ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്നതിനെ പറ്റി.

പത്തുമണിയോടെ തിരികെ, രാമേശ്വരത്ത് ഹോട്ടലിൽ എത്തി, ഒന്നുകൂടി ഫ്രഷായി, ചെക്ക്-ഔട്ട് ചെയ്തു. ടൗണിൽ തന്നെ ഒരു ഹോട്ടലിൽ നിന്നും നല്ല ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ചായയും കഴിച്ചു. യാത്രയിലൊക്കെ, രാവിലെ ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് നല്ലത്.
ഞാൻ ആലോചിക്കുകയായിരുന്നു. രണ്ടു ദിവസംകൊണ്ട് എന്തെല്ലാമാണ് സംഭവിച്ചിരിക്കുന്നത് …. ധനുഷ്കോടിക്ക് പോകാൻ തീരുമാനിക്കുന്നു, ഒറ്റയ്ക്ക് ബൈക്കുമെടുത്ത് ആരോടും പറയാതെ യാത്ര തിരിക്കുന്നു, തമിഴ്‍നാട്ടിലെ പ്രതിഷേധങ്ങളും ബന്ദിലും പെട്ട് യാത്ര തുടരുന്നു, തൂത്തുക്കുടിയിൽ അവിചാരിതമായി പെയ്ത മഴയിൽ പെട്ടുപോകുന്നു, നൂറ്റി എൺപത് കിലോമീറ്ററോളും വഴിതെറ്റി യാത്ര ചെയ്യുന്നു, പ്രതിസന്ധികൾക്കിടയിലും അവിചാരിതമായ സഹായങ്ങള്‍ ലഭിക്കുന്നു….
ഇപ്പോൾ യാത്ര പൂര്‍ത്തിയായി, തിരിച്ചു പോകലിന്റെ ഘട്ടത്തിലാണ്. ഇന്നു വൈകിട്ടു തന്നെ തിരിച്ചെത്താമെന്നാണ്, പറയാതെ പോയതിന്റെ പരിഹാരമായി വിദ്യയോടു പറഞ്ഞിട്ടുള്ളത്. എന്നാൽ വഴിതെറ്റലും മഴയുമൊക്കെ സമയക്രമം ആകെ തെറ്റിച്ചു. രാത്രി പത്തുമണിയോടെ എങ്കിലും എത്താൻ കഴിയും, കഴിയണം. വാക്കുകൾ പാലിക്കാനുള്ളതാണല്ലോ.
ഹോട്ടലിൽ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. അധികം തിരക്കില്ല. ഉത്തരേന്ത്യക്കാര്‍ക്കും നമ്മളുടെ ഇഡ്ഡലി-സാമ്പാര്‍ വലിയ ഇഷ്ടമാണ്. (നമ്മളുടെ വെളിച്ചെണ്ണയും കറിവേപ്പിലയും ഒഴിവാക്കണം, അത് അവര്‍ക്ക് പിടിക്കില്ല.) പണം കൊടുത്തിറങ്ങുമ്പോൾ ഒരു പൂതി, അബ്ദുൽ കലാമിന്റെ വീടും മ്യൂസിയവും കാണ്ടാലോ, എന്തായാലും ഇത്രടം വരെ വന്നതല്ലേ….
പിന്നെ ഒന്നു ആലോചിച്ചില്ല, നേരേ വിട്ടു. ടൗണിൽ തന്നെയാണ് അബ്ദുൽ കാലമിന്റെ വീട്, അതു മുഴുവൻ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. പഴയ ഇടുങ്ങിയ തെരുവിലാണ് വീട്. സ്ഥലസൗകര്യക്കുറവുണ്ട്, പാര്‍ക്കിംഗ് ഒക്കെ ബുദ്ധിമുട്ടാണ്. ഞാൻ ചെല്ലുമ്പോൾ റോഡിൽ തന്നെ സന്ദര്‍ശകരുടെ നീണ്ടനിര ഉണ്ടായിരുന്നു. കനത്തവെയിലും പൊടിയും ചൂടും സഹിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പുറത്തുനിന്നാലെ അകത്തുകയറാൻ പറ്റൂ എന്ന സ്ഥിതി. ഉള്ളിൽ കയറാനുള്ള മോഹം ഉപേക്ഷിച്ചു. പുറത്തു നിന്നുതന്നെ ഒന്നുരണ്ടു ഫോട്ടോയൊക്കെ എടുത്ത് നാട്ടിലേക്ക് തിരിച്ചു.
രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിലെത്തിയപ്പോൾ ഒന്നു നിന്നു. തലേ ദിവസത്ചതെ പോക്കിൽ അവിടുത്തെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. പാലത്തിൽ നിന്നും ബംഗാൾ ഉൾക്കടലും രാമേശ്വരം ദ്വീപും കാണുക എന്നത് വളരെ മനോഹരമായ കാഴ്ചയാണ്. അവിടെനിന്ന് തിരികെയാത്രയുടെ ഒരു ആസൂത്രണം മനസ്സിൽ നടത്തി. മൂന്നു ഘട്ടമായി യാത്ര തുടരാം. ആദ്യ ഘട്ടം കിഴക്കൻ തീരദേശ ഹൈവേ വഴി തൂത്തുക്കുടി വരെ. കുറഞ്ഞത് 4 മണിക്കൂര്‍ എടുക്കും. അവിടെ അല്പം വിശ്രമം, ശേഷം പുനലൂര്‍ വരെ. അതും കുറഞ്ഞത് 4 മണിക്കൂർ എടുക്കും. സമയം അധികമാകുകയാണെങ്കിലോ യാത്ര തുടരാനാകാത്തവിധം ക്ഷീണം അനുഭവപ്പെടുകയാണെങ്കിലോ അവിടെ വിശ്രമിച്ച് രാവിലെ യാത്ര തുടരുന്നതിനെ പറ്റി ആലോചിക്കണം. മൂന്നാം ഘട്ടം പൂനലൂര്‍-ആലപ്പുഴ. അവിചാരിത തടസ്സങ്ങളൊന്നും ഉണ്ടായില്ലങ്കിൽ, രാത്രി 10-11 മണിയോടെ വീട്ടിൽ എത്താനാകും. തിരികെ യാത്ര ആരംഭിച്ച വിവരം വിദ്യയെ വിളിച്ചുപറഞ്ഞു. രാത്രിയോടെ തിരിച്ചെത്തും എന്നാണ് അറിയിച്ചത്. അല്പസമയം മാത്രം അവിടെ ചിലവഴിച്ച് യാത്ര തുടർന്നു.
രാമനാഥപുരത്തിനടുത്ത് പമ്പിൽ നിന്നും പെട്രോൾ നിറച്ചു. ആറോളം ചെറുപ്പക്കാരുടെ ഒരു സംഘം ബുള്ളറ്റുകളിലായി വന്നുനിന്നു. തിരുവനന്തപുരം രജിസ്ട്രേഷൻ വണ്ടികളാണ്. ബൈക്ക് സഞ്ചാരികൾ തമ്മിൽ ഒരു ആത്മബന്ധമുണ്ട്. പ്രത്യേക പരിചയം ഒന്നുമില്ലങ്കിലും നമ്മളിൽ ഒരാളെന്ന തോന്നൽ ഉണ്ടാകും. അതിനാൽ അവരെല്ലാം എന്നെ കണ്ടുചിരിക്കുകയും ചെറിയ കുശലം പറയുകയും ചെയ്തു. ഞാൻ അവിടെ നിന്നും യാത്ര പുറപ്പെട്ടു. രാമനാഥപുരം ടൗണിൽ പ്രവേശിക്കുന്നതിനു മുമ്പായി തീരദേശ ഹൈവേയിലേക്ക് തിരിയണം. തലേ ദിവസത്തെ അനുഭവം വച്ച്, വഴി നന്നായി മനസ്സിലാക്കിയും സംശയം വരുന്നിടത്ത് ചോദിച്ചു-ചോദിച്ചുമായിരുന്നു യാത്ര.
കിഴക്കൻ തീരദേശ ഹൈവേ വീതികുറഞ്ഞതാണ്, രണ്ടു വരി മാത്രമേയുള്ളു. വളവും തിരിവും ധാരാളമുണ്ട്, എന്നാൽ തിരക്ക് തീരെ കുറവും. ചെറിയ ഒരു കവലയോ ടൗണോ പിന്നിട്ടാൽ കിലോമീറ്ററോളം വിജനമാണ്. മനുഷ്യരെ ഒന്നും കാണാൻ കിട്ടില്ല. ശക്തമായ കാറ്റുണ്ട്. എന്റേത് ഭാരം കുറഞ്ഞ ബൈക്കായതിനാൽ, കാറ്റുള്ള സമയത്ത് വേഗത കുറച്ച് ഓടിക്കേണ്ടിവരും, അല്ലെങ്കിൽ കാറ്റ് നമ്മളെ മറിച്ചിടും. അങ്ങനെ പോകുന്നതിനിടയിൽ നമ്മളുടെ ബുള്ളറ്റ് ഗ്രൂപ്പ് എന്നെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു പോയി. ഞങ്ങൾ പരസ്പരം കൈകാണിച്ചു.
ഹൈവേ വീതി കുറവായതിനാൽ ഒരു കുഴപ്പമുണ്ട്, വഴി രണ്ടായി പിരിയുന്ന മിക്കയിടത്തും ഹൈവേ ഏത്, സബ്-റോഡ് ഏത് എന്നു മനസ്സിലാകില്ല. മതിയായ സൈൻ ബോഡുകൾ ഇല്ലാത്തതും, ഉള്ളവ തന്നെ തമിഴിൽ മാത്രമാണെന്നതും പരിമിതികളാണ്. റോഡിന്റെ അവസ്ഥയും മറ്റും വച്ച് ഊഹിച്ച് ഒരു വഴി തിരഞ്ഞെടുത്ത് പോയി കുറച്ചു ചെല്ലുമ്പോഴാകും, തെറ്റായ വഴിയെയാണ് പോകുന്നതെന്നു മനസ്സിലാകുന്നത്. അങ്ങനെ ഒരു സ്ഥലത്ത്, അല്പം മുന്നോട്ടു പോയെങ്കിലും, ഉടൻ തെറ്റു മനസ്സിലാക്കി എനിക്ക് തിരിച്ചുപോകാൻ കഴിഞ്ഞു.
സമയം പന്ത്രണ്ടുമണി കഴിഞ്ഞു. ചൂട് കൂടിക്കൂടി വന്നു, ക്ഷീണവും. എവിടെയെങ്കിലും തണലുള്ള സ്ഥലത്ത് അല്പം വിശ്രമിക്കണം. അരമണിക്കൂറൊക്കെ വണ്ടിയോടിച്ചാലാകും കയറി നില്ക്കാൻ പറ്റുന്ന ഒരു സ്ഥലം കാണുക. അങ്ങനെ ഒരു സ്ക്കൂളിന്റെ മുന്നിൽ ധാരാളം മാവുകൾ വളര്‍ന്നു നില്ക്കുന്ന ഒരിടത്ത് ഞാൻ വണ്ടിയൊതുക്കി. കയ്യിൽ കരുതിയിരുന്ന പഴവും വെള്ളവും കഴിച്ചു വിശ്രമിക്കുന്നതിനിടയിൽ, മുമ്പുകണ്ട ബുള്ളറ്റ് ഗ്രൂപ്പ് വരുന്നത് കണ്ടു. എന്നെ കണ്ടതുകൊണ്ടാകാം, അവരും അവിടെ വണ്ടിയൊതുക്കി. എനിക്കും മുന്നേ ഓടിച്ചു പോയവരാണ്. എങ്ങനെ പിന്നിലായി?
“വഴി തെറ്റിപ്പോയി, 15 കിലോമീറ്ററോളം പോയി. അതാ വൈകിയത്.” – സംഘത്തിലൊരാൾ, ചെറിയ ചമ്മലോടെ പറഞ്ഞു.
“അതൊക്കെ ഇതിലുള്ളതാ… സാരമില്ലന്നേ…”
ഞങ്ങളെല്ലാവരും ചിരിച്ചു. 180 കിലോമീറ്റർ വഴിതെറ്റിപ്പോയവനോടാണ് 15 കിലോമീറ്ററിന്റെ കാര്യം പറയുന്നത്!
ഒന്നരയോടെ സായൽഗുഡി എന്ന സ്ഥലത്തെത്തി. ഊണ് കഴിച്ചു. അധികം വിശ്രമിച്ചില്ല. യാത്ര തുടര്‍ന്നു. ബൈക്കിനിടിയിലൂടെ ഭൂമി ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.
തൂത്തുക്കുടി അടുത്തുവന്നു. കടൽ വെള്ളം വറ്റിച്ച് ഉപ്പ് വാറ്റുന്ന കളങ്ങള്‍ ധാരാളമായി കാണാൻ തുടങ്ങി. അവിടെയിറങ്ങി ഫോട്ടോ എടുക്കണം എന്നൊക്കെ ചിന്തിച്ചെങ്കിലും, സമയം നഷ്ടപ്പെടുത്താനില്ലാതിരുന്നതിനാൽ യാത്ര തുടര്‍ന്നു.
പ്രതീക്ഷിച്ചതിലും നേരത്തെ, നാലുമണിക്കുമുമ്പ് തൂത്തുക്കുടിയിൽ എത്തി. അല്പം വേഗത കൂട്ടിയാണോ വണ്ടിയോടിച്ചത് എന്ന് ആശങ്കപ്പെട്ടു. തൂത്തുക്കുടിയിൽ നിന്നും തിരുനൽവേലിക്കു തിരിയുന്ന വലിയ ഫ്ലൈ-ഓവറിനു സമീപം, ഒരു സ്നാക്സ് ബാറിൽ വണ്ടി നിര്‍ത്തി. നല്ല ക്ഷീണമുണ്ടായിരുന്നു. കോഫിയും കേക്കും കഴിച്ചു. ടോയ്‍ലറ്റിൽ പോയി, ഫ്രഷായി. അടുത്തു കണ്ട സ്ലാബിൽ കിടന്ന് അല്പനേരം മയങ്ങി.
ഇനിയുള്ളത് തൂത്തുക്കുടി-തിരുനൽവേലി ഹൈവേയാണ്. നല്ല റോഡാണ്. വീട്ടിലെത്താനുള്ള ആവേശത്തിൽ ഇടക്കൊക്കെ വേഗത കൂടുന്നുണ്ടായിരുന്നു; അപ്പോൾ സ്വയം നിയന്ത്രിക്കും. ഒരു മണിക്കൂറിൽ കുറവ് സമയമേ എടുത്തുള്ളു തിരുനൽവേലിയിൽ എത്താൻ. എന്നാൽ ടൗണിൽ കയറിയതോടെ ആകെ കുഴഞ്ഞു. വഴി പലതും വൺ-വേയാണ്. കൃത്യമായ ബോഡുകള്‍ ഇല്ല. ഗൂഗിൾ മാപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. പലരോടും വഴി ചോദിച്ചുചോദിച്ചു വരുന്നതിനിടയിൽ ഒരു അണ്ണാച്ചി വളരെ വിശദമായി ഒരു ക്ലാസ്സൊക്കെ തന്ന് എന്നെ മറ്റൊരു വഴിക്കു തിരിച്ചുവിട്ടു. പക്ഷേ ഞാൻ ചെന്നു കയറിയത് നഗരത്തിന്റെ ഏതോ പ്രാന്തപ്രദേശത്താണ്. ആ അണ്ണാച്ചിക്ക് നല്ലതു മാത്രം വരട്ടെ!
അങ്ങനെ കുറഞ്ഞത് അര മണിക്കൂറെങ്കിലും തിരുനൽവേലി നഗരത്തിൽ നഷ്ടപ്പെട്ടു. ഒരു വിധത്തിൽ തെങ്കാശി ഹൈവേയിൽ എത്തി. സമയം രാത്രിയായി തുടങ്ങി. തെങ്കാശി വരെയുള്ള റോഡ് അത്ര നല്ലതായിരുന്നില്ല. ഇടക്ക് ഒന്നുരണ്ട് സ്ഥലത്തു നിര്‍ത്തി ചായ കുടിച്ചതൊഴിച്ചാൽ വിശ്രമം ഉണ്ടായില്ല. ചെങ്കോട്ട എത്തിയപ്പോൾ രാത്രി ഏഴുമണി കഴിഞ്ഞു. നിര്‍ത്തിയില്ല, നേരേ കേരളത്തിലേക്ക് തിരിച്ചു. കഷ്ടി ഒന്നര മണിക്കൂറിനുള്ളിൽ പുനലൂരെത്താം. നാട് എത്താൻ പോകുന്നു എന്ന തോന്നൽ തന്നെ ഒരു ഉത്സാഹം നൽകി. ആര്യങ്കാവിനടുത്ത് ഒരു ഹോട്ടലിൽ നിന്നും ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചു. കേരള രുചിയുള്ള കറി. അതോടെ കൂടുതൽ ഉത്സാഹം വന്നു. വിദ്യയെ വിളിച്ച് തല്സ്ഥിതി വെളിപ്പെടുത്തി.
“ഇത്രയും താമസിച്ച സ്ഥിതിക്ക് നാളെ വന്നാൽ മതി.” അവൾ പറഞ്ഞു.
“ഏയ്, അധികം വൈകും മുമ്പ് വീട്ടിലെത്താമെന്നു തോന്നുന്നുന്നു. എന്തായാലും ഞാൻ യാത്ര തുടരാം. ക്ഷീണം തോന്നിയാൽ എവിടെയെങ്കിലും രാത്രി തങ്ങാം.”
വീണ്ടും യാത്ര. പുനലൂരെത്തി, പത്തനാപുരം, അടൂര്‍, കായംകുളം വഴി ആലപ്പുഴ … അതാണ് പ്ലാൻ. എം.സി. റോഡിൽ ഏനാത്ത് പാലം തകർന്നുകിടക്കുകയായിരുന്നു. അതിനാൽ ചുറ്റിത്തിരിഞ്ഞ് പോകേണ്ടിവന്നു. പത്തര കഴിഞ്ഞപ്പോൾ അടൂരെത്തി. രാമേശ്വരത്തു നിന്നും യാത്ര തുടങ്ങിയിട്ട് അപ്പോൾ ഏതാണ്ട് 12 മണിക്കൂറായിരുന്നു. ചെറിയ നടു വേദനയും ക്ഷീണവും ഉണ്ടായിരുന്നതാനും. നൂറനാട് വഴി യാത്രതുടരുമ്പോൾ, അവിടെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീട്ടിൽ തങ്ങിയാലോ എന്ന് ആലോചിച്ചതാണ്. പക്ഷേ, ഉൾപ്രേരണയാൽ വണ്ടി മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു.
പതിനൊന്നു മണി, ഹരിപ്പാട്. ഒരു കട്ടൻ ചായ കുടിച്ചു. ഫോണിൽ വിദ്യയുടെ രണ്ട് മിസ്സ് കോൾ ഉണ്ടായിരുന്നു. തിരിച്ചു വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ എത്തുമെന്ന് അറിയിച്ചു.
ഹരിപ്പാട് ആലപ്പുഴ റോഡ് അന്ന് ആകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. രാത്രിയിൽ, പ്രകാശക്കുറവുള്ള സ്ഥലങ്ങളിൽ, വലിയ കുഴികളിൽ വണ്ടി വീഴാൻ തുടങ്ങി. പിന്നീട് വളരെ വേഗത കുറച്ച് ശ്രദ്ധിച്ചാണ് നീങ്ങിയത്. കടൽ താണ്ടി വന്നവൻ വീടിനു മുന്നിലെ തോട്ടിൽ മുങ്ങിമരിച്ചു എന്നു കേൾപ്പിക്കരുതല്ലോ!
ഇത്രയും കഷ്ടപ്പെട്ട് യാത്ര ചെയ്തിട്ടും എനിക്ക് അന്നേ ദിവസംതന്നെ വീട്ടിലെത്താനായില്ല. കാരണം ഞാൻ കോളിംഗ് ബെൽ അടിക്കുമ്പോൾ കൃത്യം 12.35ആയിരുന്നു, അതായത് അടുത്ത ദിവസം. എങ്കിലും ആ രാത്രി അവസാനിക്കുന്നതിനു മുമ്പ് വീടെത്തിയ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.
“നോക്കിനോക്കിയിരുന്നു കുട്ടികൾ ഉറങ്ങിപ്പോയി.” – വാതിൽ തുറക്കുന്നതിനിടയിൽ വിദ്യ പറഞ്ഞു. “ഇത്രയും വൈകിയാൽ ഇന്നു വരേണ്ടാന്നു പറഞ്ഞതല്ലേ…. നാളെ വന്നാൽ മതിയായിരുന്നല്ലോ ….” അവൾ ചോദിച്ചു.
“നീയിങ്ങനെ ഒരുത്തി ഇവിടിങ്ങനെ നോക്കിനോക്കിയിരിക്കുമ്പോൾ ഞാനെങ്ങനെ നാളെ വരും…” അതു ഞാൻ മനസ്സിൽ പറഞ്ഞതേയുള്ളൂ …
ചിരിച്ചുകൊണ്ട് ഒരു ടവ്വലുമെടുത്ത് ഞാൻ കുളിക്കാനായി പോയി.
അവസാനിച്ചു.
മുന്നറിയിപ്പ്
ഇത്രയും ദൂരം തുടര്‍ച്ചയായി ബൈക്ക് ഓടിച്ച് യാത്രചെയ്യുന്നത് സുരക്ഷിതമല്ല. പരിചയവും ശീലവും ഇല്ലാത്തവര്‍ ദീര്‍ഘദൂര ബൈക്ക് യാത്രകള്‍ നന്നായി സമയമെടുത്തും വിശ്രമിച്ചും വേണം ചെയ്യാൻ.
പഴയഭാഗങ്ങൾ വായിക്കാം
ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര – ഭാഗം 1
ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര – ഭാഗം 2
ഒരു മറുപടി കൊടുക്കുക