മിക്ക സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണ്. അതെന്താ, രാത്രിയിലാണോ കോറോണ ഇര തേടി ഇറങ്ങുന്നത് എന്നാണ് പൊതുവെ സംശയിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരാളം ട്രോളുകളും കാണാം.
രാത്രികാല നിയന്ത്രണമല്ല, പകല്‍ നിയന്ത്രണങ്ങള്‍ തന്നെയാണ് കോവിഡ് പ്രതിരോധത്തിനു വേണ്ടത്. സാനിറ്റൈസര്‍, മാസ്ക്, സോഷ്യൽ ഡിസ്റ്റന്‍സിംഗ് (SMS) ഇവയാണ് ഇപ്പോഴും പ്രധാനം. പകല്‍ ലോക്ഡൗണാണ് നിയന്ത്രണങ്ങളില്‍ ഏറെ ഫലപ്രദം. എന്നിട്ടും രാത്രി കാല നിയന്ത്രണം എന്തുകൊണ്ട്?
- രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നതുകൊണ്ട് പകല്‍ പ്രോട്ടോക്കോൾ പാലിക്കേണ്ട എന്ന് അര്‍ത്ഥമില്ല. അതു പാലിക്കുക തന്നെ വേണം.
- കഴിഞ്ഞ വര്‍ഷത്തെ പോലെ ഒന്നോ രണ്ടോ മാസത്തെ സമ്പൂർണ്ണ ലോക്ഡൗണ്‍ ഏതാണ്ട് അസാധ്യമാണ്. മനുഷ്യന്റെ ജീവനോപാധികള്‍ ഇല്ലാതാവുകയും രാജ്യത്തിന്റെ സാമ്പത്തിക നില തകരുകയും ചെയ്യുന്നതോടെ കൊറോണ വന്നു ചത്താലും വേണ്ടില്ല, തങ്ങൾക്ക് ഭക്ഷണവും തൊഴിലും വേണം എന്ന നിലയില്‍ ജനങ്ങൾ നിയമം ലംഘിക്കുകയും കാര്യങ്ങൾ അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യും.
- എന്നാൽ ജനങ്ങളുടെ കൂട്ടം ചേരലുകളെ പരമാവധി കുറയ്ക്കുകയും വേണം. അതിന് അത്യാവശ്യമില്ലാത്ത സമയങ്ങളിൽ ജനങ്ങളെ പൊതു സ്ഥലങ്ങളില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്തുക എന്ന മാര്‍ഗ്ഗം ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ ഭാഗമാണ് രാത്രികാല കര്‍ഫ്യൂ. തീര്‍ച്ചയായും ഇത് രോഗവ്യാപനം കുറയ്ക്കാന്‍ ചെറിയ തോതിലെങ്കിലും സഹായകമാകും. (ഓര്‍ക്കുക, രോഗവ്യാപനം കുറയ്ക്കാനുതകുന്ന ഏതു മാര്‍ഗ്ഗവും നാം പ്രയോജനപ്പെടുത്തണം.)
- രാത്രികാല നിയന്ത്രണങ്ങള്‍ ജനങ്ങള മാനസികമായി ജാഗരൂകരാക്കും. സമൂഹം ഒരു മഹാമാരിയിലൂടെ കടന്നുപോവുകയാണെന്നും നിയന്ത്രണങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നും അത് അവരെ ഓര്‍മ്മപ്പെടുത്തും.
- 24 മണിക്കൂറും ജാഗരൂകരായിരിക്കേണ്ട പൊതു സേവന സംവിധാനങ്ങൾക്ക് രാത്രികാല നിയന്ത്രണങ്ങൾ ആശ്വാസമാകും. രാത്രിയിൽ ജനങ്ങൾ സംഘടിക്കുന്നതു കുറയുന്നതോടെ, ആ സമയത്ത് ജോലി നോക്കേണ്ടവരുടെ എണ്ണം കുറയ്ക്കാൻ കഴിയും.
- കേരളത്തിൽ കുറവാണെങ്കിലും മിക്ക സ്ഥലങ്ങളിലും വിവാഹങ്ങള്‍, ആഘോഷങ്ങൾ, സദ്യകള്‍, ഉത്സവങ്ങൾ എന്നിവ കൂടുതലായും നടക്കുന്നത് രാത്രിയിലാണ്. മാളുകളിലും പബ്ബുകളിലും മറ്റും ഏറ്റവും അധികം ജനം എത്തുന്നതും രാത്രികളിലാണ്.
- മിക്ക പ്രതലങ്ങളിലും വൈറസിന് 6-8 മണിക്കൂറില്‍ അധികം അതിജീലിക്കാനാകില്ല. കൂടുതല്‍ സമയം മനുഷ്യ സംസര്‍ഗ്ഗം വരാതിരിക്കുന്നത് രോഗ വ്യാപന തോത് കുറയ്ക്കാൻ സഹായിക്കും.
അതായത് രാത്രികാല നിയന്ത്രണങ്ങൾ പൂര്‍ണ്ണ പരിഹാരമല്ല, എന്നിരുന്നാലും രോഗവ്യാപന തോത് കുറയ്ക്കാൻ അഭികാമ്യമായ ഒരു രീതിയാണ് അത്.