
ഇന്ത്യയിൽ നിന്നും കരമാർഗ്ഗം നേപ്പാളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉത്തര്‍പ്രദേശിലെ വടക്കുകിഴക്കൻ അതിര്‍ത്തി പട്ടണമായ സൊനൗലി. ഇത് സ്ഥിതിചെയ്യുന്നത് മഹാരാജ്ഗഞ്ച് ജില്ലയാലാണെങ്കിലും ഇതിനോടടുത്തുള്ള പ്രധാന പട്ടണവും റെയിൽവേ സ്റ്റേഷനും ഗോരഖ്പൂരാണ്.
എത്തിച്ചേരാൻ.
സൊനൗലിയിലേക്ക് എത്തിച്ചാരാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഗോരഖ്പൂരിൽ നിന്നും ബസ്സോ ടാക്സിയോ പിടിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ടാക്സി കിട്ടും. ഷെയര്‍ ചെയ്തും ടാക്സി ലഭ്യമാണ്. എന്നാൽ, റെയിൽവേസ്റ്റേഷനു തൊട്ടു മുന്നിൽ തന്നെയുള്ള ഹൈവേയിൽ നിന്നും എപ്പോഴും ബസ്സ് ലഭ്യമാണ്. രാവിലെ തന്നെ പുറപ്പെടുന്നതാണ് നല്ലത്, കാരണം സുനൗലിയിൽ നിന്നും നേപ്പാളിന്റെ പ്രധാന ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ 11 മണിക്കു മുമ്പായി പുറപ്പെടും. പിന്നീട് രാത്രി ബസ്സുകൾ മാത്രമേ ഉണ്ടാകൂ.
കേരളീയരെ സംബന്ധിച്ച് ഗോരഖ്പൂരിൽ തങ്ങുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല. പൊടിയും ബഹളവും വൃത്തിഹീനമായ ചുറ്റുപാടുകളുമാണ് അവിടെയുള്ളത്. നേരെ സൊനൗലിക്ക് പുറപ്പെടുന്നതാണ് നല്ലത്.

വാരണാസിയിൽ നിന്നും ബസ്സ് മാര്‍ഗ്ഗവും സൊനൗലിയിൽ എത്താം. മലയാളികളെ സംബന്ധിച്ച് നേരിട്ട് ഗോരഖ്പൂരിൽ (രപ്തിസാഗര്‍ എക്സപ്രസ്സ്) എത്തുകയോ, ഝാൻസി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഗോരഖ്പൂരിൽ എത്തുകയോ ആണ് നല്ലത്. ട്രെയിൻ യാത്രയിൽ റിസർവേഷൻ ഉറപ്പാക്കണം. ലോക്കൽ കോച്ചുകളിൽ കയറാനാകാത്ത തിരക്കായിരിക്കും.
അതിര്‍ത്തി കടക്കൽ
പൊടിയും വാഹനങ്ങളുടെ തിരക്കും ബഹളവും ശബ്ദകോലാഹലങ്ങളും ഉത്തരേന്ത്യൻ പട്ടണങ്ങളുടെ മുഖമുദ്രയാണ്. സൊനൗലിയും വ്യത്യസ്തമല്ല. അതിര്‍ത്തിയിൽ നിന്നും അര കിലോമീറ്ററോളം മാറിയാണ് ബസ്സ്‍സ്റ്റാന്റ്. ബസ്സായാലും ടാക്സിയായാലും അവിടെയുള്ള പാര്‍ക്കിംഗ് സ്ഥലത്താണ് നമ്മളെ ഇറക്കുക. അവിടെ നിന്നും നടന്നോ, റിക്ഷയിലോ അതിര്‍ത്തി ഗേറ്റിനടുത്ത് എത്താം. രിക്ഷയ്ക്ക് മിനിമം തുകയേ ആകൂ. മുൻകൂട്ടി പറഞ്ഞുറപ്പിച്ച് റിക്ഷ പിടിക്കണം.
നമ്മൾ വന്നിറങ്ങുമ്പോൾ തന്നെ നിരവധി ഏജന്റുമാര്‍ നേപ്പാൾ സൈഡിലേക്കുള്ള ബസ്സ് ടിക്കറ്റുമായി സമീപിക്കും. അതിന്റെ ആവശ്യമില്ല, നേപ്പാൾ ഭാഗത്തു ചെന്ന് നേരിട്ട് ബസ്സ് ഉറപ്പാക്കുന്നതാണ് നല്ലത്. എത്രയും വേഗം ബോർഡർ കടന്ന് നേപ്പാളിൽ എത്താനാണ് ശ്രമിക്കേണ്ടത്.
എമിഗ്രേഷൻ
ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. അതിനാൽ നേരെ നടന്ന് ഇന്ത്യൻ ഗേറ്റ്, നേപ്പാൾ ഗേറ്റ് എന്നിവ താണ്ടി നേപ്പാൾ ഭാഗത്തെത്തിയാൽ (ഭേലിയ എന്നാണ് ആ ഭാഗം അറിയപ്പെടുന്നത്) അവിടെ എമിഗ്രേഷൻ ഓഫീസ് കാണാം. പഴയ ഒരു കെട്ടിടമാണ്. റോഡി സൈഡിൽ തന്നെ ബോര്‍ഡ് കാണാവുന്നതാണ്. നിങ്ങളുടെ കൈവശം പാസ്സ്പോര്‍ട്ടുണ്ടെങ്കിൽ അതിൽ പ്രവേശന മുദ്രപതിപ്പിക്കാം. (വിദേശികൾ ഇന്ത്യൻ ഭാഗത്തെ എമിഗ്രേഷൻ ഓഫീസിൽ പുറപ്പെടൽ മുദ്രയും നേപ്പാൾ ഭാഗത്ത് പ്രവേശന മുദ്രയും പതിപ്പിക്കണം. അവര്‍ നേപ്പാൾ എമിഗ്രേഷൻ ഓഫീസിൽ നിന്നും വിസയു കരസ്ഥമാക്കണം.) ഇന്ത്യൻ പൗരന്മാര്‍ക്ക് വിസ നിര്‍ബന്ധമല്ല, എന്നാൽ പൗരത്വം തെളിയിക്കുന്ന രേഖ കരുതിയിരിക്കണം.
നേപ്പാളിലേക്കുള്ള യാത്ര.
സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്നവര്‍ വാഹനവുമായി നേപ്പാൾ കസ്റ്റംസ് ഓഫീസിൽ നിന്നും നിശ്ചിത ഫീസ് അടച്ച് പാസ്സ് വാങ്ങണം. അല്ലാതെയുള്ളവര്‍ക്ക്, എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മിനിബസ്സ്, വാൻ, ജീപ്പ്, ഷെയർ ടാക്സി എന്നിവ ഭേലിയയിൽ നിന്നും (നേപ്പാൾ ബോർഡർ) കിട്ടും. കാഠ്മണ്ടു, പൊഖാറ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഏകദേശം 8 മണിക്കൂർ യാത്രയുണ്ട്. തൊട്ടടുത്ത പട്ടണമായ സിദ്ധാര്‍ത്ഥനഗറിലാണ് (പഴയ പേര് ഭൈരാവ) പ്രധാന ബസ്സ് സ്റ്റാന്റ്. അവിടെനിന്നും ബസ്സിൽ യാത്രചെയ്യുന്നതാണ് ഉചിതം. ഭേലിയയിൽ നിന്നും സിദ്ധാര്‍ത്ഥനഗറിലേക്ക് (5 കി.മീ.) എപ്പോഴും മിനിബസ്സ് ലഭിക്കും. രാവിലെ തന്നെ അതിര്‍ത്തിയിൽ എത്തുന്നതാണ് നല്ലത്. കാരണം പ്രധാന പട്ടണങ്ങളിലേക്കുള്ള ബസ്സുകളെല്ലാം രാവിലെ 11 മണിക്കു മുമ്പായി പുറപ്പെടും. പിന്നീടുള്ളത് രാത്രി ബസ്സുകളാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കണ്ട് യാത്രചെയ്യുന്നതിന് പകൽ യാത്രയാണ് നല്ലത്. സിദ്ധാര്‍ത്ഥനഗർ എയര്‍പോര്‍ട്ടിൽ നിന്നും പ്രധാന പട്ടണങ്ങളിലേക്ക് വിമാനവും ലഭിക്കും.
അതിര്‍ത്തിയിൽ വച്ചുതന്നെ പുതിയ ഒരു സിംകാര്‍ഡ് കരസ്ഥമാക്കുന്നത് നന്നാകും. ഇന്ത്യൻ രൂപ നൽകി കുറച്ച് നേപ്പാൾ കറൻസി കരുതുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-
ഏജന്റുമാരെ വിശ്വസിക്കാതിരിക്കുക. ഏതെങ്കിലും ട്രാവൽ ഏജൻസിയെ സമീപിക്കുന്നതാണ് യാത്ര ആവശ്യങ്ങള്‍ക്ക് നല്ലത്. രാത്രിയിൽ വൈകി സുനൗലിയിൽ എത്തുന്നത് ശുഭകരമല്ല.
ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകൾ (വോട്ടർ ഐ.ഡി. കാര്‍ഡ്, പാസ്സ്പോര്‍ട്ട്, ഫോട്ടോയുള്ള ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാര്‍ഡ്) കയ്യിൽ കരുതുക. ആധാര്‍കാര്‍ഡ് എല്ലായിടത്തും അംഗീകരിക്കില്ല.
എമിഗ്രേഷൻ ഓഫീസിനടുത്തുതന്നെ കറൻസി എക്സേഞ്ച് കേന്ദ്രങ്ങളുണ്ട്. 100 രൂപയോ അതിൽ താഴെയുള്ളതോ ആയ ഇന്ത്യൻ കറൻസികൾ നേപ്പാളിൽ സ്വീകരിക്കപ്പെടും. വലിയ ഇന്ത്യൻ നോട്ടുകൾ നേപ്പാളിൽ കൈകാര്യം ചെയ്യുന്നത് കുറ്റകരമാണ്.
ഒരു മറുപടി കൊടുക്കുക