അങ്ങനെ ഞാന്‍ ആര്യങ്കാവ് ചുരത്തില്‍ നില്‍ക്കുകയാണ്. കേരളത്തിനും തമിഴ്‍നാടിനുമിടയില്‍, ഒരു ബൈക്കില്‍. തിരികെ വീട്ടിലേക്ക് പോകണോ, അതോ ലക്ഷ്യമായ ധനുഷ്കോടിക്ക് പോകണോ? തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നില്ല.

ഞാനിപ്പോള്‍ എവിടൊണെന്ന്, ഞാനല്ലാതെ എന്നെ അറിയുന്ന മറ്റാര്‍ക്കും അറിയില്ല എന്ന കാര്യം അല്പം ഭീതിയോടെയാണ് ഓര്‍ത്തത്.
നമ്മള്‍ ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഇവിടെ ഫോണ്‍ എ ഫ്രണ്ടോ ഓഡിയന്‍സോ ഒന്നും സഹായത്തിനില്ല. തീരുമാനം നമ്മള്‍തന്നെ എടുക്കണം.
ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു. യാത്രമതിയാക്കി തിരിച്ചു പോയാലും ആരും അറിയില്ല. പിന്നീട് ഒരു തമാശയായി ആരോടെങ്കിലും പറയാം.
പക്ഷേ, ഒരു തീരുമാനം വിജയിപ്പിക്കാനാകാതെ മടങ്ങുന്നത് നമ്മളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. നമ്മള്‍ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടു. അതില്‍ വിജയിക്കണമോ വേണ്ടയോ എന്നത് നമ്മളെ മാത്രം ആശ്രയിച്ചിരിക്കുകയാണ്. ഒരു പക്ഷേ ജീവിതത്തില്‍ ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒന്ന്. നമ്മളുടെ വളരെ നാളത്തെ ആഗ്രഹം – ചെറിയ ഒരു തീരുമാനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കും. അത് നമുക്ക് എന്നും അഭിമാനിക്കാന്‍ വകനല്‍കും. ഇപ്പോഴല്ലങ്കില്‍ പിന്നൊരിക്കലും കഴിഞ്ഞെന്നു വരികില്ല.
നല്ല തണുത്ത കാറ്റ് വിശുന്നുണ്ടായിരുന്നു. സംസ്ഥാനാന്തര്‍ പാതയായിരുന്നിട്ടും വാഹനങ്ങള്‍ തീരെ കുറവ്. ഓഫീസില്‍ നിന്നും സഹപ്രവര്‍ത്തകന്‍ മനോജിന്റെ ഫോണ്‍ വന്നു. ഓഫീസ് സംബന്ധമായി ചില കാര്യങ്ങള്‍ അന്വേഷിക്കാനാണ്. വിദ്യയെ വിളിക്കാന്‍ തോന്നി.
“എന്തേ?”
“ഞാന്‍ ബൈക്കില്‍ ഒന്ന് കറങ്ങാന്‍ പോയിരിക്കുകയാണ്.”
“എപ്പോ വരും?”
“വൈകിട്ട് വിളിക്കാം.”
“ശരി.”
ഒരു സമാധാനം കിട്ടി. തണുത്ത കാറ്റ് ശരീരത്തില്‍ മാത്രമല്ല, മനസ്സിനെയും തഴുകി വീശി. എല്ലാ വലിയ യാത്രയുടെയും തുടക്കം ഒരു ചെറിയ കാല്‍വയ്പാണ്. പോവുക തന്നെ.
പക്ഷേ അതിന് മുമ്പ് യാത്ര ഒന്നുകൂടെ ആസൂത്രണം ചെയ്യണം. ഗൂഗിള്‍ മാപ്പ് തുറന്നു. ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നും തൂത്തുക്കുടിയിലേക്ക് 131 കിലോ മീറ്റര്‍ ദൂരമേയുള്ളു. മണിക്കൂറില്‍ 45 കി.മീ. വേഗതയില്‍ പോയാല്‍ പോലും 4 മണിക്കൂര്‍ കൊണ്ട് എത്താം. തൂത്തുക്കുടിയില്‍ വിശ്രമിച്ച് പുലര്‍ച്ചെ ധനുഷ്കോടിക്ക് പുറപ്പെടാം. തൂത്തുക്കുടി-ധനുഷ്കോടി 210 കിലോമീറ്റര്‍ 4-5 മണിക്കൂര്‍ കൊണ്ട് എത്താം. തൂത്തുക്കുടിയില്‍ നിന്നും നാളെ രാവിലെ 5ന് പുറപ്പെട്ടാല്‍ 10 മണിക്ക് മുമ്പായി ധനുഷ്കോടിയില്‍ എത്താം. ധനുഷ്കോടി രാമേശ്വരം ദ്വീപിന്റെ ഭാഗമാണ്. രാമേശ്വരവും കണ്ട് വൈകിട്ട് 4 മണിയോടെ തിരിച്ച് യാത്ര. രാത്രി 9 മണിയോടെ വീണ്ടും തൂത്തുക്കുടിയിലെത്തി വിശ്രമം. മറ്റന്നാൾ (അന്ന് ഞായറാഴ്ചയാകും) പുലര്‍ച്ചെ തൂത്തുക്കുയിയിൽ നിന്നും തിരിച്ചാല്‍ വൈകിട്ട് 5നു മുമ്പ് വിട്ടിലെത്താം.
നോക്കൂ, കാര്യങ്ങള്‍ എത്ര ലളിതമാണ്. സമാധാനമായി ആലോചിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ട്. ബാഗില്‍ നിന്നും സെല്‍ഫി സ്റ്റിക് എടുത്തു. ബൈക്കും, പശ്ചാത്തലത്തില്‍ ദൂരെ തമിഴ്‌നാടും കാണത്തക്കരീതിയില്‍ ഒരു സെല്‍ഫി എടുത്തു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നേരെ ചെങ്കോട്ട, അവിടെ നിന്നും ഭക്ഷണം. ചെറിയ വിശ്രമം .. അതാണ് അടുത്ത ലക്ഷ്യം.
അങ്ങനെ നാലഞ്ച് ഹെയര്‍ പിന്‍ വളവുകള്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ തമിഴ്‌നാടെത്തി. ആര്യങ്കാവ് വഴി തമിഴ്‌നാട്ടിലേക്കു കടക്കുമ്പോള്‍ വനപ്രദേശം വളരെ കുറവാണ്. ഹെയര്‍ പിന്‍ വളവുകളും കുറച്ച് മാത്രമേ ഉള്ളു.
കാഴ്ചയൊക്കെ കണ്ട് വണ്ടി അങ്ങനെ നീങ്ങുകയാണ്. മോപ്പഡ് നിറയെ സാധനങ്ങളുമായി ഒരു അണ്ണാച്ചി എന്നെ ഓവര്‍ടേക്ക് ചെയ്തു പോയി. ഞാനും വണ്ടി വേഗത കൂട്ടി. തമിഴ്‌നാടിന്റെ ചെക്പോസ്റ്റെത്തി. വാഹനങ്ങള്‍ വളരെ കുറവ്. ബൈക്കിന് ചെക്കിംഗില്ല. മുന്നോട്ട്.
ജനുവരി ആയതിനാലാകണം കഠിനമായ വെയിലില്ല. ഇടക്ക് മേഘങ്ങള്‍ സൂര്യനെ മറയ്ക്കുന്നുമുണ്ട്. തമിഴ്‌നാട് എത്തിയപ്പോള്‍ തന്നെ ആളുകളുടെ വേഷം, വീടുകള്‍, കൃഷി, തെരുവുകള്‍ എല്ലാം വ്യത്യാസപ്പെട്ടതായി കണ്ടു. എത്രപെട്ടന്നാണ് സംസ്കാരം മാറി വരുന്നത്.
ഒരു മണിയോടെ ചെങ്കോട്ട എത്തി. ടൗണ്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രധാന റോഡ് രണ്ടായി പിരിയുന്നു. സൈന്‍ ബോര്‍ഡ് തമിഴിലാണ്. വഴി സംശയമായി. ഗൂഗിള്‍ മാപ്പ് നോക്കിയിട്ടും ഒരു സംശയം. അടുത്ത് കണ്ട ഒരാളോട് തൂത്തുക്കുടിയിലേക്കുള്ള വഴി ചോദിച്ചു.
“തെങ്കാശി വഴി പോകണം.”
ഇടത്തോട്ടു് ചൂണ്ടി അദ്ദേഹം വഴി കാട്ടിത്തന്നു. വണ്ടി ഇടത്തോട്ട് തിരിഞ്ഞു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ തന്നെ പട്ടണം കഴിഞ്ഞ് ഗ്രാമപ്രദേശത്തേക്ക് പ്രവേശിച്ചു. പ്രധാന കടകളോ ഹോട്ടലുകളോ കാണുന്നില്ല. വലിയ വിശപ്പു് തോന്നിയില്ല. ശരി, തെങ്കാശിയിൽ ചെന്ന് ഭക്ഷണം കഴിച്ച് വിശ്രമിക്കാം.
ഏതാണ്ട് 10 കിലോമീറ്റര്‍ ചെന്നുകാണും. കുറെ ചെറുപ്പക്കാര്‍, ചെണ്ടയൊക്കെ കൊട്ടി പാട്ടും മുദ്രാവാക്യം വിളികളുമൊക്കെയായി പോകുന്നു. ഏതെങ്കിലും സിനിമാ നടന്മാരുടെ ഫാന്‍സ് ക്ലബ്ബുകാരാകണം. അലങ്കരിച്ച ഒരു കാളവണ്ടിയില്‍ കുറെ പേര്‍ ഒച്ചയും ബഹളവുമൊക്കെയായി പോകുന്നതും കണ്ടു. കുറേകൂടി ചെന്നപ്പോള്‍ ഒരു ചെറിയ മൈതാനത്ത് ഷാമിയാന പന്തലൊക്കെയിട്ട് ചെറുപ്പക്കാരും ചെറുപ്പക്കാരികളുമായി നൂറോളം പേര്‍ ഇരിക്കുന്നു. പോലീസൊക്കെയുണ്ട്. ഒരു സ്ത്രീ പ്രസംഗിക്കുന്നുണ്ട്.
തെങ്കാശി പട്ടണത്തിലേക്ക് ഞാന്‍ പ്രവേശിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. പ്രധാന വ്യാപാരശാലകളും ഹോട്ടലുകളും ഒക്കെ അടഞ്ഞുകിടക്കുകയാണ്.
ടൗണില്‍ എത്തിയപ്പോള്‍, ഒരു മൈതാനത്ത് വലിയ ജനക്കൂട്ടം കണ്ടു. പ്രസംഗവും മുദ്രാവാക്യവും ഒക്കെയുണ്ട്. നല്ല പങ്കു് പെണ്‍കുട്ടികളും സ്ത്രീകളുമാണ്.
ഞാന്‍ വണ്ടിയൊതുക്കി പ്രസംഗം ശ്രദ്ധിച്ചു.
“ജല്ലിക്കെട്ട് തമിഴ് മക്കളുടെ സംസ്കാരമാണ്.”
അതാണ് പ്രസംഗത്തിന്റെ കാതല്‍. പെട്ടന്നാണ് ചില വാര്‍ത്തകള്‍ ഫ്ലാഷ് ബാക്കായി മനസ്സിലേക്ക് വന്നത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം നടന്നുവരുന്ന വിവരം വായിച്ചിരുന്നു. അത് ഇത്രവലിയ രൂപത്തിലാണെന്ന് കരുതിയിരുന്നില്ല. അതിന്റെ ഭാഗമായാണ് കടകള്‍ അടഞ്ഞ് കിടക്കുന്നത്.
അപ്പോള്‍ ഉച്ചഭക്ഷണം? …കിട്ടില്ലേ?

ചെങ്കോട്ടയിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നില്ലെങ്കിലും തെങ്കാശിയില്‍ പ്രതിഷേധം ഏതാണ്ട് ബന്ദിന്റെ പ്രതീതിയിലായിരുന്നു. എവിടെയും ഹോട്ടലുകള്‍ കണ്ടില്ല. വഴിയില്‍ കൂറ്റന്‍ ഗോപുരത്തോടുകൂടിയ ക്ഷേത്രം കണ്ടു. തെങ്കാശി ക്ഷേത്രമാണ്. പോകാനോ, ചിത്രമെടുക്കാനോ മെനക്കെട്ടില്ല. എത്രയും പെട്ടന്ന് എവിടെയെങ്കിലും ഭക്ഷണം കിട്ടുന്ന സ്ഥലം കണ്ടെത്തണം. ബന്ദായതിനാലാണ് റോഡില്‍ വാഹനങ്ങള്‍ കുറവായതെന്ന് അപ്പോഴാണ് ബോധ്യമായത്.
ബന്ദ് ദിവസമാണ് ഞാന്‍ യാത്രക്ക് തെരഞ്ഞെടുത്തത്. എന്നെ സമ്മതിക്കണം. ഇതിപ്പോ നിക്കണോ, പോണോ എന്ന അവസ്ഥയിലായി ഞാന്‍.
തെങ്കാശി പട്ടണം ഇടുങ്ങിയ റോഡുകളോടുകൂടിയതാണ്. വഴിതെറ്റാതിരിക്കാന്‍ ചോദിച്ച് ചോദിച്ച് മുന്നോട്ട് പോയി. പട്ടണം അവസാനിക്കുന്നിടത്ത് ചില ചെറിയ കടകളും ഹോട്ടലുകളും തുറന്നിട്ടുണ്ട്. പക്ഷേ വൃത്തിയില്ലാത്തതിനാല്‍ അവിടെ നിന്നും ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല.
മണി 2 കഴിഞ്ഞു. വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങളും കാണുന്നില്ല. കൂറച്ചുകൂടെ പോയപ്പോള്‍ ഒരു മരത്തണലില്‍ കരിക്ക് വില്കുന്നത് കണ്ട് വണ്ടി നിര്‍ത്തി. ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിച്ചു. നടുനിവര്‍ത്തി, ചരിഞ്ഞും തിരിഞ്ഞും ചില അഭ്യാസങ്ങളൊക്കെ കാട്ടി ശരീരത്തിന്റെ മുഷിച്ചിലകറ്റി.
“കരിക്ക് എന്ത് വില?”
“ഇരുപത് രൂപ സര്‍”
കൊള്ളാം, നാട്ടില്‍ മുപ്പത് രൂപയാണ്.
“ഒരെണ്ണമെടുക്ക്.”

വെള്ളമുള്ളത് വേണോ, കഴിക്കാനുള്ളത് വേണോ എന്നയാള്‍ ചോദിച്ചു. വെള്ളം മതിയെന്ന് പറഞ്ഞു. കരിക്ക് കുടിച്ച് കഴിഞ്ഞപ്പോഴാണ്, അതിനുള്ളില്‍ കാമ്പൊന്നുമില്ലന്നും, എന്തെങ്കിലും തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ നല്ലതായിരുന്നല്ലോ എന്നും തോന്നിയത്. ഒന്നുംകൂടെ പറഞ്ഞാലോ? വേണ്ട. അടുത്ത് തന്നെ ഹോട്ടല്‍ ഏതെങ്കിലും കാണാതിരിക്കില്ല.
“ഇവിടെ എതാവത് ഹോട്ടല്‍ ഇരിക്കാ?”
“തിരുനല്‍ വേലി പോകണം സര്‍.”
നന്നായി. തിരുനല്‍ വേലിയെത്താന്‍ മൂന്നരയെങ്കിലും ആകും. അതുവരെ പട്ടിണി. സഹിക്കുക തന്നെ.
വീണ്ടും മുന്നോട്ട്. പലയിടത്തും ജല്ലിക്കെട്ട് പ്രതിഷേധങ്ങള്‍ കണ്ടു. ഒരു ആശ്വാസമുള്ളത് എല്ലാം സമാധാനപരമാണ് എന്നതാണ്. അര മണിക്കൂര്‍ കൂടി പോയപ്പോള്‍ അടുത്ത കരിക്കുകാരന്റെ അടുത്ത് നിര്‍ത്തി. ഇപ്രാവശ്യം അബദ്ധം പറ്റാന്‍ പാടില്ല. പക്ഷേ തിന്നാനുള്ളത് വേണം എന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? അറിയാവുന്ന തമിഴില്‍ ഒരു കാച്ച് കാച്ചി.
“ഒര് കരിക്ക്. തണ്ണി കമ്മി പോതും, കഴിക്കത്റ്ക്ക് ജാസ്തി.”
അയാള്‍ എന്നെ തുറിച്ച് നോക്കി. വിശന്നുവലഞ്ഞവന്റെ ദയനീയത ഭാഷക്കതീതമാണല്ലോ. ആള്‍ക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. കാമ്പുള്ള കരിക്കാണ് വെട്ടിത്തന്നത്. വെള്ളവും കുടിച്ച് കരിക്കും തിന്നുകഴിഞ്ഞപ്പോള്‍ ഉഷാറായി.
തെങ്കാശിവരെ നല്ല റോഡായിരുന്നു. എന്നാല്‍ തെങ്കാശി കഴിഞ്ഞപ്പോള്‍ മുതല്‍ റോഡ് വളരെ മോശമായി. ഇങ്ങനെയാണ് മുന്നോട്ടുള്ള യാത്രയെങ്കില്‍ നട്ടെല്ല് തകര്‍ന്നുപോകുമെന്ന് തോന്നി. അതുകൊണ്ട് യാത്ര മെല്ലെയായിരുന്നു. റോഡില്‍ തിരക്കില്ലാത്തതാണ് ആശ്വാസം.
മൂന്നരയോടെ തിരുനല്‍വേലി എത്തി. പെട്രാള്‍ പമ്പുകള്‍ തുറന്നിരിക്കുന്നുണ്ട്. അടുത്ത് കണ്ട പമ്പില്‍ കയറി. നോട്ട് നിരോധന കാലമാണ്. എന്റെ കയ്യിലാണെങ്കില്‍ 2000രൂപയുടെ നോട്ടാണ്. ഒരു ചേച്ചിയാണ് പമ്പില്‍. 2000 രൂപാ കാണിച്ച് ചോദിച്ചു-
“ചില്ലറ ഇരിക്കാ?”
അങ്ങനെതന്നെയാണോ ചോദിക്കുന്നത് എന്നറിയില്ല. എന്തായാലും ചേച്ചിക്ക് കാര്യം മനസ്സിലായി.
“എത്ര ?”
“300 രൂപയ്ക്ക്”
അങ്ങനെ അക്കാര്യത്തിലും തീരുമാനമായി. പോട്രോളടിച്ച്, ബാക്കി 17 നൂറ് രൂപാ നോട്ടുകള്‍ എണ്ണിത്തന്നു. നാട്ടിലൊക്കെ വലിയ ചില്ലറക്ഷാമമാണ്. ചില്ലറയുടെ കാര്യത്തില്‍ ഞാനൊരു പണക്കാരനായി.
തിരുനെല്‍വേലി വലിയ നഗരമാണ്. പ്രധാന കടകളൊക്കെ അടഞ്ഞുതന്നെയാണ്. ഇടക്കിടക്ക് ചെറിയ ചില പെട്ടിക്കടകള്‍ തുറന്നിരുപ്പുണ്ട്. അധികം കുഴപ്പമില്ലന്നു തോന്നിയ ഒരു ഹോട്ടല്‍ തുറന്നിരിക്കുന്നത് കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടിയൊതുക്കി കയറിയിരുന്നു.
ഊണല്ല, വിവിധതരം സാദങ്ങളാണ്. എനിക്ക് പരിചയമില്ലാത്തതിനാല്‍ പരീക്ഷിക്കാന്‍ നിന്നില്ല. ചിക്കന്‍ ബിരിയാണിയുണ്ടെന്ന് പറഞ്ഞു. അതുതന്നെ ഓഡര്‍ ചെയ്തു. നമ്മുടെ ബിരായാണി പോലെയല്ല. ചോറില്‍ മുളകും മഞ്ഞ നിറവും ധാരാളം ചേര്‍ത്തിരിക്കുന്നു. നല്ല എരിവുണ്ട്. ഒരു ചിക്കന്റെ കഷ്ണവും ഉണ്ട്. എന്നാലും തരക്കേടില്ല. 80 രൂപ. ഹോട്ടല്‍ അധികം വൃത്തിയുള്ളതല്ല. നാട്ടിലെ പൊറോട്ടയും അവിടെയുണ്ട്. പണം കൊടുത്ത് ഇറങ്ങി. എവിടെ വിശ്രമിക്കും. പട്ടണം കഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളെത്തും. ഏതെങ്കിലും മരത്തണലില്‍ വിശ്രമിക്കാം.
കുറച്ചുകൂടി മുന്നോട്ട് പോയപ്പോഴാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളെത്തിയത്. വലിയ റോഡുകള്‍. ഇടക്ക് നല്ല ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ തുറന്നിരിക്കുന്നത് കണ്ടു. എന്തായാലും കഴിച്ചുപോയല്ലോ.
പട്ടണത്തില്‍ നിന്നും തൂത്തുക്കുടിയിലേക്കുള്ള ദേശീയ പാതയില്‍ പ്രവേശിച്ചു. വലിയ 6 വരി ഹൈവേയാണ്. നല്ല റോഡ്. വാഹനങ്ങള്‍ തീരെ കുറവ്. ഒരു 80 കീലോമീറ്റര്‍ വേഗതയില്‍ പോയാലും അപകടമില്ല. എങ്കിലും 60-65 കി. മീ. വേഗതയില്‍ വണ്ടിയോടി.
അടുത്ത പ്രശ്നം എന്താന്നുവച്ചാല്‍ വഴിയിലെങ്ങും വിശ്രമിക്കാന്‍ സൗകര്യമില്ല. അറ്റം കാണാന്‍ കഴിയാത്തപോലെ, വളവും തിരുവുമില്ലാതെ നീണ്ടുകിടക്കുകയാണ് ഹൈവേ. ഉറങ്ങിപ്പോകരുതെന്ന് മാത്രം. ഉറങ്ങാതിരിക്കാന്‍ ഞാന്‍ എന്നോട് തന്നെ വര്‍ത്തമാനം പറഞ്ഞു. സത്യത്തില്‍ ഇത്രയും ഏകാന്തത ലഭിച്ചിട്ട് എത്രയോ വര്‍ഷങ്ങളായിരിക്കണം. നമ്മള്‍ നമ്മളോട് തന്നെ വര്‍ത്തമാനം പറയുക എന്നത് രസകരമായ ഏര്‍പ്പാടാണ്. നാം തന്നെ മനസ്സില്‍ മൂടിവച്ച നൂറ് നൂറ് കാര്യങ്ങള്‍ നമ്മളോട് തന്നെ പറയുക….
വിശ്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. എന്തായാലും തൂത്തുക്കുടി എത്തി റൂമെടുത്ത് വിശ്രമിക്കാം. അങ്ങകലെ കൂറ്റന്‍ മലനിരകള്‍ കാണപ്പെട്ടു. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാകാം. റോഡ് മലയരുകിലേക്ക് എത്തിക്കൊണ്ടിരുന്നു. മലയുടെ അടുത്തെത്തിയപ്പോള്‍ അത് വളഞ്ഞ് മലയെ ചുറ്റി മുന്നോട്ട് പോയി. ചായ കുടിക്കാന്‍ ആഗ്രഹമുണ്ടായി. എന്നാല്‍ എവിടെയും നിര്‍ത്താന്‍ തോന്നിയില്ല. പോകുന്നത്രയും പോകട്ടെ. സീറ്റില്‍ വളരെ നേരം അമര്‍ന്നിരുന്ന് ചന്തി വേദനിക്കാന്‍ തുടങ്ങി. അല്പം തിരിഞ്ഞും പിരിഞ്ഞുമൊക്കെ ഇരുന്ന് ഒരു വിധം അഡ്ജസ്റ്റ് ചെയ്തു.

വണ്ടി നിര്‍ത്താതെ മുന്നോട്ട് പോയി. നാലരയായപ്പോള്‍ തൂത്തുക്കുടി എത്താറായെന്ന് മനസ്സിലായി. കുറച്ചുകൂടെ പോയപ്പോള്‍ റോഡിന് കുറുകെ വലിയൊരു ഫ്ലൈ-ഓവര്‍. മറ്റൊരു ദേശീയപാതയാണ്. സൈന്‍ ബോര്‍ഡ് വായിച്ചു. ഇടത്തോട്ട് പോയാല്‍ ചെന്നൈ, രാമേശ്വരം വലത്തോട്ടുപോയാല്‍ തൂത്തുക്കുടി പോര്‍ട്ട്, നേരേ പോയാല്‍ തൂത്തുക്കുടി പട്ടണം. അങ്ങനെ തൂത്തുക്കുടി എത്തി. ഇവിടെ നിന്നാണ് രാമേശ്വരത്തിന് തിരിഞ്ഞ് പോകേണ്ടത്.
നേരെ ആറ് കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയപ്പോള്‍ നഗര മധ്യത്തില്‍ എത്തി. ഒരു വലിയ സ്കൂള്‍ മൈതാനത്ത് ജല്ലിക്കെട്ട് പ്രതിഷേധം നടക്കുന്നു. വലിയ ആള്‍ക്കൂട്ടം. ധാരാളം പോലീസുകാര്‍. പക്ഷേ കടകളൊക്കെ തുറന്നുതന്നെയാണ്.
ഇനി വേണ്ടത് തങ്ങാനൊരിടമാണ്. ഓണ്‍ലൈനില്‍ തപ്പിനോക്കി. നില്‍ക്കുന്നതിനടുത്ത് മിതമായ നിരക്കില്‍, എന്നാല്‍ സൗകര്യങ്ങളുള്ള ഹോട്ടലുണ്ട്. ഹോട്ടല്‍ വിശാഖ. ഓണ്‍ലൈന്‍ പണമടച്ചു് ബുക്ക്ചെയ്തു. ചെറിയ ഒരു കടയില്‍ നിന്നും ചായകുടിച്ചു.
ഹോട്ടല്‍ കണ്ടെത്തി ചെക്കിന്‍ ചെയ്തു. വൃത്തിയുള്ള ഹോട്ടല്‍. ഒന്നാം നിലയിലാണ് മുറി. ഊമയായ ഒരു പരിചാരകനാണ് മുറി കാണിച്ചുതന്നത്. 30വയസ്സുണ്ടാകും. ആംഗ്യഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുടിവെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഉടന്‍ തന്നെ മിനറല്‍ വെള്ളത്തിന്റെ ഒരു കുപ്പിയുമായി ആള്‍ ഹാജരായി. ആള്‍ തന്നെ ടി.വി. ഓണ്‍ ചെയ്തു. റിമോട്ടെടുത്ത് ചാനല്‍ മാറ്റുന്നതൊക്കെ പഠിപ്പിക്കാന്‍ തുടങ്ങി. പോകുന്ന ലക്ഷണമില്ല. വെള്ളത്തിന്റെ പണത്തിനാണോ നില്‍ക്കുന്നത്, ടിപ്പിനാണോ? 50 രൂപ കൊടുത്തു. വാങ്ങി സലാം പറഞ്ഞ് ആള്‍ പോയി.
അല്പനേരം ടിവി ചാനല്‍ മാറ്റി മാറ്റി നോക്കി. മലയാളം കിട്ടുന്നില്ല. തമിഴ്, ഹിന്ദിയൊക്കെയുണ്ട്. തമിഴ് ചാനലുകള്‍ നിറയെ ജെല്ലിക്കെട്ട് സമര വാര്‍ത്തകള്‍ മാത്രം. കുളിച്ച് ഡ്രസ്സ് മാറി. ഉഷാറായി. ഒന്ന് പുറത്തൊക്കെ കറങ്ങി വരാം. അങ്ങനെ നടക്കാനിറങ്ങി. അടുത്ത് തന്നെ ഒരു മാളുണ്ടായിരുന്നു. അതൊക്കെ കണ്ട്, തെരുവിലൂടെ ഒരു മണിക്കൂറോളം നടന്നു. കപ്പടാ മീശയും തടിച്ച ശരീരവും വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ധാരാളം ആളുകള്‍. ജോലി കഴിഞ്ഞ് മടങ്ങുന്ന ധാരാളം സ്ത്രീകള്‍. പൂക്കളുടേയും പഴങ്ങളുടേയും തെരുവ് കച്ചവടം. ചെറിയ മദ്യക്കടകള്‍. പലയിടത്തും ആളുകള്‍ കൂട്ടംകൂടി വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുന്നു. വണ്ടിയോടിച്ചതിന്റെ ചടപ്പൊക്കെ മാറി. കുറച്ച് പഴങ്ങള്‍ വാങ്ങി ഹോട്ടലിനടുത്തെത്തി. സന്ധ്യ കഴിഞ്ഞിരിക്കുന്നു.
ഹോട്ടലിനടുത്ത് തന്നെ നല്ലൊരു വെജിറ്റേറിയന്‍ റെസ്റ്റൊറന്റുണ്ട്. അവിടെനിന്നും രാത്രിഭക്ഷണം കഴിച്ച് റൂമിലേക്ക് പോകാം. വിചാരിച്ചതിലും വലിയ റെസ്റ്റോറന്റാണ്. പലതരം വെജിറ്റേരിയന്‍ വിഭവങ്ങളുണ്ട്. പലതിന്റെയും പേരറിയില്ല. എന്തായാലും യാത്രയുടെ ക്ഷീണം ഭക്ഷണത്തില്‍ തീര്‍ക്കണം. തലപ്പാവൊക്കെ വച്ച് കോട്ടും സൂട്ടുമൊക്കെയിട്ട പരിചാരകരാണ്. തടിച്ച ഓരാള്‍ വന്നു.
“കഴിക്കാനെന്തുണ്ട്?”
നാളികേരം കയറ്റിവന്ന വണ്ടിയുടെ കെട്ടഴിഞ്ഞതുമാതിരി ചറപറ ചറപറാന്ന് ഏതാണ്ട് നൂറോളം വിഭവങ്ങളുടെ പേര് അയാള്‍ ഒരു മിനിറ്റിനുള്ളില്‍ പറഞ്ഞുകഴിഞ്ഞു. ഒരു സമാധാനമുള്ളത് എല്ലാം തമിഴ് പേരായതിനാല്‍ ഒന്നും മനസ്സിലായില്ല എന്നതാണ്.
“മെനുകാര്‍ഡ് ഇറ്ക്കാ?” എന്റെ വായില്‍ എന്താ തമിഴ് വരില്ലേ? ഹല്ല പിന്നെ.
ടിയാന്‍ അപ്പുറത്തെ ടേബിളില്‍ നിന്നും മെനുകാര്‍ഡെടുത്ത് നീട്ടി. കാര്‍ഡ് എന്നെ നോക്കി കൊഞ്ഞണം കാണിക്കുന്നതുപോലെ തോന്നി. തമിഴ് മാത്രം. വില മാത്രം മനസ്സിലാകുന്നുണ്ട്. എന്ത് വാങ്ങും. ചുറ്റും തടിമാടന്മാരും തടിച്ചികളും മെലിഞ്ഞവരുമായി സകലമാന ആളുകളും ആശങ്കയൊന്നുമില്ലാതെ വെട്ടിവിഴുങ്ങുകയാണ്. വെജിറ്റബിള്‍ ബിരിയാണി പോലെ ഒരു വിഭവം അടുത്ത മേശയിലിരിക്കുന്നവന്‍ കഴിക്കുന്നുണ്ട്. അത് പറഞ്ഞാലോ?
അന്ത പ്ലേറ്റിലേ ഇരിക്കിറ സാധനം എനക്കും വേണം – എന്ന് പറഞ്ഞാലോ?
മനസ്സുവന്നില്ല. പിന്നെ ഒന്നും വിചാരിച്ചില്ല, രണ്ടുംകല്പിച്ച് ചോദിച്ചു:
“ഇഡ്ഢലി ഇറ്ക്കാ?”
“ആമ സാര്‍”
“കൊണ്ട് വാ.”
കുറ്റം പറയരുതല്ലോ. നല്ല പൂ പോലുള്ള ഇഡ്ഢലി. സാമ്പാറും ചമ്മന്തിയും.
ആഹാരം കഴിച്ച് റൂമിലെത്തി. നേരത്തെ കിടക്കണം. പുലര്‍ച്ചെ യാത്ര തുടങ്ങണം. ഇനി കേവലം 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ എന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാം എന്ന ചിന്ത മനസ്സില്‍ കുളിര് കോരിയിട്ടു.
കിടക്കുന്നതിന് മുമ്പ് വീട്ടില്‍ വിളിക്കാം.
നോക്കുമ്പോള്‍ വിദ്യയുടെ 4 മിസ്സ് കോള്‍. എപ്പോഴോ ഫോണ്‍ സൈലന്റിലായിപ്പോയി.
വിദ്യയെ വിളിച്ചു.
“എവിടെയാ? എപ്പോ എത്തും?”
“എടീ, ഞാന്‍ ഇപ്പോ തൂത്തുക്കുടിയിലാ.”
“തൂത്തുക്കുടിയോ അതെവിടെയാ? അവിടെ എന്തിന് പോയി?”
ഞാന്‍ ധനുഷ്കോടിക്കുള്ള യാത്രയിലാണെന്നും, ഇന്ത്യുടെ കിഴക്കേ തീരത്തു് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വിശ്രമിക്കുകയാണെന്നും പറഞ്ഞ് മനസ്സിലാക്കി. എന്തായാലും വിചാരിച്ച പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല.
“എന്നാലും നിങ്ങക്കൊന്നു് പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ?” എന്നുമാത്രം.
“സാരമില്ലടിയേ. ഞാന്‍ മറ്റന്നാള്‍ സന്ധ്യക്ക് മുമ്പ് തിരിച്ചെത്തും.”
അങ്ങേ തലയ്ക്കല്‍ നിന്നും മറുപടി ഉണ്ടായില്ല.
“ശരി.” എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ആശ്വാസം തോന്നി. ടി.വി. ഓണ്‍ ചെയ്തു. ഒരു ഹിന്ദി സിനിമ, കേരളമാണ് കാണിക്കുന്നത്. കൗതുകം തോന്നി. നായകനെ കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ല. നായകന്‍ കളരി പഠിക്കാന്‍ കേരളത്തില്‍ എത്തുന്നതും, പ്രേമിക്കുന്നതും അതെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് കഥ. എന്തായാലും കണ്ടിരുന്ന് ഉറക്കം വന്നു. ടി.വി. ഓഫ് ചെയ്ത്, രാവിലെ 4 മണിക്ക് അലാറം വച്ച് ഉറങ്ങാന്‍ കിടന്നു.
അടുത്ത പ്രഭാതത്തില്‍ എന്നെ കാത്തിരുന്നത് എത്രമാത്രം ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു എന്നറിയാതെ, യാത്രാ ക്ഷീണത്തില്‍ ഗാഢമായ നിദ്രയിലേക്ക് ഞാന്‍ വഴുതിവീണു.
ഒരു മറുപടി കൊടുക്കുക