2019 ജൂണിലെ ആകാശം


ലൂക്ക ഓൺലൈൻ സയൻസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്


മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും.

താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.

നക്ഷത്രമാപ്പ് 2019 ജൂൺ
നക്ഷത്രമാപ്പ് – 2019 ജൂൺ – 7.30 സന്ധ്യ

സൗര രാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം രാശികളെ ജൂണിൽ‍ നിരീക്ഷിക്കാൻ സാധിക്കും. വടക്ക്-പടിഞ്ഞാറുമുതല്‍ തെക്ക് കിഴക്കായാണ് ജൂണിൽ‍ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.


ക്രാന്തിപഥം ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

ക്രാന്തിവൃത്തം
ക്രാന്തിവൃത്തം

ക്രാന്തിപഥം ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.കര്‍ക്കിടകം

കര്‍ക്കിടക രാശി

പടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30 ഡിഗ്രി മുകളിലായാണ് സന്ധ്യയ്ക്ക് കര്‍ക്കിടകം രാശി കാണാൻ കഴിയുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്.

ചിങ്ങം

ചിങ്ങം രാശി

പടിഞ്ഞാറേ ചക്രവാളത്തിൽ സന്ധ്യയ്ക്ക് 50 ഡിഗ്രിയ്ക്കും 80 ഡിഗ്രിയ്ക്കും ഇടയിലായി ചിങ്ങം രാശി കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണമാണ്. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം രൂപപ്പെടുന്നു.

കന്നി

ചിങ്ങത്തിനും കിഴക്കു മാറി സന്ധ്യക്ക് ഏതാണ്ട് മദ്ധ്യാകാശത്തായി കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര.

തുലാം

ജൂൺ മാസത്തിൽ തലക്ക് മുകളിൽ അല്പം കിഴക്കുമാറി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായി, കിഴക്കേ ചക്രവാളത്തിൽ നിന്നും ഏകദേശം 45 ഡിഗ്രി മുകളിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാൽ മഴക്കാറുള്ളപ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്.

വൃശ്ചികം

ജൂണിൽ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ചക്രവാളത്തിൽ വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ്. ഇതൊരു ചുവപ്പ് ഭീമൻ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തിൽ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങൾ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം.

മറ്റു പ്രധാന നക്ഷത്രസമൂഹങ്ങൾ

സപ്തര്‍ഷിമണ്ഡലം

വടക്കേ ചക്രവാളത്തില്‍ ഈ സമയത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണ് സപ്തര്‍ഷിമണ്ഡലം. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ ഏകദേശം 30-45ഡിഗ്രി മുകളിലായി സപ്തര്‍ഷിമണ്ഡലം കാണാം. ഒരു വലിയ സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിന് പേരുണ്ട്. ഈ ഗണത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി . സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.

അവ്വപുരുഷന്‍

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് മാറി ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ (Bootes ബുവുട്ടിസ്) എന്ന നക്ഷത്രസമൂഹം കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി(Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.

മറ്റുള്ളവ

വടക്ക്-കിഴക്ക് ചക്രവാളത്തിന് മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ. ലൈറ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കൻ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് നക്ഷത്രസമൂഹത്തിലെ ആല്‍ഫാ സെന്റോറിയും ബീറ്റാ സെന്റോറിയുമാണ്. മറ്റുള്ള നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും. തെക്കന്‍ കുരിശ് ദൃശ്യമാകണമെങ്കില്‍ ഉയരമുള്ള പ്രദേശത്ത് നില്‍ക്കേണ്ടി വരും. (ചുവടെ ചേര്‍ത്തിട്ടുള്ള മാപ്പ് നിരീക്ഷിക്കുക)

ഗ്രഹങ്ങൾ

വ്യാഴം

2019 ജൂണിലെ തെക്ക്-കിഴക്ക് ചക്രവാളം

2019 ജൂൺമാസം സൂര്യാസ്തമനത്തോടെ തന്നെ കിഴക്കൻ ചക്രവാളത്തിൽ (അല്പം തെക്കുമാറി) ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ വ്യാഴത്തെ കാണാന്‍ കഴിയും. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. വൃശ്ചികം രാശിയിലായാണ് ഈ സമയത്ത് വ്യാഴം നിലകൊള്ളുന്നത്. വ്യാഴം 12 വര്‍ഷങ്ങൾ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞവര്‍ഷം വ്യാഴം തുലാം രാശിയിലായിരുന്നു. 2020ല്‍ ധനു രാശിയിലേക്ക് മാറും.

ശനി

ധനു രാശിയിലാണ് ഇപ്പോൾ ശനിയുടെ സ്ഥാനം. അതിനാൽ രാത്തി 9 മണിയോടെയാണ് കിഴക്കൻ ചക്രവാളത്തിൽ ശനി ദൃശ്യമാകുക. 10 മണിയോടെ ഏകദേശം 45ഡിഗ്രി മുകളിലായി കാണാൻ കഴിയും. ഈ സമയത്ത് കിഴക്കേ ചക്രവാളത്തിൽ അല്പം തെക്കുമാറി ധനുരാശിയുടെ ചുവടെ ഇളം ചുവപ്പുനിറത്തിൽ ശനിയെ തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷവും ധനുരാശിയില്‍ തന്നെയാണ് ശനി ഉണ്ടാവുക.

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. സ്വതന്ത്ര സോഫ്റ്റുവെയറായ സ്റ്റെല്ലേറിയം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • 2019 ജൂൺ 15 സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

ഒരു അഭിപ്രായം ഇടൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.