കഴിഞ്ഞ ദിവസം അയല്‍ വീട്ടിലെ ആഭക്കുട്ടി ചോദിച്ചു.
“മാമാ, നമ്മള്‍ പോകുന്നിടത്തൊക്കെ ചന്ദ്രനും വരുമല്ലോ, അല്ലേ?”
ആഭ മാത്രമല്ല, കൂടെ നന്ദു, നജ്മ, ജിസ്മ, ബാലു എന്നിവരും ഉണ്ട്. അവരുടെ ഇടയിൽ വലിയ തര്‍ക്കം നടക്കുകയാണ്.
“നന്ദു പറയുന്നു രണ്ട് ചന്ദ്രനുണ്ടെന്ന്. അവൻ അമ്മ വീട്ടിൽ പോയപ്പോ അവിടെ ചന്ദ്രനെ കണ്ടു. ഇവിടെ വന്നപ്പോ ഇവിടെയും കണ്ടു. രണ്ട് ചന്ദ്രന്മാരുണ്ടോ മാമാ?”
ആഭ നാലിലാണ് പഠിക്കുന്നത്. നന്ദു മൂന്നിലും.
“എന്നിട്ട് ആഭ എന്ത് പറഞ്ഞു?”
”ഞാൻ പറഞ്ഞു, നമ്മള്‍ പോകുന്നിടത്തൊക്കെ ചന്ദ്രനും വരുന്നതാണ്, അല്ലാതെ രണ്ട് ചന്ദ്രനില്ല എന്ന്.”
“അങ്ങനാണെങ്കിൽ ഞാൻ അമ്മവീട്ടിൽ പോയപ്പോ ചന്ദ്രൻ അവിടെ വന്നു. അന്ന് തന്നെ ആഭ ഇവിടെ ചന്ദ്രനെ കണ്ടു. രണ്ട് ചന്ദ്രനില്ലങ്കിൽ പിന്നെങ്ങനെ രണ്ട് സ്ഥലത്ത് ചന്ദ്രനെ കാണും?” നന്ദു വിട്ടുകൊടുക്കുന്നില്ല.
തര്‍ക്കം മുറുകുകയാണ്. ജിസ്മയും ബാലുവും ഇടപെടാതെ നില്ക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
എന്താ നിങ്ങടെ അഭിപ്രായം?
“രണ്ട് ചന്ദ്രനില്ല എന്ന് എനിക്കറിയാം. പക്ഷേ….”
“അത്, ചന്ദ്രനൊന്നേയുള്ളു. എന്നാൽ നമ്മൾ പോകുന്നിടത്തൊക്കെ കാണാനും പറ്റും. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.”
ജിസ്മയാണ് പറഞ്ഞുതുടങ്ങിയത്. അവള്‍ ആറാം ക്ലാസ്സിലാണ്. വല്യ പഠിത്തക്കാരിയാണ്. “എന്താ ഒരു പക്ഷേ?”
“മാത്രമല്ല, നമ്മള്‍ ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോൽ ചന്ദ്രൻ നമ്മുടെ കൂടെ വരുന്നതായി തോന്നും.”
ബാലു പറഞ്ഞു. ബാലു ഏഴാം ക്ലാസ്സിലാണ്. പഠിത്തത്തിൽ ഉഴപ്പനാണെന്ന് അവന്റെ അമ്മ ഏപ്പോഴും പരാതി പറയും. എന്നാൽ കളിയിലും മറ്റ് പ്രവൃത്തികളിലും അവൻ എല്ലാവരെക്കാളും മിടുക്കനാണ്.
“ചിലപ്പോ, അമ്പിളിമാമനും ബസ്സിൽ കയറി നമ്മുടെ പിറകേ വരുന്നതാകും.”
നന്ദുവാണ് അത് പറഞ്ഞത്. അത് കേട്ടതും എല്ലാവരും ചിരിയായി. നന്ദു പിണങ്ങി.
“ശരി. ആരും തര്‍ക്കിക്കേണ്ട.” ഞാൻ രംഗം ശാന്തമാക്കി.
“നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ചന്ദ്രൻ കൂടെ വരുന്നതായി മാത്രമല്ല, മരങ്ങളും മറ്റും പിന്നോട്ട് സഞ്ചരിക്കുന്നതായും തോന്നുന്നില്ലേ? ഇങ്ങനെയുള്ള തോന്നലുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ഒരു ചെറിയ പരീക്ഷണം നടത്താം. നിങ്ങൾ വരൂ, നമുക്ക് പുറത്ത് ആ മൈതാനത്തേയ്ക്ക് പോകാം.”
ഞാൻ കുട്ടികളുമായി മൈതാനത്ത്, വളർന്നുനില്ക്കുന്ന വാകമരത്തിന്റെ മുന്നിലെത്തി. ആഭയെ മരത്തിന് മുന്നിൽ ഏകദേശം ഒരു മീറ്റര്‍ അകലത്തിലായി നിര്‍ത്തി.
“മരം നേരെ മുന്നിൽ കാണാൻ കഴിയുന്നുണ്ടോ?” -ഞാൻ ചോദിച്ചു.
“കാണാം.”
“ഇനി, ആഭ രണ്ട് ചുവട് വലത്തേക്ക് നീങ്ങി നില്ക്കൂ …”
ആഭ രണ്ടു ചുവട് വലത്തേക്ക് നീങ്ങി നിന്നു.
“ഇപ്പോള്‍ മരം നേരെ മുന്നിൽ കാണാൻ കഴിയുന്നുണ്ടോ?”
“ഇല്ല, തല അല്പം തിരിച്ചാലേ കാണാൻ പറ്റൂ.”
“ശരി, ആഭ അഞ്ചു ചുവടുകൂടി വലത്തേയ്ക്ക് നീങ്ങി നില്ക്കൂ …”
ആഭ അഞ്ച് ചുവടുകൂടി നീങ്ങി നിന്നു.
“ഇപ്പോൾ ആഭയ്ക്ക് മരം കാണണമെങ്കില്‍ എത്രമാത്രം തിരിയണം?”
“തല മാത്രം പോരാ, ശരീരം മൊത്തത്തിൽ തിരിച്ച് നോക്കണം.”
“ശരി. ആഭ പഴയ സ്ഥാനത്ത്, മരത്തിനു് മുന്നിലായി വന്നു നില്ക്കൂ ..നന്ദുവും ജിസ്മയും ബാലുവും ആഭക്ക് പിറകിലായി അകലമിട്ട് ഒരേ വരിയിലായി നില്‍ക്കൂ ..”
ഞാൻ അവരെ ആഭയ്ക്ക് പിറകിലായി ഏകദേശം 15മീറ്റര്‍ വീതം അകലത്തിൽ പിറകിൽ പിറകിലായി നിര്‍ത്തി.
ഇപ്പോള്‍ മരവും കുട്ടികളും ഒരേ നേര്‍ രേഖയിലാണ് നില്ക്കുന്നത്.
“എല്ലാവര്‍ക്കും നേരെ മുന്നിലായി മരം കാണാൻ കഴിയുന്നുണ്ടോ?”
“ഉണ്ട്.”
“ഇനി എല്ലാവരും 10 ചുവട് വീതം വലത്തേക്ക് നീങ്ങി നില്‍ക്കൂ….”
അവരെല്ലാം നിന്നിടത്തുനിന്നും 10 ചുവടുവീതം നീങ്ങി നിന്നു.
“നേരെ മുന്നോട്ട് നോക്കിയാൽ മരം കാണാൻ പറ്റുന്നുണ്ടോ?”
“ഇല്ല” മരത്തിനടുത്ത് നിന്ന ആഭ പറഞ്ഞു.
“ഇല്ല” ആഭയ്ക്ക് പിറകിൽ നിന്ന നന്ദു പറഞ്ഞു.
“അല്പം കാണാം” നന്ദുവിന് പിറകിൽ നിന്ന ജിസ്മ പറഞ്ഞു.
“കാണാം.” ഏറ്റവും പിറകിൽ നിന്ന ബാലു പറഞ്ഞു.
“ഇനി എല്ലാവരും മരത്തിന് നേരെ തിരിഞ്ഞ് നോക്കൂ ….”
അവരെല്ലാം നിന്നിടത്തുനിന്നും മരത്തിന് നെരെ തിരിഞ്ഞു.
“എല്ലാവരും ആദ്യം നിന്നിടത്തുനിന്നും ഒരേ ദൂരമല്ലേ നീങ്ങിയത്?”
“അതെ.”
“എന്നിട്ടും ഓരോരുത്തര്‍ക്കും മരം കാണണമെങ്കിൽ പലരീതിയിൽ തിരിയേണ്ടി വന്നു, അല്ലേ?”
“അതെ.”
“ആരാണ് മരത്തിന് ഏറ്റവും അടുത്ത് നിന്നത്?”
“ആഭ.”
“ആരാണ് ഏറ്റവും കൂടുതല്‍ തിരിഞ്ഞത്?”
“അതും ആഭ.”
“ആരാണ് മരത്തിൽ നിന്നും ഏറ്റവും അകലെ നിന്നത്?”
“ബാലു.”
“ആരാണ് ഏറ്റവും കുറവ് തിരിഞ്ഞത്?”
“ബാലു.”
“ഇതിൽ നിന്നും എന്ത് മനസ്സിലായി?”
“കൂടുതല്‍ അടുത്തുള്ളവര്‍ മരം കാണുന്നതിന് കൂടുതല്‍ തിരിഞ്ഞു. ആകലെയുള്ളവര്‍ കുറച്ചും.”
ജിസ്മ ഒരു ശാസ്ത്രജ്ഞയെ പോലെ പറഞ്ഞു.
“അതായത്, സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍, നാം വീക്ഷിക്കുന്ന ഒരു വസ്തുവിന്റെ കോണീയദൂരം വ്യത്യാസപ്പെടുന്നതായി അനുഭവപ്പെടും. ഈ വ്യത്യാസം വസ്തുവിലേക്കുള്ള ദൂരം കൂടും തോറും കുറഞ്ഞ് കുറഞ്ഞ് വരും.”
ഞാൻ എല്ലാവരുടേയും മുഖത്തേക്ക് നോക്കി. ഞാൻ പറഞ്ഞത് കേട്ട് ആഭയും നന്ദുവും വായുംപൊളിച്ച് നില്ക്കുകയാണ്. അവര്‍ക്ക് ഞാൻ പറഞ്ഞത് അങ്ങോട്ട് പൂര്‍ണ്ണമായും ബോധിച്ചിട്ടില്ല.
“ഒരു കാര്യം ചെയ്യാം. നമുക്ക് വീട്ടിൽ പോയി, നാം ചെയ്ത കാര്യങ്ങള്‍ ഒന്ന് വരച്ചുനോക്കാം.”
വീട്ടിലെത്തി. ആദ്യം ചെറിയ ഒരു വിശദീകരണം നൽകി.
“നമ്മള്‍ കാറിലോ ബസ്സിലോ യാത്രചെയ്യുമ്പോള്‍ പുറത്തുള്ള വസ്തുക്കളൊക്കെ ചലിക്കുന്നതായി തോന്നുമല്ലോ.”
“തോന്നും”
“ശരി, നമ്മള്‍ സഞ്ചരിക്കുന്ന റോഡിന്റെ വശത്ത് ഒരു മരമുണ്ടെന്ന് കരുതുക. ആദ്യം നമ്മള്‍ അതിനെ മുന്നിലായി കാണും. പീന്നീട് അതിനെ കാറിന്റെ വശത്തായും തുടര്‍ന്ന് പിറകിലായും കാണും. അതായത് നമ്മളെ അപേക്ഷിച്ച് മരത്തിന്റെ സ്ഥാനം മാറി മാറി വരുന്നു. മരത്തെ കാണണമെങ്കിൽ നമുക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കേണ്ടി വരുന്നു. ശരിയല്ലേ.”
“അതെ.”
“അതായത് മരത്തെ നമ്മള്‍ കാണുന്നതിന്റെ കോണളവ് മാറിമാറി വരുന്നു. ഒരു വസ്തുവിനെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ വീക്ഷണകോണിൽ അതുണ്ടാക്കുന്ന മാറ്റം മൂലമാണ് സഞ്ചരിക്കുന്നതായ ഒരു ബോധം നമ്മിൽ ഉണ്ടാകുന്നത്. മനസ്സിലായോ?
“ഉം.” ഏതാണ്ട് കാര്യങ്ങള്‍ ശരിയായി വരുന്നതായി എനിക്കും തോന്നി.
“പക്ഷേ ചന്ദ്രന്റെ കാര്യം?”
ജിസ്മയാണ് ചോദിച്ചത്. അവള്‍ ഒരു തിടുക്കക്കാരിയാണ്.
“നിക്കട്ടെ, ഇതൊന്ന് പറഞ്ഞ് തീര്‍ക്കട്ടെ.”
അവള്‍ക്ക് അല്പം മുഷിയുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഞാൻ തുടര്‍ന്നു.
“നമ്മളും വസ്തുവും തമ്മില്‍ വളരെ അടുത്താണെങ്കില്‍ സഞ്ചാര ദിശയിലുണ്ടാകുന്ന കോണീയ വ്യത്യാസം വളരെ കൂടുതലായിരിക്കും. വസ്തുവുമായുള്ള അകലം കൂടുംതോറും സഞ്ചാര ദിശയിലുണ്ടാകുന്ന കോണീയ വ്യത്യാസം കുറഞ്ഞുകുറഞ്ഞു വരും. ഈ ചിത്രം നോക്കൂ, നിങ്ങള്‍ക്ക് ഈ കാര്യം പെട്ടന്ന് ബോധ്യപ്പെടും.”
ഞാൻ അവരെ ഒരു ചിത്രം വരച്ചു കാണിച്ചു.
“നമ്മള്‍ ബസ്സിലും മറ്റും സഞ്ചരിക്കുമ്പോൾ അടുത്തുള്ള വസ്തുക്കള്‍ പെട്ടന്ന് പിന്നിലായി പോകും. എന്നാൽ അകലെയുള്ള വസ്തുക്കളെ കൂടുതൽ നേരം കാണാൻ കഴിയും, ശ്രദ്ധിച്ചിട്ടില്ലേ? അതിന് കാരണവും ഇതാണ്.”
“പക്ഷേ ….” ജിസ്മ എന്തോ പറയാൻ തുടങ്ങി.
“ചന്ദ്രന്റെ കാര്യമല്ലേ?” പറഞ്ഞുതീരുന്നതിനു മുമ്പ് ഞാൻ ചോദിച്ചു. എല്ലാവരും ചിരിച്ചു.
“അതിന് മുമ്പ് ഒരു ക്വിസ് ചോദ്യം ചോദിക്കാം. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം എത്രയാണ്?”
“മൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍.”
ജിസ്മ ചാടിക്കയറി ഉത്തരം പറഞ്ഞു. ഞാൻ മുമ്പേ പറഞ്ഞില്ലേ, അവള്‍ വലിയ പഠിത്തക്കാരിയാണ്.
“ശരിയാണ്. ഏകദേശം മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍. ഭൂമിയിൽ നാം സഞ്ചരിക്കുന്ന ദൂരത്തെ അപേക്ഷിച്ച് ഇത് വളരെ വളരെ വലിയ ദൂരമാണ്. ഇത്രയും വലിയ ദൂരം മൂലം നമ്മുടെ സഞ്ചാരദിശയിൽ ചന്ദ്രനുണ്ടാക്കുന്ന കോണീയ വ്യത്യാസം തീരെ കുറവായിരിക്കും. ഏതാണ്ട് പൂജ്യംതന്നെ എന്നു പറയാം. അതിനാൽ നമ്മുടെ സഞ്ചാരത്തിനിടയില്‍ എവിടെനിന്ന് നോക്കിയാലും ചന്ദ്രനെ ഒരേ സ്ഥാനത്തു കാണാം. ചന്ദൻ നമ്മെ വിട്ടു പിരിയാതെ പിന്തുടരുകയാണ് എന്നാണ് നമുക്ക് തോന്നുക.” ഞാൻ എല്ലാവരെയും മാറിമാറി നോക്കി. കുട്ടികള്‍ ജിജ്ഞാസയോടെ കേട്ടിരിക്കുകയാണ്. ആഭയ്ക്കും നന്ദുവിനും വല്ലതും മനസ്സിലാകുന്നുണ്ടോ ആവോ?
“മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം യാത്ര ചെയ്യുമ്പോള്‍ ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഒരു മല, വളരെ നേരം നമ്മുടെ കാഴ്ചയിൽതന്നെ ഉണ്ടാകും. അപ്പോള്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രൻ നമ്മളുടെ കാഴ്ചയിൽ നിന്നും മാറുകയേ ഇല്ല. എവിടെ പോയാലും ഓരേ കോണീയ ദിശയിൽ ചന്ദ്രനെ കാണാൻ സാധിക്കുന്നു. അപ്പോള്‍, ചന്ദ്രനും നമ്മോടൊപ്പം സഞ്ചരിക്കുന്നതായി നമ്മളുടെ തലച്ചോര്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.”
ഒരു നിശബ്ദത പടര്‍ന്നു. എല്ലാവരും മനസ്സിൽ ചന്ദ്രനിലേക്കുള്ള ദൂരം കണക്കുകൂട്ടുകയാണെന്ന് തോന്നി.
“ചുരുക്കി പറഞ്ഞാൽ, രണ്ട് ചന്ദ്രനുമില്ല, ചന്ദ്രൻ നമ്മോടൊപ്പം സഞ്ചരിക്കുന്നുമില്ല. ചന്ദ്രനിലേക്കുള്ള ദൂരക്കൂടുതൽ മൂലം നമ്മുടെ തലച്ചോര്‍ സൃഷ്ടിക്കുന്ന ഒരു നാടകമാണ് നമ്മളോടൊപ്പമുള്ള ചന്ദ്രന്റെ ഈ നടത്തം.
കുട്ടികള്‍ തലകുലുക്കി.
2019 ഫെബ്രുവരി 2-ാം ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്.
ഒരു മറുപടി കൊടുക്കുക