ചിറകില്ലാതെ ആകാശത്തു പറന്നുനടക്കുന്നതായി എത്രയെത്ര സ്വപ്നങ്ങളാണ് കണ്ടിട്ടുള്ളത്. പറന്നു നടക്കാനുള്ള മോഹം ഓർമ്മവച്ച നാൾമുതൽ തുടങ്ങിയതാണ്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി കറങ്ങിനടക്കുന്നതിനിടയിലാണ് 2018ഏപ്രിൽ മാസത്തിലെ ഒരു രാത്രിയിൽ നേപ്പാളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊഖറയിൽ എത്തുന്നത്. രാത്രി അവിടെ നിന്നു നോക്കുമ്പോൾ, അല്പം അകലെയായി ഭൂമിയിൽ നിന്നും ആകാശത്തേക്ക് നീളുന്ന വൈദ്യുത വിളക്കുകൾ കണ്ടു. വിളക്കു തെളിക്കുന്ന വഴിയിലൂടെ ഉയരത്തിലേക്കു നോമ്പോൾ, നക്ഷത്രങ്ങളാണോ വിളക്കുകളാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമുള്ള ദീപക്കാഴ്ചയാണ് ആകാശത്ത്. അതൊരു വേനൽ രാത്രിയായിരുന്നു, തെളിഞ്ഞ ആകാശവും. ഏതോ മായികലോകത്ത് എത്തിയ പ്രതീതിയാണു തോന്നിയത്. നഗരത്തോടു ചേര്‍ന്നുള്ള സാരങ്കോട്ട് എന്ന പര്‍വ്വതവും അതിനുമുകളിലേക്കുള്ള വഴിയിൽ തെളിച്ചിട്ടുള്ള ദീപങ്ങളുമാണതെന്നു മനസ്സിലായി. നേരം വെളുത്താൽ എന്തായാലും ആ പര്‍വ്വതത്തിനു മുകളെലെത്തണമെന്ന് അപ്പോഴേ വിചാരിച്ചുരുന്നു. ഹിമാലയ പർവ്വതനിരയുടെ ഭാഗമായ ഒരു പർവ്വതമാണ് സാരങ്കോട്ട്.
അടുത്ത ദിവസം അല്പം വൈകിയാണ് ഉണർന്നത്. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും മലമുകളിലേക്കു നോക്കിയ എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് അപ്പോഴുണ്ടായിരുന്നത്. നൂറുകണക്കിന് വർണ്ണച്ചിറകുകളും അതിൽ തൂങ്ങി മനുഷ്യരും ആകാശത്തുനിന്നും ഭൂമിയിലേക്ക് പറന്നിറങ്ങുന്നു, പര്‍വ്വതമുകളിൽ നിന്നും പാരച്യൂട്ടിൽ പറന്ന് താഴെയുള്ള ഫേവ തടാകത്തിന്റെ കരയിലേക്കിറങ്ങുന്ന പാരാഗ്ലൈഡേഴ്സായിരുന്നു അതെല്ലാം. വിവിധ വർണ്ണങ്ങളിലുള്ള ഡ്രാഗണുകളുടെ പുറത്തു പറന്നുനടക്കുന്ന അവതാര്‍ സിനിമയിലെ ‘നാവി’കളെയാണ് അതുകണ്ടപ്പോൾ ഓർമ്മവന്നത്. എന്തായാലും പാരച്യൂട്ടിൽ ഒരു പറക്കൽ തരപ്പെടുത്തണമെന്ന് അപ്പോൾ തന്നെ തീർച്ചപ്പെടുത്തി.

നേപ്പാളിന്റെ പ്രഥാന വരുമാനമാർഗ്ഗമാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ധാരാളം കേന്ദ്രങ്ങൾ പൊഖറ നഗരത്തിലുണ്ട്. ചില തെരുവുകൾ ഇത്തരത്തിൽ വിനോദസഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന കടകൾക്കു മാത്രമായുള്ളതാണ്. അത്തരം ചില കടകളിലെത്തി വിവരങ്ങളൊക്കെ മനസ്സിലാക്കി. ഓരോ സ്ഥലത്തും വിവിധ നിരക്കുകളാണ് പാരാഗ്ലൈഡിംഗിന് വാങ്ങുന്നത്. 5000-മുതൽ 8000 വരെയാണ് ചോദിക്കുന്നത്. നഗരത്തിൽ നിന്നും ജീപ്പിൽ കയറ്റി പര്‍വ്വതമുകളിൽ എത്തിക്കും. അരമണിക്കൂറിലധികം എടുക്കും മുകളിലെത്താൻ. നഗരത്തോടു ചേർന്നുള്ള മനോഹരവും വിശാലവുായ ഫേവ തടാകത്തിന്റെ കരയിലുള്ള മൈതാനത്താണ് പാരച്യൂട്ടുകൾ വന്നിറങ്ങുക. അവിടെ നിന്നും ജീപ്പിൽ കയറ്റി നമ്മളെ വീണ്ടും നഗരത്തിലെത്തിക്കും. ഓരോ പാരച്യൂട്ടിനൊപ്പവും, അതു പറത്താനായി ഒരു പൈലറ്റും ഉണ്ടാകും. നമ്മൾ വെറുതെ ഇരുന്നു കൊടുത്താൽ മതി, പറത്തലും നിലത്തിറക്കലുമൊക്കെ പൈലറ്റ് തന്നെ ചെയ്തുകൊള്ളും. എന്തായാലും അന്ന് വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി ഞാൻ തിരികെ പോന്നു. അടുത്ത ദിവസം പറക്കാമെന്നു കണക്കു കൂട്ടി, മറ്റ് പരിപാടികളിൽ ഏർപ്പെട്ടു.

അടുത്ത ദിവസം രാവിലെ എട്ടുമണിയോടെ വീണ്ടും പലപല കടകളിൽ കയറിയിറങ്ങി. അല്പം റേറ്റ് കുറവുള്ള ഒരു കട കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരു കടയിൽ ജീപ്പൊക്കെ തയ്യാറായി നില്ക്കുന്നു. കുറച്ചു പേര്‍ അതിനകത്തുണ്ട്. ഞാൻ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അഞ്ചുപേരെയാണ് ഒരു തവണ മുകളിൽ എത്തിക്കുന്നത്. ഇതുവരെ നാല് സഞ്ചാരികളെ ആയിട്ടുള്ളു. അഞ്ച് പൈലറ്റുമാരും അഞ്ചാൾക്കുള്ള പാരച്യൂട്ടും തയ്യാറാണ്. ഒരാളെ കൂടി കിട്ടിയാൽ ഉടൻ പുറപ്പെടാം. അല്പം നിരക്കു കുറയ്ക്കുകയാണെങ്കിൽ ഞാൻ തയ്യാറാണ് എന്നു പറഞ്ഞു. ഇത്തരം വിലപേശലുകൾ അവിടെ പതിവാണ്. ഒടുവിൽ 4500 രൂപയ്ക്ക് പാരാഗ്ലൈഡിംഗ് തരപ്പെട്ടു.
അങ്ങനെ ഞങ്ങളുടെ ജീപ്പ് സാരങ്കോട്ടിന്റെ മുകളിലേക്ക് യാത്രയായി. കുത്തനെയുള്ള കയറ്റമാണ്. ചിലയിടത്തൊക്കെ, ജീപ്പിന് കയറാനായി പൈലറ്റുമാർ ഇറങ്ങിക്കൊടുത്ത് ജീപ്പ് നിരങ്ങി നിരങ്ങി കയറേണ്ടി വന്നു. ഉയരത്തിലേക്കു പോകും തോറും താഴെ നഗരവും അതിനടുത്തായുള്ള തടാകവും കാണാറായി. തീപ്പെട്ടിക്കൂടുകൾ അടുക്കിയപോലെ കെട്ടിടനിരകൾ.
ജീപ്പിലുള്ളവരെയൊക്കെ പരിചയപ്പെട്ടു. അക്കൂട്ടത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ ആസ്വദിക്കാൻ കാഠ്മണ്ടുവിൽ നിന്നും എത്തിയ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞാൽ രണ്ടുമാസം ചുറ്റിക്കറങ്ങാൻ അനുവദിക്കണമെന്ന് വീട്ടുകാരിൽ നിന്നും സമ്മതം വാങ്ങി കറങ്ങാനിറങ്ങിയിരിക്കുകയാണ് അവൾ. ആദ്യമായി പറക്കാൻ പോകുന്നതിന്റെ ഭയം അവൾ ഒളിച്ചുവച്ചില്ല. വളരെ കഷ്ടപ്പെട്ടാണ് വീട്ടുകാരിൽ നിന്നും പറക്കാനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്. കേരളത്തെക്കുറിച്ചൊക്കെ അവൾക്ക് അറിയാം. എരിവുള്ള ഭക്ഷണം കഴിക്കുന്നവർ എന്നാണ് അവൾ മലയാളികളെ വിശേഷിപ്പിച്ചത്.

അങ്ങനെ ഞങ്ങൾ മുകളിലെത്തി. മുകളിൽ വിവിധ ഇടങ്ങളിലായി ഗ്ലൈഡേഴ്സിന്റെ പറക്കലുകൾ നടക്കുന്നുണ്ടായിരുന്നു. അല്പം നിരപ്പായതും ഒരു വശം കുത്തനെ താഴ്ചയുള്ളതുമായ ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. എന്റെ പൈലറ്റ് താംബ എന്നു പേരായ ഒരു ആസ്ത്രേലിയക്കാരനായിരുന്നു. ഗ്ലൈഡിംഗിൽ ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങളൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ഹെൽമറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളുമൊക്കെ ധരിച്ച് ഞാനും തയ്യാറായി. സഞ്ചാരിയെ മുന്നിലും പൈലറ്റിനെ പിന്നിലുമായി പാരച്യൂട്ടിന്റെ രണ്ടു ഇരിപ്പിടങ്ങളിൽ ബന്ധിപ്പിക്കും. തുടര്‍ന്ന് പൈലറ്റിന്റെ സഹായികൾ പാരച്യൂട്ട് നിലത്ത് വിരിച്ചിടും. കാറ്റടിച്ച് അത് വിടരുന്നതിനനുസരിച്ച് സഞ്ചാരിയും പൈലറ്റും കൂടി മുന്നിലേക്ക് ഓടി താഴേക്ക് ചാടണം. അപ്പോൾ പാരച്യൂട്ട് പൂർണ്ണയായും വിടർന്നുയരുകയും നമ്മൾ പറക്കാനാരംഭിക്കുകയും ചെയ്യും.
ഒന്നുരണ്ടാളുകൾ പറന്നിറങ്ങുന്നത് ഞാൻ ശ്രദ്ധയോടെ നിരീക്ഷിച്ചു. ഊഴം വന്നപ്പോൾ എന്നെയും സീറ്റുമായി ബന്ധിപ്പിച്ചു. പൈലറ്റും കയറി. പാരച്യൂട്ട് വിടര്‍ത്തി, കാറ്റടിച്ച് അത് മുകളിലേക്കുയർന്നു, ഒപ്പം ഞങ്ങൾ മുന്നോട്ടോടി, അഗാധമായ താഴ്ചയിലേക്ക് എടുത്തുചാടി. ചാടുന്ന സമയം ശരീരത്തിന് മൊത്തത്തിൽ ഒരു ഭാരമില്ലായ്മ തോന്നി, പക്ഷെ താഴെ വീഴുന്നതിനു പകരം ഞങ്ങൾ വായുവിൽ തങ്ങിനിന്നു. താഴേക്കു നോക്കിയാൽ കാടും നഗരവും തടാകവുമൊക്കെ പലപലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. ആകാശം നിറയെ പാരച്യൂട്ടുകൾ പറന്നു നടക്കുകയാണ്. അതിലൊരെണ്ണമായി ഞങ്ങളും ആകാശത്തിന്റെ ഭാഗമായിമാറി.

അല്പസമയത്തിനകം താംബ ഒരു ക്യാമറ കയ്യിലെടുത്തു. ഒരു പൈപ്പിന്റെ അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ക്യാമറയാണത്. ഒരേസമയം ഫോട്ടോയും വീഡിയോയും എടുക്കാം. തുടക്കത്തിൽ അദ്ദേഹം തന്നെ ഫോട്ടോയും വീഡിയോയും എടുത്തു, പിന്നീട് ക്യാമറ എനിക്കു കൈമാറി. അപ്പോഴേക്കും പാരച്യൂട്ട് നേപ്പാളിന്റെ ഗ്രാമങ്ങൾക്കു മുകളിലൂടെ പറക്കാൻ തുടങ്ങിയിരുന്നു. വീടുകളും കെട്ടിടങ്ങളും സ്കൂളും റോഡും കൃഷിയിടങ്ങളുമൊക്കെ ഒരു ചിത്രത്തിലെന്നപോലെ കാണപ്പെട്ടു. ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു. ആകാശത്തു പറക്കുന്ന ചില പക്ഷികളൊക്കെ അസൂയയോടെ ഞങ്ങളെ നോക്കുന്നതായി തോന്നി.
ഒരു സ്വപ്നലോകത്തെന്നപോലെ ഞങ്ങൾ പറന്നുനടന്നു. നയനാനന്ദകരമായ കാഴ്ചകൾ കണ്ടും കാണുന്ന കാഴ്ചകൾ ക്യാമറയിൽ പകര്‍ത്തിയും പാരഗ്ലൈഡിംഗ് പുരോഗമിച്ചു. അരമണിക്കൂറോളം ഞങ്ങൾ പറന്നു നടന്നു. അല്പം സര്‍ക്കസ്സൊക്കെ കാണിക്കാൻ പോവുകയാണെന്ന് താംബ മുന്നറിയിപ്പുനൽകി. തുടർന്ന് അദ്ദേഹം പാരച്യൂട്ടിനെ ചരിച്ചും തിരിച്ചും പലദിശയിൽ കറക്കിയും വിവിധ അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡിലിരിക്കുന്ന പ്രതീതിയാണ് അപ്പോൾ തോന്നിയത്. അല്പസമയത്തിനകം ഞങ്ങള്‍ തടാകത്തിന്റെ കരയിലുള്ള വലിയ മൈതാനത്തിനടുത്തെത്തി. പാരച്യൂട്ട് മെല്ലെ താഴ്ന്നിറങ്ങാൻ തുടങ്ങി.
പാരച്യൂട്ട് തറയിൽ തൊടുമ്പോൾ അല്പം മൂന്നിലേക്ക് ഓടണമെന്ന് താംബ പറഞ്ഞു തന്നിരുന്നു. അല്ലങ്കിൽ നമ്മൾ വീണുപോകാൻ സാധ്യതയുണ്ട്. എന്നാൽ അത്രയൊന്നും പ്രയാസമില്ലാതെ ഞങ്ങൾ നിലത്തിറങ്ങി. ഞങ്ങൾക്കു പിന്നിലായി പാരച്യൂട്ടും നിലത്തു വീണു. അവിടെയുണ്ടായിരുന്ന സഹായികൾ ഞങ്ങളെ സീറ്റിൽ നിന്നും മോചിപ്പിച്ചു. ഞങ്ങളെ തിരികെ നഗരത്തിലേക്കു കൊണ്ടുപോകാനുള്ള ജീപ്പ് തയ്യാറായിരുന്നു. അങ്ങനെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഗഗനയാത്രയ്ക്ക് സമാപ്തിയായി. ഇനിയും ഒരിക്കൽ കൂടി പറക്കണമെന്ന മോഹവുമായാണ് ഞാൻ അവിടെനിന്നും യാത്രയായി.
ഒരു മറുപടി കൊടുക്കുക