ഒരേസമയം മുന്നു ഗ്രഹങ്ങളെ കാണാം

2020 ഒക്ടോബറിൽ ദൂരദർശിനിയിലൂടെ വീക്ഷിക്കാൻ കഴിയുന്ന ചൊവ്വയുടെ ദൃശ്യം

നിങ്ങളിൽ എത്രപേർ ഗ്രഹങ്ങളെ കണ്ടിട്ടുണ്ട്? ടെലസ്കോപ്പിന്റെ സഹായമില്ലാതെ, നേരിട്ട് ഗ്രഹങ്ങളെ കാണാനാകുമോ? ആകാശത്തു കാണുന്ന ഒരു വസ്തു ഗ്രഹമാണെന്ന് എങ്ങനെ തിരിച്ചറിയും? നിങ്ങളുടെ സംശയങ്ങള്‍ നേരിൽകണ്ട് പരിഹരിക്കാൻ കഴിയുന്ന സമയമാണ് ഈ മാസം.

സൗരയൂഥത്തിലുള്ള ഗ്രഹങ്ങളിൽ നാം ജീവിക്കുന്ന ഭൂമി ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളെയും ആകാശത്തായിട്ടാണ് കാണാൻ കഴിയുന്നത്. ഇവയിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ 5 അഞ്ചു ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ സാധിക്കും. അപൂര്‍വ്വം അവസരങ്ങളിൽ മാത്രമേ ഈ അഞ്ചുഗ്രഹങ്ങളെയും ആകാശത്ത് ഒരേ സമയം കാണാൻ സാധിക്കൂ.

ഇവയിൽ മൂന്നു ഗ്രഹങ്ങളെ ഒരേസമയം കാണാനാകുന്ന ഒരു നല്ല അവസരമാണ് ഇപ്പോൾ. ഇനിയുള്ള കുറച്ച് ആഴ്ചകളിൽ സന്ധ്യാകാശത്ത് ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളെകാണാൻ സാധിക്കും.

ഗ്രഹങ്ങളെ എങ്ങനെ തിരിച്ചറിയാം?

ആകാശത്തു നാം കാണുന്നവയിൽ നക്ഷത്രമെന്നു തോന്നിക്കുന്ന എല്ലാ വസ്തുക്കളും നക്ഷത്രങ്ങൾ തന്നെയായിരിക്കണം എന്നില്ല. വളരെ തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുക്കളിൽ ചിലതെങ്കിലും ഗ്രഹങ്ങളാണ്. ഗ്രഹങ്ങള്‍ സാധാരണ നക്ഷത്രങ്ങളെ പോലെ മിന്നിമിന്നി തിളങ്ങാറില്ല. ഒരു മൊബൈൽ ക്യാമറയിൽ ആകാശത്തിന്റെ ഫോട്ടോ എടുത്തുനോക്കൂ, നന്നായി പതിഞ്ഞിട്ടുള്ള നക്ഷത്രസമാനമായ വസ്തു ഒരു ഗ്രഹമായിരിക്കും.

ഈ മാസം നമുക്കു കാണാൻ കഴിയുന്ന ഗ്രഹങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം. സന്ധ്യയ്ക്ക് നേരെ കിഴക്ക് ചക്രവാളത്തിനു മുകളിലായി വെട്ടിത്തിളങ്ങുന്ന ഇളം ചുവപ്പ് നിറമുള്ള വസ്തുവിനെ കാണാം. അതു ചൊവ്വയാണ്. ചൊവ്വയുടെ ഉപരിതലത്തിലെ ഇരുമ്പ് ഓക്സൈഡിനാൽ സമൃദ്ധമായ ചുമന്ന മണ്ണാണ് അതിനു ചുമപ്പു നിറം സമ്മാനിക്കുന്നത്. ചൊവ്വയുടെ സ്ഥാനം ഇപ്പോൾ ഭൂമിയോട് വളരെ അടുത്താണ്. അതിനാൽ ഇപ്പോൾ കാണുന്ന ചൊവ്വയ്ക്ക് സാധാരണയിലും കൂടുതൽ വലുപ്പം തോന്നിക്കും. ഇനിയും 15 വർഷങ്ങൾക്കുശേഷമായിരിക്കും ചൊവ്വ വീണ്ടും ഭൂമിയോട് ഇത്രയും അടുത്തു വരിക.

ഒക്ടോബർമാസം സന്ധ്യയ്ക്ക് കിഴക്കേ ചക്രവാളത്തിൽ ദൃശ്യമാകുന്ന ചൊവ്വ.

രാത്രി 7.30നു നോക്കിയാൽ കിഴക്കേ ചക്രവാളത്തിൽ ഏതാണ്ട് 20° മുകളിലായായി ആയിരിക്കും ചൊവ്വയുടെ സ്ഥാനം. സാധാരണ നിലയിൽ, തിളക്കത്തിൽ വ്യാഴത്തിന്റെ പിന്നിലായാണ് ചൊവ്വയുടെ സ്ഥാനം. എന്നാൽ, ഈ ഒക്ടോബറിൽ വ്യാഴത്തെ പിന്നിലാക്കിക്കൊണ്ട് ചൊവ്വ തിളക്കത്തിൽ നാലാമത്തെ ആകാശഗോളമായി മാറും. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയാണ് തിളക്കത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍. ഒക്ടോബര്‍ 13ന് ചന്ദ്രനും സൂര്യനും ഭൂമിക്ക് ഇരുഭാഗത്തുമായി നേര്‍ വിപരീതദിശയിലായി എത്തിച്ചേരും. ഇതുമൂലം സൂര്യപ്രകാശം പതിക്കുന്ന ഭാഗം മുഴുവനായി നമുക്കു കാണാനാകുകയും ചൊവ്വ കൂടുതൽ തിളക്കമുള്ളതായി അനുഭവപ്പെടുകയും ചെയ്യും.

ചൊവ്വയെ ഇത്രയും വലുപ്പത്തിൽ കാണുന്നതിന് ഇനി 15 വർഷം കാത്തിരിക്കണം.

സന്ധ്യയ്ക്ക് തലക്കുമുകളിൽ അല്പം തെക്കായി തിളക്കമുള്ള രണ്ടു വസ്തുക്കളെ കാണാം. (ആഭാഗത്ത് അതിലും തിളക്കമുള്ള നക്ഷത്രസമാനമായ വസ്തുക്കൾ ഇല്ല) അതിൽ ഏറ്റവും തിളക്കമുള്ള വസ്തു ഗ്രഹഭീമനായ വ്യാഴവും അതിനടുത്ത് (ഇടതുഭാഗത്തായി) തിളക്കത്തിൽ രണ്ടാമത്തേതായി കാണുന്ന വസ്തു ശനിയും.

2020 ഒക്ടോബറിൽ തെക്കേ ആകാശത്ത് ദൃശ്യമാകുന്ന വ്യാഴവും ശനിയും

വ്യാഴം ശനി എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്ത് അല്പനേരം നോക്കി നിന്നാൽ, ചിത്രത്തിൽ കാണുന്നതുപോലെ തിളക്കമുള്ള ചില നക്ഷത്രങ്ങളെ കാണാം. ധനു എന്ന നക്ഷത്രരാശിയാണത്. നിരന്തരം നിരീക്ഷിക്കുകയാണെങ്കിൽ വ്യാഴവും ശനിയും ധനുവിൽ നിന്നും മെല്ലെ മെല്ലെ അകന്നുപോകുന്നതായി കാണാം, അഥവാ ഈ രണ്ടു വസ്തുക്കളും നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതായാണ് തോന്നുക. എന്നാൽ വ്യത്യസ്ത വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ഡിസംബര്‍ ആകുമ്പോഴേക്കും വ്യാഴവും ശനിയും തൊട്ടടുത്തു വരികയും പിന്നീട് വ്യാഴം ശനിയെ പിന്നിലാക്കി മുന്നോട്ടു പോകുകയും ചെയ്യും. ഇങ്ങനെ നക്ഷത്രങ്ങളെ അപേക്ഷിച്ച് സ്ഥാനമാറ്റം വരുന്ന വസ്തുക്കളെയാണ് പൗരാണികർ ഗ്രഹങ്ങള്‍ എന്നു വിളിച്ചത്. സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ഗ്രഹങ്ങൾ നക്ഷത്രങ്ങൾക്കിടയുലൂടെ സഞ്ചരിക്കുന്നതായി കാണപ്പെടുന്നത്.

പുലര്‍ച്ചെ കിഴക്കു ദിശയിൽ കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രസമാനമായ വസ്തുവാണ് ശുക്രൻ. ശുക്രനെ പുലര്‍ച്ചെയോ സന്ധ്യയ്ക്കോ മാത്രമേ കാണാൻ സാധിക്കൂ. അതിനാൽ അതിന് പ്രഭാത നക്ഷത്രം എന്നും സന്ധ്യാ നക്ഷത്രം എന്നും പേരുകളുണ്ട്. ഭൂമിയുടെ പരിക്രമണ പഥത്തിനുള്ളിലായാണ് ശുക്രന്റെ പരിക്രമണ പഥം എന്നതിനാൽ ശുക്രനെ എപ്പോഴും സൂര്യന്റെ സമീപത്തായി മാത്രമേ കാണാൻ സാധിക്കൂ. അതിനാലാണ് പ്രഭാതത്തിലും സന്ധ്യയ്ക്കും മാത്രം ശുക്രനെ കാണാൻ സാധിക്കുന്നത്. പകൽ സൂര്യനടുത്തുണ്ടായാലും സൂര്യപ്രകാശത്തിന്റെ തിളക്കത്തിൽ ശുക്രനെ നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല.


2 thoughts on “ഒരേസമയം മുന്നു ഗ്രഹങ്ങളെ കാണാം

Leave a reply to Hafees tvm മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.