നിയോവൈസ് (NEOWISE) എന്നൊരു വാൽനക്ഷത്രം(Comet) 2020 ജൂലൈമാസത്തിൽ വന്നുപോയത് അറിഞ്ഞിരിക്കുമല്ലോ. ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈസ് എന്ന ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് 2020മാര്‍ച്ച് 27നാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. C/2020 F3 എന്നാണ് ഇതിന്റെ ശാസ്ത്രനാമം. 1997-ൽ പ്രത്യക്ഷപ്പെട്ട ഹെയ്ൽ ബോപ്പ് എന്ന വാൽനക്ഷത്രത്തിനു ശേഷം നഗ്ന നേത്രങ്ങള്‍ കൊണ്ടു നമുക്കു കാണാൻ കഴിഞ്ഞ വാൽ നക്ഷത്രം എന്ന പ്രത്യേകതയും നിയോവൈസിനുണ്ട്. ജൂലൈ 23നാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്തുവന്നത്.

എന്താണ് വാൽനക്ഷത്രം അഥവാ ധൂമകേതു
വാൽനക്ഷത്രം എന്നു വിളിക്കപ്പെടുന്നെങ്കിലും ആൾ ഒരു നക്ഷത്രമൊന്നുമല്ല. സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിനിടയിൽ നീണ്ടവാലും അന്തരീക്ഷവും രൂപപ്പെടുന്ന സൗരയൂഥ വസ്തുക്കളാണിവ. സാധാരണ നിലയിൽ തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കുന്ന ഇവ സൂര്യനോട് അടുക്കുമ്പോൾ ബാഷ്പീകരിക്കപ്പെട്ടാണ് നീണ്ട വാലും അന്തരീക്ഷവും രൂപപ്പെടുന്നത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് ഇവ നമുക്കു ദൃശ്യമാകുന്നത്. ധൂമകേതു എന്ന പേരും ഇതിനുണ്ട്.
ധൂമകേതുക്കൾ എവിടെനിന്നു വരുന്നു

നെപ്റ്റ്യൂണിനും പ്ലൂട്ടോയ്ക്കുമൊക്കെ വെളിയിലായി, സൗരയൂഥത്തിന്റ ഭാഗമായ കോടിക്കണക്കിനു ചെറുവസ്തുക്കളുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയുടെ പരിക്രമണ പഥത്തിന് മാറ്റം വന്നാൽ അവ സൂര്യനിലേക്ക് പതിക്കുന്നതിനു കാരണമാകും. മിക്കവയും സൂര്യനിൽ പതിച്ച് നശിച്ചു പോവുകയാണ് പതിവ്. എന്നാൽ സൂര്യനിലേക്കുള്ള വീഴ്ചയ്ക്കിടയിൽ ഭീമൻ ഗ്രഹങ്ങളായ വ്യാഴത്തിന്റെയോ ശനിയുടേയോ ആകര്‍ഷണ വലയത്തിൽ പെട്ടുപോയാൽ അതിന്റെ പാതയ്ക്ക് മാറ്റമുണ്ടാവുകയും സൂര്യനിൽ പതിക്കാതെ, ദീര്‍ഘവൃത്താകാരമായ പാതയിൽ അവ സൂര്യനെ ചുറ്റാൻ ആരംഭിക്കുകയും ചെയ്യുന്നു.
പ്ലൂട്ടോയ്ക്കുവെളിയിൽ വളരെ അകലത്തിൽ വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കായ ചെറുഗ്രഹപഥാര്‍ത്ഥങ്ങളുടെ കൂട്ടമാണ് ഓർട്ട് മേഘം (Oort Cloud). ഓർട്ട് മേഘത്തിൽ നിന്നെത്തുന്ന ധൂമകേതുക്കൾ സൂര്യനെ ദീര്‍ഘകാലം കൊണ്ട് പരിക്രമണം ചെയ്യുന്നവയാണ്. ഇവയുടെ പരിക്രമണകാലം 200 വര്‍ഷം മുതൽ ആയിരക്കണക്കിനു വർഷങ്ങള്‍ വരെയാകാം. നെപ്ട്യൂണിനു വെളിയിൽ വലയാകാരത്തിൽ കാണപ്പെടുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് കുയ്പ്പർ ബെൽറ്റ് (Kuiper belt). കുയ്പ്പർ ബെൽറ്റിൽ നിന്നും ധൂമകേതുക്കൾ എത്താറുണ്ട്. ഇവ ഹ്രസ്വകാല ധൂമകേതുക്കളണ്. ഇവയുടെ പരിക്രമണകാലം 200 വര്‍ഷത്തിലും കുറവായിരിക്കും.
ധൂമകേതുവിന്റെ ഘടന
ന്യൂക്ലിയസ്സ്, കോമ, ഹൈഡ്രജൻ കവചം, വാലുകൾ എന്നിവയാണ് ധൂമകേതുവിന്റെ പ്രധാന ഭാഗങ്ങള്‍.
a) ന്യൂക്ലിയസ് (കാമ്പ്), b) കോമ, c) വാതകവാൽ d) ധൂളീവാൽ, e) ഹാഡ്രജൻ കവചം f) ധൂമകേതുവിന്റെ സഞ്ചാരദിശ g) സൂര്യനിലേക്കുള്ള ദിശ.
ന്യൂക്ലിയസ്സ്
തണുത്തുറഞ്ഞു ഖരാവസ്ഥയിലുള്ള കേന്ദ്രഭാഗമാണ് ന്യൂക്ലിയസ്സ്. ക്രമരഹിതമായ ആകൃതിയായിരിക്കും ഇതിന്. പാറ, പൊടി എന്നിവയുടെയും ഘനീഭവിച്ച ജലം, കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, മീഥെയ്ൻ, അമോണിയ എന്നിവയുടെയും ഒരു മിശ്രിതമാണ് ധൂമകേതുവിന്റെ ന്യൂക്ലിയസ്സ്. ഇവകൂടാതെ നിരവധി ഓര്‍ഗാനിക്‍ സംയുക്തങ്ങളും ധൂമകേതു ന്യൂക്ലിയസ്സുകളിൽ കണ്ടെത്തിയിട്ടുണ്ട്.
കോമ
സൂര്യസമീപമെത്തുന്ന ധൂമകേതുവിൽ സൂര്യവികിരണങ്ങളും സൗരവാതവും പതിക്കുന്നതുമൂലം ഉപരിതലത്തിലെ പൊടിയും ഹിമകണങ്ങളും ബാഷ്പീകരിക്കപ്പെട്ട് സാന്ദ്രത കുറഞ്ഞതും ബൃഹത്തായതുമായ ഒരു അന്തരീക്ഷം രൂപപ്പെടുന്നു. ഇതാണ് കോമ. ഇതിന്റെ 90% ജലബാഷ്പമായിരിക്കും. കോമയ്ക്കു ചുറ്റും ഹൈഡ്രജൻ ആറ്റങ്ങളുടെ അതി ബൃഹത്തായ ഒരു കവചം രൂപപ്പെടാറുണ്ട്.
വാലുകൾ
സൗരവികിരണം മൂലം ബാഷ്പീകരിക്കപ്പെടുന്ന വാതകങ്ങളും പൊടിയും (ധൂളികൾ) വികിരണങ്ങളുടെയും സൗരവാതത്തിന്റെയും സമ്മര്‍ദ്ദത്താൽ പുറത്തേക്ക് തെറിച്ച് പ്രത്യേകം വാലുകൾ രൂപപ്പെടും. സൂര്യനോട് അടുക്കുംതോറും വാലിന്റെ നീളം കൂടിവരും.
വാതകവാൽ:
സൗരവാതം എന്ന, സൂര്യനിൽനിന്നുള്ള ചാർജ്ജിത കണങ്ങളുടെ പ്രവാഹത്തിൽ പെട്ട് കോമയിലെ വാതകഭാഗങ്ങൾ പിന്നിലേക്ക് തെറിക്കുന്നു. അങ്ങനെ രൂപപ്പെടുന്ന വാലാണ് വാതകവാൽ. ഇത് സൂര്യന്റെ എതിർ ദിശയിൽ ആയിരിക്കും.
ധൂളീവാൽ:
യാത്രയ്ക്കിടയിൽ ധൂമകേതുവിന്റെ അന്തരീക്ഷത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന പൊടിപടലം ധൂമകേതുവിന്റെ പരിക്രമണപാതയിൽ രൂപപ്പെടുത്തുന്ന വാലാണ് ധൂളീവാൽ. ഇത് പരിക്രമണ പാതയിലേക്ക് വളഞ്ഞിട്ടായിരിക്കും കാണപ്പെടുക.
ധൂമകേതു ചരിത്രത്തില്‍

വളരെ പുരാതന കാലം മുതലേ മനുഷ്യൻ ധൂമകേതുക്കളെ തിരിച്ചറിഞ്ഞിരുന്നു. 16-ാം നൂറ്റാണ്ടുവരെ ഇവയെ ദുഃശകുനങ്ങളായാണ് കണ്ടിരുന്നത്. എ.ഡി. 1066-ൽ പ്രത്യക്ഷപ്പെട്ട ഹാലിയുടെ വാല്‍നക്ഷത്രത്തെ ഹെയ്സ്റ്റിംഗ്സ് യുദ്ധത്തിലെ ഹരോൾഡ് രാജാവിന്റെ മരണത്തിന്റെയും നോർമന്റെ വിജയത്തിന്റെയും സൂചനയായി ചിത്രീകരിച്ചുകൊണ്ടു് തുണിയിൽ തീര്‍ത്ത ബായോ ടേപിസ്ട്രി എന്ന ചിത്രീകരണം പ്രസിദ്ധമാണ്.
ധൂമകേതുക്കളെ പ്രത്യേകതരം ഗ്രഹങ്ങളായി ബി.സി. 6-ാം നൂറ്റാണ്ടിലെ പൈതഗോറസും മഴവില്ലും മേഘങ്ങളും പോലെയുള്ള ഒരു പ്രതിഭാസമായി ബി.സി. 4-ാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിലും കരുതി. 16-ാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിന്റെ ചിന്തകളാണ് പ്രബലമായി നിലനിന്നത്.
1577-ൽ പ്രത്യക്ഷപ്പെട്ട ബൃഹദ് ധൂമകേതുവിനെ പ്രമുഖ ജ്യോതിശാസ്ത്രജ്‍ഞനായിരുന്ന ടൈക്കോ ബ്രാഹെ ശാസ്ത്രീയമായി നിരീക്ഷിക്കുകയും അത് ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിൽനിന്നുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു. 18-ാം നൂറ്റാണ്ടോടെ ഐസക്‍ ന്യൂട്ടൻ, എഡ്മണ്ട് ഹാലി, ഇമ്മാനുവേൽ കാന്റ് തുടങ്ങിയവരുടെ പഠനങ്ങളാണ് ധൂമകേതുക്കളെ പറ്റി ശാസ്ത്രീയ വിശദീകരണങ്ങൾ നൽകിയത്.
ഹാലിയുടെ വാൽനക്ഷത്രം

14-ാം നൂറ്റാണ്ടുമുതൽ ദൃശ്യമായ വാൽനക്ഷത്രങ്ങളെ പറ്റി ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്ന എഡ്മണ്ട് ഹാലി 1705ൽ പഠിക്കുകയും അവയുടെ പഥം ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമവുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. 1531, 1607, 1682 എന്നീ വര്‍ഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഒരേ വാൽനക്ഷത്രമാണെന്നും ഇത് 1758ലോ 1759ലോ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. ഹാലി പ്രവചിച്ചതു പോലെ ഈ വാൽ നക്ഷത്രം 1759-ൽ പ്രത്യക്ഷപ്പെട്ടു. ഹാലിയുടെ വാൽനക്ഷത്രം എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്. 75-76 വര്‍ഷം കൊണ്ട് ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്ന ഹ്രസ്വകാല വാൽനക്ഷത്രമായ ഇത് 1986ലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്, ഇനി വരിക 2061ലും.
ധൂമകേതുക്കളുടെ പ്രഭാവങ്ങൾ
ധൂമകേതുക്കളുടെ പാതയിൽ ഉപേക്ഷിക്കപ്പെടുന്ന ധൂളീ പടലങ്ങള്‍ ഭൂമിയിൽ ഉല്ക്കാവര്‍ഷത്തിനു കാരണമാകുന്നു. ഭൂമിയിൽ ജീവനുകാരണമായ പദാർത്ഥങ്ങള്‍ ധൂമകേതുക്കളുടെ സംഭാവനയാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ കരുതുന്നു. ധൂമകേതുക്കളിൽ ധാരാളമായി കണ്ടുവരുന്ന ഓര്‍ഗാനിക്‍ വസ്തുക്കളുടെ സാന്നിദ്ധ്യമാണ് ഇങ്ങനെ കരുതാൻ കാരണം. ഭൂമിയുടെ ഉൽപത്തിക്കുശേഷം ധൂമകേതുക്കളുമായുണ്ടായ കൂട്ടിയിടിയിലാകാം ഭൂമിയിൽ ഇത്രമാത്രം ജലം എത്തപ്പെട്ടതെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
2020 ആഗസ്ത് 25 ലെ മാതൃഭൂമി ദിനപത്രത്തിന്റെ വിദ്യ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്.
ഒരു മറുപടി കൊടുക്കുക