തിൽ സജ്ജമാക്കുകയും ചെയ്തു.

ചന്ദ്രനിൽനിന്നും മടക്കം

രണ്ടര മണിക്കൂർ മാത്രമാണ് അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചത്. ശേഷം, ശേഖരിച്ച വസ്തുക്കളുമായി അവർ പേടകത്തിൽ തിരികെ പ്രവേശിച്ചു. പേടകത്തിൽ ഏഴുമണിക്കൂര്‍ വിശ്രമിച്ച ശേഷം തിരികെയുള്ള യാത്രയ്ക്കായി അവർ തയ്യാറെടുപ്പു തുടങ്ങി. വീണ്ടും രണ്ടര മണിക്കൂറിനു ശേഷം കൊളംബിയ മുകളിൽ പ്രത്യേക്ഷപ്പെട്ടപ്പോൾ (ഇന്ത്യൻ സമയം രാത്രി 11:24ന്) അവർ ഈഗിളിന്റെ അവരോഹണ ഭാഗത്തെ ഒരു വിക്ഷേപണത്തറയായി ഉപയോഗിച്ച്, ആരോഹണഭാഗം മാത്രം മുകളിലേക്കുയര്‍ത്തി, മുകളിൽ ഭ്രമണം ചെയ്യുന്ന കൊളംബിയയെ ലക്ഷ്യമാക്കി മടക്കയാത്ര ആരംഭിച്ചു. പേടകത്തിലും പുറത്തുമായി 21 മണിക്കൂറിലധികമാണ് അവർ ചന്ദ്രനിൽ ചെലവഴിച്ചത്. നാല് മണിക്കൂറിനുശേഷം ഈഗിൾ കൊളംബിയയുമായി സന്ധിച്ചു. ആംസ്ട്രോങ്ങും ആൽഡ്രിനും കൊളംബിയയിൽ പ്രവേശിച്ച ശേഷം ഈഗിളിനെ ചാന്ദ്രഭ്രമണപഥത്തിൽ ഉപേക്ഷിച്ച് മാതൃപേടകത്തിൽ അവര്‍ മൂവരും ഭൂമിയിലേക്കു തിരിച്ചു. ഈഗിൾ ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്നുണ്ടാകാം എന്നാണ് കണക്കുകൂട്ടുന്നത്.

ഭൗമാന്തരീക്ഷത്തിൽ കടക്കുന്നതിനു മുമ്പായി സേവന പേടകത്തെ വഴിയിലുപേക്ഷിച്ചു. ജൂലായ് 24 ഇന്ത്യൻ സമയം 10:14ന് അവര്‍ സഞ്ചരിച്ച മാതൃപേടകം പസഫിക്‍ സമുദ്രത്തിൽ വന്നിറങ്ങി. ഹെലികോപ്റ്റർ അവരെ ഹോർണറ്റ് എന്ന കപ്പലിൽ എത്തിച്ചു. അവരോടൊപ്പം ചന്ദ്രനിൽനിന്നുള്ള അജ്ഞാത വികിരണങ്ങളോ രോഗാണുക്കളോ എത്തിയിട്ടുണ്ടെങ്കിൽ അവ മനുഷ്യരാശിയെ അപകടത്തിലാക്കാതിരിക്കുന്നതിനുള്ള മുൻകരുതലായി 18 ദിവസം സഞ്ചാരികളെ തനിച്ചു പാര്‍പ്പിച്ചു. അങ്ങനെ മനുഷ്യൻ ആദ്യമായി സുരക്ഷിതനായി ചന്ദ്രനിൽ ഇറങ്ങുകയും തിരികെ ഭൂമിയിലെത്തുകയും ചെയ്തു.

അപ്പോളോ പദ്ധതി – ഒരു അവലോകനം

അപ്പോളോ 11 മുതൽ 17 വരെ മനുഷ്യരുമായി ചന്ദ്രനിലേക്ക് ഏഴ് അപ്പോളോ വാഹനങ്ങൾ പറന്നു. എന്നാൽ അപ്പോളോ 13ലെ യാത്രികര്‍ക്ക് സാങ്കേതിക തകരാർ മൂലം ചന്ദ്രനിൽ ഇറങ്ങാനായില്ല. അങ്ങനെ 6 ദൗത്യങ്ങളിലായി 12 യാത്രികർ ചന്ദ്രനിലിറങ്ങി. അപ്പോളോ-17ൽ സഞ്ചരിച്ച് 1972 ഡിസംബറിൽ ചന്ദ്രനിൽ കാലുകുത്തിയ യൂജിൻ സെർനാൻ ആണ് ചന്ദ്രനിൽ ഏറ്റവും അവസാനം ഇറങ്ങിയത്‌. ഇവരെല്ലാം ചേര്‍ന്ന് 382കി.ഗ്രാം ചാന്ദ്രവസ്തുക്കൾ ഭൂമിയിലെത്തിച്ചു. അപ്പോളോ പദ്ധതി അനവധി ശാസ്ത്രസാങ്കേതിക പഠനങ്ങൾക്ക് വഴിതെളിച്ചു. ഇലക്ട്രോണിക്സ് മേഖലയിൽ Integrated circuit-കളെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പ്രേരകമായത് അപ്പോളോ പേടകങ്ങൾ പ്രവർത്തിപ്പിക്കാനുപയോഗിച്ച കംപ്യൂട്ടർ മാതൃകകളാണ്. അപ്പോളോയുടെ ഘടക ഭാഗങ്ങളുടെ നിർമ്മാണത്തിനായാണ് കംപ്യൂട്ടർ നിയന്ത്രിത യന്ത്രവത്ക്കരണം ആദ്യമായി ഉപയോഗപ്പെടുത്തിയത്. ഭൂമിയുടെ ഉദ്ഭവത്തെയും പ്രപഞ്ച രഹസ്യങ്ങളെയുംപറ്റി അമൂല്യമായ അറിവുകൾ ചാന്ദ്രപര്യവേഷണങ്ങൾ ലഭ്യമാക്കി.

ഭൂമിയിൽ ലഭ്യമായ മൂലകങ്ങളുടെ സ്രോതസ്സ് ക്ഷയിക്കുന്നതോടെ ചന്ദ്രനിൽനിന്നും അമൂല്യലോഹങ്ങൾ ഖനനംചെയ്തു കൊണ്ടുവരാൻ സാധിക്കുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഒരു കൃത്രിമ ആവാസകേന്ദ്രം സൃഷ്ടിച്ച് ചന്ദ്രനിൽ മനുഷ്യാധിവാസത്തിന് സൗകര്യം ഉണ്ടാക്കാനാകുമെന്നും അവർ കരുതുന്നു. ചന്ദ്രനെ ഒരു ബഹിരാകാശത്താവളമായി ഉപയോഗിച്ച് മനുഷ്യന് ഒരുകാലത്ത് വിദൂര നക്ഷത്രലോകങ്ങളിലേക്കു യാത്രചെയ്യാനും പ്രപഞ്ചത്തിൽ വേറെ എവിടെയെങ്കിലും ജീവൻ ഉണ്ടോയെന്നു കണ്ടുപിടിക്കാനും കഴിഞ്ഞേക്കാം.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്ത് മനുഷ്യന്റെ സമര്‍പ്പിത അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്നു എല്ലാ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും. മൂന്നര ലക്ഷത്തിലധികം മനുഷ്യരാണ് അപ്പോളോ യാത്രകൾക്കായി കഠിനാദ്ധ്വാനം ചെയ്തത്. 20 ലക്ഷത്തിലധികം സൂക്ഷ്മഭാഗങ്ങളാണ് അപ്പോളോയുടെ മാതൃപേടകത്തിൽ മാത്രം ഉണ്ടായിരുന്നത്. മനുഷ്യരാശിയുടെ പുരോഗതിയിൽ ഈ ദൗത്യങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഓരോ ചാന്ദ്ര ദൗത്യവും എന്നും മാനവരാശിക്ക് അഭിമാനിക്കാനുള്ളതാണ്.

വീഡിയോ കാണാംഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

About Me

I am a writer, traveler, social worker, and psychologist. Interested in amateur photography, amateur astronomy, scientific temper etc. Actively participating in Wikipedia editing. I am a Government Employee by Profession. I am from Kollam District of Kerala, now residing at Thiruvananthapuram, working at Harbour Engineering Department, Kerala. Member of Kerala Sastra sahithya Parishad, Free Software Movement of India, DAKF, editorial board member of LUCA Science Portal.

Newsletter

%d bloggers like this: