ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്ന കാര്യമാണ് പറയാന്‍ പോകുന്നത്- ഈ മുന്നറിയിപ്പോടെ: ഈ യാത്ര ഒരു നട്ടപ്രാന്തും ഇതേരീതിയില്‍ ആരും അനുകരിക്കാന്‍ പാടില്ലാത്തതുമാണ്. എന്നിരിക്കിലും ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് നിങ്ങള്‍ക്ക് നല്ലൊരു ബൈക്ക് സവാരി ധനുഷ്കോടിയിലേക്ക് പ്ലാന്‍ ചെയ്യാവുന്നതേ ഉള്ളു.

ദൂരങ്ങളിലേക്ക് യാത്രചെയ്യാനുള്ള ആഗ്രഹം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. മൂന്നാം ക്ലാസ്സില്‍ വച്ച് അലക്സാണ്ടര്‍ സാര്‍ മെഗല്ലന്റെ കപ്പല്‍യാത്രയുടെ കഥ പറഞ്ഞപ്പോള്‍ തുടങ്ങിയതായിരിക്കാം, അല്ലങ്കില്‍ ഈ നീണ്ടുപരന്നുകിടക്കുന്ന ഭൂമി മോഹിപ്പിക്കുന്നതാകാം. ഒരു ഇരുചക്രവാഹനത്തില്‍ ഭൂമി മുഴുവന്‍ യാത്രചെയ്ത് തിരിച്ചെത്തുക എന്ന നൈസായ ഒരു ആഗ്രഹം ആരോടും പറയാതെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
ഇത് നടന്നത് 2017-ൽ ആണ്. മൂന്നു-നാലു വര്‍ഷങ്ങളായി തുടർന്ന കഠിനമായ പുറംവേദനയും, ആസ്ത്മ, ശ്വാസംമുട്ട് തുടങ്ങിയ അസുഖങ്ങളും യാത്രകളെ പിന്നോട്ടടിച്ചിരുന്നു. ആ വര്‍ഷം ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കുറച്ച് ശമനമുണ്ടായി. ജനുവരിയുടെ തുടക്കത്തിലാണ് യാത്ര പുനരാരംഭിക്കുന്നതിനെ പറ്റിയുള്ള കലശ്ശലായ ചിന്ത വന്നുകൂടിയത്. അപ്പോ, ഇവ വീണ്ടും വരുന്നതിനു മുമ്പായി യാത്രപോകുന്നതല്ലേ നല്ലത്. ശുഭസ്യ ശീഘ്രം — ന്നാണല്ലോ. അങ്ങനെ തന്നെ. അക്കാര്യം തീരുമാനമായി.
വിദ്യയോട് (ഭാര്യ) സൂചിപ്പിച്ചു. “ഞാന്‍ ഉടന്‍ തന്നെ ഒരു ബൈക്ക് യാത്ര പോകുന്നുണ്ട്.”
“നിങ്ങള്‍ക്കൊക്കെ എന്തു വേണേ ആകാല്ലോ. നടുവേദന, ശ്വാസംമുട്ട് എന്നൊക്കെ പറഞ്ഞ് ഇവിടെ കണ്ടുപോകരുത്.”
“സന്തോഷം.”
മൂന്നാര്‍, ഗവി തുടങ്ങിയ പരമ്പരാഗത സ്ഥലങ്ങളാണ് മനസ്സില്‍ വന്നത്. ഗൂഗിള്‍ മാപ്പ് നോക്കിയിരുന്നപ്പോഴാണ് ശ്രീലങ്കയിലേക്ക് നീണ്ടു നില്‍ക്കുന്ന ആ മുനമ്പ് ശ്രദ്ധയില്‍ പെട്ടത് – ധനുഷ്കോടി. 504 കി.മീ., 11 മണിക്കൂര്‍ എന്നൊക്കെ മാപ്പ് പറഞ്ഞുതന്നു. അങ്ങോട്ട് പോയാലോ. ആരെ കൂട്ടണം? വണ്ടി ഏത് സംഘടിപ്പിക്കും. അത്രയും ദൂരം യാത്രചെയ്യാന്‍ പറ്റുമോ? ചിന്തിച്ചാല്‍ ഒരു അന്തവുമില്ല. അതുകൊണ്ട് ഉടന്‍ പോകണം. ആളുകളോടൊക്കെ ആലോചിച്ചു വരുമ്പോഴേക്കും മനസ്സുമാറും.
അതങ്ങ് തീരുമാനമായി. ജനുവരി 20 വെള്ളി യാത്രതിരിക്കുക, 22 ഞായര്‍ തിരിച്ചെത്തുക. വണ്ടി? വലിയ യാത്രയ്ക്കൊക്കെ ബുള്ളറ്റാണ് ഒരു ആചാരം. സ്വന്തമായി ബുള്ളറ്റില്ല. ആരോടെങ്കിലും കടം വാങ്ങാം. പക്ഷേ സംഭവം നടക്കണമെന്നില്ല. അതോടെ യാത്രയും മുടങ്ങും. ഒടുവില്‍ കയ്യിലുള്ള ഹോണ്ട ട്വിസ്റ്റര്‍ ബൈക്കില്‍ പോകാന്‍ തീരുമാനിച്ചു. വണ്ടി സര്‍വ്വീസ് ചെയ്യിച്ചു. പഴയ ബാറ്ററി മാറ്റിവച്ചു.
കുമിളി-തേനി-മഥുര വഴിയും പോകാം, ആര്യങ്കാവ്-തിരുനല്‍വേലി-തൂത്തുക്കുടി വഴിയും പോകാം. വെള്ളിയാഴ്ച കൊല്ലത്ത് ഒരു ബന്ധുവിന്റെ കല്യാണമുണ്ട്. (സ്വന്തം വീട് കൊല്ലം മണ്‍റോത്തുരുത്താണ്. അമ്മയും സഹോദരിയും അവിടെയുണ്ട്.) വ്യാഴ്യാഴ്ച രാത്രിയിലെ കല്യാണ സല്ക്കാരം കൂടിയിട്ട് വെള്ളിയാഴ്ച രാവിലെ അവിടെനിന്നും ആര്യങ്കാവ് വഴി യാത്ര തുടരാം.
ജനുവരി 19 വ്യാഴം.
മൂന്നു ദിവസം ലീവ് പറഞ്ഞ് വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടിലെത്തി. സന്ധ്യയോടെ ആവശ്യസാധനങ്ങള്‍ ബാഗില്‍ നിറച്ചു. ക്യാമറ എടുത്തു. വിദ്യ വീട്ടിലില്ലായിരുന്നു. പറയാന്‍ നിന്നില്ല. പറഞ്ഞാല്‍, പിന്തിരിപ്പിച്ചാല്‍, യാത്രമുടങ്ങിയാലോ? കൊല്ലത്ത് ചെന്നിട്ട് പറയാം.
അങ്ങനെ ആലപ്പുഴയില്‍ നിന്നും കരുനാഗപ്പള്ളി, ഭരണിക്കാവ് വഴി മണ്‍റോതുരുത്തിന് വണ്ടിവിട്ടു. ഏകദേശം 90 കി.മീ. വേണം മൺറോത്തുരുത്ത് എത്താൻ. കായംകുളം കഴിഞ്ഞപ്പോള്‍ 300രൂപയ്ക്ക് പെട്രോളടിച്ചു. വണ്ടി ഏതാണ്ട് ഫുള്‍ ടാങ്ക്. ഓച്ചിറയായപ്പോള്‍ വിദ്യയുടെ ഫോണ്‍ വന്നു.
“എവിടെ പോയി?”
“കൊല്ലത്ത് കല്യാണത്തിന് പോകുന്നു.”
“ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടേ?”
“ഇറങ്ങാന്‍ നേരത്ത് കണ്ടില്ല. ചെന്നിട്ട് വിളിക്കാമെന്ന് കരുതി.”
“ശരി, ചെന്നിട്ട് വിളിക്കണേ.”
സത്യം പറയണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഇത്രയും ദൂരം ഒറ്റക്ക് പോകണോ, പോകാന്‍ കഴിയുമോ? മനസ്സില്‍ വടംവലി തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്ങാനും ഇടക്കുവച്ച് മനസ്സുമാറി തിരിച്ചു പോരേണ്ടി വന്നാല്‍, നാണക്കേടാണല്ലോ. അപ്പോ ഒരു തീരുമാനമായിട്ടു പറയാം.
ഒമ്പതുമണിയോടെ മണ്‍റോതുരുത്തില്‍ എത്തി. കല്യാണത്തിന് പോകാന്‍ തോന്നിയില്ല. അമ്മ പോയാല്‍ മതിയെന്ന് പറഞ്ഞു. ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു. നാളെ നീണ്ടൊരു യാത്ര പോവുകയാണ്. പോകാന്‍ കഴിയുമോ? പോകണോ? അപകടങ്ങള്‍? അസുഖം വന്നാല്‍? വേണ്ടെന്നുവച്ചാലോ? തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്തായാലും നേരം വെളുക്കട്ടെ.
ജനുവരി 20 വെള്ളി.
രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേറ്റില്ല. ഏഴരവരെ അങ്ങനെ അലസമായി കിടന്നു. എന്തുചെയ്യണം?
മനസ്സ് മൂന്നായി പിരിഞ്ഞ് സംവാദത്തില്‍ മുഴുകി. ഒരു ഭാഗം ദുര്‍വാശിക്കാരനെ പോലെ യാത്രയ്ക്ക് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. യാത്രകഴിയുമ്പോല്‍ ലഭിക്കുന്ന സംതൃപ്തി, സുഹൃത്തുകളുടെയും മറ്റും അസൂയ കലര്‍ന്ന പ്രതികരണങ്ങള്‍… അങ്ങനെയുള്ള പ്രലോഭനങ്ങള്‍. മനസ്സിന്റെ ആ ഭാഗത്തെ ദുര എന്നുവിളിക്കാം. മനസ്സിന്റെ മറ്റൊരു ഭാഗം വൈരാഗിയുടേതാണ്. ഒന്നിനും സമ്മതിക്കില്ല. ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? നിന്റെ കയ്യില്‍ നല്ലൊരു ബൈക്കെങ്കിലും ഉണ്ടോ? വഴിക്ക് വച്ച് അസുഖം വന്നാല്‍? നീണ്ട യാത്രയില്‍ അപകടം ഉണ്ടായാല്‍? കൂടെ ഒരാളെങ്കിലും ഉണ്ടോ? എന്ത് വീണ്ടുവിചാരമില്ലാത്ത യാത്രയ്ക്കാണ് നീ പുറപ്പെടുന്നത്? തിരിച്ചുപോകൂ ….. മനസ്സിന്റെ ഈ രണ്ടു് വിരുദ്ധ ഭാഗങ്ങളും തര്‍ക്കത്തില്‍ മുഴുകിയപ്പോല്‍ മൂന്നാമത്തെ ഭാഗം – സമവായക്കാരന്‍ – ഒരു ഉപായം മുന്നോട്ടുവച്ചു. സാരമില്ല. എന്തായാലും പുറപ്പെട്ടതല്ലേ. തെന്മല വരെ പോയി നോക്കാം. ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അവിടെ ഇക്കോ ടൂറിസമൊക്കെ കണ്ട് തിരിച്ചു പോരാം. കുഴപ്പമില്ലങ്കില്‍ യാത്ര തുടരാം. വലിയ വേഗത വേണ്ട. ആര്യങ്കാവ് കഴിഞ്ഞ് പിന്നെയും യാത്രാ ക്ഷീണം തോന്നുകയാണെങ്കില്‍ തിരച്ചുപോരാം. അല്ലങ്കില്‍ യാത്ര തുടരാം. ഒറ്റയടിക്ക് യാത്ര തുടരേണ്ട. വൈകിട്ട് തൂത്തുക്കുടുയില്‍ തങ്ങി, സ്ഥിതിഗതികള്‍ നല്ലതാണെങ്കിൽ പുലര്‍ച്ചെ ധനുഷ്കോടിക്ക് പോകാം. അത്യാവശ്യ മരുന്നുകള്‍ കയ്യില്‍ കരുതിയിട്ടുണ്ടല്ലോ.
എന്നാൽ അങ്ങനെതന്നെ. സമാധാനമായി.
കുളിച്ച് റെഡിയായി. പുറപ്പെടുന്നതിന് മുമ്പ് വണ്ടിയുടെ കടലാസുകള്‍ എല്ലാമുണ്ടോ എന്ന് പരിശോധിച്ചു. ആര്‍.സി. ബുക്ക്, ഇന്‍ഷ്വറന്‍സ് ശരിയാണ്. പക്ഷേ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. നമ്മളെ പിന്തിരിപ്പിക്കാന്‍ ആരോ ശ്രമിച്ചപോലെ. അമ്പട, തോല്കാനിപ്പോൾ മനസ്സില്ല. വഴിയില്‍ എവിടെ നിന്നെങ്കിലും പുക പരിശോധിപ്പിക്കാം. ആകെ കൂടെ ഒരു ഉത്സാഹം തോന്നി.
ഷൂവും ജാക്കറ്റും ധരിച്ചു. വീടിന്റെ മുന്നുില്‍ നിന്നും ഒരു സെല്‍ഫിയെടുത്തു. സമയം 9 മണി. അപ്പോൾ യാത്ര മുന്നോട്ട്. ചിറ്റുമല, മുളവന, ചീരങ്കാവ് വഴി കൊട്ടാരക്കര എത്താറായപ്പോള്‍ വഴിയില്‍ പുക പരിശോധന കേന്ദ്രം കണ്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങി യാത്ര തുടര്‍ന്നു. 50 കി.മീ. ശരാശരി വേഗതയില്‍ വണ്ടിയോടിച്ചു. 10.30-ഓടെ പുനലൂരെത്തി. തൂക്കുപാലത്തിന്റെ ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചെങ്കിലും സമയം കളയണ്ടാ എന്നു തീരുമാനിച്ച് യാത്ര തുടര്‍ന്നു. പുനലൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ യാത്രക്ക് ഒരു സുഖം തോന്നിത്തുടങ്ങി. വളഞ്ഞും തിരിഞ്ഞം കയറ്റം കയറിയാത്ര. മനോഹരമായ കാഴ്ചകള്‍. ചൂട് ഇല്ലാത്ത വെയില്‍. അങ്ങനെ രസം പിടിച്ച യാത്ര. പുനലൂര്‍ ചെങ്കോട്ട പുതിയ റെയില്‍വേ പാതയുടെ പണികള്‍ നടന്നുവരുന്നു. വഴിക്കിരുപുറവും മനോഹരമായ മലകള്‍. ഉയരം കൂടിവരുന്നു. അങ്ങനെ അങ്ങനെ 11-ഓടെ തെന്മലയെത്തി. കുഴപ്പമില്ല. യാത്ര തുടരാം. തുടര്‍ന്നു. അധികം ചൂടില്ലാത്തതിനാല്‍ യാത്രക്ഷീണം തീരെ അനുഭവപ്പെടുന്നില്ല. എന്തായാലും ആര്യങ്കാവ് ചുരം വരെ പോകാം. അവിടെ നിന്നും ആലോചിച്ചിട്ട് ബാക്കിയാത്രയെ പറ്റി തീരുമാനിക്കാം. തുടരാനാണെങ്കില്‍ തന്നെ അവിടെ അല്പം വിശ്രമിച്ചിട്ടാകാം യാത്ര.
കുറച്ചുകൂടെ പോയപ്പോള്‍ പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെത്തി. പാലരുവിയില്‍ ഒരു കുളിയൊക്കെ പാസ്സാക്കി തിരിച്ചുപോയാലോ? മനസ്സ് ഇടക്കിടെ കൈവിട്ട് പോകാതിരിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ടായിരുന്നു. മുന്നോട്ടുതന്നെ യാത്ര തുടര്‍ന്നു. ആര്യങ്കാവെത്തി, ഫോറസ്റ്റ് ചെക്പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട്. കുറച്ച് ഹെയര്‍പിന്‍ വളവുകളിറങ്ങി താഴേക്ക് ചെന്നാല്‍ തമിഴ്‌നാടായി.
ചുരമിറങ്ങുന്നതിനു മുമ്പായി ഒരു ചെറിയ ഹോട്ടല്‍ കണ്ടു. ചെറിയ ക്ഷീണം ഉണ്ട്. ഭക്ഷണം കഴിച്ചാലോ? വേണ്ട, വിശപ്പായില്ല. ഒരു നാരങ്ങാവെള്ളം കുടിക്കാം. പ്രായമുള്ള ഒരമ്മയാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സോഡാ നാരങ്ങയും ഉപ്പിലിട്ട പൈനാപ്പിളും കഴിച്ചു. തമിഴാനാട്ടില്‍ നിന്നും ചുരം കയറിവന്ന ഒരു കെ.എസ്. ആര്‍.ടി.സി. ബസ് ഹോട്ടലിനടുത്ത് നിര്‍ത്തി. കണ്ടക്ടര്‍ ഇറങ്ങിവന്ന് രണ്ട് കുപ്പികളില്‍ വെള്ളം നിറച്ചു പോയി. എന്തായായലും അവിടെ അധികം നില്‍ക്കാന്‍ തോന്നിയില്ല. അല്പം കൂടി മുന്നോട്ട് പോയപ്പോൾ മുകളില്‍ നിന്നും താഴേക്കുള്ള മനോഹരമായ കാഴ്ച കാണാറായി. അങ്ങകലെ തമിഴ്നാട് കയ്യാട്ടി വിളിക്കുന്നപോലെ.

ആദ്യ ഹെയര്‍പിന്‍ വളവ് കഴിയുമ്പോള്‍ തന്നെ, താഴെ മനോഹരമായ തമിഴ് ഗ്രാമങ്ങള്‍ കാണാനാകും. അതിനുമപ്പുറം, അങ്ങകലെ ഏതോ പട്ടണം. ചെങ്കോട്ടയാണോ, അറിയില്ല. ഒരു വശത്ത് വനവും മറുവശത്ത് വലിയ താഴ്ചയും. വണ്ടിയില്‍ നിന്നും ഇറങ്ങി. കുറച്ച് ക്ഷീണമൊക്കെ തോന്നുന്നുണ്ട്. മൂന്ന് മണിക്കൂറായിരിക്കുന്നു. 90കി.മീ. ദൂരം താണ്ടിയിരിക്കുന്നു. ഇനിയുമുണ്ട് നാനൂറിലധികം കിലോമീറ്റര്‍, പരിചയമില്ലാത്ത, ഭാഷയറിയാത്ത നാട്ടിലൂടെ. താഴെ തമിഴ്‍നാടാണ്. മുകളില്‍ കേരളവും. എങ്ങോട്ട് പോകണം. എന്ത് തീരുമാനിക്കും? ചുരത്തിലൂടെ ഒരിളം തെന്നൽ തഴുകിയൊഴുകി തമിഴ്നാട്ടിലേക്ക് പോയി. ഞാനവിടെ എന്നതുചെയ്യേണ്ടൂ എന്നറിയാതെ നിന്നു.
ഒരു മറുപടി കൊടുക്കുക