
2017 ജനുവരി 20 ശനി.
പുലര്‍ച്ചെ 4ന് മൊബൈല്‍ അലാറം ശബ്ദിച്ചു. നല്ല തണുപ്പുണ്ട്. ഇത്ര തണുപ്പില്‍ രാവിലെ യാത്ര തിരിച്ചാല്‍ അലര്‍ജിയും തുമ്മലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആറുമണിക്ക് ഉണര്‍ന്ന് വേഗത്തില്‍ തയ്യാറായി 7ന് മുമ്പായി യാത്രതിരിക്കാം എന്നു തീരുമാനിച്ച് വീണ്ടും കിടന്നു.
ആറു് മണിക്ക് മുമ്പായി തന്നെ വീണ്ടും ഉണര്‍ന്നു. പുറത്തേക്കുള്ള ജനാല തുറന്ന് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. മഴ, അതി ശക്തമായ മഴ. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലോ തമിഴ്‌നാട്ടിലോ മഴ പെയ്തിട്ടില്ല. മഴക്കോട്ട് എടുക്കേണ്ട എന്നുകരുതിയ നിമിഷത്തെ പഴിച്ചു. എന്തായാലും മഴ തോരാതെ യാത്ര തുടരാന്‍ കഴിയില്ല. മഴക്കോട്ടുണ്ടെങ്കില്‍ പോലും തൂത്തുക്കുടിയില്‍ നിന്നും ധനുഷ്കോടി വരെ നാലഞ്ച് മണിക്കൂര്‍ മഴയത്തുള്ള യാത്ര ബുദ്ധിമുട്ടാണ്.
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ആറരയോടെ യാത്രക്ക് തയ്യാറായി. മഴകുറയുന്നില്ല. കുറച്ചു നേരം ടി.വി. കണ്ടിരുന്നു. ഏഴായി, ഏഴരയായി. മഴ പെയ്യുകയാണ്. അടുത്തുള്ള റെസ്റ്റോറന്റില്‍ നിന്നും പ്രാതല്‍ കഴിച്ചു. എട്ട്, എട്ടര … സമയം പോവുകയാണ്. മഴ അങ്ങനെ തന്നെ തുടരുന്നു. കടകള്‍ ഒന്നും തുറന്നിട്ടില്ല. മഴക്കോട്ട് കിട്ടാന്‍ സാധ്യതയുള്ള കടകള്‍ തുറക്കണമെങ്കില്‍ പത്തുമണിയെങ്കിലും കഴിയും.
ഒരു ദീര്‍ഘദൂര ബൈക്ക് സവാരിക്കാരന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് മഴ. ഏത് യാത്രയിലും ഒരു മഴക്കോട്ട് കരുതുന്നത് നല്ലതാണെന്ന പാഠം പഠിച്ചു.
ഏതുയാത്രയിലും ഒരു മഴക്കോട്ട് കരുതുന്നത് നല്ലതാണ്.
9 മണിയായി. പുലര്‍ച്ചെ അഞ്ചിനെങ്കിലും പുറപ്പെടണം എന്നു് കരുതിയതാണ്. നാലു് മണിക്കൂര്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ പദ്ധതികളാകെ പാളും. എന്താണു വഴി… മഴ നനഞ്ഞ് പോവുകതന്നെ. തണുപ്പിനുള്ള ഒരു കോട്ട് കരുതിയിരുന്നു. പക്ഷേ വെള്ളം നനയും. എങ്കിലും സാരമില്ല. അത് ധരിച്ചു യാത്രയ്ക്ക് തയ്യാരായി.

മഴയുടെ ശക്തി കുറഞ്ഞ നേരം നോക്കി പുറപ്പെട്ടു. ഹെല്‍മറ്റ് ഉള്ളതുകൊണ്ട് തല നനയില്ല. പട്ടണത്തില്‍ നിന്നും പ്രധാന ഹൈവേയില്‍ പ്രവേശിച്ചു. ശരീരം മുഴുവന്‍ നനഞ്ഞ് കുതിര്‍ന്നിട്ടുണ്ട്. രാമേശ്വരം-ചെന്നൈ കിഴക്കന്‍ തീരദേശ പാത വഴിയാണ് പോകേണ്ടത്. ഞാന്‍ മനസ്സിലാക്കിയതു വച്ച് തൂത്തുക്കുടിയില്‍ നിന്നും ഏകദേശം 140 കിലോ മീറ്റര്‍ യാത്രചെയ്ത്, രാമനാഥപുരത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് 60 കി.മീ. ചെന്നാല്‍ രാമേശ്വരത്തെത്തും. അവിടെനിന്നും 35 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ധനുഷ്കോടി മുനമ്പിലെത്താം. ഇടക്കുള്ള വിശ്രമം അടക്കം നോക്കിയാലും നാലര-അഞ്ച് മണിക്കൂര്‍ മതി. മഴയാണ് തടസ്സം. എന്തായാലും രണ്ടു് മണിയോടെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് എന്റെ കണക്കുകൂട്ടല്‍.
നിറഞ്ഞുപെയ്ത മഴ പതിയെ ചാറ്റല്‍ മഴയായി മാറി. വിശാലമായ ആറുവരി പാതയാണ്. കണ്ണെത്താത്ത ദൂരത്തോളം വളവും തിരിവും ഇല്ലാതെ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുകയാണ് റോഡ്. ഉദ്ദേശം 15-20 കീ.മീ. അകലെ മഴ മേഘങ്ങള്‍ ഇല്ല. അവിടെയെത്തുമ്പോള്‍ മഴ തീരുമെന്ന് എന്നിലെ കാലാവസ്ഥാ നിരീക്ഷകന്‍ കണക്കുകൂട്ടി. പ്രതീക്ഷിച്ചപോലെ തന്നെ അരമണിക്കൂര്‍ കൂടി കഷ്ടി കഴിഞ്ഞപ്പോള്‍ മഴ നിന്നു. പക്ഷേ അടുത്ത 15-20 കീലോ മീറ്ററിനപ്പുറം മഴ മേഘങ്ങള്‍ എന്നെ കാത്തു നില്പുണ്ടായിരുന്നു.
കുറച്ച് ദുരം കഴിഞ്ഞപ്പോഴേക്കും വെയിലും കാറ്റുമേറ്റ് തുണി മുഴുവന്‍ ഉണങ്ങി. ആശ്വാസം തോന്നി. അടുത്തു കണ്ട പമ്പില്‍ നിന്നും 300 രൂപക്ക് പെട്രോള്‍ നിറച്ചു. ടയറില്‍ കാറ്റും നിറച്ചു. അപ്പോഴാണ് പിന്‍സീറ്റില്‍ നിന്നും താഴേക്ക് കെട്ടി വച്ചിരുന്ന ബാഗ് മുഴുവന്‍ ചെളിപിടിച്ച് നനഞ്ഞിരിക്കുന്നത് കണ്ടത്. അതിലാണ് അടുത്ത ദിവസത്തേക്കുള്ള തുണികള്‍ വച്ചിരിക്കുന്നത്. തുണി നനഞ്ഞാല്‍ ആകെ കുഴപ്പമാകും. പമ്പില്‍ നിന്നും കുറച്ച് പോളിത്തീന്‍ ഷീറ്റ് സംഘടിപ്പിച്ച്, മഴപെയ്താലും നനയാത്ത രീതിയില്‍ രണ്ട് ബാഗും കെട്ടി വച്ചു.
അപ്പോള്‍ യാത്ര പുറപ്പെട്ടിട്ട് ഒരു മണിക്കൂറായിട്ടുണ്ടാകും. ഒരുറപ്പിന് രാമേശ്വരത്തിനുള്ള വഴി ഇതുതന്നെയല്ലേ എന്ന് പമ്പില്‍ കണ്ടയാളോട് ചോദിച്ചു. അയാള്‍ പക്ഷേ നീട്ടി പരത്തി കുറേ കാര്യങ്ങള്‍ പറഞ്ഞു. രാമനാഥപുരത്ത് തിരിയണം എന്നൊക്കെ പറയുന്നുണ്ട്. അതോക്കെ എനിക്കും അറിയാം. അതുകൊണ്ട് ശരി എന്ന് പറഞ്ഞ് യാത്ര തുടര്‍ന്നു.
സത്യത്തില്‍ അണ്ണാച്ചി പറഞ്ഞത് ശരിക്കും മനസ്സിലാക്കാതിരുന്നതിന്റെ ദുരിതം പിന്നെയും മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
പിന്നീട് ഒരു മണിക്കൂറോളം ചാറ്റല്‍ മഴയും വെയിലും മാറിമാറി വന്നുപോയി. ഇടക്ക് ശക്തിയായ മഴയും പെയ്തു. ഒരു കാര്യം പറയാന്‍ മറന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവാണ്. കേരളത്തിലെ പാതകളെ അപേക്ഷിച്ചു് നോക്കിയാല്‍ വിജനം എന്നുതന്നെ പറയാം. മറ്റൊരു കാര്യം പാതയുടെ ഇരു വശവും ജനവാസം ഇല്ല എന്നതാണ്. ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം പാതയില്‍ നിന്നും വളരെ ഉള്ളിലാണ്. പ്രധാന പട്ടണങ്ങളിലേക്ക് പോകേണ്ടിടത്തെല്ലാം ബൈപ്പാസുകള്‍ ഉണ്ട്. അവ തിരികെ ഹൈവേയില്‍ തന്നെ എത്തിച്ചേരും.
മഴ കുറച്ചുകൂടി ശക്തമായി. തണുപ്പ് മെല്ലെ നെഞ്ചിലേക്ക് പടര്‍ന്നുതുടങ്ങി. അധികം തണുപ്പേല്‍ക്കുന്നത് അപകടമാണ്. മാത്രമല്ല, ഇനിയും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പോകേണ്ടതുണ്ട്. തണുപ്പേല്‍ക്കാതിരിക്കാനുള്ള ഒരു നൈസ് പണിയുണ്ട്. പത്രക്കടലാസ് ബനിയനുള്ളില്‍ തിരുകി വയ്ക്കുക. പണ്ടൊക്കെ തണുപ്പ് കാലത്ത് റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുമ്പോള്‍ ചെയ്യാറുള്ള പണിയാണ്. നിലത്തു് പത്രക്കടലാസ് വിരിക്കും. തുണിക്കുള്ളിലും പത്രം മടക്കി വയ്ക്കും. ഒന്നാന്തരം ചൂടന്‍ സ്വെറ്റര്‍ തയ്യാര്‍.
പക്ഷേ വഴിയിലെവിടെ പത്രക്കടലാസ് കിട്ടാന്‍? നോക്കിനോക്കി പോയപ്പോള്‍ ആപ്പിള്‍ പൊതിഞ്ഞുവരുന്ന കടലാസ് പെട്ടികള്‍ വഴിയില്‍ കിടക്കുന്നത് കണ്ടു. വണ്ടി നിര്‍ത്തി അതില്‍ കൊള്ളാവുന്ന രണ്ടുമൂന്നെണ്ണം എടുത്ത് നിവര്‍ത്തി തുണിക്കിടയില്‍ നെഞ്ചിന്റെ ഭാഗത്തായി വച്ചു. ഈ പെട്ടിക്ക് മറ്റൊരു ഗുണവുമുണ്ട്, പുറത്ത് പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതിനാല്‍ നനയുകയുമില്ല. അതോടുകൂടി തണുപ്പ് മാറി. മഴ മാത്രം മാറിയില്ല.
പന്ത്രണ്ട് മണി ആയപ്പോഴേക്കും ഹൈവേയില്‍ നിന്നും കുറച്ച് ഉള്ളിലായുള്ള ചെറിയ ഒരു പട്ടണത്തിലേക്ക് കയറി ഒരു കാപ്പിയും വടയും കഴിച്ചു. അഞ്ച് മിനിറ്റ് വിശ്രമിച്ചു. മഴ നനയാതെ ഫോണ്‍ ബാഗില്‍ വച്ചിരിക്കുകയായിരുന്നു. വിളി വല്ലതും ഉണ്ടായിരുന്നോ എന്ന് നോക്കി. കുറച്ചധികം മിസ്സ്ഡ് കാളുകള്‍ ഉണ്ടായിരുന്നു. അത്യവശ്യം ഒന്നുരണ്ടെണ്ണത്തിന് തിരികെ വിളിച്ചു. വീണ്ടും ഹൈവേയിലെത്തി യാത്ര തുടര്‍ന്നു.
സമയം പന്ത്രണ്ടര ആകാറായി. എന്റെ ഊഹം വച്ച് അര മണിക്കൂറിനകം രാമനാഥപുരം എത്തേണ്ടതാണ്. പക്ഷേ സൈന്‍ബോര്‍ഡുകളിൽ രാമേശ്വരം എന്നുമാത്രം കാണുന്നില്ല, മഥുര, ചെന്നൈ എന്നിവ മാത്രമാണ് കാണിക്കുന്നത്. മധുരയിലേക്ക് കുറച്ച് മാത്രം ദൂരം കാണിക്കുന്നു.
കുറച്ചുകൂടി പോയപ്പോള്‍ ഒരു വിമാനത്താവളം കണ്ടു. മധുര വിമാനത്താവളം. മധുര രാമേശ്വരത്തു നിന്നും ഏതാണ്ട് 200 കിലോമീറ്റര്‍ അകലെയാണ്. പിന്നെ മധുര വിമാനത്താവളം ഇവിടെ എങ്ങനെ വന്നു? എന്തായാലും വണ്ടി മുന്നോട്ട് നീങ്ങി. മഴ കുറഞ്ഞു. വഴിയരികില്‍ ധാരാളം ചരക്കുവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. വണ്ടിത്തൊഴിലാളികള്‍ ഏതാണ്ട് വിശ്രമിക്കുന്ന മട്ടിലാണ്. ഒരു പക്ഷേ വണ്ടികളുടെ വിശ്രമ സ്ഥലമായിരിക്കാം. പക്ഷേ മുന്നോട്ട് പോകും തോറും വണ്ടികളുടെ എണ്ണം കൂടിക്കുടി വന്നു. നിരനിരയായി വാഹനങ്ങള്‍ കിടക്കുന്നു. ഒരു വശത്തുകൂടെ എന്റെ ബൈക്ക് മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. ഒരു കാര്യം അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. എതിരെ വാഹനങ്ങളൊന്നും വരുന്നില്ല.
മുന്നോട്ട് പോകുംതോറും ധാരാളം പോലീസുകാരെയും പോലീസ് വാഹനങ്ങളും കണ്ടുതുടങ്ങി. ഒരു വണ്ടിക്കാരനോട് കാര്യം തിരക്കി. ജല്ലിക്കെട്ട് സമരക്കാര്‍ മുന്നില്‍ വഴി തടഞ്ഞിരിക്കുകയാണ്. എന്തായാലും റോഡിന്റെ വശത്തുകൂടെ ഞാന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. ഏകദേശം മൂന്ന് കിലോമീറ്റര്‍ പോയപ്പോള്‍ വലിയ ഒരു ട്രാഫിക് വലയം കണ്ടു. വലിയ ജനക്കൂട്ടം ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ട്രാഫിക് ബോഡ് പ്രകാരം ഇടത്തോട്ട് പോയാല്‍ മധുര, വലത്തോട്ട് പോയാല്‍ രാമേശ്വരം, നേരേ പോയാല്‍ ചെന്നൈ.
എനിക്ക് ഇവിടെനിന്നും വലത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്. മുന്നറിവ് വച്ച് ഇനി കേവലം ഒരു മണിക്കൂറിനുള്ളില്‍ എന്റെ ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വഴി തടസ്സപ്പെട്ടിരിക്കുന്നു. രീതി കണ്ടിട്ട് ഇന്ന് രാത്രിയെങ്കിലും ആകാതെ സമരവും വഴിതടയലും അവസാനിക്കാന്‍ പോകുന്നില്ല. കൂടുതല്‍ സമരക്കാര്‍ ബൈക്കുകളിലും ലോറികളിലുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. പോലീസൊക്കെ വിശ്രമിക്കുകയാണ്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള യാതൊരു ഭാവവുമില്ല.
സമരക്കാര്‍ മൂദ്രാവാക്യങ്ങളും പാട്ടുകളുമൊക്കെയായി തകര്‍ക്കുന്നുണ്ടെങ്കിലും അക്രമാസക്തരല്ല. സമരക്കാരുടെ ഇരുചക്രവാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ഞാന്‍ മെല്ലെ വണ്ടി വലതുഭാഗത്തേക്ക് ഒതുക്കി. അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പാട്ടും പാടി നില്പുണ്ട്. എന്തായാലും അതിന്റെ നേതാവ് എന്ന് തോന്നിയ ചെറുപ്പക്കാരനോട് ഒരു അപേക്ഷയങ്ങ് നടത്തി. ഞാന്‍ കേരളത്തില്‍ നിന്നും വരികയാണെന്നും രണ്ടു ദിവസമായി ബൈക്കോടിക്കുകയാണെന്നും, അബ്ദുല്‍ കലാമിന്റെ വീട് കാണാന്‍ രാമേശ്വരത്തിന് പോകുകയാണെന്നും പറഞ്ഞു. തമിഴ് മക്കളുടെ സമരത്തിന് പിന്തുണയും അറിയിച്ചു. എന്നെ പോകാന്‍ സഹായിക്കണം. കിട്ടിയാല്‍ ഊട്ടി .. എന്ന മട്ടില്‍ ചോദിച്ചതാണ്.
“അണ്ണാവുക്ക് വഴി കൊടുക്ക് … അണ്ണ കേരളാവിലു നിന്നും വര്ത് .. കലാം സാറുടെ വീട് പാക്കറുത്ക്ക് പോകത് … വഴി കൊട് …”
എന്തായാലും കാര്യം നടന്നു. ആ തമിഴ് ചെറുപ്പക്കാരോട് ബഹുമാനം തോന്നി.
“ജല്ലിക്കെട്ട് സിന്ദാബാദ്”
അവര്‍ക്ക് ഒരു സന്തോഷം തോന്നട്ടെ, ഞാന്‍ ഉറക്കെ പറഞ്ഞു. രാമേശ്വരത്തേക്കുള്ളതും വലിയ ഹൈവേയാണ്. ഒരു ഇരുന്നൂറ് മീറ്റര്‍ ചെന്നപ്പോള്‍ സൈന്‍ ബോര്‍ഡ് കണ്ടു. രാമേശ്വരത്തേക്കുള്ള ദൂരം കണ്ട് ഞെട്ടിപ്പോയി – 160 കിലോ മീറ്റര്‍. എതിര്‍ വശത്തെ സൈന്‍ ബോര്‍ഡില്‍ നോക്കി – മധുരൈ 6 കീലോ മീറ്റര്‍.
തൂത്തുക്കുടിയില്‍ നിന്നും രാമനാഥപുരം വഴി രാമേശ്വരത്തിന് പുറപ്പെട്ട ഞാന്‍ വഴി തെറ്റി മധുരയിലാണ് നില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാലില്‍ നിന്നും ഒരു തരിപ്പായി മുകളിലേക്ക് പടര്‍ന്നു.
വഴി തെറ്റിയിരിക്കുകയാണ്. കുറച്ചൊന്നുമല്ല, ഏതാണ്ട് 160 കിലോമീറ്റര്‍.
അടുത്തു് കണ്ട് ഒരു ബസ് കാത്തുനില്പ് ഷെഡ്ഡില്‍ വണ്ടിയൊതുക്കി ഞാനിരുന്നു. മഴ പെയ്തതിനാല്‍ മൊബൈലില്‍ മാപ്പ് നോക്കിയിരുന്നില്ല. മാത്രമല്ല, ഹൈവേ നേരെ രാമനാഥപുരത്തിനുള്ളതാണെന്ന് ധരിച്ചു. ഫോണില്‍ മാപ്പ് നോക്കി. ശരിയാണ്, കിഴക്കന്‍ തീരദേശ ഹൈവേക്ക് പകരം തൂത്തുക്കുടി-ചെന്നൈ ദേശീയ പാത നമ്പര്‍ 38 വഴിയാണ് ഞാന്‍ യാത്ര ചെയ്തിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നും ഇതുവരെ യാത്രചെയ്ത അത്രയും ദൂരം തന്നെ ഏകദേശം ഇനി രാമേശ്വരത്തേക്കുണ്ട്. ശരിയായ പാതയില്‍ പോയിരുന്നെങ്കില്‍ ഇപ്പോള്‍ രാമേശ്വരത്ത് എത്തുമായിരുന്നു.
തൂത്തുക്കുടിയില്‍ നിന്നും പുറപ്പെട്ട ഞാന്‍ വഴി തെറ്റി മറ്റൊരു സ്ഥലത്താണ് നില്‍ക്കുന്നതെന്ന വസ്തുത മനസ്സിനെയും ശരീരത്തെയും തളര്‍ത്തി. ഒരു ചെറിയ കുട്ടിക്കുപോലും സംഭവിക്കാന്‍ പാടില്ലാത്ത ഹിമാലയന്‍ മണ്ടത്തരമാണ് കാട്ടിയിരിക്കുന്നത്. ഉച്ചക്ക് ധനുഷ്കോടിയിലെത്തി, വൈകിട്ടോടെ നാട്ടിലേക്ക് തിരിക്കണമെന്ന് കരുതിയിരുന്നതാണ്.
യാത്രമതിയാക്കി നാട്ടിലേക്ക് തിരിച്ചാലോ? മധുര-കൊച്ചി ദേശീയ പാത വഴി പോയാല്‍ രാത്രി പത്തുമണിക്ക് മുമ്പായി വീട്ടിലെത്താം. ജല്ലിക്കെട്ട് പ്രതിഷേധം തീവ്രമാകുന്നുമുണ്ട്. മുന്നോട്ടുള്ള യാത്ര ഇനിയും ദുഷ്കരമായേക്കാം.
പത്തു മിനിറ്റ് വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നു. ആത്മമിന്ദയാണ് മനസ്സു് നിറയെ. സംഭവിച്ചതെന്താണെന്ന് അപ്പോഴും വ്യക്തമല്ലായിരുന്നു. യാത്രയുടെ തുടക്കത്തില്‍ രാമേശ്വരം എന്ന സൈന്‍ ബോഡ് ശരിക്കും കണ്ടതാണ്. പിന്നീടെവിടെയോ അത് കാണാതായി. വഴി തിരിച്ചുവിടുന്ന ബോഡ് കണ്ടില്ല. ഒരു പക്ഷേ മഴയ്ക്കിടെ ശ്രദ്ധിക്കാതെ പോയതാകാം. ഇക്കാര്യമാകാം പമ്പില്‍ വച്ച് വഴി പറഞ്ഞു തന്ന അണ്ണാച്ചി മനസ്സിലാക്കാന്‍ ശ്രമിച്ചതും. അമിത ആത്മവിശ്വാസം വരുത്തിവച്ച വിനയാണ്. മനസ്സ് പ്രക്ഷുബ്ദമായി തുടരുകയാണ്.
അല്പനേരം കഴിഞ്ഞ് മനസ്സ് ശാന്തമായി. ഇവിടെ ഇപ്പോ എന്താണ് സംഭവിച്ചത്. വഴിതെറ്റി. വഴിതെറ്റാതെ നേരയങ്ങ് എത്തിയേക്കാമെന്ന് ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിരുന്നോ? ഇവിടെവച്ച് ഇത് അവസാനിപ്പിച്ചാല്‍ അതൊരു തോല്‍വിയാണ്. പക്ഷേ, എത്രതവണ വഴിതെറ്റിയാലും അന്തിമമായി ലക്ഷ്യം കണ്ടാല്‍ അത് വിജയം മാത്രം. ഇടക്കുള്ള തിരിച്ചടികള്‍ ആരും കാര്യമാക്കില്ല. പരാജയപ്പെട്ട എത്രയോ ശ്രമങ്ങള്‍ക്കൊടുവിലാണ് എഡിസന്‍ ബള്‍ബ് കണ്ടെത്തിയത്.
ആയിരം മണിക്കൂര്‍ വണ്ടി ഓടിക്കേണ്ടി വന്നാലും ആയിരം കിലോമീറ്റര്‍ വഴിതെറ്റിയാലും ലക്ഷ്യത്തിലെത്താതെ പിന്‍മാറില്ല എന്നുതീരുമാനിച്ചു. ഒരു സമാധാനമൊക്കെ തോന്നി. വണ്ടി വീണ്ടും രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക്. പുതിയ ഒരു യാത്ര എന്ന ലാഘവത്തില്‍ മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചു.
നിങ്ങള്‍ കരുതും പറ്റിയ അബദ്ധം വിസ്മരിച്ച് പാട്ടും പാടി യാത്ര തുടരുകയായിരുന്നെന്ന്. അല്ല, മനസ്സിനെ എങ്ങനെയൊക്കെ പാകപ്പെടുത്തിലാലും ആത്മനിന്ദ ഇടക്കൊക്കെ തികട്ടി വരും. എങ്കിലും അടങ്ങാത്ത വിജയദാഹത്തില്‍ അതൊക്കെ മറക്കാന്‍ കഴിഞ്ഞു.
മധുര-രാമേശ്വംരം ഹൈവേ നാലുവരിയാക്കുന്നതിന്റെ പണികള്‍ നടന്നു വരികയണ്. അതിനാല്‍ ഇടവിട്ട് നല്ല റോഡും ഇടവിട്ട് പഴയറോഡും മാറിമാറി വണ്ടി ഓടിക്കണം. മുമ്പ് വന്ന ദേശീയപാത പോലെയല്ല, ജനവാസ കേന്ദ്രങ്ങളും ചെറിയ ചെറിയ പട്ടണങ്ങളും പിന്നിട്ടാണ് യാത്ര.
രണ്ടു മണി കഴിഞ്ഞപ്പോള്‍ ഒരു റെയില്‍വേ ക്രോസ്സ് പിന്നിട്ടു. മധുരയില്‍ നിന്നും രാമേശ്വരത്തോട്ടുള്ള റെയില്‍വേ പാതയാണ്. മുമ്പ് ധനുഷ്കോടി വരെ റയില്‍ പാതയുണ്ടായിരുന്നു. 1964 ഡിസംബർ 18ന് അപ്രതീക്ഷിതമായി വിശിയടിച്ച ചുഴലിക്കാറ്റും സുനാമിയും രാമേശ്വരം ധനുഷ്കോടി റെയില്‍ പാതയെ നശിപ്പിച്ചു. പിന്നീട് ആ പാത പുതുക്കി പണിതിട്ടില്ല. നിലവില്‍ രാമേശ്വരം വരെ മാത്രമേ റെയില്‍ പാതയുള്ളു.
റെയില്‍വേ ക്രോസ്സിനോട് ചേര്‍ന്ന് കരിക്ക് വില്ക്കുന്നുണ്ടായിരുന്നു. കരിക്ക് 40 രൂപ. ഇന്നലെ തിരുനല്‍വേലിയ്ക്കടുത്ത് 20 രൂപയേ ഉണ്ടായിരുന്നുള്ളു. ചെങ്കരിക്കിന് 60 രൂപയാണ്. 40 രൂപയുടെ ഒരു കരിക്ക് കുടിച്ചു. തിന്നാനും ഉണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള ധാരാളം വാഹനങ്ങള്‍ രാമേശ്വരത്തിന് പോവുകയും വരികയും ചെയ്യുന്നുണ്ടായിരുന്നു. അടുത്തു തന്നെ ഒരു വഴിയോര ഭക്ഷണശാലയുണ്ടായിരുന്നു. പേര് അമേരിക്കന്‍ റെസ്റ്റൊറന്റ്. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനും പ്രാഥമിക കൃത്യങ്ങള്‍ക്കുമൊക്കെയുള്ള സൗകര്യം ഉണ്ടായിരുന്നു. ഭക്ഷണത്തിനു മുമ്പ് ടോക്കണ്‍ എടുക്കണം. ഞാനും ഒരു കാപ്പി വാങ്ങി. അല്പം വിശ്രമം അതായിരുന്നു ലക്ഷ്യം. ഇടക്ക് വീണ്ടും മഴചാറി.
അല്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര. മൂന്നര കഴിഞ്ഞപ്പോള്‍ രാമനാഥപുരത്തെത്തി. നല്ല ഒരു ഹോട്ടലില്‍ കയറി. പായസം കൂട്ടിയുള്ള രസ്യന്‍ വെജിറ്റേറിയന്‍ ശാപ്പാട്. ക്ഷീണം മാറി. വിശ്രമിക്കാന്‍ തോന്നിയില്ല. യാത്ര തുടര്‍ന്നു. രാമനാഥപുരത്തിന് ശേഷം തികച്ചും ഗ്രാമ പ്രദേശങ്ങളാണ്. കൃഷിയിടങ്ങളും ആടുമേയ്ക്കുന്ന സ്ഥലങ്ങളും. അപ്രതീക്ഷിതമായി ആടുകള്‍ റോഡിലേക്ക് കയറിവരാം. ഇടക്ക് അത്തരം ഒരു അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.
ആടുകളെ റോഡരകില്‍ കാണുമ്പോള്‍ തന്നെ ഞാന്‍ വേഗത കുറക്കുമായിരുന്നു. ഒരിടത്തുവച്ച് രോഡരികില്‍ കൂടി പോകുകയായിരുന്ന ആട്ടിന്‍ പറ്റത്തെ കണ്ട് ഞാന്‍ വേഗത കുറച്ചു. എന്നാല്‍ ഇടയന്‍ പിന്നോട്ട് നോക്കാതെ തന്നെ എന്തോ ശബ്ദവും ആംഗ്യങ്ങളും കാട്ടി. ആട്ടിന്‍ പറ്റം ഒന്നോടെ റോഡിന്റെ മറുവശത്തേക്ക് ചാടി. എനിക്ക് നിയന്ത്രിക്കാന്‍ കഴിയും മുമ്പ് വണ്ടി ആടുകള്‍ക്കിടയിലേക്ക് എത്തി. പരമാവധി നിയന്ത്രിച്ച് വണ്ടി ഞാന്‍ റോഡരികിലേക്ക് ഒതുക്കി. വണ്ടി മറിയാതിരുന്നതും ആടുകളെ ഇടിക്കാതിരുന്നതും ഭാഗ്യം കൊണ്ട് മാത്രമാണ്.
ചിതറിയോടിയ ആട്ടിന്‍ പറ്റത്തെ തടുത്തുകൂട്ടി, ഒന്നും സംഭവിക്കാത്തതുപോലെ ഇടയന്‍ പോയി. അല്പനേരം ഞാന്‍ സ്തംബ്ദനായി അവിടെത്തന്നെ നിന്നു. എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നോ? അമിതവേഗത്തിലാണോ വന്നത്? എന്തായാലും ഇനിയും വളരെ സൂക്ഷിക്കണം.
രാമേശ്വരത്തിനുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു. മനസ്സിന് ആശ്വാസം കൂടിക്കൂടിയും. അപ്പോഴാണ് അത് സംഭവിച്ചത്. പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു. അല്ലങ്കില്‍ തന്നെ ടയര്‍ മാത്രമായി എന്തിന് വെറുതെ ഇരിക്കണം?
ട്യൂബില്ലാത്ത ടയറാണ്. അതിനാല്‍ വണ്ടി മെല്ലെ ഓടിച്ചുതന്നെ വര്‍ക്ക് ഷോപ്പ് വരെ പോകാം. ഭാഗ്യത്തിന് രണ്ട് കിലോമീറ്ററിനുള്ളില്‍ ടയര്‍ വര്‍ക്ക്ഷോപ്പ് കണ്ടു.
“കേരളത്തില്‍ എവിടെയാണ്?” പഞ്ചറൊട്ടിക്കുന്നതിനിടയിൽ വര്‍ക്ക്ഷോപ്പുകാരന്റെ കുശലാന്വേഷണം.
“ആലപ്പുഴ”
“ഒറ്റയ്ക്കാണോ?”
“അതെ.”
പിന്നെ അയാള്‍ ഒന്നും ചോദിച്ചില്ല. ആണി കയറിയതാണ്. പഞ്ചര്‍ ശരിയാക്കി. 100 രൂപ. അല്പം കൂടുതലല്ലേ?
“ഉങ്കളമാതിരി പെരിയ ആളുകള്‍ക്ക് ഇത് ജാസ്തിയാ സാര്‍ …”
നല്ല കാര്യം. ചിട്ടിയടക്കാന്‍ വച്ചിരിക്കുന്ന പൈസയുമായാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് ഇയ്യാളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
വീണ്ടും യാത്ര. ഇടക്ക് മഴച്ചാറ്റല്‍. നാലുമണി കഴിഞ്ഞിരിക്കുന്നു. ലക്ഷ്യത്തിലെത്താനുള്ള വെമ്പലില്‍ ഇടക്ക് വണ്ടിയുടെ വേഗത കൂടുന്നുണ്ട്. പെട്ടന്ന് മഴ ശക്തി പ്രാപിച്ചു. നില്കാന്‍ സ്ഥലമില്ല. നനയുക തന്നെ എന്ന് തീരുമാനിച്ചു മുന്നോട്ട് പോയപ്പോള്‍ വശത്തായി ഒരു ബസ് കാത്തുനില്പ് പുര കണ്ടു. കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് വണ്ടി നിര്‍ത്തി. എതിരെ വരികയായിരുന്ന പ്രായമായ ഒരു സ്ത്രീ മഴ നനയാതെ ആ ഷെഡ്ഡില്‍ കയറി നിന്നു. എന്റെ പ്രവൃത്തി കണ്ട്, മഴമനയാതെ കയറി നില്കാന്‍ അവര്‍ പറയുന്നുണ്ടായിരുന്നു. അല്പം മുന്നോട്ടെടുത്തെങ്കിലും വണ്ടി ഒടിച്ച് ഞാന്‍ ഷെഡ്ഡിലേക്കു തന്നെ കയറ്റി. തറ ഉയര്‍ത്തി പണിയാത്ത ഷെഡ്ഡായിരുന്നു അത്. ഏകദേശം 70ന് മുകളില്‍ പ്രായമുള്ള, ചുക്കിച്ചുളിഞ്ഞ ശരീരമുള്ള ഒരു മുത്തശ്ശി. നന്നായി കറുത്ത നിറം. തമിഴില്‍ പാട്ടി എന്നുവിളിക്കാവുന്ന പ്രായം.
എന്റെ വേഷവും വണ്ടിയിലെ കെട്ടും ഭാണ്ഡവും ഒക്കെ കണ്ട്, എവിടെനിന്നും വരുന്നെന്ന് ചോദിച്ചു. കേരളത്തില്‍ നിന്നെന്ന് മറുപടി പറഞ്ഞു.
“എന്റെ മകന്‍ കേരളത്തില്‍ വേലക്ക് പോയിട്ടുണ്ട്.” അവര്‍ പറഞ്ഞു.
ചിരിച്ചതല്ലാതെ ഞാന്‍ ഒന്നും പറഞ്ഞില്ല.
“എപ്പോൾ തിരിച്ചു?”
“ഇന്നലെ.”
“ഇത്രദൂരം തനിച്ച്?”
“അതെ.”
“സൂക്ഷിക്കണം. മഴ നനയണ്ട. ഇതിപ്പോ മാറും. എന്നിട്ട് പോയാ മതി.”
അവര്‍ പറയുന്ന തമിഴൊക്കെ എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. എനിക്ക് എന്റെ അമ്മൂമ്മയെ ഓര്‍മ്മ വന്നു. അവരില്‍ നിന്നും ഒരു വാത്സല്യം എന്നിലേക്ക് പ്രസരിച്ച് എത്തുന്നതായി തോന്നി.
ആ പാട്ടിയുടെ കയ്യില്‍ പേരക്കയുടെ ഒരു പൊതിയുണ്ടായിരുന്നു. അതില്‍ നിന്നും ഒരെണ്ണം എനിക്ക് തന്നു. “ശാപ്പിടയ്യാ…”
നല്ല മധുരമുള്ള പേരക്ക.
“അയ്യാവേ പാക്കാന്‍ കേരളാവിലെ വരണം. മകന്‍ കൊണ്ടുപോകും…”
ശബരിമലയ്ക്ക് പോകുന്ന കാര്യമാകും പാട്ടി ഉദ്ദേശിച്ചത്.
പെട്ടന്നു തന്നെ മഴ കുറഞ്ഞു. യാത്ര പറഞ്ഞ് പാട്ടി എതിര്‍ ദിശയില്‍ പോയി. പേരക്കയും തിന്ന് അല്പനേരം കൂടി അവിടെതന്നെ ഞാനിരുന്നു.
എന്തൊരാശ്വാസമാണ്. മനസ്സും ശരീരവും ശാന്തമായി. ധൃതി വേണ്ടെന്ന് ഞാന്‍ തന്നെ എന്നോട് പറഞ്ഞു. പിന്നീട് വണ്ടി വളരെ സൂക്ഷിച്ചും 60 കിലോമീറ്റിറില്‍ കവിയാതെയുമാണ് ഓടിച്ചത്.
നാലരയായപ്പോള്‍ മണ്ഡപം എത്തി. രാമേശ്വരത്തോട്ടുള്ള വഴിയിലെ അവസാനത്തെ വലിയ റെയില്‍വേ സ്റ്റേഷന്‍ ഇവിടെയാണ്. ഇതു കഴിഞ്ഞാല്‍ പാമ്പന്‍ പാലം. ഇന്ത്യന്‍ വന്‍കരയില്‍ നിന്നും പാമ്പന്‍ ദ്വീപിലേക്കുള്ള പാലമാണ്. റെയിൽ പാലവും റോഡുപാലവും സമാന്തരമായി ഉണ്ട്. എങ്കിലും റെയിൽ പാലമാണ് പാമ്പൻ പാലം എന്നു പ്രസിദ്ധമായത്. പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം. 1914ല്‍ പണിത ഈ റെയില്‍ പാലം ഇന്ത്യയിലെ തന്നെ ആദ്യ കടല്‍പാലമാണ്. 1964ലെ ചുഴലിക്കാറ്റ് ഈ പാലത്തിനും നാശനഷ്ടം വരുത്തിയിരുന്നു. പിന്നീട് ബലപ്പെടുത്തിയതാണ്.
പാമ്പന്‍ പാലത്തിലേക്ക് വണ്ടി കയറിടപ്പോള്‍ മനസ്സൊന്ന് ത്രസ്സിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലമായിരുന്നു. നിര്‍മ്മാണത്തിലെ കരുത്തിന്റെ പ്രതീകമായാണ് ഈ പാലത്തെ ഉയര്‍ത്തിക്കാട്ടുന്നത്. പാലത്തിന്റെ മധ്യത്തില്‍ ധാരാളം സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തി കാഴ്ചകള്‍ കാണുന്നുണ്ട്. പാലത്തില്‍ നിന്നുള്ള പാമ്പന്‍ ദ്വീപിന്റെ കാഴ്ച അതി മനോഹരമാണ്.
ഞാന്‍ പക്ഷേ വണ്ടി നിര്‍ത്തിയില്ല. ഇന്നുതന്നെ ധനുഷ്കോടി കാണണം എന്ന വാശിയായിരുന്നു. മണി അഞ്ചായിരുന്നു. പാമ്പന്‍ ദ്വീപില്‍ നിന്നും പിന്നെയും പന്ത്രണ്ട് കിലോമീറ്റര്‍ കഴിഞ്ഞേ രാമേശ്വരം പട്ടണത്തില്‍ എത്തൂ. ചെറിയ പട്ടണമാണ്. അവിടെ നിന്നാണ് ധനുഷ്കോടിയിലേക്ക് തിരിയേണ്ടത്. അവിടെ നിന്നും ധനുഷ്കോടി മുനമ്പിലേക്ക് ഏകദേശം 25 കിലോമീറ്ററുണ്ട്.
രാമേശ്വരം പട്ടണത്തില്‍ എത്തിയപ്പോഴേക്കും അഞ്ചര കഴിഞ്ഞിരുന്നു. ശക്തമായ മഴയും മഴക്കാറും. പെട്ടന്നുതന്നെ അന്തരീക്ഷം ഇരുള് നിറച്ചു. ഇന്നിനി ധനുഷ്കോടിക്കുള്ള യാത്ര ദുഷ്കരമാണെന്ന് തോന്നി. ഇന്ന് രാമേശ്വരത്ത് തങ്ങി നാളെ രാവിലെ ധനുഷ്കോടിക്ക് പോകാമെന്നുറച്ചു.
വസ്ത്രത്തിനുള്ളില്‍ വച്ചരുന്ന കടലാസ് പെട്ടി എടുത്ത് കളഞ്ഞപ്പോഴാണ് പുറത്ത് തണുപ്പ് എത്ര ശക്തമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. നീണ്ടയാത്രയില്‍ തണുപ്പില്‍ നിന്നും രക്ഷിച്ച ബയന്റ് ബോർഡിനോട് നന്ദി പറഞ്ഞു.
ഓണ്‍ലൈനായി അടുത്തുള്ള ഓരു ഹോട്ടല്‍ ബുക്ക് ചെയ്തു. രാമേശ്വരം ക്ഷേത്രത്തിനടുത്തായാണ് ഹോട്ടല്‍. കുളിച്ച് ഡ്രസ്സ് മാറി കുറച്ച് നേരം ക്ഷേത്രവും അതിനടുത്തുള്ള പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അഗ്നി തീര്‍ത്ഥവുമൊക്കെ കണ്ടു. കുറച്ച് ഫോട്ടോയും എടുത്ത്, ലഘുവായി ഭക്ഷണവും കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി.
രാത്രിതന്നെ മാപ്പ് നോക്കി രാമേശ്വരത്തുനിന്നും ധനുഷ്കോടിക്കുള്ള വഴി മനസ്സിലാക്കി. പ്രധാന ദ്വീപില്‍ നിന്നും കടലിലേക്ക് നീണ്ടുകിടക്കുന്ന വലിയൊരു മണല്‍തിട്ടയാണ് ധനുഷ്കോടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊരു പ്രധാന പട്ടണമായിരുന്നു. സ്കൂളും അമ്പലവും പള്ളിയും വ്യാപാരകേന്ദ്രങ്ങളും റെയില്‍വേ സ്റ്റേഷനും ഒക്കെയുണ്ടായിരുന്ന പ്രതാപമുള്ള ഒരു പട്ടണം. പഴയ ധനുഷ്കോടി പട്ടണത്തിന്റെ അവശേഷിപ്പുകള്‍ മാത്രമേ നിലവിലുള്ളു. അവിടം നിലവില്‍ ആവാസ യോഗ്യമല്ലാത്ത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷ്കോടി പട്ടണത്തില്‍ നിന്നും പിന്നെയും മൂന്ന് കിലോമീറ്റര്‍ മണ്‍ തിട്ട കടലിലേക്കുണ്ട്. ധനുഷ്കോടി മനമ്പ് അഥവാ അരിച്ചല്‍ മുനൈ (Arichal Munai). ഈ മുനമ്പ് വരെ റോഡ് പുതുക്കി പണിതിട്ടുണ്ടെന്ന് ഹോട്ടലില്‍ നിന്നും മനസ്സിലാക്കിയിരുന്നു.
അല്പനേരം ടി.വി. കണ്ട്, പുലര്‍ച്ചെ ഉണരാനായി കിടന്നു. രാവിലെ 5ന് എഴുന്നേറ്റ് റെഡിയായി. അഗ്നിതീര്‍ത്ഥത്തില്‍ സൂര്യോദയത്തിന്റെ ഫോട്ടോ എടുക്കണമെന്ന് നിശ്ചയിച്ചിരുന്നു. അതിനായി അവിടേക്ക് പോയി. രാമേശ്വരം ക്ഷേത്രത്തിനു് മുന്നിലുള്ള കടല്‍ തീരമാണ് അഗ്നിതീര്‍ത്ഥം. ആയിരക്കണക്കിന് തീര്‍ത്ഥാടകരരാണ് ബലിയര്‍പ്പിക്കാനായി അവിടെ എത്തുന്നത്. കൂടുതലും ഹിന്ദി മേഖലയില്‍ നിന്നുള്ളവരാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ഒന്നും ഇതിനടുത്താണ്.

മഴക്കാറുമൂലം കടലിലെ സൂര്യോദയത്തിന്റെ പടമെടുക്കല്‍ നടന്നില്ല. അഗ്നിതീര്‍ത്ഥത്തിന്റെയും ക്ഷേത്രത്തിന്റെയും കുറെ പടങ്ങളെടുത്തു. നല്ലൊരു ചുക്ക് കാപ്പി കുടിച്ച് ഹോട്ടലിലെത്തി. അത്യാവശ്യം സാധനങ്ങള്‍ മാത്രം ചെറിയൊരു സഞ്ചിയിലാക്കി ധനുഷ്കോടിക്ക് പുറപ്പെട്ടു.
രാമേശ്വരത്തുനിന്നും ധനുഷ്കോടിക്ക് പുതിയ വിശാലമായ റോഡ് പണിതിരിക്കുന്നു. അധികം ദിവസങ്ങളായിട്ടില്ല. റോഡ് വിജനമാണ്. കിലോമീറ്ററുകളോളം വിജനം. ഇടക്ക് ഒന്നുരണ്ട് ക്ഷേത്രങ്ങളുണ്ട്. രണ്ട് വശത്തും കടലാണ്. നടുവിലൂടെ കഷ്ടിച്ച് നൂറ് മീറ്റര്‍ വീതിയുള്ള മണല്‍ തിട്ട. മണല്‍ തിട്ടക്ക് നടുവിലൂടെ ഏകദേശം പതിനഞ്ചു് മീറ്റര്‍ വീതിയില്‍ ടാര്‍ റോഡും.
ഒന്നു രണ്ട് വാനുകള്‍, ചുവടു് മുഴുവന്‍ തുരുമ്പിച്ചതാണ്, തീര്‍ത്ഥാടകരായ സ്ത്രീകളെയും വഹിച്ചുകൊണ്ട് പോകുന്നുണ്ട്. അതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും ഇല്ല.
വഴിയില്‍ മൈല്‍ കുറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. ധനുഷ്കോടി 10 കീലോ മീറ്റര്‍. അകലെ ചില കുടിലുകളും മറ്റും കാണാം. രണ്ട് വശവും കടലാണ്. ഇടതുകര കുറച്ച് വീതിയുള്ളതും വലത് കര സമുദ്രത്തോട് ചേര്‍ന്നുമാണ്. അല്പസമയത്തിനുള്ളില്‍ എന്റെ ലക്ഷ്യ സ്ഥാനമായ ധനുഷ്കോടി മുനമ്പെത്തും. അവിടെനിന്നും നോക്കിയാല്‍ ശ്രീലങ്ക കാണാം. പൂര്‍വ്വ പിതാമഹന്മാര്‍ സഞ്ചരിച്ചിരുന്ന പാതയാണ്. കൊല്ലത്തുനിന്നും ഒരൊറ്റ ട്രെയിന്‍ ടിക്കറ്റിന് കൊളമ്പോ വരെ യാത്രചെയ്യാമായിരുന്നു, ഒരു കാലത്ത്.

ആഹ്ളാദം അലതല്ലുകയാണ്. നീണ്ട യാത്രക്കൊടുവില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിജയത്തിന്റെ കാല്പാടുകള്‍ ഞാനാ മണലില്‍ പതിപ്പിക്കും.
ചെറിയ ആള്‍പാര്‍പ്പുള്ള ഒരു സ്ഥലമെത്തി. പൊളിഞ്ഞ കുറെ കെട്ടിടങ്ങളും കൂറ്റന്‍ ജലസംഭരണിയുടെ അവശേഷിപ്പും കുറെ ഓലക്കുടിലുകളും. ഒരു ചെറിയ പോലീസ് ചെക്‍പോസ്റ്റ്. ദൂരം എഴുതി വച്ചിരിക്കുന്നു, ധനുഷ്കോടി 7 കിലോ മീറ്റര്‍, അരിച്ചാല്‍ മുനൈ 10 കിലോ മീറ്റര്‍. അതായത് എന്റെ ലക്ഷ്യത്തിലേക്ക് വെറും 10 കിലോ മീറ്റര്‍. ഏറിയാല്‍ 15 മിനിറ്റ്. സമയം 8 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു.
ധനുഷ്കോടി മുനമ്പില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചാലും 10 മണിയോടെ തിരിച്ചെത്തി രാമേശ്വരത്തുനിന്നും നാട്ടിലേക്ക് യാത്രതിരിക്കാം. വഴിതെറ്റാതെ പോയാല്‍ ഇന്ന് രാത്രി തന്നെ വീട്ടിലെത്താം.
ഇന്നു തന്നെ വീട്ടില്‍ എത്തിക്കോളാമെന്നത് ഒരു വാക്കാണ്. വാക്കുകൾ പാലിക്കാനുള്ളതും.
ചെക്ക് പോസ്റ്റില്‍ തമിഴ് പോലീസുകാരന്‍ തടഞ്ഞു. പാസ്സുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അയാള്‍ പറഞ്ഞത് മറ്റൊന്നാണ്.
“ഇനിയങ്ങോട്ട് വണ്ടി കടത്തി വിടില്ല.”
കൈമടക്കിനായിരിക്കുമോ? പലതും പറഞ്ഞുനോക്കി. കേരളത്തിന്‍ നിന്നും ഒറ്റക്ക് വണ്ടിയോടിച്ച് വന്നതാണെന്നൊക്കെ പറഞ്ഞു. ഒരു രക്ഷയും ഇല്ല. അയാള്‍ വ്യക്തമായി പറഞ്ഞു-
“സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ അനുമതിയുള്ള വാഹനങ്ങളും അല്ലാതെ മറ്റൊരു വാഹനവും കടത്തിവിടില്ല.”
“പിന്നെങ്ങനെ പോകും?”
“വണ്ടി പാര്‍ക്ക് ചെയ്ത് നടന്നു പോകണം. അവരൊക്കെ അങ്ങനെ നടന്നുപോകുന്നവരാണ്.”
അങ്ങകലെ ചിലയാളുകള്‍ നടന്നു പോകുന്നത് കാണാമായിരുന്നു. അവരെ ചൂണ്ടി പോലീസുകാരന്‍ പറഞ്ഞു.
10 കിലോമീറ്റര്‍ നടന്നുപോകണം.
കാലില്‍ നിന്നും ഒരു തരിപ്പുയര്‍ന്നു. 10 കിലോ മീറ്റര്‍ നടക്കണമെങ്കില്‍ മൂന്ന് മണിക്കൂറെങ്കിലും വേണം. തിരിച്ച് മൂന്ന് മണിക്കൂര്‍. ആകെ 6 മണിക്കൂര്‍ നടക്കണം. അതിന് കഴിയുമോ? ഭക്ഷണം കഴിച്ചിട്ടില്ല. ഭക്ഷണം ലഭിക്കുന്ന കടകളും ഇല്ല. മഴയുടെയും വെയിലിന്റെയും ഭീഷണിയുണ്ട്. കയറിനില്‍ക്കാന്‍ മരക്കാലുപോലും ഇല്ല. അത്രയും ദൂരം നടന്നെത്താന്‍ തന്നെ, തിരിച്ച് അറുന്നൂറോളം കിലോ മീറ്റര്‍ വണ്ടിയോടിച്ച് വീട്ടിലെത്താന്‍ കഴിയുമോ?
എന്റെ ലക്ഷ്യം എനിക്ക് അന്യമാകുകയാണോ? ഇവിടെനിന്നു തന്നെ മടങ്ങേണ്ടിവരുമോ?
ഒരു മറുപടി കൊടുക്കുക