
രണ്ടുദിവസമായി വഴിതെറ്റിയും അല്ലാതെയും എണ്ണൂറോളം കിലോമീറ്ററുകള്‍ ഒറ്റക്ക് ബൈക്കോടിച്ച് ധനുഷ്കോടി മുനമ്പ് കാണാന്‍ എത്തിയിരിക്കുകയാണ്. പക്ഷേ പത്ത് കിലോമീറ്റര്‍ അകലെ വച്ച് പോലീസ് തടഞ്ഞ് പറയുന്നു, ഇനിയുള്ള ദൂരം നടന്നുപോകാന്‍.
അങ്ങോട്ടും ഇങ്ങോട്ടും ഇരുപത് കിലോമീറ്റര്‍ നടക്കണം. കുറഞ്ഞത് ആറ് മണിക്കൂര്‍ കാല്‍നടയാത്ര. അപ്പോ ഇന്ന് തിരികെ നാട്ടില്‍ പോകാന്‍ കഴിയണമെന്നില്ല.

പിന്നെയും പ്രതിസന്ധികളുണ്ടാകാം. മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല. ഇവിടെ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല. ലക്ഷണം വച്ച് മുന്നോട്ടും കിട്ടാന്‍ സാധ്യത കുറവാണ്. ഒരു പക്ഷേ മുനമ്പില്‍ വല്ല പെട്ടിക്കടയും കണ്ടേക്കാം.
മഴയാണെങ്കിലും വെയിലാണെങ്കിലും കയറിനില്‍ക്കാന്‍ കാക്കക്കമ്പിന്റെ തണല്‍ പോലുമില്ല. നോക്കെത്താ ദൂരത്തോളം മണലും നടുവിലൂടെയുള്ള റോഡും മാത്രം.
തിരികെ പോകുന്ന കാര്യം ആലോചനയിലില്ല. അതുകൊണ്ട് നടക്കാന്‍ തന്നെ തീരുമാനിച്ചു. ബൈക്ക് അടുത്തു കണ്ട തകര്‍ന്ന വാട്ടര്‍ടാങ്കിന്റെ അരികില്‍ പാര്‍ക്ക് ചെയ്തു. ബാഗ് തോളില്‍ തൂക്കി. നടന്നു. അത്രതന്നെ.
അങ്ങനെ നടക്കുകയാണ്. വളരെ മുന്നില്‍ കൂറച്ചാളുകള്‍ നടക്കുന്നത് കാണാം. ചില വണ്ടികള്‍, വാന്‍ പോലെയുള്ളത്, സ്ത്രീകളെയും കുത്തിനിറച്ച് മുന്നോട്ട് പോകുന്നുണ്ട്. മൂന്ന് കിലോമീറ്ററിന് അപ്പുറം പുരാതനമായ, തകര്‍ന്ന ഒരു ക്ഷേത്രമുണ്ട്. അവിടെ പോകുന്ന സ്ത്രീകളാണ്. എല്ലാവരും മഞ്ഞ-ചുവപ്പ് നിറം കലര്‍ന്ന സാരിയാണ് ധരിച്ചിരിക്കുന്നത്. അവര്‍ക്ക് പ്രവേശനമുണ്ട്. കൂടാതെ ധനുഷ്കോടിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന പത്തിനടുത്ത് മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളുണ്ട്. അവര്‍ക്കും വാഹന യാത്ര അനുവദിക്കും.
മറ്റുള്ളവര്‍ക്ക് ധനുഷ്കോടി വരെ പോകാന്‍ റോഡിന് ഇടതുവശത്ത് 100 മീറ്റര്‍ മാറി മറ്റൊരു മണല്‍ ചിറയില്‍ കൂടി വാന്‍ സൗകര്യമുണ്ട്. മണ്ണിലും വെള്ളത്തിലും കൂടിയാണ് യാത്ര. അനധികൃതമാണെന്ന് തോന്നുന്നു. അത് രാമേശ്വരത്തുനിന്നോ മറ്റോ ആണെന്നുതോന്നുന്നു ആരംഭിക്കുന്നത്. അതും പഴയ ധനുഷ്കോടി വരയേ പോകൂ. മുനമ്പ് വരെ പോകണമെങ്കില്‍ പിന്നെയും 5 കിലോമീറ്ററുണ്ട്. രാമേശ്വരത്തുനിന്നും ധനുഷ്കോടി മുനമ്പിലേക്കുള്ള ഈ ചിറ (ബണ്ട്) ഇന്ത്യന്‍ മഹാ സമുദ്രത്തെ ബംഗാള്‍ ഉള്‍ക്കടലെന്നും അറബിക്കടലെന്നും രണ്ടായി തിരിക്കുന്നു.
അങ്ങനെ കാഴ്ചയൊക്കെ കണ്ട് രണ്ട് കിലോമീറ്ററോളം നടന്നു. നാട്ടില്‍ കണ്ടിട്ടില്ലാത്തതരം ഒരു ചെടി തീരത്ത് വളര്‍ന്ന് നില്പുണ്ട്. അതിന്റെ ഫോട്ടോയൊക്കെ എടുത്തു. ഇടക്ക് മഴ ചാറുന്നുണ്ടെങ്കിലും ശക്തമല്ല. കാഴ്ചയെന്ന് പറഞ്ഞാല്‍ ഇരുവശവും കടലാണ്. കടലിന് നടുവിലൂടെ വരമ്പിട്ടതുപോലെ മണല്‍ തിട്ട. അതിലൂടെ പുതിയ റോഡ് പണിതിട്ട് അധികനാളുകളായിട്ടുണ്ടാകില്ല. പുതിയ ടാറിംഗ് ആണ്. പഴയ തീവണ്ടിപ്പാത പൊളിച്ചാണ് പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പൊളിച്ചു മാറ്റിയ പാളം വശത്ത് ഇട്ടിട്ടുണ്ട്.
ഈ യാത്രാവിവരണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
ഈ യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം വായിക്കാം.
ഈ യാത്രാവിവരണത്തിന്റെ മൂന്നാം ഭാഗം വായിക്കാം
വലതുഭാഗത്ത് കര കുറവാണ്. ഒരു 30-40 മീറ്റര്‍ കാണും. വലതുഭാഗത്ത് പച്ച നിറമുള്ള കടല്‍. ഇടതുഭാഗത്ത് 100-150 മീറ്റര്‍ കരയുണ്ട്. കരയെന്നു പറഞ്ഞാല്‍ ചതുപ്പ് പോലെയാണ്. കടലുമായി ചേരുന്ന ഭാഗത്ത് മണല്‍ തിട്ട അല്പം ഉയര്‍ന്ന് നില്പുണ്ട്. നടുവില്‍ പല ഭാഗങ്ങളും വെള്ളക്കെട്ടാണ്. സമാന്തരമായി രണ്ട് മണല്‍ ചിറ ഉള്ളപോലെയാണ്. ആ മണലിലൂടെ ചില വാഹനങ്ങള്‍ ഇടക്കിടെ പോോകുന്നുണ്ട്. പ്രത്യേക രീതിയിയില്‍ പണിതെടുത്ത വാന്‍/ടെമ്പോ പോലെയുള്ള വാഹനങ്ങളാണ്. തറയില്‍ നിന്നും ഉയര്‍ന്ന ബോഡിയാണ്. അടി നിറയെ തുരുമ്പെടുത്തിരിക്കുന്നു.
വഴിയില്‍ കടവല്ലതും ഉണ്ടാകുമെന്ന് കരുതി കൂടുതല്‍ കുടിവെള്ളം കരുതിയിരുന്നില്ല. സ്ത്രീകളെയും കൊണ്ട് വരുന്ന വണ്ടികള്‍ക്ക് കൈകാണിക്കാന്‍ തീരുമാനിച്ചു. അഥവാ ലിഫ്റ്റ് കിട്ടിയാല്‍ അത്രയും ദൂരമെങ്കിലും പോകാമല്ലോ. മാത്രമല്ല, ഡ്രൈവറെ സോപ്പിട്ട് ഒരു തുക പറഞ്ഞൊപ്പിച്ചാല്‍ അറ്റം വരെ കൊണ്ടുപോയാലോ.
അങ്ങനെ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കലും നടത്തവും തുടര്‍ന്നു. കഷ്ടിച്ച് ആറ്-ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വണ്ടിയില്‍ ഇരുപതോളം സ്ത്രീകളെയും കൊണ്ടാണ് ഓരോ വാഹനവും പോകുന്നത്. ലിഫ്റ്റ് കിട്ടിയാല്‍ തന്നെ എവിടെ ഇരിക്കാന്‍? എങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. പക്ഷേ ഒരു വണ്ടിക്കാരനും മൈന്റ് ചെയ്തില്ല. ആറേഴ് വണ്ടികള്‍ കടന്നുപോയി.
അങ്ങനെ പോകുമ്പോഴാണ് ട്രക്ക് പോലെ ഒരു വാഹനം ദൂരെ നിന്നും വരുന്നത് കണ്ടത്. അല്പം നടുവിലേക്ക് മാറിനിന്ന് കൈകൈണിച്ചു. അതീവ ദയനീയമായി, ഏതൊരുവന്റെയും മനസ്സലിയിപ്പിക്കുന്ന തരത്തില്‍ ലിഫ്റ്റ് കിട്ടാനുള്ള മുദ്രകാണിച്ചു. അടുത്ത് വന്നപ്പോഴാണ് പട്ടാള വണ്ടിയാണെന്ന് മനസ്സിലായത്. ഒരു ലിഫ്റ്റ് കിട്ടാനുള്ള ആഗ്രഹം അത്രയും ശക്തമായിരുന്നതിനാല്‍ പിന്മാറിയില്ല. എന്തായാലും ഭാഗ്യം എന്റെ കൂടെയായിരുന്നു. ട്രക്ക് നിര്‍ത്തി. പിന്നില്‍ വലിഞ്ഞ് കയറി. ആറ് പട്ടാളക്കാരുണ്ട്. ഞാനും അവരുടെ കൂടെക്കൂടി. ചെറിയ പരിചയപ്പെടല്‍.
ട്രക്കില്‍ യാത്രയൊക്കെ കണ്ട് അങ്ങനെ പോകെ, സുനാമിയില്‍ തകര്‍ന്നുപോയ ധനുഷ്കോടി പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കാണായി. തിരികെ വരുമ്പോള്‍ ഫോട്ടോ എടുക്കാമെന്ന് കരുതി. ഫോട്ടോ എടുക്കാനായി ഇറങ്ങിയാല്‍ ബാക്കി ദൂരം നടക്കേണ്ടി വരും.
അവിടെ നിന്നും ഏതാണ്ട് 3 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ പട്ടാളക്കാരുടെ ക്യാമ്പായി. നാലഞ്ച് ടെന്റുകള്‍. ഒരു വയര്‍ലെസ്സ് ടവര്‍. അത്രമാത്രം. പട്ടാളക്കാരോട് നന്ദി പറഞ്ഞ് മുന്നോട്ട് വീണ്ടും നടന്നുതുടങ്ങി. ഇരുവശവും രണ്ട് നിറത്തിലുള്ള കടല്‍ അദ്ഭുതകരമായ കാഴ്ചയായിരുന്നു. ഇടതുവശത്ത് നീല നിറമുള്ള കടലും വലതുവശത്ത് പച്ച നിറമുള്ള കടലും. പച്ചക്കടല്‍, ചുമന്ന ഭൂമി, നീലാകാശം എന്ന ദുല്‍ക്കര്‍ സിനിമയുടെ കാര്യം ഓര്‍മ്മ വന്നു.

മൈല്‍ കുറ്റിയില്‍ ദൂരം എഴുതിയിരിക്കുന്നു – അരിച്ചാല്‍ മൂനൈ – 3 കി.മീ. പിന്നില്‍ നിന്നും ഒരു ബൈക്ക് വരുന്നുണ്ട്. കൈ കാണിക്കാം. കാണിച്ചു, നിന്നു. ഹോ … എന്തൊരാശ്വാസം. ഒരാള്‍ തീരുമാനിച്ചിറങ്ങിയാല്‍ ലോകം അയാളുടെ കൂടെ നില്‍ക്കും എന്നോ മറ്റോ ആണല്ലോ. ഏതായാലും അടുത്ത ലിഫ്റ്റും കിട്ടി. പോകെ പോകെ റോഡില്‍ കൂടുതല്‍ അളുകളെ കാണായി. സ്ത്രീകളും കുട്ടികളും ഒക്കെയുണ്ട്. പുലര്‍ച്ചെ നടന്നു തുടങ്ങിയവര്‍ ആകും.
അകലെ റോഡ് അവസാനിക്കുന്നത് കാണാം. എന്തോ ഒരു നിര്‍മ്മിതി അവിടെയുണ്ട്. ബൈക്ക് നിന്നു. റോഡ് പണിയുടെ ഭാഗമായി വശങ്ങളില്‍ കരിങ്കല്ലടുക്കി ബലപ്പെടുത്തുന്ന പണിനടക്കുന്നുണ്ട്. അവിടേക്ക് വന്നയാളാണ് എനിക്ക് ലിഫ്റ്റ് തന്നത്. അദ്ദേഹത്തോടും നന്ദിപറഞ്ഞ് മുന്നോട്ട് നടന്നു.
ഏതാണ്ട് അര കിലോമീറ്റര്‍ നടന്നപ്പോള്‍ മുനമ്പിലെത്തി. റോഡ് അവിടെ അവസാനിക്കുന്നു, മണ്‍ചിറയും. അവിടെ നിന്നാല്‍ മൂന്ന് വശവും കടലാണ്. അവിടെ വൃത്താകൃതിയില്‍ വലിയ ഒരു പ്ലാറ്റ്ഫോം ഉയര്‍ത്തി പണിതിരിക്കുന്നു. നടുവില്‍ ഒരു സ്തൂപം. പത്തടി ഉയരം കാണും. അതിന് മുകളില്‍ അശോക സ്തംഭത്തിലെ സിംഹമുദ്ര പണിതിരിക്കുന്നു. മനോഹരമായ നിര്‍മ്മാണം. നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു വശത്ത് എന്തോ സംഗതി വലിയ ടാര്‍പ്പാളിന്‍ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. സോളാര്‍ പാനല്‍ കണ്ട്രോള്‍ യൂണിറ്റ് ആകാം.
ആകെ ഒന്ന് കണ്ണോടിച്ചു. പത്ത്- പന്ത്രണ്ട് സഞ്ചാരികള്‍ അവിടെ എത്തിയിട്ടുണ്ട്. മിക്കവരും തിരിച്ചുപോകാനുള്ള തിരക്കിലാണ്. സമയം 9 മണിയായി. ഇവര്‍ അതിരാവിലെ തിരിച്ചരായിരിക്കണം. ഒരു വശത്ത് ഒരു കാര്‍ ഒതുക്കിയിട്ടിരിക്കുന്നു. ഇവിടെ കാര്‍ എങ്ങനെ എത്തി എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. പണിക്കാരില്‍ ആരുടെയെങ്കിലും ആകും.

സ്തംഭത്തിന്റെയും മറ്റും ചില ചിത്രങ്ങളെടുത്തശേഷം ഞാന്‍ താഴെ മണ്‍പരപ്പിലേക്കിറങ്ങി. ചുറ്റും ഒരു 50 മീറ്റര്‍ വീതിയില്‍ ബീച്ചുണ്ട്. കുറച്ചാളുകള്‍ ബീച്ചില്‍ കളിക്കുന്നുണ്ട്.
നേരെ എതിര്‍ ദിശയില്‍ മൂന്ന് ചെറിയ ദ്വീപുകള്‍ ഒന്നിന് പിറകില്‍ ഒന്നായി കാണാം. അതിനും അകലെ, വളരെ അകലത്തില്‍, നേര്‍ത്ത നീല നിറത്തില്‍ കരകാണാം. ചക്രവാളത്തില്‍ നേര്‍ത്ത ഒരു നാട പോലെ. സൂക്ഷിച്ചു നോക്കിയാല്‍ മൊബൈല്‍ ടവര്‍ പോലെയുള്ള ഭാഗങ്ങളും കാണാം. ശ്രീലങ്കയാണത്. അങ്ങനെ ഒരു സ്വപ്നം പോലെ മനസ്സില്‍ താലോതിച്ച് കൊണ്ടുനടന്ന ആഗ്രഹം സഫലമായി. ധനുഷ്കോടി മുനമ്പില്‍ എത്തിയിരിക്കുന്നു.
ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിനന്നും ഏകദേശം 20 കിലോ മീറ്റര്‍ ദൂരമേ ഉള്ളൂ. ആ കരയിലേക്ക് നോക്കി കുറെ നേരം ആ തീരത്ത് ഇരുന്നു. എത്രയോ തലമുറകള്‍ ലങ്കയിലേക്കും തിരികെയും അതിര്‍ത്തികളുടെ തടസ്സമില്ലാതെ പോയ വഴികളാണ്. എന്റെ ഏതെങ്കിലും പൂര്‍വ്വ പിതാമഹന്‍ ഇതുവഴി സഞ്ചരിച്ചിരിക്കാം.
കടല്‍ ശാന്തമാണ്. ഒരു വള്ളമുണ്ടെങ്കില്‍ തുഴഞ്ഞ് ശ്രീലങ്കയില്‍ എത്താം. ഇന്ത്യയെയും ശ്രീലങ്കയും ബന്ധിപ്പിക്കുന്ന ഒരു മല കടലിന് അടിയിലൂടെ ഉണ്ട്. ആദംസ് ബ്രിഡ്ജ് എന്നാണ് അതിന് പറയുന്നത്. അതിന്റെ ഭാഗമാണ് രാമേശ്വരത്തുനിന്നും അരിച്ചാല്‍ മൂനൈ വരെയുള്ള ഈ ചിറ. കടലിനടിയിലുള്ള അതിന്റെ ഉയര്‍ന്ന ചില ഭാഗങ്ങളാണ് ചെറിയ ചെറിയ ദ്വീപുകളായി കടലില്‍ ഉയര്‍ന്നു് നില്‍ക്കുന്നത്.
വെയില്‍ പൊള്ളിക്കാന്‍ തുടങ്ങി. കുട കരുതാതിരുന്നത് കഷ്ടമായിപ്പോയി. കാഴ്ചകള്‍ക്ക് അവധിനല്‍കി ബീച്ചില്‍ നിന്നും റൗണ്ടില്‍ എത്തി. അപ്പോഴാണ് അവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ ശ്രദ്ധിച്ചത്. കേരള രജിസ്‌ട്രേഷന്‍ വണ്ടായാണ്. നാല് ചെറുപ്പക്കാര്‍ അതിനടുത്ത് നില്പുണ്ട‌്. അവര്‍ അല്പം മുമ്പ് ബീച്ചില്‍ കളിക്കുന്നുണ്ടായിരുന്നു. ഒരാളുടെ കയ്യില്‍ ഒരു എസ്.എല്‍. ആര്‍ ക്യാമറയൊക്കെയുണ്ട്. എന്റെ കയ്യിലെ ക്യാമറ കണ്ട‌് ആ പയ്യന്‍ ചിരിച്ച് സൗഹൃദം കാണിച്ചു. അത് ക്യാമറയുള്ളവര്‍ തമ്മിലുള്ള ഒരു അന്തര്‍ധാരയാണ്.
“എവിടെനിന്നാണ്?” ഞാന്‍ ചോദിച്ചു.
“കൊല്ലം.”
പക്ഷം വണ്ടി മലപ്പുറം രജിസ്ട്രേഷനാണ്. പതിയെ അവരെ പരിചയപ്പെട്ടു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നവരാണ്. എല്ലാവരും മലപ്പുറം സ്വദേശികളും. കാറില്‍ ചുറ്റാനിറങ്ങിയതാണ്. ഇന്നലെ വൈകിട്ട് കാറുമായി വന്നെങ്കിലും കടത്തി വിട്ടില്ല. ഇന്ന് പുലര്‍ച്ചെ വന്നാല്‍ പോലീസ് തടയില്ലന്ന് ആരോ പറഞ്ഞു. അങ്ങനെ അതിരാവിലെ എത്തിയതാണ്. എന്നിട്ടും പോസീസ് തടഞ്ഞു. പിന്നെ ഒരുപാട് അപേക്ഷിച്ചപ്പോള്‍, ഏഴ് മണിക്ക് മുമ്പ് തിരികെ വരണം എന്ന വ്യവസ്ഥയില്‍ കടത്തി വിട്ടതാണ്. അപ്പോള്‍ സമയം ഒന്‍പതര കഴിഞ്ഞിരുന്നു. അതുകൊണ്ട് അവര്‍ തിരികെ പോകാനുള്ള ഒരുക്കത്തിലാണ്. ഇടക്ക് അവരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഞാന്‍ സഹായിച്ചു.
വെയില്‍ വീണ്ടും കടുക്കാന്‍ തുടങ്ങി. എന്റെ പ്രതീക്ഷ തെറ്റിച്ച മറ്റൊരു സംഗതി, അവിടെയെങ്ങും ചെറിയ ഒരു കടപോലും ഇല്ല എന്നതാണ്. വെള്ളം കുടിക്കാന്‍ ദാഹിച്ചെങ്കിലും രക്ഷയില്ല. പറ്റിയ അബദ്ധം അവരോട് പറഞ്ഞു. അവര്‍ വെള്ളം തന്ന് സഹായിച്ചു.
എന്റെ യാത്രയുടെ വിവരമൊക്കെ ചെറുതായി അവര്‍ ചോദിച്ച് മനസ്സിലാക്കി. ഒറ്റയ്ക്ക് യാത്രചെയ്ത് വന്നതൊക്കെ അവരില്‍ ഒരു മതിപ്പുണ്ടാക്കിയെന്ന് തോന്നുന്നു. എന്തായാലും ഞാന്‍ പ്രതീക്ഷിച്ച സഹായം, അഭ്യര്‍ത്ഥിക്കാതെ തന്നെ അവര്‍ വാഗ്ദാനം ചെയ്തു.
“ചേട്ടന് ഞങ്ങളുടെ കൂടെ വരാം. ബൈക്ക് വച്ച സ്ഥലത്ത് ഇറക്കാം.”
പാവ്‌ലോ കൊയ്‌ലോയുടെ തിയറി വീണ്ടും ഫലിച്ചു. സന്തോഷത്തോടെ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു.
അങ്ങനെ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. വന്ന വഴികള്‍ കണ്ട് കണ്ട് യാത്ര … പത്ത് മിനിറ്റിനുള്ളില്‍ ചെക്ക് പോസ്റ്റിലെത്തി. ചെക്ക് പോസ്റ്റ് കൂടുതല്‍ സജീവമായിരിക്കുന്നുന്നു. കൂടുതല്‍ പോലീസുകാര്‍ ഉണ്ട‌്. കുറച്ച് ചെറിയ പെട്ടിക്കടകള്‍ ഒക്കെ തുറന്നിരിക്കുന്നു. കൂടുതല്‍ വാഹനങ്ങള്‍ എത്തിയിട്ടുണ്ട്.
കാര്‍ കണ്ടതും രണ്ട് പോലീസുകാര്‍ വന്ന് ചെറുപ്പക്കാരെ തെറിവിളി തുടങ്ങി. ഏഴുമണിക്ക് തിരികെ വരണമെന്ന് പറഞ്ഞിട്ട് ഇപ്പോഴാണോ വരുന്നത്? ഇതാണ് ഒരുത്തനെയും സഹായിക്കാന്‍ പറ്റാത്തത്, എല്ലാത്തിനെയും അകത്തിട്ടുകളയും … ഇതൊക്കെയാണ് ചുരുക്കം. അവരാകട്ടെ കാലില്‍ വീണ് ക്ഷമചോദിച്ചു. വണ്ടി കേടായതാണെന്നൊക്കെ നമ്പരിട്ടു.
കുറെ ചീത്തവിളിച്ച ശേഷം ടോള്‍ഗേറ്റ് തുറന്നുകൊടുത്തു. എന്നെ അവിടെ ഇറക്കി. യാത്ര പറഞ്ഞ് അവര്‍ പോയി. അപ്പോഴാണ് അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയില്ല എന്ന് ഓര്‍ത്തത്. മറ്റൊരു നഷ്ടം കൂടി സംഭവിച്ചു. മടങ്ങുമ്പോള്‍ എടുക്കാമെന്നു് കരുതിയ, പഴയ ധനുഷ്കോടിയുടെ ഫോട്ടോ. അതും പറ്റിയില്ല. എങ്കിലും ആറ് മണിക്കൂര്‍ പ്രതീക്ഷിച്ച യാത്ര, രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അധികം നടന്ന് ബുദ്ധിമുട്ടേണ്ടിയും വന്നില്ല.
സമയം പത്ത് കഴിയുന്നതേ ഉള്ളൂ. അങ്ങനെ അന്ന് തന്നെ തിരികെ നാട്ടിലെത്താം എന്ന മോഹം വീണ്ടും സജീവമായി. ബൈക്കെടുത്ത് രാമേശ്വരത്തേക്ക് യാത്രയായി.
ഒരു മറുപടി കൊടുക്കുക